Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, June 29, 2013

സുറാബ്












വിടെയോ ഞാൻ
 ഒളിച്ചിരിപ്പുണ്ട്

കണ്ടു പിടിക്കാമോ - ?

 മച്ചിൻ പുറത്തും
പത്തായത്തിലും
കിണറ്റിൻ കരയിലും
 വിറകുപുരയിലും
പടിപ്പുരയിലും
പാടത്തും
കുളപ്പടവിലും
 കുന്നിന്‍ചെരുവിലും
 മഞ്ചാടിക്കുരുവിലും
 നിന്‍റെ ഹൃദയത്തിലും
 എവിടേയും കണ്ടില്ല,
 അല്ലേ - ?

അപ്പുറത്തെ
കിളിക്കൂട്‌ നോക്കിയോ ?

അതിനപ്പുറത്തെ
മരപ്പൊത്ത് - ?

കണ്ടില്ല, അല്ലേ - ?
 ദാ, കടല്‍ത്തീരം  ,
 തലപോയ തെങ്ങ്
 ചെങ്കടല്‍,
ചെക്കിപ്പൂവ്
ആര്‍ത്തിരമ്പുന്ന
ആള്‍ക്കൂട്ടം
മടുപ്പിക്കുന്ന
ഏകാന്തത
പൈതങ്ങളുടെ
തൊട്ടില്‍..........
 ഇല്ല, അവിടെയൊന്നും
ഞാനില്ല.

തോറ്റു തൊപ്പിയിടാന്‍
വരട്ടെ,
പണ്ടു നമ്മള്‍  പാടാറുള്ള
 ആ പാട്ടുണ്ടല്ലോ,
 മറന്നില്ലെങ്കില്‍
 അതൊന്നു മൂളി നോക്കുക.
അതിലെവിടെയോ
 ഞാൻ,
ഒളിച്ചിരിപ്പുണ്ട്.

Tuesday, June 11, 2013

യാമിനി




 


കണ്ണില്‍ നിന്ന് ആദ്യം,

ഞാന്‍ കണ്ണടച്ചു...

അരികുകള്‍ വളഞ്ഞ നിന്‍റെ  വാക്കില്‍ നിന്ന്, 

ഞാന്‍ പുസ്തകമടച്ച്‌ വെച്ചു...

മഴ--

നടുമുറ്റത്തെ മുല്ലമൊട്ടില്‍,

കുളത്തിലേക്കുള്ള കല്‍പ്പടവില്‍,

പുഴയിലെ പഞ്ചാര മണലില്‍

രാവിന്റെ വെള്ളി വെളിച്ചത്തില്‍,

കേട്ട് മറന്ന സിനിമാപ്പാട്ടില്‍,

ഇനിയും എഴുതാത്ത കാവ്യശകലങ്ങളില്‍,

മഴ--

കിണുങ്ങി ചിണുങ്ങി 

നീല പുതപ്പിനടിയിലൂടെ 

ഇനിയുമുറങ്ങുന്നോ എന്ന  ചോദ്യവുമായി;

ദൂരങ്ങള്‍ക്ക് മൌനത്തിന്റെ ഭാഷയേകി 

നീ കൊഞ്ചിച്ചു വെച്ച കൈവിളക്കായ്. 

ഒന്നുറങ്ങിയപ്പോള്‍ 

ഓടിയെത്തിയ വര്‍ണ തുണ്ട് പോല്‍ 

പിന്നെയൊരിക്കല്‍ മഴ വന്നൂ...

നിറഞ്ഞു പെയ്യാതെ, 

കണ്‍ നിറയാതെ,

ഉറക്കമുണര്‍ത്താതെ...

മഴ...

 

Tuesday, January 22, 2013

വിശാഖ് ശങ്കർ









മീശക്കാരൻ കേശവനെന്ന 
'ശ'കാരപ്പാട്ടിലെ നായകനെപ്പോലെ 
അറ്റം നീണ്ട്‌ പൊന്തിവളഞ്ഞൊരു 
കൊമ്പൻ മീശയുണ്ടായിരുന്നു 

ഏതാഹാരത്തിനുമെന്നപോലെ 
തിന്നാൻ ആശ ദോശയോടുമുണ്ടായിരുന്നു 

അറവുകാരൻ കരീംകാക്കയ്ക്ക്‌ 

മീശയ്ക്കു മുകളിൽ 
മൂക്കിനിരുപുറം 
സദാ ചോര നിറമുള്ള 
ഉരുളൻ കണ്ണുകൾ 

മുഴുത്ത മൊട്ടത്തല 

കണ്ണിൽ ചോരയുണ്ടെന്നറിഞ്ഞാവും 
ഏത്‌ കവലയിൽ വച്ചും 
കുട്ടികൾ പോലും വിളിക്കും 
'കുണ്ടി കരീങ്കാക്കേ' 

പിൻ വിളി തറച്ച്‌ 
തിരിഞ്ഞു നിൻൽകുമ്പോൾ 
കണ്ണിൽ തീയല്ല 

കപ്പടാമീശയുടെ 
അറ്റത്തെ വട്ടം പോലെ 
തുളിമ്പിയിട്ടും അടരാതെ 
ഒരു തുള്ളി 



കരയുന്ന കശാപ്പുകാരനെന്നത്‌ 
പാട്ടിലും കവിതയിലും കൊള്ളാത്ത 
ഒരു മിത്തായി 

കാക്കയതിലെ 
മീശ വച്ച തമാശയായി 

കാളിയൂട്ടുകാണാൻ ഒരിക്കൽ 
വെറുതേ ഒരു കമ്പത്തിന്‌ 
കൂടെക്കൂടിയതാണ്‌ 

നെല്ല് വിതറിയാൽ 
നിലത്തെത്താത്ത തിരക്കിൽ 
കൗമാരം പെണ്ണുടലുകളിൽ 
പരീക്ഷണങ്ങൾ മെനയുന്ന മൈതാനിയിൽ 
മീശമുളയ്ക്കാത്ത എന്റെ വിരലുകൾ 
മുഖമില്ലാത്തൊരു വെറും ചന്തിയിൽ 
പൗരുഷത്തിന്റെ 
ഒന്നാം പാഠമെഴുതവേ 
വിരലിൽ മെരുങ്ങാതത്‌ 
മുടിയഴിഞ്ഞ്‌ തിരിഞ്ഞു നിന്നു 



പ്ലാമുടിയൂരി 
പൊന്നറമാരുടെ കൈ തട്ടി 
കാളി ദാരികനായി കുതിക്കുന്ന 
കാഴ്ചയുടെ വാൾമുനത്തുമ്പിൽ 
കണ്ണുതുറിപ്പിച്ച്‌ പെരുവിരലിലെഴുന്ന് 
വാ പൊളിച്ചു നിൽക്കുകയാണ്‌ 
കഥയറിയായ്മകളുടെയൊരു 
പടുകൂറ്റൻ കരിംകാക്ക 

ഭ! കുണ്ടിക്കുപിടിക്കുന്നോ 
കണ്ടാറോളിമകനെ എന്ന് 
കവിളിലൊരു കതിനാ വെടി 

കുരവയും പുഷ്പവൃഷ്ടിയും 

കോലം വരച്ച 
മത്തങ്ങാത്തലയറുത്ത്‌ 
തുള്ളിയടങ്ങി 
പ്രതീകാത്മക നിഗ്രഹം 

കടലയും കപ്പലണ്ടിയും 
കാളീമാഹാത്മ്യകഥകളും കൊറിച്ച്‌ 
മടങ്ങുകയായ്‌ അമ്പലപ്പറമ്പ്‌ 

കവിളിൽ പൊട്ടിയ വെടി 
ആരുടെ വഴിപാടെന്നറിയാതെ 
തപ്പിത്തടഞ്ഞ്‌ കരിങ്കാക്കയും 

മേത്തൻ കാളിയൂട്ടിനുപോയ കഥമാത്രം 
മടങ്ങാതെ അടങ്ങാതെ 
കവലയിലും പറമ്പിലും 
വെടിവട്ടങ്ങളിലുമൊക്കെയായ്‌ 
പട്ടയം വാങ്ങി സ്ഥിരതാമസമായി 



കിട്ടിയത്‌ ഒരൊറ്റ അടിയല്ലെന്ന് 
പല കവലകളിൽ വച്ച്‌ 
പല നാവുകൾ അടിച്ച 
കമ്പിയില്ലാ കമ്പികൾ 
വായിച്ചറിഞ്ഞു 
കരീങ്കാക്ക 

അപ്പൊഴേയ്ക്കും 
വളർന്ന മീശയും 
നടന്ന മണ്ണും 
വടിച്ചു മാറ്റപ്പെട്ട പുറമ്പൂച്ചുകളിൽ 
കോട്ടും ഷൂസും ധരിപ്പിച്ച്‌ 
മാനങ്ങളിൽനിന്ന് വിമാനങ്ങളിലേയ്ക്ക്‌ 
കടലിനെ കീഴിലാക്കി 
കീശ നിറയെ പുത്തനുണ്ടാക്കി 
തിരിച്ചെത്തി 

പൂജാമുറിയിൽ വാങ്ങിവച്ച 
ശിവകാശി പ്രിന്റ്‌ ദൈവങ്ങളെപ്പോലെ 
സർവ്വ കാലൻ 
സകല ചരിത്രൻ 
സാത്വികൻ 
സുന്ദരൻ 
ഞാൻ 


ഒരു മുഴുത്ത 
ആട്ടിന്തല കറിവച്ച്‌ 
ഒരു കുപ്പി 
വാറ്റ്‌ അറുപത്തിയൊമ്പതിന്റെ 
കൊരവള്ളി തിരിച്ചു പൊട്ടിച്ച്‌ 
അറവുശാലയിലെ അന്തിക്കൊപ്പം 
ഈച്ചയെപ്പോലും കൂട്ടാതെ കുടി 
വീരസ്യം പറഞ്ഞ്‌ 
കഥകൾ കേട്ട്‌ 
കെട്ടിപ്പിടിച്ചു ചോദിച്ചു 

"ചങ്കുറപ്പില്ലാത്ത നിങ്ങൾക്ക്‌ 
ഇനിയുമെന്തിനീ 
മുഖത്തു കൊള്ളാത്ത 
മീശയിക്കാ?" 

തീറ്റ കൊടുക്കുമ്പം 
അറവുമൃഗങ്ങൾക്ക്‌ 
വളർത്താനാണെന്ന് തോന്നാതിരിക്കാനെന്ന് 
കള്ളുമ്പുറത്ത്‌ 
കുറെ കരഞ്ഞു. 



ആകാശത്തിലൂടെ 
കാലം പിന്നെയും പലവട്ടം പറന്നു 

അന്ന് മസ്കറ്റിലാണ്‌ 


രാതി മിന്നായ വാർത്തയിൽ 
വായിച്ചു 
പരവൂരെങ്ങാണ്ടൊരു പെങ്കൊച്ച്‌ 
രാത്രിവണ്ടിയിറങ്ങി വരുംവഴി 
ആരൊക്കെയോ ചേർന്ന് ഓരം 
യൂക്കാലി കാട്ടിലേയ്ക്ക്‌ 
ഇഴച്ചുകൊണ്ടുപോയെന്ന് 

വെളുപ്പാങ്കാലം 
മാടിനെ അറുക്കുമ്പോലെ 
കരച്ചിലു പോലും 
പകലു കേട്ടില്ലത്രെ 

കാലത്ത്‌ കതകിന്റെ 
കൈപ്പിടിയിൽ തൂങ്ങി 
വർത്തമാന പത്രം 

അതിൽ 
കുണ്ടിക്കരിങ്കാക്കയുടെ മുഖം 

കൂട്ടുപ്രതികൾക്കായി 
തിരച്ചിൽ തുടരുകയാണ്‌ ! 



അപകടവും 
എന്തിന്‌ അപവാദം പോലും 
ഭയക്കാൻ വയ്യാത്ത വണ്ണം 
കത്തി നിൽക്കുകയാണൊരു 
കൗതുകം 

അടുത്ത അവധിക്ക്‌ 
ഒളിച്ചു പോയ്‌ കണ്ടപ്പൊഴും 
തീർന്നിട്ടില്ല അന്വേഷണം 


ഒരുത്തിയെ പിടിച്ചു വച്ച്‌ 
പരസഹായമില്ലാതുടുമുണ്ടഴിക്കാൻ 
പ്രയാസമാവും ഈ മുതുപ്രായത്തിലെന്ന 
സമാന്യബുദ്ധിയുടെ മടിക്കുത്തിലെ 
ഒരു വിറയിലിലാണത്രെ 
വ്ഴിമുട്ടി അന്വേഷണം 

പോലീസ്‌ തുടരുകയാണ്‌ 

കാക്കയ്ക്ക്‌ പക്ഷെ ആ 
കഥയൊന്നുമറിയില്ല 

അറുക്കാനോ വളർത്താനോ എന്നറിയാതെ 
കാടി കുടിക്കുന്ന മാടിന്റെ 
അതേ പകപ്പ്‌ 

കഥയറിയായ്മകളുടെ അതേ പഴഞ്ചൻ 
കാളിയൂട്ടുപതിപ്പ്‌ 

മൊട്ടത്തലയ്ക്ക്‌ കീഴിൽ 
ഇപ്പൊൾ ആ 
കൊമ്പൻ മീശയില്ല 

കണ്ണിൽ ഇനിയും 
കശാപ്പുകാരന്റെ 
വിലാസം വിട്ടുകിട്ടാതെ 
മടിച്ചു മിടിക്കുന്ന 
ഇത്തിരി ചുവപ്പു മാത്രം 




പിന്നീട്‌ ഒത്തിരിയൊന്നും 
ഓർക്കാനെ കഴിഞ്ഞിട്ടില്ല 

അറിയാവുന്നവയിൽനിന്ന് 
ആകാംക്ഷ പോലെ 
ഓർമ്മകളിൽനിന്ന് അയാൾ 
മറക്കപ്പെട്ടിരിക്കുന്നു 

എന്നാലും ഇപ്പൊഴും 
ക്ഷൗരം കഴിഞ്ഞ കവിളിൽ 
വിരലോടിച്ചു നോക്കുമ്പോൾ 
ചില നേരങ്ങളിൽ 
വിരലുടക്കും 

നിങ്ങൾ വിചാരിക്കുന്ന 
ആ അതിൽ അല്ല 

കളിക്കുടുക്കയിൽനിന്ന് 
കുഞ്ഞുങ്ങൾ കണ്ടെടുത്ത്‌ 
പുതിയതുപോലെ 
ചൊല്ലി നടക്കുന്നത്‌ 

"മീശക്കാരൻ കേശവനു 
ദോശ തിന്നാൻ ആശ 
ദോശ തിന്നാൻ കാശില്ലാതെ 
തപ്പി നോക്കി കീശ" 

Monday, November 19, 2012

പുതുകവിത


Sunday, August 26, 2012

ശ്രീധരനുണ്ണി


രുഭൂമിയില്‍ മഴ പെയ്യുന്ന ദിനം ചത്ത -
കിളികളുയിര്‍ക്കൊണ്ട് പാടുന്ന ശുഭദിനം .
മറവിക്കൂട്ടില്‍നിന്നുമീയാം പാറ്റകള്‍ പാറി -
പ്പറക്കാന്‍ ചിറകുകള്‍ വെക്കുന്ന ശുഭദിനം.
ആ ദിവസവും കാത്തു കാത്തു ഞാനീയാകാശ
സീമയില്‍ ചരിക്കുകയാണല്ലോ യുഗങ്ങളായ്.
മാറി മാറി ഞാനോരോ ലഗ്നവും കടക്കുമ്പോള്‍ 
മാറിലിത്തിരിനോവ് കനക്കുന്നതുപോലെ .
ഗോളകങ്ങളില്‍ നിന്ന് ഗോളകങ്ങളിലേക്ക് 
ഞാനാരെത്തേടിത്തേടി യിങ്ങനെ പറക്കുന്നു ?
അറിവീലൊന്നുംകൂട്ടിന്നേതു നക്ഷത്രം ?താഴെ 
മഴ പെയ്യു ന്നു സ്വന്തം മണ്ണിലെന്നറിയുന്നു .
ആ മഴ മാത്രം സ്വന്ത മാക്കുവാനാ ണെന്‍മോഹം 
ആ കുളുര്‍ ജലം മാത്രം മോന്തുവാനാണെന്‍  ദാഹം .
ഒരു സങ്കടം ബാക്കി ,യിത്ര നാളലഞ്ഞിട്ടും
മിഴിയില്‍ പെട്ടീലെന്റെ ജന്മനക്ഷത്രം മാത്രം.


Tuesday, July 17, 2012

ഷാജി അമ്പലത്ത്
















ലപ്പോഴും
ചരിത്രം അങ്ങനെയാണ്
കണ്‍നിറയെ കണ്ടാലും
മിണ്ടാതെ പോയി കളയും

അല്ലങ്കില്‍
ചൈനയിലുള്ളതിനേക്കാള്‍
വലിയ ഒരു മതിലിനെ
ആകാശമെന്ന ചുരുക്കപ്പേരില്‍
ചുരുട്ടി വെച്ചതെന്തിനായിരിക്കും

*അപ്പനെ കണ്ടിട്ടില്ലെന്ന് കരുതി
അപ്പനില്ലാതിരിക്കുമോയെന്ന്‌ കുഴങ്ങും പോലെ

ഉണ്ടാവും
ആ മതിലിനപ്പുറവും

എന്നെപ്പോലെ ഒരു നീയും
നിന്നെപ്പോലെ ഞാനും
നമ്മുടെ കുഞ്ഞുങ്ങളെ പ്പോലെ
അവരുടെ കുഞ്ഞുങ്ങളും
പെയ്തൊഴിയുന്ന ഗ്രാമങ്ങളും ,
അടക്കിപ്പിടിച്ച നഗരങ്ങളും .

എങ്കില്‍
നാരായണീ
മുകളിലേക്ക് ഞാനെറിയുന്ന
ചുള്ളിക്കമ്പ്
മതിലിനപ്പുറത്തു നിന്ന്
നീ കാണുന്നുണ്ടാവുമോ

അതെങ്ങാനും
നിന്റെ മുലകളില്‍ വന്ന്
തൊട്ടുവോ ..?

*കുഴൂര്‍ വില്‍സന്റെ* കവിതയില്‍ നിന്ന് 

Monday, July 2, 2012

ടി.എ.ശശി















ള്ള് ഇടിയിപ്പിച്ച്
ചോരയും എല്ലും
ഒന്നാക്കി സമൃദ്ധമായ
മാംസമായ് തീർന്ന മൃഗം.

ജലം തേയില്ലെന്നു കരുതിയതാണ്;
തേഞ്ഞു തേഞ്ഞ് വാളായ്
മാറിയതും മൃഗം
അവസാനപിടച്ചിൽ

ഉള്ളു മുഴുവൻ
ഉരുകിയ മൃഗം
ഉരുകാത്ത രണ്ടു
കണ്ണുകൾ കൊണ്ട്
മരിച്ച ലോകത്തെ
നോക്കി ചിരിച്ചു കിടന്നു...

മൃഗം കാണുന്ന
അതേ കാഴ്ച്ച തന്നെ
ഉരുകിയൊന്നായ നമ്മുടെ
കണ്ണുകൾ ചേർന്നു കാണുന്നു.



Wednesday, June 6, 2012

സറീന

....................................................................................................................
.........
..................................................................................................................




 



ഭൂമിയിലെ ഏറ്റവും ഹീനമായ  നുണ 
ഏതെന്നു അറിയുമോ നിനക്ക്?
ഞാനില്ലാത്ത  നിന്‍റെ ഭൂതകാലമാണത്..
ആ  നുണയെ മായ്ച്ചു കളയാന്‍ ഇന്ന് 
ഞാന്‍ നിന്നിലൂടെ നടക്കാനിറങ്ങുന്നു.
ഒരു സായാഹ്ന  നടത്ത  പോലെ എന്നാല്‍ 
ഇല ഞരമ്പുകളിലൂടെ ജലമൊഴുകുന്ന പോലെയും !


നിന്നിലൂടെ നടന്നു നിന്‍റെ കരയുടെ ആദ്യ പടവില്‍ 
ഞാന്‍ വന്നിരിക്കുമ്പോള്‍ 
നീ വായിച്ചെടുക്കുന്ന ഏറ്റവും വിദൂര നക്ഷത്രമായും 
നീ ആദ്യം ഉമ്മ വെച്ച ചുണ്ടുകളുടെ നനവായും 
ഞാന്‍ മാറുന്നത് എങ്ങനെയെന്നു നീ കാണും,
എന്നിട്ട്
ഭൂമി അതിന്‍റെ ആദ്യത്തെ വസന്തം ഓര്‍ക്കും പോലെ 
നിന്‍റെ ഭൂതകാലത്തിലെ എന്നെ നീ ഓര്‍ത്തെടുക്കും.
 തൊട്ട വിരലുകള്‍,
 ചാഞ്ഞ ചുമലുകള്‍,
ദിവാസ്വപ്നങ്ങള്‍,
യാത്രയ്ക്ക് തൊട്ടു മുന്‍പ് കെട്ടിപ്പിടിച്ച ഹൃദയം,
പാതിയുറക്കത്തില്‍ കേട്ടെന്നു തോന്നിയ സ്വരം,
കരയിച്ച കാത്തിരിപ്പുകള്‍ 
 ഒക്കെയും ഞാനായിരുന്നുവെന്നു 
നീ അറിയും, 


അപ്പോള്‍ മാത്രം   ഉറവ ഏതെന്നു പറയാത്ത 
ഒരു പുഴയെ ഞാന്‍ തുറന്നു വിടും 
മൂന്നു കാലങ്ങളെയും  ഒരുമിച്ചു കോര്‍ക്കുന്ന ഒരൊഴുക്കിനെ!
വലിച്ചു കെട്ടിയ   ഒരു   തന്ത്രി വാദ്യം പോലെ  
അപ്പോള്‍ നിന്‍റെ സിരകളെ   മുറുക്കി വെയ്ക്കണം.
നടന്നു തീര്‍ന്ന ഒരു കാലത്തില്‍   നിന്നും 
ഞാനതിലേക്ക് ഭൂമി തകര്‍ത്തു  വന്നു വീഴുമ്പോള്‍ 
പൊടുന്നനെ ഒരു പാട്ടുയരണം,
ഞാനും നീയും ജീവിച്ചിരിക്കുന്നില്ല എന്ന 
വരും കാലത്തിന്‍റെ വലിയ നുണയെ നമ്മുടെ മക്കള്‍ 
മായ്ക്കുന്നത് അതിന്‍റെ ഈണങ്ങള്‍ കൊണ്ടാകും,
പ്രപഞ്ചം ഉച്ചരിച്ചിട്ടില്ലാത്ത ഈ വാക്കുകളെല്ലാം 
നമുക്കെവിടുന്നു കിട്ടിയെന്നു അവര്‍ ചോദിച്ചേക്കും,
അപ്പോള്‍ ഒരു വെയിലിന്റെ കണ്‍ തിളക്കത്തി ലോ
ഇലപ്പടര്‍പ്പിലോ മറഞ്ഞിരുന്നു നാമവര്‍ക്ക്‌ 
കേള്‍പ്പിച്ചു കൊടുക്കും, 
ഇലഞ്ഞരമ്പുകളിലൂടെ ജലമൊഴുകുന്നതിന്റെ ഒച്ച!

                                                                                                                                     


Sunday, May 20, 2012

പി.ശിവപ്രസാദ്




















ഴയമാതിരി തന്നെ പാലം
ഇരു കരയ്ക്കും കൈനീട്ടി
അനാഥത്വം വിളിച്ചുകരഞ്ഞ്‌
ഭാരമിറക്കാതെ കടക്കുന്ന
പാണ്ടിലോറികളാൽ ഭയപ്പെട്ട്
താഴെ
ഒരു നായ മുള്ളിയ നനവിൽ
മുഖം നോക്കി ഇടയ്ക്കൊന്ന് പുഞ്ചിരിച്ച്
ചിലപ്പോൾ ധ്യാനിച്ച് വിസ്മൃതി വരിച്ച്
അങ്ങനെയങ്ങനെ
ജനിമരണങ്ങളുടെ ഇരു കുറ്റിപ്പുറത്ത്.

ചോപ്പുകലങ്ങിയ കണ്ണാൽ കൊത്തി
മണികിലുക്കിക്കടന്നുപോം രാത്രി
ചില ചില തള്ളവേഷങ്ങൾക്കൊപ്പം
മഹാദന്തികൾ മറുതന്തവേഷങ്ങൾ
‘ഉണ്ണീ‘ വിളികൾക്ക് മാരീചവിദ്യാചാരം
ലക്ഷ്മണരേഖകളാൽ അതിർവേലി.
ഉടയാടകൾ തമ്മിൽ മാറ്റി
ഊരും ലിംഗവുമില്ലാക്കളരികൾ
ഉണ്ണികളെ വരവേൽക്കുന്നത്
വാവോറ്റുന്നത്, പാലൂട്ടുന്നത്
കാവിലുറങ്ങും തേവർക്കറിവീലേ?.

അറിവൂ നേരമ്മക്കരളുകൾ മാത്രം
പുകയും ചൂളകളെന്ന കണക്കെ
വ്യാകുലജീവിത മണലട്ടികളിൽ
പെറ്റുകിടക്കും ദുരന്തദുർഭൂതം
അമ്മയെ മായക്കാഴ്ചയിൽ മുക്കി
കനകക്കതിരിൻ മന്ത്രണമോടെ
ഉണ്ണിയെ വാരിയെടുക്കാനായും
തഞ്ചത്തിൽ നാമെന്തു നടിപ്പൂ?

ഇപ്പോഴും കാണാം
പ്രാണൻ പിടയ്ക്കുമൊരു കിളുന്തു പൊന്മ
മുട്ടകൾ വിഴുങ്ങിക്കിതയ്ക്കുന്ന
ഭക്തനാമൊരു പെരുമ്പാമ്പ്.
അരികത്തും അകലത്തും
തിരസ്കരണി മറന്ന ഭീതിത്തെയ്യങ്ങൾ
നമ്മൾ വെറും കാഴ്ചക്കാർ.

Sunday, April 15, 2012

അറബ് കവിതകൾ/വിവർത്തനം:സർജ്ജു ചാത്തന്നൂർ












Wednesday, March 7, 2012

മ്യൂസ് മേരി























തമാശ
ന്നു തരിപ്പു തീര്‍ത്താലോയെന്നു ചോദിച്ചപ്പോള്‍
നിന്റെ തന്തയോട്
പറയെടായെന്നവള്‍
തന്തമാരിതിന്റെ
ഏജന്റുമാരാണെന്നവന്‍
ഈശ്വരാ  ഇനി ആരെക്കൂട്ടിയൊന്നു
തറുതല പറയും.

അവന്‍
ത്ര വിഡ്ഡിയായിപ്പോയല്ലൊ
നീ
ഒരുത്തനെതന്നെ
ഉലകമാണെന്ന്
നിനച്ച്
അതിനൊരതിരും
തിരുവുമില്ലാതെ
കഴിഞ്ഞു പോന്നതില്‍
മണ്ണെപ്പോഴും
തൂര്‍ന്നു പോകും
കടലെടുക്കും
എങ്കിലും
ഒരുപിടി
മണ്ണെന്റെ കയ്യിലുണ്ട്
അതു മതി
എന്റെ
ഉലകവും
ഉയിരുമടങ്ങുവാന്‍.

Monday, February 13, 2012

വിനോദ് കുമാർ തള്ളശ്ശേരി

അത്.......

ഓരോ കണ്ണില്‍നിന്നും നീളുന്നുണ്ട്‌ 
ഒരു നാക്ക്‌
നക്കി തുടയ്ക്കാന്‍ ആര്‍ത്തി പൂണ്ട്‌. 
ഇറ്റു വീഴുന്നുണ്ട്‌കൊതിസ്രവം. 

ഖുറാന്‍ ഓതുമ്പോഴും 
പാഠം ചൊല്ലുമ്പോഴും 
കണ്ണുകളില്‍ നിന്ന്‌നീളുന്നത്‌ നാക്ക്‌. 

വരുന്നത്‌ പല രൂപത്തില്‍ 
തോക്കായ്‌, ചൂരല്‍ വടിയായ്‌ 
തലോടാനായുന്ന കൈകകളായ്‌ 
ഒടുവില്‍ എടുക്കുന്നത്‌ 
ഒരേ രൂപം 

അറിയാതെന്ന പോല്‍ 
 ഒരു ഉരുമ്മല്‍ 
അറിഞ്ഞാല്‍ തന്നെ എന്തെന്ന 
ഒരു നുള്ള്‌ 
പരിചയഭാവത്തിലുള്ള 
ഒരു പുഞ്ചിരി 
പ്രണയപൂര്‍വമെന്ന പോല്‍ 
ഒരു നോട്ടം 

ആളറിയാതെ 
ഒരു മിസ്‌ കാള്‍
ആള്‌ മാറി 
ഒരു എസ്‌ എം എസ്‌ 

എല്ലാം എല്ലാം... 
ഒന്നിലേക്ക്‌
അതിലേയ്ക്ക്‌ മാത്രം.

അതിലേക്ക്‌ മാത്രം.

Saturday, February 4, 2012

സംപ്രീത

പുണ്യം 
രാത്രി,
എല്ലാ നിശബ്ദതകളും വന്ന്
ചെറിയ നിശബ്ദതകളെ ഉയിര്‍പ്പിക്കുന്ന സമയം
പതിവായികേള്‍ക്കുന്ന ഘടികാരത്തിന്റെ നിമിഷമടികള്‍
ഫാനിന്റെ ചിറകൊച്ചകള്‍
മറിഞ്ഞുതിരിയുന്ന ഉറക്കത്തിന്റെ അടയാളപ്പെടുത്തലുകള്‍
വിശപ്പുമാറ്റിയ പകലില്‍നിന്നും ദൂരെയായി..
ഓര്‍മയില്ലാതായവയുടെ അറിവില്ലായ്മകള്‍
തലയിണയില്‍ ഉയര്‍ത്തിവച്ച്
ഓര്‍ത്തും,നടിച്ചും,ഞെട്ടിയുണര്‍ന്നും,
ഒന്നുമറിയാതെ ഉള്ളിലെ ഭ്രാന്ത് പുറത്തുവന്നും
ശരിയായി ജീവിക്കാന്‍ ആരംഭിക്കുന്നു.
കൈകാലുകള്‍ തീപ്പന്തമേറ്റിയമാതിരി
കുതിപ്പും,കിതപ്പും,അറിയുന്നു
മനസിന്‍റെ സിംഹാസനം അതിനു കടം കിട്ടുന്നു.
ലോകം,സംഗതികള്‍,ന്യായാന്യായങ്ങള്‍,
തൂക്കുപട്ടികയില്‍ ഉള്‍പ്പെടുത്തി
സത്യങ്ങളുടെ തിരശീല വിരിക്കുന്നു
നക്ഷത്രസ്വപ്‌നങ്ങള്‍,മുറിനിലാവുകള്‍,
ജനാലകള്‍ തുറക്കുന്നില്ല.
അയലുകളിലേക്കോ,
അമരങ്ങളിലേക്കോ,ഹൃദയം.
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP