Sunday, October 4, 2009

ശൈലന്‍


















പാട്യാലാ സ്റ്റയ്ല്‍ ചുരിദാറിട്ട്
ബൈക്കില്‍ കവച്ചിരുന്ന്
മുന്നിലൂടെ വെട്ടിച്ചു നീങ്ങി..

കാറ്റിലുലഞ്ഞു
ടോപ്പ് പൊങ്ങിയപ്പോള്‍
സുതാര്യതക്കുള്ളിലൂടെ
അരക്കെട്ടിലുള്ളതെല്ലാം
വെളിപ്പെട്ടു..

പേരിനെങ്കിലുമൊരു
അടി വസ്ത്രമായിക്കൂടെ എന്ന്
സന്ദേഹം മുളച്ചു പടര്‍ന്നു..

കവിതയെന്നാണ്
പേര് സാര്‍..
ദുരൂഹത പാടില്ലല്ലോ..
കാഴ്ചയില്‍ കൊരിക്കുടിചാസ്വദിച്ചു
കോള്‍ മയിര്‍ കൊണ്ടിടട്ടെ
പൊതു ജനം..!

ജീവിച്ചു പോവണമല്ലോ
ജനപ്രിയ
മാന്ത്രികര്‍ക്കൊപ്പം..!!

35 വായന:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സുതാര്യമായ മറുപടി.

സന്തോഷ്‌ പല്ലശ്ശന said...

പുതുകവിത വച്ചുകെട്ടുകളും ആടയാഭരണങ്ങളും ഇല്ലാത്തതും സത്യസന്ധവുമായിരിക്കുക എന്ന ആശയത്തെ ഒരു ആകസ്മികമായ ട്വിസ്റ്റിനു വേണ്ടി ഇവിടെ അപനിര്‍മ്മിക്കുകയല്ലേ...എന്നൊരു സംശയം...

neeraja{Raghunath.O} said...

ജീവിച്ചു പോവണമല്ലോ
ജനപ്രിയ
മാന്ത്രികര്‍ക്കൊപ്പം..!!
വരികള്‍ക്കിടയിലൂടെ പോകാന്‍ രസം

SHYLAN said...

ഗതികെട്ടിട്ടാ
മച്ചൂ...

Unknown said...
This comment has been removed by the author.
എം പി.ഹാഷിം said...

സന്തോഷ്‌ പല്ലശ്ശന
yojikkunnu

ഗുപ്തന്‍ said...

എല്ലാവര്‍ക്കും ഗ്രഹിക്കാവുന്നതേ എഴുതപ്പെടാവൂ എന്ന് ശഠിക്കുന്ന നവീന ജനകീയ എഴുത്തിന്റെ പ്രവാചകന്മാരോട് നല്ല പ്രതികരണം .

സജീവ് കടവനാട് said...

ഹായ്, അടിവസ്ത്രമിടാത്ത നല്ല കവിത! എന്തിനു അടിവസ്ത്രമാക്കണം, മേല്‍‌വസ്ത്രം കൂടിയങ്ങു നീക്കി ഷക്കീലപടം പോലെ ആറിനും അറുപതിനുമൊക്കെ ഒരുപോലെ എണീറ്റു നില്‍ക്കുന്ന(രോമം) മട്ടിലെത്തണം കവിത.

SHYLAN said...

ഷക്കീല...!!
എവിടെയോ കേട്ട്
നല്ല പരിചയം..

kattilanji said...

ശൈലനു
ഇതെന്തു പറ്റി?
ഇങ്ങനെയൊന്നും
ആയിരുന്നില്ലല്ലോ..
സ്വന്തം STYLE
തിരിച്ചു പിടിക്കാന്‍ നോക്കൂ.
ജനപ്രിയര്‍
അവരുടെ വഴിക്ക് പോകട്ടെ..
യു ഹാവ്‌
യുവര്‍ ഓണ്‍ സ്പേസ്..!

kattilanji said...

താങ്കളുടെ പഴയ കവിതകള്‍വായിച്ചിട്ടില്ലാത്ത
(ബ്ലോഗ്‌ മാത്രം വായിക്കുന്ന )
ആളുകള്‍ താങ്കളെ എങ്ങനെ വിലയിരുത്തുമെന്ന് കൂടി
നല്ല പോലെ മനസ്സിലാക്കിയ ശേഷം ഇതുപോലുള്ള കടുംകൈകള്‍ക്ക് മുതിരുക.

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...

ഈ കവിതേടെ അരക്കെട്ടും കണ്ടുപോയല്ലോ ഗുപ്തരേ...
ഇനിയത് ഇവിടെ മാത്രം ഒളിപ്പിക്കേണ്ടെന്ന് കരുതിയിട്ടാവുമോ കവി അങ്ങനെ ചെയ്തത്?
ജനപ്രിയതയാണ് കുഴപ്പം? കഴിയുന്നത്ര ദുരൂഹവും ദുര്‍ഗ്രഹവുമായി കവിതയെഴുതൂ(ഈ കവിത അങ്ങനെയല്ലെന്ന് 100% സത്യം)എന്നാലല്ലേ ഇപ്പോള്‍ കവിത വായിക്കുന്ന നാലഞ്ചുപേര്‍ കൂടി കവിത വായിക്കാതാവൂ...

ഏറ്റവും രസം ഈ കവിതയും കവിത എന്ന മാധ്യമത്തെ എന്തുമായാണ് താരത്മ്യം ചെയ്തിരിക്കുനത് എന്ന് ആലോചിക്കുമ്പോഴാണ്.
കവിത ഇവിടെ ഒരു സ്ത്രീയാണ്.ആ സ്ത്രീയാവട്ടെ സാമ്പ്രദായിക പുരുഷ സങ്കല്പത്തിലെ ചരക്കും.
സ്ത്രീയായതുകൊണ്ടാണ് അവള്‍ക്കൊരു ഡ്രെസ്സ് കോഡ്...
കവിതയും അതുപോലെ...
ദുരൂഹതയുടെ ആലകളില്‍ തന്നെ കെട്ടിയിടാന്‍ സാമ്പ്രദായിക വായനക്കാരും കവികളും ശഠിക്കുന്നു.


ദുരൂഹതയുടെയും ദുര്‍ഗ്രാഹ്യതയുടേയും മുദ്രാവാക്യം സുതാര്യമായതാണ് ഈ കവിതയുടെ പരിഹാസ്യമായ ദുരന്തം.

ഗുപ്തന്‍ said...

ഉള്ളില്‍ ഒന്നും ഇല്ലാത്ത ലോട്ടറിക്കച്ചവടക്കാരന്റെ ഭാഷയും ഉള്ളതെല്ലാം വാരിവലിച്ചു പുറത്തിടുന്ന വഴിവക്കിലെ മരുന്നുകച്ചവടക്കാരന്റെ ഭാഷയും മാത്രം കവിതയില്‍ കണ്ട് ചെടിച്ചിട്ട് വാക്കിനപ്പുറം എന്തെങ്കിലും ബാക്കിയുള്ള രചനകള്‍ ഉണ്ടാവണം എന്ന് ആരെങ്കിലും ആഗ്രഹിച്ചുപോയാല്‍ അത് അവരുടെ കുറ്റമാവില്ല മാഷേ..

ഒളിഞ്ഞിരിക്കയാണ് ആരെങ്കിലും ഒന്നു വന്നു കണ്ടുപിടിച്ചെങ്കില്‍ എന്ന് കള്ളനില്‍ എഴുതിയ മാഷിനെന്താ അടിവസ്ത്രത്തിന്റെ മറവിനോടിത്ര അകല്‍ച്ച തോന്നാന്‍ ?

സ്ത്രീശരീരത്തെ കവിതയോടുപമിച്ച് കവിതയില്‍ വരുമ്പോള്‍ അത് ഭാവുകത്വപരമായ പ്രശ്നം. പ്രകൃതിയോട് മൊത്തമായി ഉപമിച്ച് മലയെയും മുലയെയും മാറ്റിയെഴുതിയാലും ആകാശം പാവാടപൊക്കുന്നതിനെക്കുറിച്ചെഴുതിയാലും ഭാവുകത്വത്തിന്റെ പൊളിച്ചെഴുത്താവും അല്ലെ ?

(പ്രകൃതിയെ പെണ്‍‌വേഷം കെട്ടിച്ച പഴയ കവിതയ്ക്ക് അങ്ങനെ ഒരു അപനിര്‍മ്മിതി ആവാമെങ്കില്‍ വാക്കിനെ പെണ്‍ വേഷം കെട്ടിച്ച പഴയ കാവ്യ ഭാഷയ്ക്ക് ഇങ്ങനെയുമായിക്കൂടേ ?)

ദുര്‍ഗ്രാഹ്യതയെന്നത് ഇവിടെ മുദ്രാവാക്യമൊന്നും ആയതായിട്ട് തോന്നിയില്ലല്ലോ.. ജീവിച്ചുപൊയ്ക്കോട്ടെ എന്നൊരു ദുര്‍ബലമായ പിറുപിറുക്കല്‍ മാത്രം :(

വിഷ്ണു പ്രസാദ് said...

ദുര്‍ഗ്രഹമായ ജീവിതത്തെയും പ്രപഞ്ചത്തെയും ആവിഷ്കരിക്കുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ ദുര്‍ഗ്രഹമായ ഭാഷ ഉപയോഗിക്കേണ്ടി വരും. ഞാന്‍ അതിന് എതിരല്ല.പക്ഷേ, കവിതേടെ അരക്കെട്ടിലുള്ളതെല്ലാം വെളിപ്പെട്ടേ...എന്ന നിലവിളി ഈ കവിതയില്‍ വായിക്കാനാവുന്നുണ്ട്.ലളിതമായി എഴുതുന്നു എന്നത് പരിഹസിക്കാന്‍ ഒരു കാരണമാക്കുന്നത് ശരിയല്ല.ദുര്‍ഗ്രഹമായി മാത്രമേ കവിത എഴുതൂ എന്ന് വാശി പിടിച്ചിരിക്കുന്നവര്‍ അങ്ങനെ തന്നെ എഴുതിക്കോട്ടെ.പക്ഷേ,ദുര്‍ഗ്രഹമായി എഴുതാത്തവര്‍ മുഴുവന്‍ -സാമാനം കാണിക്കുകയാണ്-എന്ന ധ്വനി കവിതയിലേതായാലും വിയോജിക്കാം...വിയോജിക്കുന്നു.

എല്ലാ ദുര്‍ഗ്രഹ എഴുത്താളന്മാരും തങ്ങളുടെ രചനകള്‍ നാലാള് വായിക്കണം എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്.ഓരോരുത്തര്‍ക്കും ഓരോ ശൈലി അത്രയേ ഉള്ളൂ.

വൈകിട്ട് കാണാം... :)

സേതുലക്ഷ്മി said...

എന്റെ അഭിപ്രായത്തില്‍, ദുരൂഹതകളും ദുര്‍ഗ്രാഹ്യതകളുമാണ് ഒരു കവിതയെ മനോഹരമാക്കുന്നത്. അതിന് കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും വൃത്തങ്ങളും ഉപയോഗിക്കണമെന്നില്ല. “പറഞ്ഞു, എന്നാല്‍ പൂര്‍ണ്ണമാക്കിയില്ല” എന്ന വിധം കവിത ആലങ്കാരികമാവണം. കവി എന്താണ് ഉദ്ദ്യേശിച്ചതെന്ന് ആലോചിക്കാനും അത് ഭാവനയില്‍ കാണാനും ആസ്വാദകന് സമയവും സന്ദര്‍ഭവും കൊടുക്കണം. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇക്കാലത്ത് എഴുതപ്പെടുന്ന ഭൂരിപക്ഷം കവിതകളും ആസ്വാദന സുഖമില്ലാത്ത പത്രവാര്‍ത്തകള്‍ പോലെയാണ്. ഇത്തരം കവിതകളെയും ഇഷ്ടപ്പെടുന്നവര്‍ ഉണ്ടെന്നത് മറ്റൊരു സത്യം. ഏതായാലും, യഥാര്‍ത്ഥ്യത്തിന്റെ വസ്ത്രാക്ഷേപം ചെയ്തുകൊണ്ടുള്ള വര്‍ണ്ണനകളെക്കാള്‍, അതിനെ മൂടിമറച്ചും പകുതി മാത്രം വിവരിച്ചുമുള്ള ശൈലികള്‍ക്ക് മധുരം കൂടും.

സജീവ് കടവനാട് said...

കവിത ജനകീയമാകേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ അത് ഭാഷയുടെ ദുര്‍ബലതയിലൂടെ തന്നെയാകണോ? കെട്ടുറപ്പുള്ള ഭാഷ ഒരു പോരായ്മയാണോ? ദുര്‍ഗ്രാഹ്യത എന്നതുകൊണ്ട് ഭാഷയിലെ ദുര്‍ഗ്രാഹ്യതയെയാണോ ആശയത്തിലെ ദുര്‍ഗ്രാഹ്യതയെയാണോ ഉദ്ദേശിക്കുന്നത്. ആ, ഒരു പിടിയുമില്ല.

എല്ലാ കവിതകളും എല്ലാവര്‍ക്കും ഒരേപോലെ പിടികൊടുക്കണമെന്നില്ല. പിടികൊടുക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല. ഒരു പക്ഷേ ആ പിടികിട്ടായ്മയാണ് (വ്യക്തമാകാത്ത ചിത്രം) അതിലെ കവിത എന്നും ചില കവിതകള്‍ വായിക്കുമ്പോള്‍ തോന്നാറുണ്ട്. അതുകൊണ്ടു തന്നെ എല്ലാ കവിതകളും എനിക്കു പിടികിട്ടിയേ മതിയാവൂ എന്ന വാശിയില്‍ കവിതയിലേക്കു പ്രവേശിക്കാറില്ല. വിമര്‍ശനം കൊണ്ടുവന്ന വിഷ്ണുമാഷുടേതു കൂടി. ഇവിടെ പോസ്റ്റു ചെയ്ത കവിതയില്‍
“ജീവിച്ചു പോവണമല്ലോ
ജനപ്രിയ
മാന്ത്രികര്‍ക്കൊപ്പം..!!“
ആ വരികളോട് അത്ര മതിപ്പു തോന്നിയില്ലെങ്കിലും
“കവിതയെന്നാണ്
പേര് സാര്‍..
ദുരൂഹത പാടില്ലല്ലോ..
കാഴ്ചയില്‍ കൊരിക്കുടിചാസ്വദിച്ചു
കോള്‍ മയിര്‍ കൊണ്ടിടട്ടെ
പൊതു ജനം..!“
എന്ന സ്റ്റാന്‍സയില്‍ ശൈലന്‍ പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. അതു പറയാനുപയോഗിച്ച “പേരിനെങ്കിലുമൊരു
അടി വസ്ത്രമായിക്കൂടെ എന്ന്
സന്ദേഹം മുളച്ചു പടര്‍ന്നു...” തുടങ്ങിയ വരികള്‍ കവിയുടെ വെറും സന്ദേഹമായി തന്നെ കണ്ടാല്‍ മതിയല്ലോ... ചൂടുള്ള പരിഹാസങ്ങള്‍ക്ക് ഒരു സന്ദേഹമെങ്കിലും മറുപടിയായി കൊടുക്കണമെന്ന് ശൈലനുമൊന്ന് ആഗ്രഹിച്ചുകൂടേ?

ഇതുകൊണ്ടുദ്ദേശിച്ചത് കവിത ദുര്‍ഗ്രഹമായ എന്തോ ഒരു സാധനമായിരിക്കണമെന്ന് അല്ലേയല്ല. കവിതയിലെ കാഴ്ച (കവിത) കാണാനുള്ള കണ്ണുമായി തന്നെയാണ് കവിതയിലേക്കു പ്രവേശിക്കേണ്ടത് എന്നു മാത്രം.

ഗുപ്തന്‍ said...

മാഷിപ്പോഴും വളരെ ആപേക്ഷികമായ സുതാര്യത എന്ന മാനദണ്ഡത്തില്‍ പിടിച്ചുനില്‍ക്കുന്നതുപോലെ തോന്നുന്നു.

അതുകൊണ്ട് ഗീതവും ഗായികയുമായ
പുഴ വരയ്ക്കുമ്പോള്‍
മരിച്ചവരുടെയും അവരുടെ വര്‍ത്തമാനവും
വരച്ചിരിക്കണം.
വര കഴിഞ്ഞപ്പോള്‍
ക്യാന്‍വാസില്‍
കല്ലുകള്‍ സൂക്ഷിച്ച സ്ഫടികപ്പാത്രം,
ആകാശം,ചക്രം,
ബ്യൂട്ടീഷ്യനായ പെണ്‍കുട്ടി
ഗീതമായ ഗായിക,
പിന്നെ മരിച്ചവരും അവരുടെ വര്‍ത്തമാനവും.

ഈ വരികള്‍ മാഷിന്റെ തന്നെ ഏറ്റവും മികച്ച കവിതകളില്‍ ഒന്നിലേതാണ്. മാഷിന്റെ വിചാരലോകത്തുകൂടി എനിക്കിപ്പോള്‍ സഞ്ചരിക്കാനാവുന്നതുകൊണ്ട് (അതുകൊണ്ടുമാത്രം) എനിക്കീ വരിയുടെ അര്‍ത്ഥം മനസ്സിലാവും. അങ്ങനെ സഞ്ചരിക്കാനാകാത്ത ഒരാള്‍ക്ക് --മാഷിന്റെ പല കവിതകളും ആസ്വദിച്ച് വായിച്ചിട്ടുള്ളവര്‍ക്കുള്‍പടെ-- പിടിതരില്ല ഈ പദസഞ്ചയം.

വായന സഹൃദയത്തത്തില്‍ നിന്നുണ്ടാവുന്നതാണ്. അതില്ലെങ്കില്‍ ആസ്വാദനമോ വിമര്‍ശനമോ ഇല്ല. ദുര്‍ഗ്രഹതയുടെ പേരില്‍ നിലവിളിക്കുന്നതിലെ വൈരുദ്ധ്യമതാണ്. സഹൃദയത്തത്തെ നിഷേധിച്ചാണ് ആ നിലവിളി. കാവ്യഭാഷമനസ്സിലാവാത്തവന് കവിയെ വിമര്‍ശിക്കാന്‍ അവകാശമില്ല.

വായനക്കാരനെ വെട്ടിലാക്കാന്‍ വാക്കിലോ ഘടനയിലോ കെണിവച്ച് കസര്‍ത്തുകാണിക്കുന്നതിനെ കല എന്നോ കവിതയെന്നോ വിളിക്കാന്‍ വയ്യ എന്നുപറഞ്ഞാല്‍ മനസ്സിലാവും. ആ വിമര്‍ശനം നടത്താന്‍ അര്‍ഹതയുള്ളത് പക്ഷേ എഴുത്തുകാരന്റെ ഒപ്പം സഞ്ചരിക്കാനുള്ള ക്ഷമ കാണിച്ചവനുമാത്രമാണ്. ഒറ്റനോട്ടത്തില്‍ പിടിതരാത്ത ഒരു രചനയുടെ പേരില്‍ ദുര്‍ഗ്രഹം ദുരൂഹം എന്നൊക്കെ നിലവിളിക്കുന്നത് തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനാധിപത്യബോധം തരുന്ന ഊറ്റം കൊണ്ടാണ്.

ആസ്വാദനത്തിന്റെ രസതന്ത്രം വളരെ സങ്കീര്‍ണമാണ്. ബ്ലൊഗില്‍ എല്ലാവരും കൊണ്ടാടിയ കവിതയാണ് ഹസന്റെ സമീറ മക്മല്‍ബഫിനെ ഞാന്‍ പ്രേമിക്കും എന്ന രചന. എനിക്കത് പിടിതന്നതേയില്ല. ഞാനാണെങ്കില്‍ ഹസന്റെ അന്തം വിട്ട ആരാധകനും! ഒരു എഴുത്തിന്റെ വിചാരലോകത്തേക്ക് പ്രവേശിക്കാനാകാത്തതിന്റെ ഫ്രസ്ട്രേഷന്‍ വായന ഗൌരവമായെടുക്കുന്നവര്‍ക്ക് വല്ലാത്തഭാരമാണ്. പക്ഷെ മിക്കപ്പോഴും അവിടെ എഴുത്തുകാരനല്ല കുറ്റക്കാരന്‍. ഇതു സമ്മതിക്കാനുള്ള അടിസ്ഥാനപരമായ എളിമയാണ് മുന്‍പ് പറഞ്ഞ ഊറ്റത്തില്‍ കാണാതാവുന്നത്.

ഗുപ്തന്‍ said...

ഹ! കിനാവേ..പച്ചമനുഷ്യര്‍ സംസാരിക്കുന്നിടത്ത് കിനാവുകള്‍ക്കെന്ത് കാര്യം!!

[ :)) ഞാനിവിടില്ല ]

Anonymous said...

പിടികൊടുക്കാനും കിട്ടാനും ഇതെന്തോന്ന് യുദ്ധമാണോപ്പാ ഗുപ്താ?

ആസ്വാദനം സെക്സ് പോലാണ്..ചില നാല്‍ക്കാലികള്‍ക്ക് തുണിമുഴോനുരിഞ്ഞാലോ ഒളിഞ്ഞോമറഞ്ഞോ “വല്ലോം” കണ്ടാലോ കാണിച്ചാലോ മാത്രമേ ആസ്വദിക്കാന്‍ പറ്റു.

Anonymous said...

ബിംബങ്ങളുടെ ഗാഡലായിനിയില്‍ കവിത ഉണ്ടെന്നു 'വാട്സണ്‍' പറയുമായിരിക്കും.പക്ഷെ ഈ ഷെര്‍ലക്ക് ഹോംസ് പറയുന്നു ഈ കവിത എഴുതിയ കവി കവിതയെ കൊന്നിരിക്കുന്നു.

ഈ കവിയുടെ ഒരു കവിതസമാഹാരം ഞാന്‍ വായിച്ചിരുന്നു.സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല, കുറെ സെക്സ് കുത്തി തിരുകിയാല്‍ നല്ല കവിത ആകുമോ കവി (?) ഇതേ സമാഹാരത്തിന്റെ മുന്നില്‍ ഒരു പ്രശസ്ത വ്യക്തി തനിക്കും ഒന്നും മനസ്സിലായില്ലെന്ന് ചേര്‍ത്തിട്ടുണ്ട്.

ഇനി എന്തെങ്കിലും കവിത ഇതിലുന്ടെന്കില് എഴുതിയ ആള്‍ തന്നെ പറഞ്ഞു തരൂ ........

ഈ അഭിപ്രായം കൊണ്ടു ആര് എന്ത് വിചാരിച്ചാലും സാരമില്ല. ഞാന്‍ മിക്കവാറും അപ്രിയമായ സത്യങ്ങള്‍ പറയാതെ ഇരിക്കാരുന്ടു,പക്ഷെ ഇത് കാണുമ്പോള്‍....

ഗുപ്തന്‍ said...

‌@ അനോണി

ഉം.. ചില ‘മുക്കാലികള്‍ക്ക്’ സെക്സിനെക്കാള്‍ മികച്ച താരതമ്യം ഒരിക്കലും ഒന്നിനും കിട്ടുകയുമില്ല.

SHYLAN said...

സുജീഷ് നെല്ലിക്കാട്ടിലിനു മാത്രം
ഒരു thanx ഉണ്ട് കേട്ടാ...
അദ്ദ്യേഹം പറഞ്ഞത്
മൊത്തം ടോട്ടല്‍
എനിക്ക് മനസിലായീന്നു
സാരം..!

SHYLAN said...

വിഷ്ണു മാഷും
ഗുപ്തരും കിനാവനും
അടിച്ചു തമര്‍ക്കട്ടെ..
മന്സ്സ്ലായവരും
പ്രശസ്ത വ്യക്തികളും
അവരോടു പൊറുക്കട്ടെ..!!
ആമേനെച്ചുടുമ്പോള്‍
മലത്തി ചുടുകയും ആവാം...

ഗുപ്തന്‍ said...

കൊളുത്തിവിട്ടിട്ട് ദൂരെമാറി നിന്ന് കണ്ടുരസിക്കുന്നവര്‍ക്ക് ഗുണ്ടാത്മകന്‍ എന്ന പേര് തീരെ ചേരില്ല :)

വിഷ്ണു പ്രസാദ് said...

സമീറാ മക്ബല്‍ഫിനെ ഞാന്‍ പ്രേമിക്കും എന്ന ലളിതവും സുതാര്യവുമായ കവിത മനസ്സിലായിട്ടില്ല എന്നു പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ എന്നെ അമ്പരപ്പിക്കുന്നുണ്ട്.ഇതാണ് സ്ഥിതിയെങ്കില്‍ എനിക്കൊന്നും പറയാനില്ല.

ഗുപ്തന്‍ said...

അതെ. ലാളിത്യവും സുതാര്യതയും അത്രയ്ക്കൊക്കെ തന്നേ ഉള്ളൂ എന്നുതന്നെയാണ് ഉദ്ദേശിച്ചത്. മനഃപൂര്‍വം കണ്ടെടുത്ത ഉദാഹരണമല്ല അത്. എന്നും എപ്പോഴും എനിക്കോര്‍മ്മയുള്ള ഒരെണ്ണം. :(

വിനയന്‍ said...

:)

ദിനേശന്‍ വരിക്കോളി said...

കവിതയെന്നാണ്
പേര് സാര്‍..
ദുരൂഹത പാടില്ലല്ലോ..
കാഴ്ചയില്‍ കൊരിക്കുടിചാസ്വദിച്ചു
കോള്‍ മയിര്‍ കൊണ്ടിടട്ടെ
പൊതു ജനം..!

ജീവിച്ചു പോവണമല്ലോ
ജനപ്രിയ
മാന്ത്രികര്‍ക്കൊപ്പം..!! ...
dear shylan ...ullathuparayamallo..kemayi..
subhikhayi unda oru pratheedi..
sasneham

ഞാന്‍ ഇരിങ്ങല്‍ said...

രചനാ ചാതുരിയുള്ളവര്‍ സംസാരിച്ചവസാനിച്ചപ്പോഴാണ് പതിവു പോലെ വൈകി ഈയുള്ളവനന്‍ കയറി വരുന്നത്. കമന്‍റുകള്ക്ക് /ചര്ച്ചകള്ക്ക് മറുപടിയും മുമ്പ് കവിതയെ ഒന്ന് നോക്കാം:

ബൈക്കില് കവച്ചിരുന്ന് വെട്ടിച്ച് നീങ്ങുന്ന കവിത, കാറ്റ് കവിതയുടെ ‘സമാനം’ (കടം: വിഷ്ണുമാഷ്) കാട്ടിത്തരുന്നു വായനക്കാരന്.
കവിയുടെ മറുപടി ഇത് എല്ലാവര്ക്കും മനസ്സിലാവാന് / കാണാന് നൂല് ബന്ധമില്ലാതെയാണെന്നും എങ്കിലേ ജനപ്രീയത ലഭിക്കൂ എന്നും. കവിതയുടെ ഉടുപ്പൂരിയാല് കവിതയെ കാണാം എന്ന് പരിഹസിക്കുന്ന കവി. ഒപ്പം കവിതയില് നിന്ന് വിട്ട് ഒരു ദീര്ഘശ്വാസം “ ജീവിച്ച് പോകണമല്ലോ’ന്ന്

ഈ കവിതയില് കവി ഉദ്ദേശിക്കുന്നതെന്തായിരിക്കും?
കവിത സുതാര്യമായി പറഞ്ഞാല് മാത്രമേ ജനപ്രീയത ലഭിക്കൂ..! അതായത് മനോരമ / മംഗള പ്രഭ്യുതികളുടെ ‘മ’ നോവല് പോലെ ആലോചനാമൃത കിണ്ണം വച്ചൊഴിഞ്ഞ് തികച്ചും ‘ഇഞ്ചക്ട്’ ചെയ്യുന്ന ‘ സ്ഫൂണ് ഫീഡ്’ ആയിരിക്കണം കവിത എന്ന് സാരം.
അതാണോ , അങ്ങിനെയാണോ കവിത മുന്നോട്ട് വയ്ക്കേണ്ടത്?
കവിതയ്ക്ക് ജനപ്രീയത ഉണ്ടാവേണ്ടത് ആവശ്യമാണോ എന്ന് ‘കിനാവ്’ ചോദിക്കുന്നു. ഉത്തരം എന്നെ സംബ്ന്ധിച്ച് കവിത ഗ്യാലപോള് സമ്മാനം കൊടുക്കപ്പെടേണ്ട ഒന്നല്ല എന്നു തന്നെയാണ്.

വിഷ്ണു പ്രസാദ് പറയുന്നത്
“ദുരൂഹതയുടെ ആലകളില് തന്നെ കെട്ടിയിടാന് സാമ്പ്രദായിക വായനക്കാരും കവികളും ശഠിക്കുന്നു. ദുരൂഹതയുടെയും ദുര്‍ഗ്രാഹ്യതയുടേയും മുദ്രാവാക്യം സുതാര്യമായതാണ് ഈ കവിതയുടെ പരിഹാസ്യമായ ദുരന്തം.”

അങ്ങിനെ പറയുമ്പോള് സാമ്പ്രദായിക വായനക്കാരും കവികളും ദുരൂഹത കൈവശം വയ്ക്കുന്നവരാണ് എന്നര്ത്ഥം.
സാമ്പ്രദായിക കവികള് ആരൊക്കെ? ആശാന്? ഉള്ളൂര്? കടമ്മനിട്ട? ബാലചന്ദ്രന്? ഇവരില് ഏത് ഗണത്തില് പെടുന്നവരാണ് സാമ്പ്രദായിക കവികള്? അവര് ശഠിക്കുന്നത് എങ്ങിനെ?
വിഷ്ണു പ്രസാ‍ദ് പറയുന്നത് ദുര്‍ഗ്രാഹ്യതയും ദുരൂ‍ഹതയും സുതാര്യമായി പ്പോയി ശൈലന് റെ ഈ കവിതയില് എന്ന്.. അപ്പോള് സുതാര്യ് മാകുന്നത് ദുരന്തമാണൊ?
കവിതയുടെ അരക്കെട്ട് തെളിയുന്നത് ദുരന്തമാണൊ?
ഇനി എന്താണ് ദുരൂഹത?
കോട്ടയം പുഷ്പനാഥിന് റെ നോവല് വായിക്കുമ്പോള് കിട്ടുന്ന ദുരൂഹതയാണൊ ദുരൂഹത? അതോ മേതില് എഴുതുമ്പോള് ഉണ്ടാവുന്ന ഭാഷയാണൊ ദുര്‍ഗ്രാഹ്യത?
അതോ അയ്യപ്പനും, വിനയചന്ദ്രന് മാഷും കെ. ജി എസ്സും എഴുതുമ്പോള് ഉണ്ടാകുന്നതോ.. അയ്യപ്പണിക്കര് എഴുതുമ്പോള് ഉണ്ടാകുന്നത്??

എഴുത്തുകാരന് വായനക്കാരന് വായിക്കാതിരിക്ന് വേണ്ടി എപ്പോഴെങ്കിലും എഴുതിയതായി എനിക്ക് തോന്നുന്നില്ല. എന്നാല് എഴുത്തുകാരന് റെ മനോനിലയയുടെ അത്രതന്നെ ഉയരത്തില് വായനക്കാരന് എത്താതിരിക്കുമ്പോള് ദുര്ഗ്രാഹ്യമായി തോന്നാം. അത് എഴുത്തുകാരന് റെ കുഴപ്പമാണോ? വായനക്കാരന് റെ കുഴപ്പമാണോ?

വായനക്കരന് എന്തെങ്കിലും ബാക്കിവയ്ക്കുന്നതാവണം കവിത എന്ന് എന് റെ മതം. അത് മറ്റുള്ളവര്‍ക്ക് അങ്ങിനെയല്ലാതെ ആവാം. അത് വായനക്കാരന് റെ മതം. കവി ഉദ്ദേശിക്കുന്നത് തന്നെ വായനക്കാരന് മനസ്സിലാക്കണമെന്ന് എഴുത്തുകാരനോ വായനക്കാരനോ പക്ഷം പിടിക്കരുതെന്നും ഞാന് കരുതുന്നു. കവിത വായിക്കുമ്പോള് വായനക്കാരന് റെ നിലപാട് തറകളില് വീഴുന്ന വെളിച്ചമോ ഇരുട്ടോ ആകട്ടെ കവിത,. അത് വായനക്കാരന് റേതാകട്ടേ കവിത. തള്ളാനും കൊള്ളാനും വായനക്കാരന് തീരുമാനിക്കട്ടെ.

ഭാഷയുടെ അതിലാളിത്യം സാധാരണ വായനക്കാരനെ കവിതയോടടുപ്പിക്കും എന്നതില് തര്ക്കമില്ല. എന്നാല് എഴുത്തുകാരന് എന്നും വായനക്കാരനെ ഉദ്ദേശിച്ച് അതിലളിത തത്വം ഉപയോഗിക്കാന് കഴിഞ്ഞു എന്നോ വേണമെന്നോ ശഠിക്കുനത് മൌഡ്യമല്ലേ..
അതു കൊണ്ടാണ് ശശി തരൂറിന് റെ ഭാഷ സാധാരണക്കാരന് റെ ഭാഷ അല്ലാതായി തീരുന്നത്. പാശ്ചാത്യ ജീവിത ശൈലിയും രീതികളും ശീലിച്ച തരൂറിന് റെ ഭാഷ ആ നിലവാരം കാണും എന്ന് നമ്മളറിയുന്നില്ല. അതു കൊണ്ടാണ് കാറ്റില് ക്ലാസ്സ് പോലുള്ള പദപ്രയോഗങ്ങള് വരുന്നത്. അതു കൊണ്ടാണ് അദ്ദേഹം സംസാരിക്കുമ്പോള് എലൈറ്റ് ഭാഷാ രീതി വരുന്നത്. തരൂര് ജനങ്ങളുറ്റെ നേതാവാണെന്നും സംസാരിക്കേണ്ടത് ജനങ്ങളുടെഭാഷയുമാണെന്നത് വേറെ കാര്യം, പറഞ്ഞു വന്നത് ദുര്‍ഗ്രാഹ്യമാകുന്നത് വായനക്കാരന് റെ നിലവാരത്തോടോ എഴുത്തുകാരന് റെ നിലവാരത്തോടെ രണ്ടും പരസ്പരം ഇഴചേരാതിരിക്കുമ്പോഴോ ആണെന്ന് മാത്രമാണ്. അല്ലാതെ ഏതെങ്കിലും എഴുത്തുകാരന് ഞാന് എഴുതുന്നത് ദുര്ഗ്രാഹ്യമായിട്ടാണെന്ന് പറയുമെന്ന് എനിക്ക് തോന്നുന്നേ ഇല്ല.

അതു കൊണ്ട് തന്നെ വാക്കുകളുടെ സിമ്പ്ലിസിറ്റിയും ആശയങ്ങളുടെ ഗഹനതയും ചിത്രങ്ങളുടെ കൂട്ടു പോലെ യോജിപ്പിച്ച് ലയിപ്പിച്ച് താളക്രമത്തിലോ അല്ലാതേയോ എഴുതി ഫലിപ്പിക്കുന്നതാണ് ഇന്നത്തെ കവിത എന്ന് പറയാം. അതില് ദുര്ഗ്രാഹ്യത എന്നോ ദുരൂഹത എന്നോ ഇന്ന് ആരും പറയുന്നുമില്ല. എന്നാല് പ്രാസഭംഗിയോടെ ചൊല്ലാവുന്ന കവിതകളെ എന്നും ആളുകള്‍ സ്നേഹിക്കുന്നു. ആശയസപുഷ്ടമായി കവിതകള്‍ പ്രാസത്തിലെഴുതാമെങ്കില്‍ ആസ്വാദകര്‍ ഇന്നുമുണ്ട്. അതിനു ജനപ്രീയതയുമുണ്ട്. എന്നാല്‍ ജനപ്രീയതയുള്ളതൊക്കെ നല്ല കവിതകളാണെന്ന് അഭിപ്രായവും ഇല്ല
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ഒടേ: അക്ഷരത്തെറ്റുകള്‍ ക്ഷമിക്കുക

Anonymous said...

മിസ്റ്റര്‍ രാജു ഇരിങ്ങള്‍ എഴുതിയതൊന്നു ആരെങ്കിലും വിശദീകരിച്ചു തരാമോ..

സത്യത്തില്‍ ഒന്നും മനസ്സിലായില്ല...

ഒരു കാര്യം മനസ്സിലായി കേട്ടോ അദ്ദേഹം കമന്റെഴുതിന്നതില്‍ പോലും ആരെക്കെയോ അനുകരിക്കുന്നുവെന്ന്

SHYLAN said...

ഈ ഇരിങ്ങല്‍ ഇതുവരെ എവിടായിരുന്നു...?
പൂരമൊക്കെ കഴിഞ്ഞാ
കിലുക്കികുഥു..?
എന്നിട്ടും വെറുതെ വിടുന്നില്ലല്ലോ ആ പാവത്തിനെ?

ഞാന്‍ ഇരിങ്ങല്‍ said...

സമയം ഒരു പ്രധാന ഘടകമാണല്ലോ ശൈലന്‍..
ഒരു കവിത എഴുതാന്‍ പോയിട്ട് ഒരുകവിത വായിക്കാനുള്ള സമയം ഇപ്പോള്‍ ഇല്ലാത്ത അവസ്ഥയാണ്.ബ്ലോഗില്‍ എഴുതിയിട്ട്, കയറിയിട്ട് തന്നെ കുറേ ആയി , പിന്നെ വല്ലപ്പോഴും ഏതെങ്കിലും ഒരു പോസ്റ്റ് വായിച്ചാല്‍ ആയി അത്രേ ഉള്ളൂ..:)തിരക്ക്..തിരക്ക്..
എങ്കിലും ജീവിച്ചു പോവണമല്ലോ
ജനപ്രിയ
മാന്ത്രികര്‍ക്കൊപ്പം..!!
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

Anonymous said...

sathyam paranjathil yojikunnu..

Rethy Devi said...

കവി.
എന്നോട്
പൊറുക്കുക!!!
വായിച്ചിട്ട്,,,
കവിത അനുഭവ പെടുന്നില്ല.
രതീദേവി

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ - പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട് പുറപ്പെടുമ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
  • വ്യാജസ്ഥാൻ - ഒഴിവ്കാലം ചെലവഴിക്കാൻ വ്യാജസ്ഥാനിലേക്ക് പോയി ഇതാണു സർ ഇവിടത്തെ ഒറിജിനൽ വ്യാജസ്ഥാൻ വാറ്റ് അയാൾ കൈ മുക്കി കത്തിച്ചുകാണിച്ചു ങേ ഇവിടെം കുന്നംകുളം എന്ന ...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP