പഴയമാതിരി തന്നെ പാലം…
ഇരു കരയ്ക്കും കൈനീട്ടി
അനാഥത്വം വിളിച്ചുകരഞ്ഞ്
ഭാരമിറക്കാതെ കടക്കുന്ന
പാണ്ടിലോറികളാൽ ഭയപ്പെട്ട്…
താഴെ…
ഒരു നായ മുള്ളിയ നനവിൽ
മുഖം നോക്കി ഇടയ്ക്കൊന്ന് പുഞ്ചിരിച്ച്…
ചിലപ്പോൾ ധ്യാനിച്ച് വിസ്മൃതി വരിച്ച്
അങ്ങനെയങ്ങനെ…
ജനിമരണങ്ങളുടെ ഇരു കുറ്റിപ്പുറത്ത്.
ചോപ്പുകലങ്ങിയ കണ്ണാൽ കൊത്തി
മണികിലുക്കിക്കടന്നുപോം രാത്രി
ചില ചില തള്ളവേഷങ്ങൾക്കൊപ്പം
മഹാദന്തികൾ മറുതന്തവേഷങ്ങൾ
‘ഉണ്ണീ‘ വിളികൾക്ക് മാരീചവിദ്യാചാരം
ലക്ഷ്മണരേഖകളാൽ അതിർവേലി.
ഉടയാടകൾ തമ്മിൽ മാറ്റി
ഊരും ലിംഗവുമില്ലാക്കളരികൾ
ഉണ്ണികളെ വരവേൽക്കുന്നത്
വാവോറ്റുന്നത്, പാലൂട്ടുന്നത്…
കാവിലുറങ്ങും തേവർക്കറിവീലേ?.
അറിവൂ നേരമ്മക്കരളുകൾ മാത്രം
പുകയും ചൂളകളെന്ന കണക്കെ
വ്യാകുലജീവിത മണലട്ടികളിൽ
പെറ്റുകിടക്കും ദുരന്തദുർഭൂതം…
അമ്മയെ മായക്കാഴ്ചയിൽ മുക്കി
കനകക്കതിരിൻ മന്ത്രണമോടെ
ഉണ്ണിയെ വാരിയെടുക്കാനായും
തഞ്ചത്തിൽ നാമെന്തു നടിപ്പൂ?
ഇപ്പോഴും കാണാം…
പ്രാണൻ പിടയ്ക്കുമൊരു കിളുന്തു പൊന്മ…
മുട്ടകൾ വിഴുങ്ങിക്കിതയ്ക്കുന്ന
ഭക്തനാമൊരു പെരുമ്പാമ്പ്.
അരികത്തും അകലത്തും
തിരസ്കരണി മറന്ന ഭീതിത്തെയ്യങ്ങൾ…
നമ്മൾ… വെറും കാഴ്ചക്കാർ.
2 വായന:
ഇപ്പോഴും കാണാം…
പ്രാണൻ പിടയ്ക്കുമൊരു കിളുന്തു പൊന്മ…
മുട്ടകൾ വിഴുങ്ങിക്കിതയ്ക്കുന്ന
ഭക്തനാമൊരു പെരുമ്പാമ്പ്.
അരികത്തും അകലത്തും
തിരസ്കരണി മറന്ന ഭീതിത്തെയ്യങ്ങൾ…
നമ്മൾ… വെറും കാഴ്ചക്കാർ.
പി ശിവപ്രസാദിനെ നാളുകള്‍ക്കു ശേഷം വായിക്കുമ്പോഴും
പഴയ മാതിരി തന്നെ പാലം! ഒരേ വാക്കുകളുടെ ഊര്‍ജ്ജം
അഭിനന്ദനങ്ങള്‍ സഖാവേ .....
Post a Comment