1
മീശക്കാരൻ കേശവനെന്ന
'ശ'കാരപ്പാട്ടിലെ നായകനെപ്പോലെ
അറ്റം നീണ്ട് പൊന്തിവളഞ്ഞൊരു
കൊമ്പൻ മീശയുണ്ടായിരുന്നു
ഏതാഹാരത്തിനുമെന്നപോലെ
തിന്നാൻ ആശ ദോശയോടുമുണ്ടായിരുന്നു
അറവുകാരൻ കരീംകാക്കയ്ക്ക്
മീശയ്ക്കു മുകളിൽ
മൂക്കിനിരുപുറം
സദാ ചോര നിറമുള്ള
ഉരുളൻ കണ്ണുകൾ
മുഴുത്ത മൊട്ടത്തല
കണ്ണിൽ ചോരയുണ്ടെന്നറിഞ്ഞാവും
ഏത് കവലയിൽ വച്ചും
കുട്ടികൾ പോലും വിളിക്കും
'കുണ്ടി കരീങ്കാക്കേ'
പിൻ വിളി തറച്ച്
തിരിഞ്ഞു നിൻൽകുമ്പോൾ
കണ്ണിൽ തീയല്ല
കപ്പടാമീശയുടെ
അറ്റത്തെ വട്ടം പോലെ
തുളിമ്പിയിട്ടും അടരാതെ
ഒരു തുള്ളി
2
കരയുന്ന കശാപ്പുകാരനെന്നത്
പാട്ടിലും കവിതയിലും കൊള്ളാത്ത
ഒരു മിത്തായി
കാക്കയതിലെ
മീശ വച്ച തമാശയായി
കാളിയൂട്ടുകാണാൻ ഒരിക്കൽ
വെറുതേ ഒരു കമ്പത്തിന്
കൂടെക്കൂടിയതാണ്
നെല്ല് വിതറിയാൽ
നിലത്തെത്താത്ത തിരക്കിൽ
കൗമാരം പെണ്ണുടലുകളിൽ
പരീക്ഷണങ്ങൾ മെനയുന്ന മൈതാനിയിൽ
മീശമുളയ്ക്കാത്ത എന്റെ വിരലുകൾ
മുഖമില്ലാത്തൊരു വെറും ചന്തിയിൽ
പൗരുഷത്തിന്റെ
ഒന്നാം പാഠമെഴുതവേ
വിരലിൽ മെരുങ്ങാതത്
മുടിയഴിഞ്ഞ് തിരിഞ്ഞു നിന്നു
3
പ്ലാമുടിയൂരി
പൊന്നറമാരുടെ കൈ തട്ടി
കാളി ദാരികനായി കുതിക്കുന്ന
കാഴ്ചയുടെ വാൾമുനത്തുമ്പിൽ
കണ്ണുതുറിപ്പിച്ച് പെരുവിരലിലെഴുന്ന്
വാ പൊളിച്ചു നിൽക്കുകയാണ്
കഥയറിയായ്മകളുടെയൊരു
പടുകൂറ്റൻ കരിംകാക്ക
ഭ! കുണ്ടിക്കുപിടിക്കുന്നോ
കണ്ടാറോളിമകനെ എന്ന്
കവിളിലൊരു കതിനാ വെടി
കുരവയും പുഷ്പവൃഷ്ടിയും
കോലം വരച്ച
മത്തങ്ങാത്തലയറുത്ത്
തുള്ളിയടങ്ങി
പ്രതീകാത്മക നിഗ്രഹം
കടലയും കപ്പലണ്ടിയും
കാളീമാഹാത്മ്യകഥകളും കൊറിച്ച്
മടങ്ങുകയായ് അമ്പലപ്പറമ്പ്
കവിളിൽ പൊട്ടിയ വെടി
ആരുടെ വഴിപാടെന്നറിയാതെ
തപ്പിത്തടഞ്ഞ് കരിങ്കാക്കയും
മേത്തൻ കാളിയൂട്ടിനുപോയ കഥമാത്രം
മടങ്ങാതെ അടങ്ങാതെ
കവലയിലും പറമ്പിലും
വെടിവട്ടങ്ങളിലുമൊക്കെയായ്
പട്ടയം വാങ്ങി സ്ഥിരതാമസമായി
4
കിട്ടിയത് ഒരൊറ്റ അടിയല്ലെന്ന്
പല കവലകളിൽ വച്ച്
പല നാവുകൾ അടിച്ച
കമ്പിയില്ലാ കമ്പികൾ
വായിച്ചറിഞ്ഞു
കരീങ്കാക്ക
അപ്പൊഴേയ്ക്കും
വളർന്ന മീശയും
നടന്ന മണ്ണും
വടിച്ചു മാറ്റപ്പെട്ട പുറമ്പൂച്ചുകളിൽ
കോട്ടും ഷൂസും ധരിപ്പിച്ച്
മാനങ്ങളിൽനിന്ന് വിമാനങ്ങളിലേയ്ക്ക്
കടലിനെ കീഴിലാക്കി
കീശ നിറയെ പുത്തനുണ്ടാക്കി
തിരിച്ചെത്തി
പൂജാമുറിയിൽ വാങ്ങിവച്ച
ശിവകാശി പ്രിന്റ് ദൈവങ്ങളെപ്പോലെ
സർവ്വ കാലൻ
സകല ചരിത്രൻ
സാത്വികൻ
സുന്ദരൻ
ഞാൻ
ഒരു മുഴുത്ത
ആട്ടിന്തല കറിവച്ച്
ഒരു കുപ്പി
വാറ്റ് അറുപത്തിയൊമ്പതിന്റെ
കൊരവള്ളി തിരിച്ചു പൊട്ടിച്ച്
അറവുശാലയിലെ അന്തിക്കൊപ്പം
ഈച്ചയെപ്പോലും കൂട്ടാതെ കുടി
വീരസ്യം പറഞ്ഞ്
കഥകൾ കേട്ട്
കെട്ടിപ്പിടിച്ചു ചോദിച്ചു
"ചങ്കുറപ്പില്ലാത്ത നിങ്ങൾക്ക്
ഇനിയുമെന്തിനീ
മുഖത്തു കൊള്ളാത്ത
മീശയിക്കാ?"
തീറ്റ കൊടുക്കുമ്പം
അറവുമൃഗങ്ങൾക്ക്
വളർത്താനാണെന്ന് തോന്നാതിരിക്കാനെന്ന്
കള്ളുമ്പുറത്ത്
കുറെ കരഞ്ഞു.
5
ആകാശത്തിലൂടെ
കാലം പിന്നെയും പലവട്ടം പറന്നു
അന്ന് മസ്കറ്റിലാണ്
രാതി മിന്നായ വാർത്തയിൽ
വായിച്ചു
പരവൂരെങ്ങാണ്ടൊരു പെങ്കൊച്ച്
രാത്രിവണ്ടിയിറങ്ങി വരുംവഴി
ആരൊക്കെയോ ചേർന്ന് ഓരം
യൂക്കാലി കാട്ടിലേയ്ക്ക്
ഇഴച്ചുകൊണ്ടുപോയെന്ന്
വെളുപ്പാങ്കാലം
മാടിനെ അറുക്കുമ്പോലെ
കരച്ചിലു പോലും
പകലു കേട്ടില്ലത്രെ
കാലത്ത് കതകിന്റെ
കൈപ്പിടിയിൽ തൂങ്ങി
വർത്തമാന പത്രം
അതിൽ
കുണ്ടിക്കരിങ്കാക്കയുടെ മുഖം
കൂട്ടുപ്രതികൾക്കായി
തിരച്ചിൽ തുടരുകയാണ് !
6
അപകടവും
എന്തിന് അപവാദം പോലും
ഭയക്കാൻ വയ്യാത്ത വണ്ണം
കത്തി നിൽക്കുകയാണൊരു
കൗതുകം
അടുത്ത അവധിക്ക്
ഒളിച്ചു പോയ് കണ്ടപ്പൊഴും
തീർന്നിട്ടില്ല അന്വേഷണം
ഒരുത്തിയെ പിടിച്ചു വച്ച്
പരസഹായമില്ലാതുടുമുണ്ടഴിക്കാൻ
പ്രയാസമാവും ഈ മുതുപ്രായത്തിലെന്ന
സമാന്യബുദ്ധിയുടെ മടിക്കുത്തിലെ
ഒരു വിറയിലിലാണത്രെ
വ്ഴിമുട്ടി അന്വേഷണം
പോലീസ് തുടരുകയാണ്
കാക്കയ്ക്ക് പക്ഷെ ആ
കഥയൊന്നുമറിയില്ല
അറുക്കാനോ വളർത്താനോ എന്നറിയാതെ
കാടി കുടിക്കുന്ന മാടിന്റെ
അതേ പകപ്പ്
കഥയറിയായ്മകളുടെ അതേ പഴഞ്ചൻ
കാളിയൂട്ടുപതിപ്പ്
മൊട്ടത്തലയ്ക്ക് കീഴിൽ
ഇപ്പൊൾ ആ
കൊമ്പൻ മീശയില്ല
കണ്ണിൽ ഇനിയും
കശാപ്പുകാരന്റെ
വിലാസം വിട്ടുകിട്ടാതെ
മടിച്ചു മിടിക്കുന്ന
ഇത്തിരി ചുവപ്പു മാത്രം
7
പിന്നീട് ഒത്തിരിയൊന്നും
ഓർക്കാനെ കഴിഞ്ഞിട്ടില്ല
അറിയാവുന്നവയിൽനിന്ന്
ആകാംക്ഷ പോലെ
ഓർമ്മകളിൽനിന്ന് അയാൾ
മറക്കപ്പെട്ടിരിക്കുന്നു
എന്നാലും ഇപ്പൊഴും
ക്ഷൗരം കഴിഞ്ഞ കവിളിൽ
വിരലോടിച്ചു നോക്കുമ്പോൾ
ചില നേരങ്ങളിൽ
വിരലുടക്കും
നിങ്ങൾ വിചാരിക്കുന്ന
ആ അതിൽ അല്ല
കളിക്കുടുക്കയിൽനിന്ന്
കുഞ്ഞുങ്ങൾ കണ്ടെടുത്ത്
പുതിയതുപോലെ
ചൊല്ലി നടക്കുന്നത്
"മീശക്കാരൻ കേശവനു
ദോശ തിന്നാൻ ആശ
ദോശ തിന്നാൻ കാശില്ലാതെ
തപ്പി നോക്കി കീശ"
6 വായന:
"മീശക്കാരൻ കേശവനു
ദോശ തിന്നാൻ ആശ
ദോശ തിന്നാൻ കാശില്ലാതെ
തപ്പി നോക്കി കീശ"
വിശാഖ്,ഗംഭീര രചന.
ഏറെക്കാലത്തിനു ശേഷം വിശാഖ് ഞെട്ടിച്ചു.
Vishnu prasad fb yil ezhuthiyathu vayichittanu njan vayichathu. Super aayitto
കോരി തരിപ്പിച്ച രചന വിശാഖ്
ഒരു കവിതയല്ല. ഒരു വ്യക്തിയിലൂടെ പലരുടെ, ഒരു ദേശത്തിണ്റ്റെ, ഒരു തലമുറയുടെ, അല്ല പല തലമുറകളുടെ വളര്ച്ചയും വിളര്ച്ചയും മനോഹരമായി എഴുതി, വിശാഖ്.
വിശാഖ്, നല്ല കവിത. സൌന്ദര്യമുള്ള ഭാഷ.
Post a Comment