Sunday, May 17, 2009

എസ്.കലേഷ്

സൈറണ്‍വള്‍ അയാള്‍ക്കൊപ്പം ജീവിതം കൊതിച്ചു
ഞാന്‍ അവള്‍ക്കൊപ്പവും

ഞങ്ങള്‍ക്കിടയിലെ ദൂരം കൂടിവന്ന നിമിഷം
ഞാന്‍
പട്ടണത്തിലേക്ക് പോകാനായി
തീരുമാനിച്ചു.

പട്ടണത്തില്‍ ചെന്ന് അയാളെ കാണണം
പറയണം
അവളെ എനിക്കു തിരികെതരണമേയെന്ന്
പക്ഷേ,
അയാള്‍ അത് സമ്മതിച്ചില്ലങ്കിലോ..
അവളോടയാള്‍ക്ക് എനിക്കുള്ളതു പോലെ
അഭൌമമായ ഇഷ്ടം ഉണ്ടെങ്കിലോ...

ആ നിമിഷം ഓര്‍ത്തപ്പോഴേ കണ്ണുനിറഞ്ഞു.

പട്ടണത്തിലേക്കുള്ള
എക്സ്പ്രസ് വണ്ടിയിലിരുന്നപ്പോള്‍
അവളെ ഓര്‍ത്തു.
പാലം കടക്കുമ്പോള്‍ ചാടിച്ചാകാന്‍ തോന്നി.
പേടി അടുത്തുപിടിച്ചിരുത്തി.
മനസിന്‍െറ വാ കൊണട് കരഞ്ഞുകൊണ്ടിരുന്ന
എന്നെ
തീവണ്ടി പട്ടണത്തിലിറക്കിവിട്ടു.

ബസിലിരുന്ന് കുട്ടികള്‍ കറക്കുന്നു കാറ്റാടി.
കറങ്ങി നടന്നു ഞാന്‍.
അയാള്‍ പണിയെടുക്കും കമ്പനി കണ്ടുപിടിച്ചു.

ആകാശത്തേക്കു നോക്കി പുകവലിച്ചു നില്ക്കുന്നത്.
മുറ്റത്തെ കോണില്‍ കാറുകള്‍, ബൈക്കുകള്‍ പതുങ്ങി നിന്നു.
ഇരുമ്പുകമ്പികള്‍ വന്‍മരത്തിന്‍െറ വേരുകള്‍ പോലെ
പടര്‍ന്നിറങ്ങിയ
വലിയ കെട്ടിടങ്ങള്‍ കണ്ടപ്പോഴേ പേടിയായി
നീലനിറത്തില്‍ കുപ്പായമിട്ട
തൊഴിലാളികള്‍ നിരന്ന് നടന്നുവരുന്നു, പോകുന്നു.
കാഴ്ചയില്‍ ഞാന്‍തന്നെ എന്നു തോന്നിയ ഒരാളോട്
അയാളുടെ പേരു ചോദിച്ചു
ഇന്ന ബ്ളോക്കില്‍ ഇത്രാമത്തെ മുറിയിലുണ്ട്.

ആ മുറിതപ്പി വളഞ്ഞ പടികള്‍ കയറി.
ഭൂമിക്കടിയിലേക്ക് തുറക്കുന്നു ലോഹവാതിലുകള്‍
എന്നെ പുറത്താക്കി പെട്ടന്നടയ്ക്കുന്നവ വീണ്ടും.
കൂര്‍പ്പിച്ച നോട്ടങ്ങള്‍ പലവട്ടം വന്നു മുട്ടി
ഫാനിന്‍െറ മൂളന്‍ കറക്കം വരെ ഞെട്ടലോടെ കണ്ടു.
ഉയരങ്ങള്‍ പേടി തന്നു

നാട്ടിലെ തോട്ടുനിരപ്പില്‍ നിന്നും
എത്രയടി പൊക്കത്തിലാകും ഈ നില.
തോട്ടുവക്കത്തെ തെങ്ങോളം പൊക്കത്തിലാകുമോ...?
അവിടെ നിന്നും എത്ര ദൂരെയാകും ഇത്.
അങ്ങനെയെങ്കില്‍
ദൂരവും പൊക്കവും കൂട്ടിക്കെട്ടിയാല്‍
തീര്‍ത്തും നിസ്സഹായനാണ് ഞാന്‍
അത്രയും അകലം അവള്‍ നടന്നു കയറിയിട്ടുണ്ടാകണം,
ഇനി ഇറങ്ങിപോകാനും മനസുണ്ടാകില്ല. അല്ലേ...?

ചെറിയ ചോദ്യങ്ങള്‍ക്കേ ഉത്തരം അറിയൂ..
വലിയ ചോദ്യങ്ങള്‍ ഒഴിച്ചിടുന്നു.
അതിനാല്‍
നോക്കിയാല്‍ തിരികെ നോക്കുന്ന മുറികളിലൊന്നും
തപ്പിനടക്കാതെ തിരികെ പോന്നു

തൊഴിലാളികള്‍ നടന്നു വരുന്നു, പോകുന്നു
കാറുകള്‍, ബൈക്കുകള്‍ ഏല്ലാം പുറപ്പെടാന്‍ ഒരുങ്ങി.

കമ്പനിയുടെ ഗേറ്റ് കടക്കുമ്പോഴേക്കും
സൈറണ്‍ മുഴങ്ങി.
ആദ്യം പേടിച്ചുപോയി
പിന്നെ അത് മാറി,
അയാള്‍ കൂട്ടുകാരുമായി ചേര്‍ന്ന്
ആ ബഹുനിലയുടെ മുകളില്‍ നിന്ന്
എന്നെ കൂവി ഓടിച്ചതായി തോന്നി.

19 വായന:

പുതു കവിത said...

ചെറിയ ചോദ്യങ്ങള്‍ക്കേ ഉത്തരം അറിയൂ..
വലിയ ചോദ്യങ്ങള്‍ ഒഴിച്ചിടുന്നു.

അരുണ്‍ കായംകുളം said...

ഇവിടെ ആദ്യമാ, നന്നായിരിക്കുന്നു.:)

ദേവസേന said...

‘അവള്‍ സുഖായിരിക്കുന്നോ‘ എന്ന ഒരു വാക്കെങ്കിലും ചോദിക്കായിരുന്നു.

neeraja said...

vayichu. kollam

പി എ അനിഷ്, എളനാട് said...

Good dear Kalesh

പി എ അനിഷ്, എളനാട് said...

Thanks Naazar for removing Anonimous comment option

മനോജ് കുറൂര്‍ said...

കലേഷ്, ആ വളവുകളും ഉയരവും ദൂരവും പിന്നെ അവനും അവളും അയാളും... സൂക്ഷ്മഘടനയില്‍പ്പോലും ശ്രദ്ധിക്കുന്ന കവിത. കൂടുതല്‍‌ പറഞ്ഞാല്‍ നിരൂപകഭാഷയാകും. ഉള്ളില്‍ എനിക്കുണ്ടായ ഫീല്‍ പറയാനാവാതെയുമാകും. വളരെ നല്ല കവിതയെന്നു മാത്രം പറഞ്ഞു നിര്‍ത്തട്ടെ.

hAnLLaLaTh said...

..നഷ്ടങ്ങളുടെ നിശ്ശബ്ദത ....

ഞാന്‍ ഇരിങ്ങല്‍ said...

പ്രണയവും ജീവിതവും രണ്ടെന്ന് ധ്വനിപ്പിക്കുന്ന മനോഹരമായ കവിത. അഭിനന്ദനങ്ങള്‍ കലേഷ്.

പുരുഷന്‍ പ്രണയത്തിനായ് മാത്രം ജീവിക്കുമ്പോള്‍ സ്ത്രീ ജീവിതത്തില്‍ ഭൌതിക ജീവിതത്തിന്‍റെ, സമ്പന്നതയുടെയൊക്കെയും ആവശ്യകത എടുത്തുപയോഗിക്കുകയും അവനെ പ്രണയിച്ചോണ്ടിരുന്നാല്‍ ഭക്ഷണം കഴിക്കാനൊന്നും ഉണ്ടാവില്ല ജോലി ചെയ്യണമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഉത്തമ സ്ത്രീയുടെ ഗുണം കാണിക്കുകയും ചെയ്യുന്നു. എന്നാല്‍ നിന്‍റെപ്രണയമില്ലാതെ ഞാനെങ്ങിനെ ഈ പട്ടണത്തില്‍ ജോലി ചെയ്യും , നിന്നെ കാണാതെ ഞാനെങ്ങിനെ... എന്ന് വിലപിക്കുന്ന ഭ്രാന്തന്‍ അസ്വസ്ഥ പ്രണയം കൊണ്ടു നടക്കുന്ന നായകന്‍ പട്ടണത്തില്‍ നിന്ന് ഒരിക്കലും യോജിച്ച് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് ജീവിതത്തിന്‍റെ എല്ലാ ഭൌതിക ലാഭങ്ങളും ഇട്ടെറിഞ്ഞ് പോകുന്ന കവിത മനോഹരമാക്കി.
കൂടുതല്‍ വിശദമായി മെയില്‍ ചെയ്യാം എന്ന് കരുതുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അനിലന്‍ said...

നാട്ടിലെ തോട്ടുനിരപ്പില്‍ നിന്നും
എത്രയടി പൊക്കത്തിലാകും ഈ നില.
തോട്ടുവക്കത്തെ തെങ്ങോളം പൊക്കത്തിലാകുമോ...?
അവിടെ നിന്നും എത്ര ദൂരെയാകും ഇത്.
അങ്ങനെയെങ്കില്‍
ദൂരവും പൊക്കവും കൂട്ടിക്കെട്ടിയാല്‍
തീര്‍ത്തും നിസ്സഹായനാണ് ഞാന്‍
അത്രയും അകലം അവള്‍ നടന്നു കയറിയിട്ടുണ്ടാകണം,
ഇനി ഇറങ്ങിപോകാനും മനസുണ്ടാകില്ല. അല്ലേ...?

പാവം ഗ്രാമകാമുകന്‍
ഇത്രയും വഴി വന്നിട്ടും..
ഉള്ളിലൊരു സങ്കടം പൊട്ടി.

മൂന്നുപേരില്ലേ കവിതയില്‍? അവനും അവളും മറ്റവനും?? ഉണ്ടെങ്കില്‍ രാജുവിന്റെ വായന തെറ്റിയോ? ഇല്ലെങ്കില്‍ എന്റെ വായന തെറ്റി :)

ഞാന്‍ ഇരിങ്ങല്‍ said...

എന്‍ റെ വായനയില്‍ രണ്ടു പേരേ ഉള്ളൂ.
അയാള്‍ എന്നാല്‍ പ്രണയജീവിതത്തിന് ശേഷം ഉണ്ടാകുന്ന ‘അയാള്‍‘ ആണ് കവിതയില്‍
“കാഴ്ചയില്‍ ഞാന്‍തന്നെ എന്നു തോന്നിയ ഒരാളോട്
അയാളുടെ പേരു ചോദിച്ചു“
അപ്പോള്‍ അയാള്‍ കവിതയിലെ നായകന്‍ തന്നെ ആകുന്നു. അങ്ങിനെയെങ്കില്‍ പിന്നെ മൂന്നാമന്‍ ഒരു അവസ്ഥ മാത്രമാകുന്നു

ഒപ്പരം said...

ഒരു ചതുരത്തില്‍ നിന്നും വായിക്കാം , അതിനു പുറത്തു നിന്നും വായിക്കാം :) ഹം ദില്‍ ദേ ചുകേ സനം എന്നല്ലേ നായിക പറയുന്നത് ;)

രാജൂ വിശദമായ ഒരു വായന മെയില്‍ മാത്രമാക്കല്ലേ എല്ലാവരും വായിക്കട്ടെ. കവിതയുടെ അസ്വാദനങ്ങള്‍ കൂടുതല്‍ പേരെ നല്ല കവിതയിലേക്ക് അടുപ്പിക്കും.

അനിലന്‍ said...

കാഴ്ചയിലെ ഞാന്‍ എന്നു തോന്നിയ ആളോടല്ലേ ‘അയാളുടെ’ പേരു ചോദിച്ചത്? ആരാകും അപ്പോള്‍ അയാള്‍?
ഇത് അതല്ല മറ്റൊന്നാണ് എന്നു തോന്നിക്കുന്ന ഒന്നും കവിതയില്‍നിന്ന് എനിക്കു കിട്ടിയില്ല. ഗ്രാമത്തില്‍നിന്ന് നഗരത്തിലെത്തി അയാള്‍ക്കൊപ്പം ജീവിക്കുന്ന അവളെക്കാണാന്‍ വരുന്ന അവന്റെ കൂടെയായിരുന്നു വായനയില്‍ ഞാന്‍ സഞ്ചരിച്ചത്. അയാള്‍ അയാളെപ്പോലുള്ള ഒരാളോട് മറ്റേയാളുടെ പേരു (പേരാണോ ചോദിക്കേണ്ടത്? എവിടെയാ‍ണെന്നല്ലേ!) ചോദിച്ചപ്പോള്‍ ഞാനും കൂടെയുണ്ടായിരുന്നു. ഉയരങ്ങള്‍ കണ്ടുള്ള അയാളുടെ അമ്പരപ്പ് ഞാനും അനുഭവിച്ചതാണ്. :)

SHYLAN said...

great dear..

Pramod.KM said...

സൈറണ്‍ കേട്ടപ്പോള്‍ കൂവി ഓടിച്ചതായി തോന്നുന്നതില്‍ തന്നെയുണ്ട് ഒരു കവിത

ഷാജു@നിര്‍മാല്യം said...

ദൂരവും പൊക്കവും കൂട്ടിക്കെട്ടിയാല്‍..

നല്ല രചന.

പി എ അനിഷ്, എളനാട് said...

വായന എങ്ങനെയുമാവാം
രാജുവിന്റെ വായനയില്‍ അത് ശരിയാണ്
അനിലന്റെ വായനയും ശരിയാണ്
വായന തെറ്റുന്നില്ല
ദിശ മാറുന്നു അത്രമാത്രം

എന്റെ വായന അനിലനോടൊപ്പം നില്‍ക്കുന്നു
നാഗരികജീവിതവും ആര്‍ഭാടങ്ങളും കേവലം പ്രണയജീവിതത്തിനു വേണ്ടി നഷ്ടപ്പെടുത്താന്‍ ചിലരെങ്കിലും തയ്യാറല്ല എന്ന തിരിച്ചറിവാണീ കവിതയെന്നാണെന്റെ എളിയ വായന.

കലേഷ് എഴുതാനാവുന്നില്ല, അനുഭവിക്കാനാവുന്നുണ്ട്
രമണനെപ്പോലെ തൂങ്ങി നില്‍ക്കാതെ, തന്റെ നിസ്സാരതയെ അയാള്‍ അംഗീകരിക്കുന്നു

വേദന തോന്നുന്നു

kalesh said...

പുതുകവിതയില്‍ എന്റെ സൈറണ്‍ ശ്രദ്ധേയമായി വായിച്ച സഹൃദയര്‍ക്ക് നന്ദി. എഴുതപ്പെട്ട കവിത വായനക്കാരന്റേതാണന്ന വിശ്വാസം കണ്ടറിയാനായി. നാസറുമായുള്ള സൌഹൃദത്തിലൂടെയാണ് ബ്ളോഗിലേക്ക് കവിത പോസ്റ്റുചെയ്തത്. സൈറണെപ്പറ്റി ഞാന്‍ പറഞ്ഞാല്‍ അത് ശരിയാകുമോ എന്ന് ഉറപ്പില്ല. ഒരു കവിത എഴുതിക്കഴിഞ്ഞാല്‍ അത്രമേല്‍ ദുര്‍ബലനായിത്തീരാറുണ്ട്. മായിച്ചുകളഞ്ഞിട്ടും പോകാത്ത അന്തര്‍മുഖത്വം കൊണ്ടെഴുതിയ കവിതയാണിത്. സുഹൃത്തുക്കള്‍ക്കു വായിച്ചുകൊടുത്തപ്പോള്‍ വല്ലാതെ പരന്നുപോയി, കഥയുടെ രൂപഘടനയിലേക്കു കടന്നു. എന്നിങ്ങനെയായിരുന്നു മറുപടി. ഇതൊക്കെ പിന്നീടുവായിച്ചപ്പോള്‍ തീര്‍ത്തും ശരിയെന്നു തന്നെ തോന്നി. ഇവിടെ ഒരു മേശമേല്‍ വച്ച കവിതയ്ക്കു ചുറ്റുമിരുന്നു സഹൃദയര്‍ വര്‍ത്തമാനം പറഞ്ഞതു നിശബ്ദമായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇരിങ്ങല്‍ വായിച്ചതുപോലെയും, അനിലന്റെയും അനീഷിന്റെയും നിരീക്ഷണത്തോടും ചേര്‍ന്നുപോകുന്നു സൈറണ്‍ എന്നു തോന്നി.(ഞാന്‍ എഴുതിയതിലേറെ) കവിത തന്ന ഉയരങ്ങള്‍ പേടി പണിത ഒരു കാലം സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു. (ആത്മരതി ആയോ...? )

kalesh said...

പുതുകവിതയില്‍ എന്റെ സൈറണ്‍ ശ്രദ്ധേയമായി വായിച്ച സഹൃദയര്‍ക്ക് നന്ദി. എഴുതപ്പെട്ട കവിത വായനക്കാരന്റേതാണന്ന വിശ്വാസം കണ്ടറിയാനായി. നാസറുമായുള്ള സൌഹൃദത്തിലൂടെയാണ് ബ്ളോഗിലേക്ക് കവിത പോസ്റ്റുചെയ്തത്. സൈറണെപ്പറ്റി ഞാന്‍ പറഞ്ഞാല്‍ അത് ശരിയാകുമോ എന്ന് ഉറപ്പില്ല. ഒരു കവിത എഴുതിക്കഴിഞ്ഞാല്‍ അത്രമേല്‍ ദുര്‍ബലനായിത്തീരാറുണ്ട്. മായിച്ചുകളഞ്ഞിട്ടും പോകാത്ത അന്തര്‍മുഖത്വം കൊണ്ടെഴുതിയ കവിതയാണിത്. സുഹൃത്തുക്കള്‍ക്കു വായിച്ചുകൊടുത്തപ്പോള്‍ വല്ലാതെ പരന്നുപോയി, കഥയുടെ രൂപഘടനയിലേക്കു കടന്നു. എന്നിങ്ങനെയായിരുന്നു മറുപടി. ഇതൊക്കെ പിന്നീടുവായിച്ചപ്പോള്‍ തീര്‍ത്തും ശരിയെന്നു തന്നെ തോന്നി. ഇവിടെ ഒരു മേശമേല്‍ വച്ച കവിതയ്ക്കു ചുറ്റുമിരുന്നു സഹൃദയര്‍ വര്‍ത്തമാനം പറഞ്ഞതു നിശബ്ദമായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇരിങ്ങല്‍ വായിച്ചതുപോലെയും, അനിലന്റെയും അനീഷിന്റെയും നിരീക്ഷണത്തോടും ചേര്‍ന്നുപോകുന്നു സൈറണ്‍ എന്നു തോന്നി.(ഞാന്‍ എഴുതിയതിലേറെ) ,ഉയരങ്ങള്‍ പേടി പണിത ഒരു കാലം സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു. (ആത്മരതി ആയോ...? )

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP