Saturday, July 11, 2009

സെറീന








അടക്കം



തുറക്കാതെ തൊട്ടു നോക്കുമ്പോള്‍ പോലും
ഉള്ളിലെന്തോ പിടയുന്നു.
ജീവനേ എന്നാവണം സംബോധന
കടലിരമ്പം പോലെന്തോ നിറയുന്നുണ്ട്.

വാതില്‍ വിടവിലൂടിത്
അകത്തേയ്ക്കു വന്നു വീഴുമ്പോള്‍
മണ്ണിനടിയില്‍ നിന്നുള്ള അനക്കം പോലെ
കാലുകളിലെന്തോ പെരുത്തു

ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,
സ്റ്റാമ്പിലെ തല ചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.

കാണണം,
കൃഷ്ണ മണികളില്‍ ഇരുത്തി
ഇമയടച്ച് തിരികെ കൊണ്ട് പോരണം
ഇനിയുമെന്തൊക്കെയാവും?

ആരിതൊന്നു തുറന്നു നോക്കും,
മരിച്ചു പോയവള്‍ക്ക് വന്ന ഈ കത്ത്

Tuesday, July 7, 2009

സജീവ്‌ അയ്മനം

സമാന്തരം

വെളുത്ത പൂഴി നിറഞ്ഞ മുറ്റത്ത്
ഒരു കറുത്ത ചരട് കിടക്കും പോലെ
പൊട്ടനുറുമ്പുകളുടെ നീണ്ട നിര
എപ്പോള്‍ തുടങ്ങിയെന്നോ,
ഒരു പോയിന്റ്‌ കടക്കാന്‍
എത്ര നേരമെടുത്തുവെന്നോ
ആരാലും റിപ്പോര്‍ട്ട്‌ ചെയ്യാതെ
ഒരൊറ്റ വരി പ്രകടനം









വെയില്‍ എഴുതുന്നത്‌

ഞ്ഞിന്ടെ തടാകത്തില്‍
വെയിലെഴുതി മറയുന്നു

ആരെങ്ങിലും വന്നു
വായിക്കും മുന്‍പേ
അത് ജലമായ്‌

വെയില്‍ എഴുതിയത്
എന്തായിരിക്കും?
പ്രണയമെന്നല്ലാതെ....

Tuesday, June 30, 2009

വിജേഷ് എടക്കുന്നി











സുഹൃത്ത്‌

ണ്ടു മുട്ടേണ്ടിയിരുന്നില്ല
കൂടുകൂടേണ്ടിയിരുന്നില്ല.
കലപില സംസാരത്തില്‍
കലങ്ങി മറിയേണ്ടിയിരുന്നില്ല.

കള്ളും ,ഹാന്‍സും ,കഞ്ചാവും,
'കരുതലും ' വേണ്ടിയിരുന്നില്ല.

കൂടിത്തിരിയലിന്റെ സര്ഗോത്സവങ്ങളില്‍ നിന്ന്
കവിത കിനിഞ്ഞു പോകുമെന്ന് കരുതിയിരുന്നില്ല.

കറുത്തവന്‍ , കുറിയവന്‍ ,കുടവയറന്‍ ,കോങ്കണ്ണന്‍
അവന്‍ അവന്റെ കുറവുകളില്‍ വാചാലന്‍ .
കള്ളനെന്നു മാത്രം സ്വയം പറഞ്ഞില്ല.

കള്ളനായ്‌ തന്നെ തുടരുമ്പോഴും
പ്രിയ സുഹൃത്തേ,
ഇനി നീയെന്റെ കാഴ്ച്ചയുടെ ഉമ്മറപ്പടിയില്‍
വെയില്‍ വീണു പരന്ന
നിഴലായ്‌ പോലും വരരുതേ..!!

Saturday, June 27, 2009

രാജു ഇരിങ്ങല്‍









ചാവേര്‍

ണ്ണൂരില്‍ ജയിലു കാണാന്‍ പോയപ്പോള്‍
അള്ളോ ദാന്നോ മ്മടെ റിപ്പറിനെ കൊന്ന കയറ്ന്ന്
ചോദിച്ചിരുന്നു ആമിനുമ്മ.



സാക്ഷരത ക്ലാസില്‍ മണ്ണെണ്ണ വെട്ടത്തില്‍
ന്റെകൌസൂ മാഷ് വരുമ്മുമ്പ്
‘അഴിമതീ‘ന്ന് കേട്ടെഴുത്തെഴുതി
തെറ്റിച്ചത് ശരിയാക്കിത്താടീന്ന്
നിലവിളിച്ചിരുന്നു ആമിനുമ്മ

മാര്‍ക്സിസ്സ്റ്റ് ജാഥയ്ക്ക് പോയതിന്
അഴിമതിക്കെതിരെ ചങ്ങല പിടിച്ചതിന്
മൊഴിചൊല്ലിയാല്‍ ചൊല്ലട്ടെന്ന്
ഉപ്പൂപ്പയോട് തലയാട്ടിയത് കൊണ്ടാണ്
ഒരുമ്പൊട്ടോളായതും
ഇങ്ക്വിലാബ് വിളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതും

ആഞ്ഞിലി പൂത്ത് മണമുണ്ടാകുന്നതും
പുറമ്പോക്ക് വീട് രേഖയിലാകുന്നതും
വീണ്ടുമൊരു നിക്കാഹുണ്ടാകുന്നതും
ചുവന്ന പ്രഭാതം സ്വപ്നം കണ്ടിട്ടായിരുന്നു.

എന്നിട്ടും കണാരേട്ടന്‍ പാര്‍ട്ടി വിട്ടു
കുഞ്ഞമ്പുവേട്ടനെ പുറത്താക്കി
റേഡിയോവില്‍ കേട്ട്
പീടികത്തിണ്ണയിലിരുന്ന ആമിനുമ്മ
പുറത്താക്കപ്പെട്ടവരുടെ നിരയില്‍
കറുത്ത താടിയില്‍ ഒരാളെ കണ്ടു.

ആമിനുമ്മയുടെ മുറുകിയ കയ്യീല്‍
മറച്ചു പിടിച്ച അരിവാള്‍ ചുറ്റിക
റിപ്പര്‍ ചന്ദ്രന്റെ മുഖം
കണ്ണൂര്‍ ജയിലിലെ കൊലക്കയര്‍!!

നേതാവ് വരാന്‍
ഇനി മിനിറ്റുകള്‍ മാത്രം…!

Wednesday, June 17, 2009

പവിത്രന്‍ തീക്കുനി

എന്നിട്ടും

തി മധുരമായി
നീയെന്നെ ചതിച്ചു,എങ്കിലും
കവിത കൊണ്ടെന്റെ
വിധിയെ വെല്ലുന്നു..

അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍.













ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും.

ഇരു ധ്രുവങ്ങളിലാണ് നാം
എങ്കിലും
ഒരു ദു:സ്വപ്നത്തിന്റെ
ചരിവില്‍ വച്ച്
നമ്മള്‍ കണ്ടുമുട്ടും

Thursday, June 11, 2009

എം.ആര്‍.വിബിന്‍



ഇടയന്‍


രു കാലമുണ്ടായിരുന്നു .

വെള്ളമിറക്കി വരും
നരികളെ തുരത്താന്‍ ,
അന്ന് നിനക്കൊരു നോട്ടമധികം .
ഗണം മറന്നു മേഞ്ഞു പോം കുഞ്ഞാടിനെ
നെഞ്ചോടുചേര്‍ത്തോരിളം തലോടല്‍.
ഉച്ച മരത്തണലില്‍,
പൂര്‍വികരാരോ മറന്നുവെച്ചോ-
രോടക്കുഴല്‍ വിളിയോര്‍ത്തെടുക്കും നീ.
മധുര നാമ്പുകളോടോത്ത്
തെളി നീരുപോലതും അയവിറക്കും ഞങ്ങള്‍.
വെയില്‍ കുന്നിറങവെ ,
ചുള്ളിക്കമ്പിന്‍ കരുത്ത്‌ പോലും വേണ്ടായിരുന്നു
ഞങ്ങളെയൊത്ത് കൂടാന്‍ നിനക്ക്.

എപ്പോള്‍ ,
എവിടെവെച്ചു ,
എന്താണിടയ ?
നിനക്കും ഞങ്ങള്‍ക്കുമിടയില്‍.

കണ്ടു,
അരുവിയിലോഴുകി പോകുമീറക്കുഴല്‍ .
കല്ചെരുവില്‍ രാകി മിനുക്കി
എളിയില്‍ തിരുകിയത് ,
മരനിഴലിലും തെളിഞ്ഞു നിന്നില്ലേ.








ഇപ്പോഴെല്ലാ രാവിലും
ഞങ്ങളറിയുന്നുണ്ട് .
നിന്റെ ലാവണത്തില്‍ നിന്നൊഴുകി വന്നു
കുളംബുകളില്‍ തൊട്ടു നടുക്കുന്നത്
കൂട്ടത്തിലൊന്നിന്റെ ചോര തന്നെയെന്ന്‌.

അന്നേരമാകെ
കണ്ണടയ്ക്കാതാകാശം നോക്കി
നില്‍ക്കും ഞങ്ങള്‍.
മിഴികളില്‍ പെടാതെ മായരുതല്ലോ
ആ വരവറിയിചേറെ വൈകാതെ
വാനില്‍ ചിമ്മുമൊരു കുഞ്ഞു താരകം.

Tuesday, June 9, 2009

എസ്സ്.കണ്ണന്‍









രാത്രി നടത്തം

എപ്പോഴും പറയാവുന്നതല്ല
ഉള്ളില്‍ ഞെങ്ങി ഞരുങ്ങുന്ന കാര്യങ്ങള്‍
തൊട്ടടുത്ത് കാണുന്നവരെല്ലാം
ഒത്തിരിയൊക്കെ കേട്ട് മടുത്തവര്‍
ഇന്നുമെന്‍റെകൂടെ വീര്‍പ്പിടുന്നവര്‍
ദീര്‍ഘരാത്രി, അനങ്ങാത്ത ചില്ലകള്‍
രാത്രിയൊറ്റയ്ക്ക് പോകും വഴിയിലെ
പാഞ്ഞു പോകുന്ന വണ്ടികള്‍ , ചിന്തകള്‍
നീണ്ട ഹോണിന്‍ ഇരച്ചാര്‍ത്തുമായുമ്പോള്‍
ചുറ്റുവട്ടത്തനങ്ങും ചവറ്റില
പാതിരയില്‍ വിളക്കണയാത്ത
റോഡരികിലെ വീടുകള്‍ക്കൊക്കെ
മൂമ്പ് കാണും വെളിച്ചവുമില്ല
ഇപ്പൊഴീ സമയത്ത് ചുറ്റിലും
കാണുന്നതുമാത്രം സത്യമെന്നാണെങ്കില്‍
സംശയത്തോടിരുട്ടത്തു മൂലയില്‍
പമ്മിനോക്കി നടക്കുന്നതെന്തിന്
എന്നും കാനയില്‍ കാണുന്ന കണ്ണാടി
ചന്ദ്രനെ കൊണ്ട് ചോദിച്ചുടയുന്നു
എന്നെയും കടന്നായുന്ന വേഗതയ്ക്കൊ-
പ്പമെത്തും പ്രതീക്ഷ ജീവിക്കുന്നു.
ലോകമേ ഇഞ്ചിഞ്ചായി മാത്രമാണീ
ദിവസത്തിന്‍ പടം മാറ്റി വച്ചത്
അത്രയും കണിശമായി ഞൊടിയിട
കൊടിയായ് വിഭജിച്ചതില്‍ വേണ്ട
മാറ്റമൊക്കെ വരുത്തും അധികാര-
ശാലിയെന്നെ നിരീക്ഷിക്കുകയാകുമോ
സന്ധ്യയില്‍ കണ്ട മൈതാനം, ആരവം
വേദനയെക്കാള്‍ കരുത്തുള്ള യൌവ്വനം
സംശയത്തെ പ്പൊടിയാക്കുക മറച്ചിരി
കണ്ണുകോരിക്കുടിച്ചുനടന്നു ഞാന്‍
എന്‍റെ വാക്കില്‍ നിറയുന്ന ദൂരമാണാ-
പിയായി വിറച്ചു കാണും പകല്‍
വെയില്‍ക്കാടുമപ്പുറവുമെന്‍ റെ
സങ്കടത്തെ അവയ്ക്കൊപ്പമാക്കണേ..

Tuesday, June 2, 2009

സുധീഷ്‌ കോട്ടേമ്പ്രം

അയവ്


യഞ്ഞ നിക്കറില്‍
കുട്ടിക്കാലം
മൂക്കൊലിച്ചു നടന്നു.
മുറിച്ചു കടക്കാവുന്ന ദൂരങ്ങള്‍
വളഞ്ഞു തിരിഞ്ഞു ചെന്നു.
സൂചികളില്ലാത്ത കളിവാച്ചില്‍
സമയം ചത്തു കിടന്നു.

കൂട്ടക്ഷരങ്ങള്‍
തുപ്പലില്‍ മുക്കി
കനം കുറച്ചു ഉച്ചരിച്ചു.
കള്ളിന് പകരം
മോര്കഞ്ഞി മാത്രം കുടിച്ചു.
അയഞ്ഞ ഭോഗത്തില്‍
ഒച്ചുകള്‍ ഇഴഞ്ഞു.

ഇരിക്കുമ്പോള്‍
നാലുവശവും ചായുന്ന കസേരയ്ക്കു
സ്ക്രൂ പിടിപ്പിക്കാന്‍ വയ്യ.
ഒരു വശം താഴ്ന്നു
മൂക്ക് കുത്തി നില്‍ക്കുന്ന
വേളാങ്കണ്ണി മാതാവിന്‍റെ ഫോട്ടൊ
അതേപടി.


















ഇളകിയ ഓടിന്‍റെ മോന്തായം
ഉറകുത്തിയ കഴുക്കോല്‍
ഊര താങ്ങി നില്‍ക്കുന്ന വീട്.

ഇങ്ങനെ ആയാല്‍ പറ്റില്ല
എല്ലാം ശരിയാക്കണം
എന്ന് തീരുമാനിക്കാറുള്ള
മനസ്സ് എന്ന ആളും അതേപടി.

ചായയും റൊട്ടിയും
ചെന്ന് കഴിക്കാന്‍
അടുക്കളയില്‍ നിന്ന്
വിളി വരുന്നുണ്ട്.
കഴിച്ചു തുടങ്ങുമ്പോഴാവും
അവളുടെ പരാതികള്‍ പെയ്യുക.

കമാന്ന് മിണ്ടിയില്ല.
റൊട്ടി ചായയില്‍
മുക്കി തിന്നുന്നതിനെ പറ്റി
ആലോചിച്ചു.

Wednesday, May 27, 2009

പി.എ.അനിഷ്

നിലക്കടല തിന്ന്


തൊണ്ടോടു കൂടിയ നിലക്കടല
വറുത്തു വച്ചിരുന്ന
ബസ്റ്റാന്റില്‍ നിന്നൊരു പൊതിവാങ്ങി
അവസാനത്തെ സീറ്റിലിരുന്നു

പല പല പണികള്‍ക്കായ്
നഗരത്തിലേക്കു ചിതറി
പിന്നെയൊരു വറവുചട്ടിയിലേക്കിട്ട നിലക്കടലപോലെ
രാത്രിവണ്ടിയില്‍
ഗ്രാമത്തിലേക്കു പൊരിയുന്നവര്‍









സായാഹ്നപത്രത്താള്‍
മറിച്ചിരിക്കുന്നു ചിലര്‍
നരച്ച അതേ ആകാശത്തു
കണ്ണുനട്ട്
ഏതോ ഇടവഴിയിലേക്കോടിപ്പോകും ചിലര്‍

ഞാനോ
തോടുപൊട്ടിച്ച്
കടലതിന്നുകൊണ്ട്
വേരുകളിലേയ്ക്കൂര്‍ന്നിറങ്ങി
മണ്ണിനടിയിലൂടെ
മുളപ്പിച്ച് കാത്തിരുന്ന
മനസ്സുകള്‍ കടന്ന്
മൗനത്തിന്റെ തോടിനുളളില്‍
ഉറങ്ങിയുണര്‍ന്നപ്പോഴേക്കും
വീടെത്തിയിരുന്നല്ലോ

Saturday, May 23, 2009

ശൈലന്‍

ബ്ലൂ ടൂത്ത്

കാലമെത്രയായി..
ഇനിയിപ്പോ
കാണുമെന്നു കരുതിയതെയല്ല..

നമ്രമുഖിയായ്‌
യാത്രാമൊഴി ചിരിച്ച
നെറ്റിക്കോണിപ്പഴു -
മോര്‍മയുണ്ട്..

കാല്‍വിരലിനാല്‍
വരഞ്ഞ കുളങ്ങളില്‍
വിരിഞ്ഞ താമരകള്‍
മുഖത്ത്
നോക്കാറേയില്ലായിരുന്നു..

അന്ന് പങ്കിട്ട
little heart ബിസ്കറ്റിന്റെ
സ്വര്‍ണക്കവരിപ്പഴു
മാല്‍ബത്തില്‍ മിടിക്കുന്നു..

ഇരു വശത്തേക്ക്
പിന്നിയിട്ട മുടിപ്പാതയിലൂടെ
വാടക സൈക്കിള്‍ തൊണ്ണിക്കയറി
എത്തിയ കിനാവള്ളിപ്പാടം..

അറിഞ്ഞിട്ടും
വെളിച്ചപ്പെടുത്തുവാന്‍
ധൈര്യമില്ലാതെപിരിഞ്ഞ
പിരിശത്തെ, പിന്നെ,എത്ര
സമയ, ഭൂഖണ്ടങ്ങളില്‍
തിരഞ്ഞു..

പാപ്പാ
അഖിലാന്ടാമ്മാള്
ശിവകാമി
സ്മിത പാട്ടില്‍-


രൂപ സാദൃശ്യങ്ങളെ
തുറിച്ചു നോക്കി,യെത്ര,
തെക്കേ ഗോപുര നടകളിരങ്ങുന്നിടത്ത്
നിന്ന്
ആട്ട് കേട്ട് നടന്നു..













മഞ്ഞ കള്ളികള്‍
വെലങ്ങിട്ട ചുവന്ന പാവാട
മുട്ടിനു താഴെ കസവിട്ട
പഫ് വെച്ച പച്ച ജമ്പര്‍ ..

ഒന്നുമില്ല,
പതിനാറു കൊല്ലത്തിനിപ്പുറം
വിരുന്നു വരുമ്പോള്‍..

ബ്ലൂ ടൂത്തിലൂടൊരു
മെസ്സേജായി വന്നു
സ്ക്രീന്‍സേവറില്‍
മുട്ടി വിളിച്ചു..

തുറക്ക പ്പെടുമ്പോള്‍
സഭാ കമ്പമൊട്ടുമെയില്ലാതെ
ദിഗംബരയായി
ആറു മിനിട്ട് 13 സെക്കന്റ്
ആറര എംബി ക്ലിപ്പ് നിറയെ..

സുതാര്യമാണ് ഭൂപടം..
പിക്ചര്‍ക്വാളിട്ടി‌ യുമസാധ്യം..
തെറ്റ് പറയരുതല്ലോ
ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..

zzx . 3gp എന്നത് മാറ്റി
നമ്രത ശിരോദ്കര്‍ എന്ന്
പേര് കൊടുക്കണം
ഫോര്‍വേഡ് ചെയ്യും മുന്‍പ്‌..!

Sunday, May 17, 2009

എസ്.കലേഷ്

സൈറണ്‍



വള്‍ അയാള്‍ക്കൊപ്പം ജീവിതം കൊതിച്ചു
ഞാന്‍ അവള്‍ക്കൊപ്പവും

ഞങ്ങള്‍ക്കിടയിലെ ദൂരം കൂടിവന്ന നിമിഷം
ഞാന്‍
പട്ടണത്തിലേക്ക് പോകാനായി
തീരുമാനിച്ചു.

പട്ടണത്തില്‍ ചെന്ന് അയാളെ കാണണം
പറയണം
അവളെ എനിക്കു തിരികെതരണമേയെന്ന്
പക്ഷേ,
അയാള്‍ അത് സമ്മതിച്ചില്ലങ്കിലോ..
അവളോടയാള്‍ക്ക് എനിക്കുള്ളതു പോലെ
അഭൌമമായ ഇഷ്ടം ഉണ്ടെങ്കിലോ...

ആ നിമിഷം ഓര്‍ത്തപ്പോഴേ കണ്ണുനിറഞ്ഞു.

പട്ടണത്തിലേക്കുള്ള
എക്സ്പ്രസ് വണ്ടിയിലിരുന്നപ്പോള്‍
അവളെ ഓര്‍ത്തു.
പാലം കടക്കുമ്പോള്‍ ചാടിച്ചാകാന്‍ തോന്നി.
പേടി അടുത്തുപിടിച്ചിരുത്തി.
മനസിന്‍െറ വാ കൊണട് കരഞ്ഞുകൊണ്ടിരുന്ന
എന്നെ
തീവണ്ടി പട്ടണത്തിലിറക്കിവിട്ടു.













ബസിലിരുന്ന് കുട്ടികള്‍ കറക്കുന്നു കാറ്റാടി.
കറങ്ങി നടന്നു ഞാന്‍.
അയാള്‍ പണിയെടുക്കും കമ്പനി കണ്ടുപിടിച്ചു.

ആകാശത്തേക്കു നോക്കി പുകവലിച്ചു നില്ക്കുന്നത്.
മുറ്റത്തെ കോണില്‍ കാറുകള്‍, ബൈക്കുകള്‍ പതുങ്ങി നിന്നു.
ഇരുമ്പുകമ്പികള്‍ വന്‍മരത്തിന്‍െറ വേരുകള്‍ പോലെ
പടര്‍ന്നിറങ്ങിയ
വലിയ കെട്ടിടങ്ങള്‍ കണ്ടപ്പോഴേ പേടിയായി
നീലനിറത്തില്‍ കുപ്പായമിട്ട
തൊഴിലാളികള്‍ നിരന്ന് നടന്നുവരുന്നു, പോകുന്നു.
കാഴ്ചയില്‍ ഞാന്‍തന്നെ എന്നു തോന്നിയ ഒരാളോട്
അയാളുടെ പേരു ചോദിച്ചു
ഇന്ന ബ്ളോക്കില്‍ ഇത്രാമത്തെ മുറിയിലുണ്ട്.

ആ മുറിതപ്പി വളഞ്ഞ പടികള്‍ കയറി.
ഭൂമിക്കടിയിലേക്ക് തുറക്കുന്നു ലോഹവാതിലുകള്‍
എന്നെ പുറത്താക്കി പെട്ടന്നടയ്ക്കുന്നവ വീണ്ടും.
കൂര്‍പ്പിച്ച നോട്ടങ്ങള്‍ പലവട്ടം വന്നു മുട്ടി
ഫാനിന്‍െറ മൂളന്‍ കറക്കം വരെ ഞെട്ടലോടെ കണ്ടു.
ഉയരങ്ങള്‍ പേടി തന്നു

നാട്ടിലെ തോട്ടുനിരപ്പില്‍ നിന്നും
എത്രയടി പൊക്കത്തിലാകും ഈ നില.
തോട്ടുവക്കത്തെ തെങ്ങോളം പൊക്കത്തിലാകുമോ...?
അവിടെ നിന്നും എത്ര ദൂരെയാകും ഇത്.
അങ്ങനെയെങ്കില്‍
ദൂരവും പൊക്കവും കൂട്ടിക്കെട്ടിയാല്‍
തീര്‍ത്തും നിസ്സഹായനാണ് ഞാന്‍
അത്രയും അകലം അവള്‍ നടന്നു കയറിയിട്ടുണ്ടാകണം,
ഇനി ഇറങ്ങിപോകാനും മനസുണ്ടാകില്ല. അല്ലേ...?

ചെറിയ ചോദ്യങ്ങള്‍ക്കേ ഉത്തരം അറിയൂ..
വലിയ ചോദ്യങ്ങള്‍ ഒഴിച്ചിടുന്നു.
അതിനാല്‍
നോക്കിയാല്‍ തിരികെ നോക്കുന്ന മുറികളിലൊന്നും
തപ്പിനടക്കാതെ തിരികെ പോന്നു

തൊഴിലാളികള്‍ നടന്നു വരുന്നു, പോകുന്നു
കാറുകള്‍, ബൈക്കുകള്‍ ഏല്ലാം പുറപ്പെടാന്‍ ഒരുങ്ങി.

കമ്പനിയുടെ ഗേറ്റ് കടക്കുമ്പോഴേക്കും
സൈറണ്‍ മുഴങ്ങി.
ആദ്യം പേടിച്ചുപോയി
പിന്നെ അത് മാറി,
അയാള്‍ കൂട്ടുകാരുമായി ചേര്‍ന്ന്
ആ ബഹുനിലയുടെ മുകളില്‍ നിന്ന്
എന്നെ കൂവി ഓടിച്ചതായി തോന്നി.

Wednesday, May 13, 2009

രാജു ഇരിങ്ങല്‍

തിരസ്കരിക്കപ്പെട്ടവന്‍റെ അടയാളം

പയ്യാമ്പലം കടലില്‍
തിരകള്‍ കണ്ടപ്പോള്‍
അമ്മേ ഇത് പാല്‍പ്പതയല്ലേന്ന്
ചോദിച്ചിരുന്നു ഞാന്‍

മുട്ടു മറക്കാത്ത
പാവാടയ്ക്കരികില്‍
ചുവന്ന മഷി ഒഴിച്ച സുഹൃത്തിന് പകരം
തുട കാണിച്ച് കൊടുത്ത്
തല്ല് വാങ്ങിയിരുന്നു ഞാന്‍









പ്രണയം ‘ മണ്ണാങ്കട്ട’ എന്ന് ചൊറിഞ്ഞ
പതി മൂന്നു കാരിയെ
ബലാത്സംഗം ചെയ്തതിന്
ഒരു നേരുമില്ലാതെ സംശയിച്ചതിന്
രായ്ക്കുരാമാനം തീവണ്ടി കയറിയിരിന്നു ഞാന്‍

കടലാമകള്‍
മാളങ്ങളിലേക്ക് വലിയുന്നതും
കടല്‍കാക്കള്‍
പുതിയ സമുദ്രാ‍തിര്‍ത്തി തിരയുന്നതും
അപകടങ്ങള്‍ മുന്‍ കൂട്ടികണ്ട്ട്ടായിരുന്നു.

എന്നിട്ടും
നളിനി ജമീലയുടെയും,
സിസ്റ്റര്‍ ജസ്മിയുടേയും
പുസ്തകം വാങ്ങിക്കാന്‍ ഞാന്‍ ക്യൂ നിന്നു
വെറുക്കപ്പെട്ടവരുടെ കാഴ്ചകണ്ട്
ചോരതിളക്കുമ്പോള്‍
തലകുനിക്കപ്പെടേണ്ടവരുടെ ചരിത്രമെഴുതാന്‍
എനിക്കൊരിക്കല്‍ തിരിച്ച് വരേണ്ടി വരും
എഴുത്തുകാരന്‍ നിശബ്ദമാക്കപ്പെടുന്നതിനും
ഒരു മണിക്കൂര്‍ മുമ്പ്..!

Wednesday, April 29, 2009

ദീപേഷ് ചക്കരക്കല്‍

വിപരീതങ്ങളുടെ ആകാശം



ആകാശം ഒന്ന്
മുക്കിടെയില്‍ ഒരു പകല്‍
ഒന്നിക്കുവാന്‍‍
ഇരുളണയുന്നതിന്‍ മുന്‍പ്
ഭിന്നിക്കുവാന്‍.
ശയ്യയില്‍
രതിസുഗന്ധം നിറച്ച്
സീറോ ബള്‍ബിന്റെ
ഇരുണ്ട ചാരത്തില്‍‍
നിന്റെ കടലില്‍ ഞാനും
എന്റെ കടലില്‍ നീയും കുളിച്ചു കേറി.
തിരകളോടൊപ്പം ചിറകടിച്ച്
നമ്മള്‍ പ്രണയം കറന്നു.കൊറിച്ചു ചവച്ചുതുപ്പിയ വാക്കിന്റെ
അഴുക്കുകള്‍ ‍
കടലിലേക്കു വലിച്ചിറിഞ്ഞ്
വിശുദ്ധരായി.












ആകാശം രണ്ട്
കലണ്ടറിലെ
ചക്രവാളച്ചുവപ്പും
മിടിപ്പുകളിലെ
അസ്തമയ നിശ്വാസവും മറന്ന്
നമ്മള്‍ ജീവിതത്തിന്റെ
നിറമുള്ള ആകാശങ്ങള്‍ തേടി.
കുറുകിയ മൌനങ്ങളില്‍
ഇരുണ്ടു മായുന്ന
ചക്രവാളങ്ങള്‍ ‍പോലെ പിന്നെയെപ്പോഴോ
നമ്മള്‍ പ്രണയതിന്റെ
വിപരീതങ്ങളായി.

Wednesday, April 15, 2009

പുതുകവിത വിഷുപ്പതിപ്പ്


വി മുസഫര്‍ അഹമ്മദ്
കുളിമുറിപാട്ടുകാര്‍


കുളിമുറികള്‍
ഇല്ലാതിരുന്ന കാലത്ത്
ഇവര്‍ എവിടെയായിരിക്കും
പാടിയിരിക്കക
മഴയുടെ ശിഖരത്തിലോ
വെയില്‍ ചാഞ്ഞ പൊന്തയിലോ
ഹിമപ്പരപ്പിലോ
മരുമണല്‍ക്കാട്ടിലോ?

കടല്‍ക്കുളിക്കിടെ പാടിയെങ്കില്‍
ഉപ്പില്‍ തേച്ച മുളക്
ഒച്ചിന്‍ പുറത്ത്
സവാരി പോയിരിക്കും
പുഴക്കുളിക്കിടയെന്കില്‍
വരാലുകള്‍ വരച്ചത്
പൊന്മകള്‍
കൊത്ത്തിതിന്നിരിക്കും
തോട്ടുകുളിയെങ്കില്‍
കൈതമുള്ളില്‍ തറഞ്ഞിരിക്കും
കുളക്കുളിയെങ്കില്‍
മെഴുക്കില്‍ വഴുക്കി വീണിരിക്കും
കിണര്‍ക്കുളിയെങ്കില്‍
പാറകത്തിന്റെ പരുപരുപ്പില്‍
തിണര്‍ത്തിരിക്കും

ജലതരംഗത്തില്‍
പടുത്തുയര്‍ത്തിയ
പാട്ടുപുരയില്‍
ഉടല്‍ വാട്ടം തീര്‍ക്കാന്‍
ജലപ്പശിമയില്‍ ഒട്ടുമ്പോള്‍
വിയര്‍പ്പിന്റെയും,ചളിയുടെയും
നഗ്നതയുടെയും,താഴ്വരയില്‍
പാട്ട് പിഴിഞഞ് പാരും,
ഈണങങള്‍ കുളിച്ച് കിതക്കും


വെള്ളമില്ലാത്ത കുളിമുറികള്‍
ഇവര്‍ ഊമ ഗായകര്‍
പരസ്പരം ഉമ്മ വെക്കുന്ന
ബധിര ഗായകാര്‍
ഇണ പിരിയുന്ന അന്ധ ഗായകര്‍
ജലപ്പിശാജുക്കളും,നീര്‍ക്കാക്കളും
ഊതിയൂതി വറ്റിച്ച
തൈലതുള്ളികള്‍.
-----------------
ശൈലന്‍
അജ്ഞാത


പോവുമ്പോള്‍
വിജന പാതയില്‍ ,
ചൊവ്വാഴ്ച
അവളുടെ മൃതദേഹം കണ്ടു..

നല്ല സംവിധായകനാണ്;
കോഴിക്കടകള്‍, വേസ്റ്റ്
കൊണ്ട് തള്ളുന്ന
കുഴിയില്‍ത്തന്നെ
ലൊക്കേഷന്‍ കൊടുത്തിരിക്കുന്നു..

മൂക്ക് തുളയ്ക്കും
നാറ്റത്തെ ചെറുത്തു
കാണികള്‍ ഇരച്ചു വരുന്നു...

നല്ല കോസ്റ്റുഊം ഡിസൈനര്‍ ആണ്..;
പാണ്ടിക്കളറ്
ചേല അണിയിച്ചിട്ടുണ്ട്
കാല്‍ വിരലില്‍ മിഞ്ചിയുണ്ട്..
കൊണ്ടയില്‍
പാടുന്ന കനകാംബരം..

തമിഴത്തിയല്ലെന്നാരും
പറയത്തേയില്ല..
തെമ്പതു മൂക്കുത്തിയെന്ന പോല്‍
നീറിന്റെ ചാഞ്ചാട്ടം കണ്ടാല്‍
നെഞ്ചത്തു ബീജീയെം നിലച്ചെന്നു
തോന്നത്തെയില്ല..

തിരിച്ചു പോരുമ്പോള്‍
inquest ആണ്..
റോഡരികില്‍ ഓലപ്പായില്‍
മലര്‍ന്നു നഗ്നം...

ഹോ..ഹെന്തൊരു
ശേപ്പ് എന്നു നയന നിര്‍വ്രുതര്‍...
ചായഗ്രഹണ ദാഹമടക്കിയ
മൊബൈലുകള്‍..
സൂര്യന്‍..!

തൊട്ടു നോക്കാതറിയാം..
മരവിപ്പും ശൈത്യവുമല്ല
ഉടല്‍ പനിക്കയാണ്..
ഒരു വെയിലും നേരിട്ട്
കോള്ളാതാവലാണ്

ഇനിയെന്നെന്കിലും
ഉച്ചക്ക് ബൈക്കിനു
കൈ കാണിക്കും..
എന്റെ പര്‍ദ്ദ എന്തിയേന്നു
ചോദിക്കും..
ഞാനാരെന്ന്
കണ്ടു പിടിച്ചോ പോലിസെന്ന്
കണ്ണ് പടവെട്ടും..
സീരിയല് കാരനായിരുന്നെങ്കില്‍
ഒന്പതരയിലെക്കോ
മറ്റോ
കാസ്റ്റ് ചെയ്യാമായിരുന്നു.
-----------------
കലേഷ്.എസ്സ്
പതിവുകാരീയോര്‍മ്മകള്‍


ദിവസവും ജംഗ്ഷനില്‍
ഒരു ബസ്സ്
പറയാതെ ബെലല്ലടിച്ച് നില്‍ക്കും

കാലുകള്‍ ആദ്യ മട്ടില്‍
മണ്ണിലേക്ക് മടങ്ങിപ്പോവും

വീട്ടിലേക്ക് അവസാനിക്കുന്ന വഴി
സൂര്യന്‍ രാത്രിക്ക് മുന്‍പേ പൂട്ടിപ്പോയി.
കടലില്ലാത്ത ദേശങ്ങളുടെ വേലിയേറ്റം കടന്ന്
ഫര്‍ലോംഗുകള്‍ ഇനിയും പോകാനുണ്ട്

പഷയ കാമുകിയുടെ വീടിണ്ടെ വാതില്‍
പണ്ടവള്‍ ചാരിയതില്‍
പിന്നെ തുറന്നു കണ്ടിട്ടില്ല

സുഹൃത്ത് കല്ല്യാണം കഴിഞ്ഞ ശേഷം
പൂറത്ത് കാണുന്നില്ല
പണ്ടവനുമൊത്തൊളിച്ചിരുന്ന
പുകവലിച്ച കാട്,കാടേയല്ല.
അവന്റെ വീട് കടന്നു പോവുമ്പൊള്‍
വഴിയില്‍ തറഞ്ഞ് നില്‍ക്കും കല്ലില്‍
കാല്‍ ഒരിക്കല്‍ കൂടി തട്ടും.

ചായക്കടക്കാരന്‍ കടം കയറി തൂങ്ങിമരിച്ച
ബോര്‍മ്മയുടടുത്തെത്തുമ്പോള്‍
അയാള്‍
പണ്ട് പറ്റിയ അഞ്ച് രൂപയെപ്പറ്റിച്ചോദിക്കും
കടങ്ങളൊന്നും മനസ്സില്‍
ചില്ലറയായി സൂക്ഷിക്കാത്തതു കോണ്ട്
കൊടുക്കില്ലൊരിക്കലും

വീടടുക്കുമ്പോള്‍
അയ്ല്ക്കാരുടെ പട്ടി
ഒരിക്കല്‍കൂടി കുര്യ്ക്കും.

അപരിചിതനാണു ഇരുട്ടിലെന്നും

വീടെത്തി,
പതിവുകാരീയോര്‍മ്മകള്‍
മനസ്സിറങ്ങി ജംഗ്ഷനിലേക്കു ഓടിപ്പോവും

അടുത്ത ദിവസവും
യാത്ര കഴിഞ്ഞെത്തുവാന്‍
സാധ്യതയുള്ള എന്നെകാത്ത്.
-------------------




പ്രമോദ് കെ.എം
അറിയിപ്പ്

ച്ചത്തില്‍ മുഴങ്ങുന്നു സൈറണ്‍.

ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങള്‍,
ഓടിയും നടന്നും
കൈകള്‍
ഉയര്‍ത്തിയും താഴ്ത്തിയും
വ്യായാമം ചെയ്തിരുന്ന
അമ്മാവന്മാര്‍,അമ്മായിമാര്‍,
കൈവണ്ടിയുന്തിയിരുന്ന അമ്മൂമ്മ,
തിരക്കിട്ടു പോകുകയായിരുന്ന
കോട്ടിട്ട കുറേയാളുകള്‍,
മഞ്ഞത്തുടകളുള്ള പെണ്‍കുട്ടികള്‍......
മൈതാനത്ത്
കൂവിവിളിച്ചിരുന്ന കുട്ടികള്‍,
പട്ടികളോട്
കൊഞ്ചിയിരുന്ന സുന്ദരിമാര്‍,
അരി പൊടിച്ചിരുന്ന മില്ല്,
കരിങ്കല്ല് പൊടിച്ചിരുന്ന യന്ത്രം,
വഴിയരികില്‍ താളമിട്ട്
കുനിഞ്ഞും നിവര്‍ന്നും
മന്ത്രങ്ങളുരുവിട്ടിരുന്ന
ബുദ്ധസന്യാസി,
ഒച്ചയുണ്ടാക്കി നടന്നിരുന്ന മന്ദബുദ്ധികള്‍.....
എല്ലാവരും നിന്നനില്‍പ്പില്‍
‍മിണ്ടാതെ,അനങ്ങാതെ..

ഉച്ചഭാഷിണിയില്‍ നിന്നും
ഇടമുറിയാതെ
അറിയാത്ത കൊറിയനില്‍
അറിയിപ്പുകള്‍.
ഒരടിമുന്നോട്ടു വെച്ചാല്‍
അടി കൊള്ളുമെന്നോ
വെടിവെക്കുമെന്നോ
ഇടി വീഴുമെന്നോ
ഭൂമി പിളരുമെന്നോ.....

എന്തായാലും
നമ്മള്‍ രണ്ടു പേര്‍,
മലയാളത്തില്‍
‍ചിലതമാശകള്‍ പറഞ്ഞു.
അപകടമുണ്ടെന്നറിഞ്ഞിട്ടും
പുഞ്ചിരിയോടെയും
നെഞ്ചെടുപ്പോടെയും നടന്നു നീങ്ങുന്ന
രണ്ട് വീരപുരുഷന്മാരെ കണ്ടുവോ എന്നാണ്
അറ്റന്‍ഷനില്‍ നില്‍ക്കുന്ന പോലീസുകാര്‍
പരസ്പരം പറയുന്നതെന്നതായിരുന്നു
അവയിലൊന്ന്.
------------------
വാസുദേവന്‍ കൊറോം
ന്യൂസ്പേപ്പര്‍ ഗേള്‍

സൈക്കിളില്‍ നിന്നും
ഒരു വീട്ടുമുറ്റത്തേയ്ക്കും
പത്രം വലിച്ചെറിയാറില്ല
മെല്ലെ
വരാന്തയില്‍ വെച്ചിട്ടുണ്ടാവും.

പ്രസ്സില്‍ നിന്നും അച്ചടിച്ചപ്പോഴത്തെ
പുതുമണം
വീട്ടിനുള്ളിലേക്ക് നുഴഞ്ഞ്
കയറിയാവും
വീട്ടുകാര്‍ ഉണരുന്നത്.

മുന്‍പേജില്‍
മരിച്ചുപോയയാളുടെ
വലിയ പടമുണ്ടെങ്കില്‍
റീത്ത് വെക്കും പോലെ ആദരവോടെ
വരാന്തയില്‍ വെയ്ക്കും.

ഭൂകമ്പത്തില്‍ ചിതറിയ
ചിത്രമാണെങ്കില്‍
പെറുക്കിക്കൂട്ടി
അറ്റുക്കി വെച്ചേക്കും അവള്‍.

ജനാലയുടെ ചില്ലുകള്‍
പൊട്ടിപ്പോയ കിലുക്കമായിരുന്നു
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളെ പീഡിപ്പിച്ച്വന്റെ
ചിത്രമായിരുന്നു മുന്‍പേജില്‍
ചിരിച്ച് നിന്നത്.
---------------------
പി.എ.അനീഷ്
അതിജീവനം


മുറ്റത്തിനരികില്‍
വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം

കുമ്പളവളളിക്കു പടരാനും
നിലാവിന് ചില്ല വരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി

കുഞ്ഞിലകള്‍ വീഴ്ത്തിയാല്‍പ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികില്‍
കാടിനെ പ്രതീതിപ്പിച്ച്

ഇടയ്ക്കാരോ
ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ
എന്നും
ആണ്‍മരമാവുമെന്നും
ആശങ്കപ്പെട്ടും

വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടര്‍പ്പുകള്‍ വെട്ടിക്കളഞ്ഞു
ജനല്‍ക്കാഴ്ചകളെ കര്‍ട്ടന്‍ മറച്ചു.
നെല്ലിമരം
വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ
പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍!

ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.
-----------------
എം.ആര്‍ വിബിന്‍
മാസ്റ്റര്‍ പീസ്


ന്തൊക്കെ കലര്‍ത്തിയിട്ടും
ആ നിറം മാത്രം കിട്ടിയില്ല.

ക്യമ്പസിനുള്ളില്‍‍
സര്‍വ്വ മത പ്രാര്തനാലയങ്ങള്‍

ഫ്രയ്മിനും രണ്ടു ഇഞ്ച്
മുകളിലായാണ്
അവര്‍ തലയറ്റു കിടക്കുന്നത്.

എല്ലാ അക്രമങ്ങള്‍ക്കും എതിരെ
ലോക സമക്ഷം,
ഉയര്തിപ്പിടിക്കാവുന്ന ഈ ചിത്രത്തില്‍
ചോരക്കു,
അതെ നിറം തന്നെ വേണ്ടേ?

ചിത്ര ശാലയിലേക്ക് കയറി വന്ന
സുഹൃത്തിന്റെ കഴുത്തില്‍‍ നിന്നു
ആ നിറം,
ഞാന്‍ വേണ്ടുവോളം എടുത്തതിനെ
ന്യായീകരിക്കാനല്ല ഇത്രയും പറഞ്ഞത്.

കൃത്യതയുള്ള നിറം കൊണ്ടു
ഒരു ചിത്രതിനെത്താവുന്ന പൂര്‍ണത
താണ്ടാവുന്ന ഉയരങ്ങള്‍,
അപാരം തന്നെയെന്ന്‌
നിങ്ങള്‍ കണ്ടറിഞ്ഞതേല...

ഇപ്പോള്‍ എന്റെ ഈ ചിത്രം
ലോക സമാധാനത്തിനായി സമര്‍പ്പിക്കാവുന്ന
ഒരു മാസ്റ്റര്‍ പീസ് .
------------------------


വിശാഖ് ശങ്കര്‍
പുതുകവിതയുടെ രസതന്ത്രം

ഉത്തരാധുനികതയുടെ കാവ്യസിദ്ധാന്തങ്ങള്‍ ചുമലില്‍നിന്നിറക്കിവച്ച്‌ മലയാള കവിത പുതിയ വഴികള്‍ തേടുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ പ്രിന്റ്‌ മീഡിയയിലേക്കാള്‍ എളുപ്പത്തില്‍ കണ്ടെടുക്കാവുന്നത്‌ ഒരുപക്ഷേ ബ്ലോഗ്‌ എന്ന പുതിയ മാധ്യമത്തില്‍നിന്നാവും.ആനുകാലികങ്ങളും, ബ്ലോഗും ഒരുപോലെ പിന്തുടരുന്ന പല വായനക്കാരുടേയും പൊതു അഭിപ്രായമാണിത്‌.മലയാള കവിതയ്ക്ക്‌ പുതിയൊരു ഭാവുകത്വ പരിസരം തന്നെ നല്‍കാന്‍ തക്ക സര്‍ഗ്ഗശേഷിയുള്ളതാണ്‌ ബൂലോകത്തിന്റെ പ്രിയ കവികളില്‍ പലരുടേയും രചനകള്‍.എന്നിട്ടും അവരില്‍ പലര്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നും അപ്രാപ്യമാണ്‌.പ്രിന്റ്‌ മീഡിയയ്ക്ക്‌ അനഭിമതരല്ലാത്ത പല യുവകവികളുടേയും കവിതകള്‍ അച്ചടിമഷി പുരളുന്നുണ്ടെങ്കിലും അവ അവിടെ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടുന്നുമില്ല.അവിടെയാണ്‌ ബ്ലോഗ്‌ എന്ന മീഡിയത്തിന്റെയും, പുതുകവിത പോലുള്ളസംരംഭങ്ങളുടേയും പ്രസക്തി.

ബ്ലോഗില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട കവികളില്‍ ഒരാളാണ്‌ പ്രമോദ്‌..എന്തുകൊണ്ടയാള്‍ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നു എന്നതിനൊരുത്തരമാണ്‌ 'അറിയിപ്പ്‌' എന്ന ഈ കവിതയും. ജീവിതത്തെ അതിന്റെ എല്ലാ സൂക്ഷ്മാംശങ്ങളോടും കൂടി അനുഭവിക്കാനും, അതിനെ താന്‍ തിരഞ്ഞെടുത്ത മാധ്യമത്തിലേയ്ക്ക്‌ ഫലപ്രദമായി വിവര്‍ത്തനം ചെയ്യാനും ശേഷിയുള്ള ഒരുവന്‌സൃഷ്ടിപരമായ ഊര്‍ജ്ജം തേടി ഒരുപാടൊന്നും അലയേണ്ടിവരില്ലെന്നതിനും, അത്‌ അവനെ തേടിയെത്തുമെന്നതിനും തെളിവ്‌. ഉച്ചഭാഷിണിയില്‍നിന്നും പൊടുന്നനേ ഉയര്‍ന്ന അറിയിപ്പ്‌ നിശ്ചലമാക്കിക്കളഞ്ഞ ഒരു തെരുവാണ്‌ ഈ കവിതയ്ക്ക്‌ പശ്ചാത്തലം. ഒഴുകിക്കൊണ്ടിരുന്ന ജീവിതത്തില്‍നിന്ന് പൊടുന്നനെ
"എല്ലാവരും
നിന്ന നില്‍പ്പില്‍
അനങ്ങാതെ
മിണ്ടാതെ"
ആബാലവൃദ്ധം ജനങ്ങളേയും,വാഹനങ്ങളേയും,യന്ത്രങ്ങളേയുംഎന്തിന് മന്ദബുദ്ധികളെപ്പോലും നിശ്ചലരാക്കിയ ആ അറിയിപ്പ്‌ എന്തോ അറിഞ്ഞിട്ടും തമാശപറഞ്ഞ്‌ ചിരിക്കാനാവുന്ന രണ്ട്‌മലയാളികള്‍.ഒരുചലച്ചിത്രത്തിലെ പോടുന്നനേ ഫ്രീസായ ഫ്രെയിം പോലെ വായനക്കാരന്റെ മനസ്സില്‍ ഉദ്വേഗം ജനിപ്പിക്കുന്ന ഈ ചിത്രത്തിന്റെ
ക്ലൈമാസ്കാണ്‌ 'അറിയി'പ്പിനെ അവിസ്മരണീയമായ ഒരു വായനാനുഭവമാക്കുന്നത്‌.ഉറഞ്ഞുനില്‍ക്കുന്ന ചിത്രത്തില്‍ നിന്ന് ഇറങ്ങിനടക്കുന്നു രണ്ടുപേര്‍. അവര്‍ എന്തൊക്കെയോ തമാശകള്‍ പറഞ്ഞ്‌ ചിരിക്കുന്നുണ്ട്‌.
"അപകടമുണ്ടെന്നറിഞ്ഞിട്ടും
പുഞ്ചിരിയോടെയും
നെഞ്ചെടുപ്പോടെയും നടന്നു നീങ്ങുന്ന
രണ്ട്‌ വീരപുരുഷന്മാരെ കണ്ടുവോ
അറ്റന്‍ഷനില്‍ നില്‍ക്കുന്ന പോലീസുകാര്‍
പറയുന്നതെന്നായിരുന്നു അതിലൊന്ന്"

മരണമെന്ന മഹാ സംവിധായകന്റെ പിഴവറ്റ കരവിരുതിലേയ്ക്ക്‌ തുറന്നിട്ട ഉള്‍ക്കാഴ്ചയോടെ അജ്ഞാതയായ ഒരു തമിഴത്തിപ്പെണ്ണിന്റെ മരണം വരച്ചുകാട്ടുന്നു ശൈലന്‍.'അജ്ഞാത'യെന്ന ഈ കവിത ശ്രദ്ധേയമാകുന്നത്‌ യാഥര്‍ഥ്യത്തെ ഫാന്റസിയുമായി ഇഴപിരിക്കാതെ നിലനിര്‍ത്തികൊണ്ടുപോകുന്ന ക്രാഫ്റ്റിലൂടെയാണ്‌.ഒരു ദുരന്തസിനിമയിലെ ശോകരംഗത്തിനുവേണ്ട എല്ലാ ചേരുവകളോടുംകൂടിയപശ്ചത്തലത്തില്‍ഒരുക്കപ്പെട്ടിരിക്കുന്ന അനാഥമായ ഒരു മരണം.
"നല്ല സംവിധായകനാണ്‌;
കോഴിക്കടകള്‍,
വേസ്റ്റ്‌ കൊണ്ട്‌ തള്ളുന്ന
കുഴിയില്‍ത്തന്നെ
ലൊക്കേഷന്‍ കൊടുത്തിരിക്കുന്നു

മൂക്ക്‌ തുളയ്ക്കും
നാറ്റത്തെ ചെറുത്ത്‌
കാണികള്‍ ഇരച്ചു വരുന്നു..."
പെണ്ണിന്റെ ഉടല്‍, അതിനി മൃതദേഹമാണെങ്കിലും കണ്ണിനു കാമവിരുന്നാക്കുന്ന മലയാളിയുടെ നയനസുരത്തെ നിശിതമായി പരിഹസിക്കുന്നുമുണ്ട്‌ കവി.
"ഹോ.. ഹെന്തൊരു ശേപ്പെന്ന്
നയന നിര്‍വൃതര്‍..
ഛായാഗ്രഹണ ദാഹമടക്കിയ
മൊബെയിലുകള്‍..
സൂര്യന്‍..!"
പ്രേതങ്ങളും, മന്ത്രവാദികളുമൊക്കെ മടങ്ങിവന്ന് പിടിച്ചടക്കിക്കഴിഞ്ഞ മനസിലേയ്ക്ക്‌ ഇനി ഏതെങ്കിലുമൊരു ഉച്ചയ്ക്ക്‌ ഇവള്‍ കയറിവന്നേക്കാമെന്നും, 'എന്റെ പര്‍ദ്ദ എന്തിയേ'എന്നോ, 'ഞാന്‍ ആരെന്ന് കണ്ടുപിടിച്ചോ പോലീസ്‌"എന്നോ ആരാഞ്ഞേക്കാമെന്നുമുള്ള നിഗമനങ്ങളിലുമുണ്ട്‌ വേദനകലര്‍ന്ന ഒരു പരിഹാസം. 'പര്‍ദ്ദ'യെക്കുറിച്ചുള്ള സൂചനയാവട്ടെ അവിടെനിന്നങ്ങ്‌ പിറകോട്ട്‌ പല പുതിയ തലങ്ങളിലേയ്ക്കുംവായനയെ
മടക്കിക്കൊണ്ടുപോകുന്നുമുണ്ട്‌.
"സീരിയലുകാരനായിരുന്നെങ്കില്‍
ഒന്‍പതരയിലേക്കോ
മറ്റോ
കാസ്റ്റ് ചെയ്യാമായിരുന്നു...."എന്ന് അര്‍ധോക്തിയില്‍ കവിത അവസാനിക്കുമ്പോള്‍ വായനക്കാരന്റെ മനസില്‍ അത്‌ അതിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നുണ്ടാവുകയേ ഉള്ളു.

അപ്രതീക്ഷിതങ്ങളായ ഇടങ്ങളില്‍ വച്ച്‌ പതിവായി പിടികൂടുകയും കുറെ നേരം കൂടെ നടന്നിട്ട്‌ ഉപേക്ഷിച്ച്‌ പോകുകയും ചെയ്യുന്ന ഓര്‍മ്മകളുമായുള്ള ഹൃസ്വമായൊരു സഹയാത്രയാണ്‌ കലേഷിന്റെ 'പതിവുകാരീയോര്‍മ്മകള്‍" എന്ന കവിത.'സൂര്യന്‍ രാത്രിയ്ക്കുമുന്‍പേ പൂട്ടിപ്പോയ' വഴികളിലൂടെ 'കടവില്ലാത്ത ദേശങ്ങളുടെ വേലിയേറ്റം കടന്ന്' പോകുവാനുള്ള ഫര്‍ലോങ്ങുകളില്‍‘ പണ്ട്‌ ചാരിയതിനുശേഷം തുറന്നിട്ടേയില്ലാത്ത പഴയ കാമുകിയുടെ വാതില്‍ക്കലും, കല്യാണം കഴിഞ്ഞതോടെ പുറത്തു കാണാതായ
സുഹൃത്തിന്റെ വീടിലേയ്ക്കുള്ള വഴിയിലും ഒക്കെയായി കല്ലില്‍തട്ടിനില്‍ക്കുന്ന ഭൂതകാലത്ത പലയിടങ്ങളിലായി കാണാം ഇവിടെ. കടം കയറി തൂങ്ങിമരിച്ച ചായക്കടക്കാരന്റെ ബോര്‍മ്മ ഉണര്‍ത്തുന്ന പണ്ട്‌ പറ്റിയ അഞ്ചുരൂപയുടെ തിരിഞ്ഞുകൊത്തുന്ന ഓര്‍മ്മപോലെ കഴിഞ്ഞകാലം എടുത്തുകളയാനാവാത്ത വണ്ണം തറഞ്ഞ ചില മുള്ളുകളായ്‌ പലവട്ടം ഉപ്പൂറ്റി നോവിക്കുന്നുണ്ട് ഇതിലെ വരികളിലൂടെയുള്ള യാത്രയ്ക്കിടയില്‍.
വീടെത്തുമ്പോഴോ അവര്‍,
"മനസ്സിറങ്ങി ജങ്ങ്ഷനിലേയ്ക്ക്മടങ്ങിപ്പോകും
അടുത്ത ദിവസവും
യാത്ര കഴിഞ്ഞെത്തുവാന്‍ സാധ്യതയുള്ള എന്നെകാത്ത്‌" ഏതു പ്രായത്തിലും, ഏതു തൊഴില്‍ മേഖലയിലും പെണ്ണുടലുകള്‍ക്കുമേല്‍ ചാടിവീഴാനായികാണാപ്പുറങ്ങളില്‍ പതുങ്ങിനില്‍പ്പുണ്ട്‌ മൃഗങ്ങള്‍ എന്ന് ഒരിക്കല്‍ക്കൂടി വിളിച്ചു പറയുന്നു വാസുദേവന്‍ കോറൊത്തിന്റെ 'ന്യൂസ്‌ പേപ്പര്‍ ഗേള്‍' എന്ന കവിത.സ്ത്രീ സഹജമായ നൈര്‍മ്മല്യം ഓരോ ചലനത്തിലും കാത്തുസൂക്ഷിക്കുന്ന, സൈക്കിളില്‍നിന്നും പത്രം വലിച്ചെറിയാത്ത,മുന്‍പേജില്‍ ചരമവാര്‍ത്തയുണ്ടെങ്കില്‍
'റീത്ത്‌ വയ്ക്കുമ്പോലെ ആദരവോടെ
വരാന്തയില്‍ വയ്‌'ക്കുന്ന
'ഭൂകമ്പത്തില്‍ ചിതറിയ
ചിത്രമാണെങ്കില്‍
പെറുക്കിക്കൂട്ടി
അടുക്കി വയ്ക്കുന്ന'ആ കൗമാരക്കാരിയും പോടുന്നനേ ഒരുനാള്‍ ഇരയാവുന്നു.അന്നവള്‍ക്ക്‌ ഇടാനാവാതെപോയ പത്രത്തിന്റെ താളില്‍
'ജനാലയുടെ ചില്ലുകള്‍
പൊട്ടിപ്പോയ കിലുക്കമായിരുന്നു
പ്രായപൂര്‍ത്തിയാവാത്ത
പെണ്‍കുട്ടികളെ പീഡിപ്പിച്ചവന്റെ
ചിത്രമായിരുന്നു മുന്‍പേജില്‍
ചിരിച്ചുനിന്നത്‌'

മിഴിവുറ്റ ഗ്രാമ്യ ദൃശ്യങ്ങളുടെ സമൃദ്ധമായ നിറവും രുചിയും പീ.എ അനീഷിന്റെ മറ്റ്‌ കവിതകളിലെപ്പോലെ 'അതിജീവനം' എന്ന ഈ കവിതയിലും ഒരു പ്രത്യക്ഷ സാന്നിദ്ധ്യമാണെങ്കില്‍, ഉപയോഗമില്ലാത്തതിനെയൊക്കെ നിഷ്കരുണം വെട്ടിമാറ്റുന്ന ഉപഭോഗസംസ്കാരത്തിന്റെ കരുണയില്ലാത്ത വാള്‍ ഇതിലെ ഒരു പരോക്ഷ സാന്നിധ്യമാണ്‌.
'കുമ്പളവള്ളിക്ക്‌ പടരാനും
നിലാവിന്‌ ചില്ലവരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണണ്‌
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവച്ച്‌
പറന്നിരിക്കാനും
ഇടമൊരുക്കി' മുറ്റം വൃത്തികേറ്റാക്കാതെതന്നെ വീടിനരികില്‍ ഒരു 'കാടിനെ പ്രതീതിപ്പിച്ച്‌' നിന്ന അത്‌ കായ്ഫലമില്ലെന്ന് കണ്ടും 'ആണ്മരമാവുമെന്ന് ആശങ്കപ്പെട്ടും' മുറിച്ച്‌ മാറ്റുവാന്‍ തീരുമാനമാവുന്നു. അതിജീവനതിന്റെ ഈ ഇടുങ്ങിയ ഇടനാഴിയിലൂടെ ഒരു രാത്രി പുലര്‍ന്നപ്പോള്‍ ആണത്തം മുറിച്ചുമാറ്റി പെണ്ണായ്‌ പൂത്തുനില്‍ക്കുന്നു മുറ്റത്തെ കാട്ടുനെല്ലി!
"ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍ ചോരപുരണ്ട്‌
പാമ്പുറപോലെന്തോ കിടന്നത്‌ മാത്രം
ആരും കണ്ടില്ല".

കുളിമുറിയിലെങ്കിലും ഒരു 'പടുപാട്ട്‌ മൂളാത്ത്‌' കഴുതയുമുണ്ടാവില്ലെന്നാണല്ലോ...,അങ്ങനെയെങ്കില്‍ കുളിയും പാട്ടും തമ്മിലുള്ള ആ ബന്ധമെന്തായിരിക്കും? കുളി ഉടലിനെ ശുദ്ധമാക്കുന്നുവെങ്കില്‍ സംഗീതം ആത്മാവിനെ എന്നത്‌..?
"കുളിമുറികള്‍
ഇല്ലാതിരുന്ന കാലത്ത്‌
ഇവര്‍ എവിടെയായിരിക്കും പാടിയിരിക്കുക" എന്ന ചോദ്യത്തില്‍നിന്നാണ്‌ മുസഫറിന്റെ 'കുളിമുറിപ്പാട്ടുകാര്‍' എന്ന കവിത വികസിക്കുന്നത്‌.തുടര്‍ന്ന് ജലമൃത്യുവിനെ ദ്യോതിപ്പിക്കുന്ന അഞ്ച്‌ ബിംബങ്ങളിലൂടെ വളരുന്ന കവിത കടല്‍ക്കുളിയും, പുഴകുളിയും, തോട്ടുകുളിയും, കുളംകുളിയും,കിണറുകുളിയും കടന്ന് മടങ്ങിയെര്‍ത്തുന്നത്‌ വെള്ളമില്ലാത്ത
കുളിമുറികളിലേയ്ക്കാണ്‌.
"ജലതരംഗത്തില്‍
പടുത്തുയര്‍ത്തിയ
പാട്ടുപുരകളില്‍" വാട്ടം തീര്‍ക്കാനാവാത്ത ഉടലുകള്‍ക്ക്‌ വറ്റിയ കുളിമുറികള്‍ എന്താണെന്ന് കാട്ടിത്തരുന്ന അവസാന വരികളിലെ തീവ്രത അനുഭവിക്കേണ്ടതുതന്നെയാണ്‌
"വെള്ളമില്ലാത്ത കുലിമുറികള്‍
ഇവര്‍ ഊമഗായകര്‍
പരസ്പരം ഉമ്മവയ്ക്കുന്ന
ബധിര ഗായകര്‍
ഇണപിരിയുന്ന അന്ധ ഗായകര്‍
ജലപ്പിശാചുക്കളും
നീര്‍കാക്കകളും
ഊതിയൂതി വറ്റിച്ച
തൈലത്തുള്ളികള്‍"

സ്വന്തം നിലയ്ക്ക്‌ മനോഹരങ്ങളെങ്കിലും ആദ്യം പറഞ്ഞ ജലമൃത്യുവിനെ സൂചിപ്പിക്കുന്ന അഞ്ച്‌ ബിംബങ്ങളെ കുറെക്കൂടി ഫലപ്രദമായി മറ്റ്‌ മൂന്നു ഖണ്ഡങ്ങളുമായി ലയിപ്പിക്കുവാനായിരുന്നുവെങ്കില്‍ ഇതിലും എത്രയോ തീവ്രമായിരുന്നേനേ ഈ കവിത നല്‍കുന്ന അനുഭവമെന്ന ഒരു പരിഭവം ബാക്കിവച്ച്‌
പൂര്‍ണ്ണമാകുന്നു മുസഫര്‍ അഹമ്മദിന്റെ ഈ കവിത.

ലോക സമാധാനത്തിനായി സമര്‍പ്പിക്കേണ്ട ചിത്രത്തിന്റെ നിറക്കൂട്ട്‌ 'ചിത്രശാലയിലേയ്ക്ക്‌ കയറിവന്ന
ഒരു സുഹൃത്തിന്റെ കഴുത്തില്‍നിന്ന്' തന്നെ കണ്ടെത്തപ്പെടുന്നതിലെ വൈരുദ്ധ്യമാണ്‌, അതിന്റെ പ്രതിരൂപാത്മകമായ വായനാ സാധ്യതകളാണ്‌ വിബിന്റെ 'മാസ്റ്റര്‍ പീസ്‌' എന്ന കവിതയുടെ കാതല്‍. പക്ഷെ 'കാന്വാസിനുള്ളിലെ
സര്‍വ്വമത പ്രാര്‍ത്ഥനാലയങ്ങ്‌'ളും 'ഫ്രെയ്മിനു രണ്ടിഞ്ച്‌ മുകളിലായി' അറ്റുകിടക്കുന്ന അവരുടെ തലകളുമൊക്കെ ചേര്‍ന്നുണ്ടാവുന്ന ചിത്രത്തിന്റെ പ്രകടനപരത വായനയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്‌.'എന്തൊക്കെ കലര്‍ത്തിയിട്ടും' കിട്ടാത്ത നിറം ചങ്ങാതിയുടെ ചോരയില്‍നിന്ന്
കണ്ടെത്തുന്നിടത്താവട്ടെ അത്‌ ഉച്ചസ്ഥായിയിലാവുന്നു.പറയേണ്ടതില്‍ അധികം പറഞ്ഞു എന്നതും,ഒതുക്കി പറയേണ്ടവ പ്രകടമായിപ്പോയെന്നതും ഈ കവിതയുടെ ക്രാഫ്റ്റിനെ ദുര്‍ബലപ്പെടുത്തിയ ഘടകങ്ങളാണ്‌.അതുകൊണ്ട്‌ തന്നെയാണ്‌ കവി ഉദ്ദേശിച്ച അനുഭവതലത്തിലേയ്ക്ക്‌ വായനയെ കൊണ്ടെത്തിക്കാന്‍ കവിതയ്ക്ക്‌ കഴിയാതെ പോയതും.

ഒരു പൊതു സിദ്ധാന്തത്തിന്റെ തണലില്ലെങ്കിലും മലയാള കവിത, പ്രതിഭയുള്ള കുറെ എഴുത്തുകാര്‍ തങ്ങളുടേതായ വഴികളിലൂടെ നടത്തുന്ന അന്വേഷണങ്ങളിലൂടെ ഒരു പുത്തന്‍ ഭാവുകത്വ പരിസരത്തിലേയ്ക്ക്‌
അടുത്തുകൊണ്ടിരിക്കുകതന്നെയാണെന്ന് തൊന്നുന്നു.എന്തു പറയുന്നു എന്നതിലല്ല, എങ്ങനെ പറയുന്നു എന്നതിലാണ്‌ കാര്യം എന്ന് ശഠിക്കുന്ന ഉത്തരാധുനിക സൗന്ദര്യശാസ്ത്രത്തിന്റെ വ്യക്തിനിഷ്ഠതയും, അരാഷ്ട്രീയതയും വിട്ട്‌ ചരിത്ര, സാമൂഹ്യ, രാഷ്ട്രീയ ബോധങ്ങളെ സമൂലമായ ഒരു ജീവിത ദര്‍ശനത്തിലേയ്ക്ക്‌ സമന്വയിപ്പിക്കന്‍ പോന്ന നൂതനമായൊരു കാവ്യമീമാംസ ഇവരിലൂടെ ഉരുത്തിരിഞ്ഞ്‌ വരേണ്ടതുണ്ട്‌. അത്തരം ഒരു മാറ്റത്തിന്റെ സൂചനകള്‍ സമകാലിക കവിതയില്‍ ധാരാളമുണ്ട്‌. അവ കാലാകാലങ്ങളില്‍ കണ്ടെത്തപ്പെടുകയും, ചര്‍ച്ച ചെയ്യപ്പെടുകയും വേണം. മഹത്തായ ആ ലക്ഷ്യത്തിലേയ്ക്കുള്ള നമ്മുടെ എളിയ പങ്കാവട്ടെ ഈ വിഷുപതിപ്പ്‌.

Saturday, April 11, 2009

വിഷുപ്പതിപ്പ്



ഏഴ് കവികള്‍
ഏഴ് കവിതകള്‍

മുസഫര്‍ അഹമ്മദ്
ശൈലന്‍
കെ.എം.പ്രമോദ്
എസ്.കലേഷ്
വാസുദേവന്‍ കോറോം
എം.ആര്‍.വിബിന്‍
പി.എ.അനീഷ്
കവിതകളെക്കുറിച്ചുള്ള
സമഗ്രമായ
പഠനം
വിശാഖ് ശങ്കര്‍


Tuesday, April 7, 2009

നാസ്സര്‍ കൂടാളി

വീടടയാളങ്ങള്‍


വീടിനെ ഉപമിക്കരുത്
വീട്ടുകാരനോളം
എടുപ്പ്
നടപ്പ്
ഇരിപ്പ്
വീട്ടുകാരിയോളം













ഊതിയൂതി
ആകാശത്തെ വരക്കരുത്
മഴക്കാലമായാലത് മതി
പനിച്ച്
വിറച്ച്
ഓര്‍മ്മക്കിടക്കയില്‍ ഒട്ടിക്കിടക്കാന്‍
മരിച്ചവര്‍ ചിലപ്പോള്‍ വരും
പ്രഛന്ന വേഷരായ്
അതിനാല്‍
വാതിലില്ലാത്ത വീട്
നിന്റെ സ്വാസ്ഥയം കെടുത്തും
ഉടലടയാളങ്ങളില്‍
വെള്ളച്ചായമടിച്ചേക്കരുത്
യക്ഷിയെപ്പോലെ
എന്നേയും
നിന്നേയും
മോഹിപ്പിക്കാന്‍ അതുമതി.

എല്ലാ വീടും
ഒരു ദിവസം
ആകാശത്തെ വലയം വെക്കും
ഭൂമിയുടെ അച്ചുതണ്ടില്‍ തൂങ്ങി
ആത്മഹത്യ ചെയ്യും

Thursday, March 26, 2009

ശുക്കൂര്‍ പെടയങ്കോട്











നിരൂപണം

ഹൃദയം പറിച്ച് അപ്പമാക്കി
ഞാന്‍ നിനക്കു മുന്‍പില്‍ വിളമ്പി വെക്കുന്നു.
നനുത്ത വിരലാല്‍ തൊട്ട് നോക്കരുത്
വിരലുകള്‍ പൊള്ളിക്കരിഞ്ഞു പോവും
ഇത്തിരിച്ചോരച്ചുവപ്പുമുണ്ട്
മണത്ത് നോക്കരുത്.
ഇന്ദ്രിയങ്ങളിലൂടെ കടന്നലുകളുടെ
പടയിര‍മ്പം.
എങ്കിലും പ്രിയനേ...
വലിച്ചെറിയരുതേ ഈ പനിച്ച കവിത
കുപ്പയില്‍ വീണ് പോയാല്‍
ജാഗ്രമായേക്കാം
നീ അതിന്റെ അപ്പമായേക്കാം.


*ഈ വര്‍ഷത്തെ അറ്റ്ലസ്-കൈരളി പുരസ്കാര ജേതാവാണ് കവി.

Wednesday, March 18, 2009

സുധീഷ്‌ കൊട്ടെമ്പ്രം

കിണറുകളുടെ ആഴങ്ങള്‍



കുട്ടിക്കാലത്ത്‌
ഓടിക്കളിക്കുന്നതിനിടയില്
കിണറ്റില്‍ വീണതോര്മയുണ്ട്
ചെറിയ ആഴമുള്ള
വീണാല്‍ മരിക്കാത്ത അത്രയും
സൌമനസ്യമുള്ള കിണറുകള്‍

എന്നാല്‍ അന്നൊന്നും
കുഴല്ക്കിണറുകളെ കുറിച്ചു
കേട്ടിട്ടുണ്ടായിരുന്നില്ല.
പിന്നീടെപ്പോഴോ
കുഴല്ക്കിണറില് വീണ
കുട്ടിയെ കുറിച്ചു കേട്ടു
സന്ത്രാസത്തോടെ
അവയുടെ ദ്രിശ്യങ്ങള്‍
കണ്ടു.











വെള്ളം വരാതാവുമ്പോള്‍
ഊക്കോടെ മല്‍പ്പിടുത്തം നടത്താറുള്ള
സ്കൂളിലെ പൈപ്പിന് താഴെയും
കുഴല്ക്കിണറാണെന്ന അറിവ്
എന്നെ അന്താളിപ്പിക്കുന്നു


നഗരത്തില്‍ കിണറുകള്‍ കണ്ട്ടിട്ടില്ല
വെള്ളത്തിന്റെ ഉറവിടവും
എവിടെ എന്നറിയില്ല.
പൈപ്പുകള്‍ തോറും വിഘടിച്ച്ചു
പോകുന്ന അതിന്റെ വഴി തിരഞ്ഞു
കുഴയും.

ദൈവമേ
ഞാന്‍ വെയ്ക്കുന്ന
അടുത്ത കാല്‍ വെയ്പ്പ്
ഏത് കിണറ്റിലായിരിക്കും?
മറഞ്ഞുകിടക്കുന്ന
ഏത് ഗര്ത്തമാണെന്നെ
ഇങ്ങനെ ചാടിച്ചാടി നടത്തിക്കുന്നത്?

Saturday, March 14, 2009

എം.ആര്‍.വിബിന്‍

ഉപ്പുരസം

വരികള്‍ക്കിടയില്‍
ഏറെ കാലം നനഞ്ഞു കുതിര്‍ന്നു ,
ഇപ്പോള്‍ വരണ്ടു പോയ
ഒരു വാക്ക്
ഒളിഞ്ഞിരിപ്പുണ്ട് .

നിനക്കു മാത്രം പറഞ്ഞു തരാം
അതിലേക്കുള്ള നിഗൂഡമായ വഴികള്‍.

ഓരോ വാക്കിലും തൊട്ട്
വിരല്‍ തുമ്പ് രുചിച്ചു നോക്കണം.










അങ്ങിനെയങ്ങിനെ
രുചികളുടെ വഴിയില്‍
ഒരു വാക്കിന്റെ വെളിപാടില്‍
'നീ' സ്തംഭിച്ചു നില്ക്കും.
അത് തന്നെയാണത്!

അതിന്റെ രുചി
മനസ്സിലാക്കിതരും നിനക്ക്
എങ്ങിനെ നനഞ്ഞ് ഒട്ടിയെന്നതിന്റെ
ഉപ്പ് രസമുള്ള കാരണങ്ങളും.

Saturday, March 7, 2009

വിഷ്ണുപ്രസാദ്





മൂന്ന് കവയിത്രികളും ഒരു കാമുകനും


ഞാന്‍ മൂന്നു കവയിത്രികളെ കാമിക്കുന്നു.
ഒരുവള്‍ക്ക് തലവേദനയാണു മാധ്യമം
രണ്ടാമള്‍ക്ക് ശ്വാസം മുട്ടലാണ് മാധ്യമം
മൂന്നാമള്‍ക്ക് മുഴുത്ത വട്ടും
ഞാന്‍ ചുംബിച്ചപ്പോള്‍
തലവേദനക്കാരിയുടെ തലയില്‍ നിന്ന്
വേദന പറപറന്നു.
ശ്വാസം മുട്ടലുകാരിയുടെ ശ്വാസം
ഇനി മുട്ടുകയില്ലെന്ന് ആണയിട്ടു.
വട്ടു പിടിച്ചവള്‍ പ്രണയത്തിലേക്ക്
മാനാസാന്തരപ്പെട്ടു.

മാധ്യമങ്ങള്‍ നഷ്ടപ്പെട്ട ഈ എഴുത്തുകാരികളും
ഞാനും തമ്മില്‍
ഭ്രാന്ത്,ശ്വാസം മുട്ടല്‍,തലവേദന
എന്നീ മാധ്യമങ്ങളില്‍ രചിച്ച
കൃതികളുടെ പകര്‍പ്പവകാശം സംബന്ധിച്ച്
തര്‍ക്കത്തിലാണ്.
മലയാള സാഹിത്യ ചരിത്രം ഈ എഴുത്തുകാരികളെ
എങ്ങനെ മാനിക്കുമെന്നോ/
മാനത്തെ ഹനിക്കുമെന്നോ
കണ്ടറിയണം.
മണ്ടയടപ്പ്,മണ്ഠരി,കൂമ്പു ചീയല്‍ തുടങ്ങിയ
ശിരോരോഗ വിദഗ്ധരുടെ നല്ല കാലമാണല്ലോ ഇത്.

ഈ മണ്ടരോഗികളുടെ ഫിറമോണുകള്‍
എന്നെ കാമത്തിന്റെ ഷാപ്പിലേക്ക് ‘വാ അളിയാ’ എന്ന്
വിളിച്ചു കൊണ്ടുപോവാന്‍ ഒരു കാരണമുണ്ട്.
BALD HEAD/കഷണ്ടി
കഷണ്ടി ഒരു സാര്‍വലൌകിക ഭാഷയാണ്.
സ്വന്തം മുടിക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയവന്റെ തരിശ്
സൂര്യന്‍ ആ ഉദാരതയെ ചുംബിച്ച്
വിളിച്ചുപറയുന്നു:‘മഹാന്‍’
‘ഇജ്ജൊരു മഹാനന്നെ’ എന്ന് മലപ്പുറത്തുള്ള സൂര്യനും
ആശുപത്രിയും ദേവാലയവുമാണ്
പെണ്ണുങ്ങള്‍ക്ക് നിസ്സങ്കോചം കയറിച്ചെല്ലാവുന്ന പുരുഷാധിപത്യ സ്ഥാപനങ്ങള്‍
ഇതു രണ്ടുമായിരുന്നു ഞാന്‍

‘രോഗികളോടുള്ള രാഗം പ്രാസത്തിനു നന്ന്
വൃത്തത്തിനു പുറത്ത് ‘എന്നൊക്കെ അ/ഇ ശരീരികള്‍
‘എനിക്കിത്രയേ പറയാനുള്ളൂ
ഇത് തലയ്ക്കസുഖമുള്ളവരുടെ കാര്യമാണ്.
നിങ്ങളിതില്‍ ഇടപെടണ്ട.‘
തലവേദനയിലും ശ്വാസംമുട്ടലിലും വിഭ്രാന്തിയിലും തീര്‍ത്ത മൂന്ന് ശില്പങ്ങള്‍
ഇതുകേട്ട് കൈകൊട്ടിച്ചിരിച്ചു.

Sunday, February 22, 2009

രാജു ഇരിങ്ങൽ


ഇലക്ട്ര

കണ്ണാടിയിൽ ഇലക്ട്ര മുടിയഴിച്ചിടുമ്പോൾ
അച്ഛൻ സ്വകാര്യം പറയുകയാണ്
ചുണ്ട് ചേർത്ത് ചെവിയിലേക്ക്.

മകൾ
ചിറക് വിരിച്ച്
കേൾക്കാന്‍ തുടങ്ങുമ്പോൾ
കാറ്റ് കൊടുങ്കാറ്റായി
സ്വകാര്യം കൊണ്ട് ഓടിയകന്നു

ആകാശത്തിനും
കടലിനുമിടയിൽ
മകൾ
കാറ്റിനോട് മത്സരിച്ചു.

ഓട്ടത്തില്‍
ഒന്നാമതായ മകളുടെ
കാലുകളുടെ വേഗതയില്‍
സ്വകാര്യം
ചെവിയിലെത്തുമെന്നറപ്പായപ്പോൾ
വെള്ളത്തിലേക്കിട്ടു.

ചിറക് വീശി
ആകാശത്തിൻറെ ഹൃദയമിടിപ്പുമായി
വെള്ളത്തിലേക്ക് പാഞ്ഞ മകൾ
കണ്ടത്
അച്ഛനെ തിന്നുന്ന സ്രാവിൻ കൂട്ടങ്ങൾ

Wednesday, February 18, 2009

എം.ആര്‍.രേണുകുമാര്‍



ഇടയില്‍


അപ്പന്‍
ആകാശത്തിലാണ്
ചിറകുകളില്ലാതെ കുഴഞ്ഞ്

മകള്‍
വെള്ളത്തിലാണ്
ചെകിളകളില്ലാതെ കുഴഞ്ഞ്

ഭൂമിയില്‍
ചിറകുകളുടേയും
ചെകിളകളുടേയും
ഭാരമിറക്കാനാവാതെ ഞാന്‍


ചിറകുകള്‍
ആകാശത്തിലേക്കുയര്‍ത്തി
ചെകിളകളാല്‍
ജലത്തിന്‍റെ ഹൃദയമിടിപ്പ് കേട്ട്
കരയോ കടലോ ആവാതെ
ഇരുളൊ പകലോ ആവാതെ

Friday, February 13, 2009

രണ്ട് പ്രണയ കവിതകള്‍




ചിരഞ്ജീവി

ശൈലന്‍


ഓര്‍മ്മയെയാണ്
തെരഞ്ഞു
തെരഞ്ഞുപോയത്..

കണ്ടു കിട്ടിയത്
ഒരു
തെങ്ങിനെയാണ്..

പണ്ട്
അവള്‍
പശുവിനെ കെട്ടാന്‍
വന്നപ്പോള്‍
ചാരിനിന്നത്..

പിന്നെയെന്നോ
ഇടിവെട്ടി
മണ്ട കത്തിപ്പോയത്...

പ്രണയക്കരിക്കിടാന്‍
കേരിപ്പോയവന്‍
അവിടെത്തന്നെ-
യിരിക്കുന്നു..


സൌഗന്ധികം തേടിപ്പോവുന്ന കവി

നാസ്സര്‍ കൂടാളി

തളിരിലകള്‍
പേറുന്നൊരു
ഹൃദയമുണ്ടവള്‍ക്ക്
പച്ച നീരാവിയായ് വന്ന്
എന്നിലെ
ഉഷ്ണ ജല പ്രവാഹങ്ങളെ
ആറ്റിത്തണുപ്പിക്കുന്നു.

കവിതയില്‍
ഞാനിന്ന്
സൌഗന്ധികം തേടിപ്പോവുന്നു.
കാത്തിരിക്കാനും
യാത്രയയ്ക്കാനും
ഒരാള്‍.

വേദനയേക്കാള്‍
മുറിവാണ് വലുത്
സ്നേഹിക്കുന്നവന്
ഒരു തളിരില
തലയിലൊരു മുള്‍ക്കിരീടവും.

സ്നേഹം കൊണ്ട് പൊള്ളിച്ച്
എനിക്കൊരിലപ്പച്ച
നല്‍കിയവളേ
നീയേണ്ടെ
ശൈത്യത്തിലേക്ക്
മടങ്ങിപ്പോവുക
പകരം
ഒരു ഹരിതോദ്യാനം
ഞാന്‍
സ്വപ്നം കാണട്ട

Wednesday, February 11, 2009

പവിത്രന്‍ തീക്കുനി


ദൈവത്തിണ്ടെ വികൃതികള്‍


ച്ചനുമമ്മയും
രണ്ട് കുട്ടികളുമുള്ള
ചെറിയ വീടായിരുന്നു അത്.

ദൈവത്തിന്ടെ
സമക്ഷത്തിലോ
പട്ടികയിലോ
അവര്‍ പെട്ടിരുന്നില്ല.

അതു കൊണ്ട് തന്നെ
അവിടെ
നിറഞ്ഞു നിന്നിരുന്നു
ശാന്തിയും സമാധാനവും.

തീര്‍ച്ചയായിട്ടും
ഇന്നലെ രാത്രി
അതു വഴി
കടന്നു പോയിരിക്കണം
ദൈവം

ഇപ്പോള്‍
ആ വീട്ടില്‍
ഒരു കുട്ടി മാത്രമേയുള്ളൂ.

Monday, February 2, 2009

കലേഷ്.എസ്


നമ്മുടെ ജീവിതത്തില്‍

നമ്മുടെ ജീവിതത്തില്‍ നടക്കാതെ പോയ
ആ ദിവസമില്ലേ
അതിന്‍റെ
ഒന്നാം വാര്‍ഷികമാണിന്ന്


വളരെ പണിപ്പെട്ടിട്ടും
തൊഴിലടക്കം
ഒന്നും നേടാനായില്ല
വെറുതെ പട്ടണം ചുറ്റിക്കണ്ടു നടന്നതല്ലാതെ

നീ പിരിഞ്ഞു പോയതില്‍ പിന്നെ
വലിയ വലിയ ആഗ്രഹമായിരുന്നു.
സിനിമാകഥകളിലേ പോലെ
വലിയൊരാളായി
പെട്ടെന്നെന്നെ പണിഞ്ഞെടുക്കണമെന്ന്
എന്നിട്ട്
ഒരു ദിവസം
നിന്‍റെ മുമ്പില്‍ പ്രത്യക്ഷനാകണമെന്ന്
എന്നെ കളഞ്ഞു പോയ നിനക്ക്
ഒരു വന്‍ നഷ്ടം തോന്നിപ്പിക്കണമെന്ന്

എന്നിട്ടും
നഷ്ടങ്ങളുടെ ദിവ്യമായ തൊപ്പിമാത്രമാണ് നേടിയത്
ഇപ്പോളിതാ ഒരു വര്‍ഷം.
ഇനിയും വര്‍ഷങ്ങള്‍
അതിലടുക്കി വച്ച ദിവസങ്ങള്‍
നീയില്ലാതെ വന്ന്,
ഓര്‍മ്മയില്‍ നിന്ന്
നിന്നെയും കൂട്ടി പോകും

നിന്നെ ഓര്‍ക്കാതെയിരുന്ന
ദിവസത്തിനു വേണ്ടിയാണീ കാത്തിരിപ്പ്
അന്ന് വായിക്കാന്‍ വേണ്ടിയാണീ കവിത
ഞാനെഴുതി വയ്ക്കുന്നത്.