Wednesday, June 6, 2012

സറീന

....................................................................................................................
.........
..................................................................................................................




 



ഭൂമിയിലെ ഏറ്റവും ഹീനമായ  നുണ 
ഏതെന്നു അറിയുമോ നിനക്ക്?
ഞാനില്ലാത്ത  നിന്‍റെ ഭൂതകാലമാണത്..
ആ  നുണയെ മായ്ച്ചു കളയാന്‍ ഇന്ന് 
ഞാന്‍ നിന്നിലൂടെ നടക്കാനിറങ്ങുന്നു.
ഒരു സായാഹ്ന  നടത്ത  പോലെ എന്നാല്‍ 
ഇല ഞരമ്പുകളിലൂടെ ജലമൊഴുകുന്ന പോലെയും !


നിന്നിലൂടെ നടന്നു നിന്‍റെ കരയുടെ ആദ്യ പടവില്‍ 
ഞാന്‍ വന്നിരിക്കുമ്പോള്‍ 
നീ വായിച്ചെടുക്കുന്ന ഏറ്റവും വിദൂര നക്ഷത്രമായും 
നീ ആദ്യം ഉമ്മ വെച്ച ചുണ്ടുകളുടെ നനവായും 
ഞാന്‍ മാറുന്നത് എങ്ങനെയെന്നു നീ കാണും,
എന്നിട്ട്
ഭൂമി അതിന്‍റെ ആദ്യത്തെ വസന്തം ഓര്‍ക്കും പോലെ 
നിന്‍റെ ഭൂതകാലത്തിലെ എന്നെ നീ ഓര്‍ത്തെടുക്കും.
 തൊട്ട വിരലുകള്‍,
 ചാഞ്ഞ ചുമലുകള്‍,
ദിവാസ്വപ്നങ്ങള്‍,
യാത്രയ്ക്ക് തൊട്ടു മുന്‍പ് കെട്ടിപ്പിടിച്ച ഹൃദയം,
പാതിയുറക്കത്തില്‍ കേട്ടെന്നു തോന്നിയ സ്വരം,
കരയിച്ച കാത്തിരിപ്പുകള്‍ 
 ഒക്കെയും ഞാനായിരുന്നുവെന്നു 
നീ അറിയും, 


അപ്പോള്‍ മാത്രം   ഉറവ ഏതെന്നു പറയാത്ത 
ഒരു പുഴയെ ഞാന്‍ തുറന്നു വിടും 
മൂന്നു കാലങ്ങളെയും  ഒരുമിച്ചു കോര്‍ക്കുന്ന ഒരൊഴുക്കിനെ!
വലിച്ചു കെട്ടിയ   ഒരു   തന്ത്രി വാദ്യം പോലെ  
അപ്പോള്‍ നിന്‍റെ സിരകളെ   മുറുക്കി വെയ്ക്കണം.
നടന്നു തീര്‍ന്ന ഒരു കാലത്തില്‍   നിന്നും 
ഞാനതിലേക്ക് ഭൂമി തകര്‍ത്തു  വന്നു വീഴുമ്പോള്‍ 
പൊടുന്നനെ ഒരു പാട്ടുയരണം,
ഞാനും നീയും ജീവിച്ചിരിക്കുന്നില്ല എന്ന 
വരും കാലത്തിന്‍റെ വലിയ നുണയെ നമ്മുടെ മക്കള്‍ 
മായ്ക്കുന്നത് അതിന്‍റെ ഈണങ്ങള്‍ കൊണ്ടാകും,
പ്രപഞ്ചം ഉച്ചരിച്ചിട്ടില്ലാത്ത ഈ വാക്കുകളെല്ലാം 
നമുക്കെവിടുന്നു കിട്ടിയെന്നു അവര്‍ ചോദിച്ചേക്കും,
അപ്പോള്‍ ഒരു വെയിലിന്റെ കണ്‍ തിളക്കത്തി ലോ
ഇലപ്പടര്‍പ്പിലോ മറഞ്ഞിരുന്നു നാമവര്‍ക്ക്‌ 
കേള്‍പ്പിച്ചു കൊടുക്കും, 
ഇലഞ്ഞരമ്പുകളിലൂടെ ജലമൊഴുകുന്നതിന്റെ ഒച്ച!

                                                                                                                                     


13 വായന:

ഏറുമാടം മാസിക said...

ഇലപ്പടര്‍പ്പിലോ മറഞ്ഞിരുന്നു നാമവര്‍ക്ക്‌
കേള്‍പ്പിച്ചു കൊടുക്കും,
ഇലഞ്ഞരമ്പുകളിലൂടെ ജലമൊഴുകുന്നതിന്റെ ഒച്ച!

umbachy said...

ജലത്തെ തൊടുന്ന
വരണ്ട ചുണ്ടുകളുടെ പറ്റ്
പോലൊന്നു മനസ്സില്‍ പരക്കുന്നുണ്ട്...

സന്തോഷ്‌ പല്ലശ്ശന said...

ഇല ഞരമ്പുകളിലൂടെ ജലമൊഴുകന്നപോലെ ഒരു കവിത..

ഞാനില്ലാത്ത ഭൂതകാലം ഹീനമായ നുണയാണെന്ന് ആദ്യ ഗണ്ഡികയില്‍ വായിച്ചതിനുശേഷം
'ഭൂമി അതിന്റെ ആദ്യത്തെ വസന്തം ഓര്‍ക്കുംപോലെ
നിന്റെ ഭൂതകാലത്തിലെ എന്നെ നീ ഓര്‍ത്തെടുക്കും...'

എന്ന് വായിക്കുമ്പോള്‍ ഒരു ചെറിയ നോട്ടപ്പിശക്.. അനുഭവപ്പെടുന്നുണ്ട്...

എങ്കിലും നല്ലൊരു വായനാനുഭവം തരുന്നുണ്ട് ഈ കവിത....

Sanal Kumar Sasidharan said...

നീ വിറപ്പിക്കുന്നു സെറീന.വലിച്ചുകെട്ടിയ തന്ത്രിവാദ്യം പോലെ മനസിനെ..

Rajeeve Chelanat said...

നമ്മുടെ മക്കള്‍ വലിയ വലിയ നുണകളെ മായ്ക്കുന്ന തിരക്കിലായിരിക്കും. ഇലഞരമ്പുകളിലൂടെ ജലമൊഴുകുന്നതിന്റെ ഒച്ചയൊന്നും അവര്‍ കേട്ടുവെന്ന് വരില്ല. എങ്കിലും പ്രതീക്ഷിക്കാം...പ്രതീക്ഷ..അതാണല്ലോ നമ്മുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ഒരേയൊരു സത്യമായ ജലം.

കവിത രുചിച്ചു...അഭിവാദ്യങ്ങളോടെ

ലേഖാവിജയ് said...

പ്രപഞ്ചം ഉച്ചരിച്ചിട്ടില്ലാത്ത ഈ വാക്കുകളെല്ലാം

ninakku evidunnu kitti sereena..?

asmo puthenchira said...

നുണ അല്ലാത്ത കാലത്തിന്ടെ കയ്പ്പും മധുരവും പച്ചയായി പറഞ്ഞെത്തുന്നു കവിത.

എം പി.ഹാഷിം said...

പച്ച !

നജൂസ്‌ said...

ഹീനമായ നുണകളെ കുറിച്ച് നിങ്ങള്‍ എഴുതികൊണ്ടേയിരിക്കുക..

സുന്ദരം..

നസീര്‍ കടിക്കാട്‌ said...

ഓ പിന്നേ...നമ്മുടെ മക്കള്‍ക്ക് മറ്റൊരു പണിയുമില്ലേ!!! സ്വന്തം ഞരമ്പിലെ ചോരയോട്ടമോര്‍ക്കാന്‍ നേരമില്ലാത്ത നേരത്താ ഇലഞരമ്പിലെ ജലമൊഴുക്ക്....വാക്ക് ... നീയെഴുതാന്‍ വിധിക്കപ്പെട്ട കവിതയല്ലേ,വിറപ്പിച്ചോ!!!

സജീവ് കടവനാട് said...

! :)

vimathan said...

Reminds me of VM Girija's poetry

vimathan said...

Reminds me of VM Girija's poetry

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP