നാസ്സര്‍ കൂടാളി
00968+92236986

Sunday, November 29, 2009

എസ്.കലേഷ്
































കടല്‍പ്പാലത്തിനു താഴെ പോയിനിന്നു.

മേലേ തെറിച്ച ഇരമ്പുകമ്പിമേല്‍
പറന്നു വന്നിരുന്ന് കാക്കകള്‍ കൊക്കുമിനുക്കുന്നു.
അകലെ കടലില്‍
മീന്‍പിടുത്തക്കാര്‍
തുഴകളാല്‍ നീലവെള്ളം മുക്കി തൊട്ടുതൊട്ടുവരുന്ന
കറുത്ത ഗോപിപൊട്ടുപോലെ
കണ്ടുതുടങ്ങുന്ന മീന്‍വഞ്ചി
തിരകടന്ന്
ഇങ്ങെത്തുമ്പോഴേക്കും
കാക്കകള്‍ പറന്നുപോയേക്കും.

വിണ്ടുപൊട്ടിയ മനസുപോലെ
നിലംപൊത്താറായ
പരുക്കന്‍ കടല്‍പാലത്തിന് എത്ര വയസുണ്ടാകും
എന്നെപ്പോലെ
ഇവിടെ വന്ന്
നിരപ്പില്‍ നിന്നും
തിരയിലേക്ക് കടക്കാനാഞ്ഞവരാരെല്ലാം.
പിന്നില്‍ സൂചിമുന കണ്ണുറപ്പിച്ചു നില്ക്കുന്ന ലൈഫ് ഗാര്‍ഡ്
അപ്പോള്‍ കണ്ണടച്ചു നിന്നുകാണുമോ...?
മരണത്തിന്റെ ചൂണ്ടയില്‍പെട്ടതുകണ്ട് ഓടിയെത്തി
മുഖം കോട്ടുന്നൊരടി നല്‍കി
ജീവിതത്തെ കൈയ്യിലേല്‍പ്പിച്ചു പറഞ്ഞുവിട്ടുകാണുമോ...?

കടലിലേക്ക് ഇറങ്ങിപ്പോകാനൊരുങ്ങുമ്പോള്‍
തിരയെന്നെ തിരിച്ചുനടത്തുന്നു.
ഞണ്ടുകളെ ഇറുക്കാനിറക്കിവിട്ട്
കരയിലേക്കു കയറ്റിവിടുന്നു
പതഞ്ഞൊഴുകിയെത്തും ചെറുതിരയോടൊപ്പം നടത്തി
ചെന്നിരിക്കാന്‍ മണല്‍വിരിപ്പില്‍
ഉറച്ചുപോയ ഒരു വഞ്ചി കാണിച്ചുതരുന്നു.

ഒടുവില്‍
വഞ്ചിയില്‍ ഞാനൊറ്റയ്ക്കാവുന്നു.
അതില്‍ വലയും,
ഉണങ്ങിയ ചെതുമ്പലുകളും
കടല്‍മണമുള്ള ഒരു ചുവന്ന തോര്‍ത്തും ഉണ്ട്.

നേരം പരപരാ വെളുക്കുമ്പോള്‍
അകലെ കുടിലുകളില്‍ നിന്നും മീന്‍പിടുത്തക്കാരെത്തി
വല വിരലുകളില്‍ കൊളുത്തിയെടുക്കും.
തട്ടില്‍ പരന്നുകിടക്കും
ചെതുമ്പലുകളെ
ആ ചുവന്ന തോര്‍ത്തുകൊണ്ട്
തുടച്ചുമാറ്റും.
പിന്നെ മീന്‍വഴിയേ ആഴക്കടലിലേക്ക് തുടരും.
തോര്‍ത്ത് വെയിലില്‍ ഉപേക്ഷിക്കപ്പെട്ടേക്കും.

മണല്‍പരപ്പില്‍
പകലാകെ ഉണങ്ങാന്‍ കിടക്കുന്ന
ആ മുഷിഞ്ഞ തോര്‍ത്ത് പോലെയാണ്
വഞ്ചിയിലിരിക്കുന്ന എന്റെ ജീവിതം.

വെയിലടിക്കുമ്പോള്‍
നൂലിഴകളില്‍ മിന്നുന്ന
ചെതുമ്പല്‍ തിളക്കം പോലെ
ജീവിതം എന്ന കൊതി.

Tuesday, November 24, 2009

നസീര്‍ കടിക്കാട്








വീട്ടില്‍ വെച്ച്
കൈയൊന്നു വഴുതി.
കുടിക്കാനെടുത്ത വെള്ളവും
ഗ്ലാസ്സും
ഒന്നിച്ചുടഞ്ഞു.

നാട്ടില്‍ വെച്ച്
പഴുത്തതു നോക്കി ഉന്നം‌പിടിച്ചു.
ജനല്‍‌കണ്ണാടിയും
മഴയും
തുള്ളിത്തുള്ളി നിലം‌പതിച്ചു.

നഗരത്തില്‍ വെച്ച്
പ്രകടനത്തില്‍ പെട്ടു.
ബസ്സുകളുടെ ചില്ലും
ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കണ്ണാടിയും
തവിടുപൊടിയായി.

വലതുകൈയോട്
പേടിയായി.
ഇടതുകൈയന്മാരോട്
ഒടുക്കത്തെ
ആരാധനയായി.

കൈവിട്ടുപോയെന്ന്
പാത്തും പതുങ്ങിയും
എന്നെക്കുറിച്ച് തന്നെയല്ലേ
പറഞ്ഞത്?

Saturday, November 21, 2009

ബിനു എം പള്ളിപ്പാട്

















ഠിച്ച സ്കൂളില്‍
ഞങ്ങള്‍
താമസിച്ചിട്ടുണ്ട്
ചിലപ്പോഴൊക്കെ
അറിവ്
ഒരഭയമാവുന്നതപോലെ.

പഠിച്ച സ്കൂളില്‍
രാത്രിയാവുമ്പോള്‍
ഏതോ ക്ലാസ്സില്‍ നിന്ന്
സന്ധ്യാ നാമം വന്ന്
നരകിച്ചിട്ടുണ്ട്.

കലത്തിനുള്ളിലെ
നനഞ്ഞ പുസ്തകം
ഇരുട്ടിലിരിക്കുമ്പോള്‍
ഇടിമുഴങ്ങി
വിളക്കിനേ കാറ്റ്
വിരട്ടുമ്പോള്‍
തിളങ്ങും കൊള്ളിയാന്‍
വെട്ടത്തില്‍
ഞങ്ങള്‍ക്കൊരു
കുടുംബ പോട്ടോയുണ്ട്.

പഴങ്കഥകൊണ്ട്
പുതച്ച അപ്പൂപ്പന്‍
മിടുക്കന്മ്മാരുടെ
ബെഞ്ചിലിരുന്ന്
പകലളക്കുമ്പോള്‍
പാടത്തെ വീട്
തലകുനിഞ്ഞ
ഒരു കഴുത.

കൂടെ പഠിച്ച ഉണ്ണികള്‍
നടന്നു പോവുമ്പോള്‍
വരാന്തയില്‍ നിന്ന്
മാഞ്ഞ് പോയിയിട്ടുണ്ട്.

ഉപ്പുമാവമ്മ
വിയര്‍ത്ത് പുരയ്ക്കുള്ളില്‍
അഛന്മാരിരുന്ന്
റാണിയെ വെട്ടുമ്പോള്‍
റേഷന്‍ കഞ്ഞിയിലേക്ക്
ഓമക്കയും ചക്കയും ചേര്‍ത്ത
ചളിച്ച കറി വന്ന് വീഴും.

പഠിച്ച സ്ക്കൂളിണ്ടെ
ജനാലയിലിരുന്ന്
തൂറുമ്പോള്‍
താഴെ പുളയ്ക്കും
വെള്ളത്തിലും
ഒരു സ്കൂള്‍.

Tuesday, November 17, 2009

സി.പി.ദിനേശ്
















തോരാത്ത മഴയുടെ ചുവട്ടില്‍
കുട ചൂടാതെ
നനഞ്ഞിരിക്കുന്നു
കുട.
കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ.

Thursday, November 12, 2009

ടി.പി.അനില്‍‌കുമാര്‍






കാട്ടില്‍വെച്ചു കണ്ടു
അഭയവരദ മുദ്രകളില്ലാതെ
മരച്ചുവട്ടിലിരുന്നു
ബീഡി വലിക്കുന്നു
കവിതയിലെ വനവാസി

കിതപ്പാറ്റും മൃഗത്തിന്റെ മട്ട്!
മുഷിഞ്ഞിട്ടുണ്ട്
വെയില്‍ തിന്നാവണം
മുഖം ചുവന്നിരിക്കുന്നത്

കണ്ടപ്പോള്‍ ചിരിച്ചു
“പുലിപ്പാലു തേടിയാണോ
നീയും വീടു വിട്ടത്?”
“അല്ല, കാടു കാണാന്‍,
വീടിന്റെ ചതുരത്തിനപ്പുറം
കണ്ടിട്ടില്ല
താഴ്വരകള്‍, നീരൊഴുക്കുകള്‍
പുല്‍ക്കാടുകള്‍
അറിഞ്ഞിട്ടില്ല”
മരവേരിലല്പം ഇടം തന്നു
ചെവിയോര്‍ക്കുവാന്‍ പറഞ്ഞു

ഉള്‍ക്കാട്ടില്‍നിന്നും കേട്ടു
മുലയൂട്ടുന്ന കവിതയുടെ
മുരള്‍ച്ച!
.......................................



"എന്റെ തറവാട്ടമ്പലത്തിലെ ദേവന്‍ അയ്യപ്പനാണ്‌, കവിതയിലും."
കവിതക്കൊടുവില്‍ അനില്‍കുമാര്‍
മുരള്‍ച്ചപോലെ പറഞ്ഞതാണ്.

Monday, November 9, 2009

ദേവസേന




നിന്നിലേക്കു നടന്നെത്താന്‍
എടുത്തതിന്റെ
ഇരട്ടി നേരം വേണ്ടി വരുന്നു
എനിക്കെന്നിലേക്ക് ഓടിയെത്തുവാന്‍
എന്നിട്ടുമെങ്ങും എത്തുന്നുമില്ല
കണക്കിലെയോരോ വിരോധാഭാസങ്ങള്‍

വെറുംയാത്രയുടെ സാരമില്ലായ്മയല്ല
മടക്കത്തിന്റെ ഭയാനകതയാണ്
ആരവപ്പെടുന്ന സ്വപ്നങ്ങളെക്കുറിച്ചല്ല
മൌനവൃതത്തിലിരിക്കുന്ന ജീവിതത്തെക്കുറിച്ചാണ്

അനസ്തേഷ്യയില്ലാതെ
പച്ചമുറിവിലേക്ക് കത്തി അമര്‍ത്തുന്നു സൌഹൃദങ്ങള്‍
മന്ത്രവാദിയുടെ കയ്യില്‍ പിരിഞ്ഞ് വേര്‍പെടുന്ന
കോഴിത്തലയാണു പ്രാണന്‍
കൂടു വിട്ടോടുവാന്‍ കുതിച്ചിട്ടും വിജയിക്കുന്നില്ല

പ്രാണനും പ്രാണനില്ലായ്മയുടെയും ഇടയില്‍
ശരീരം തൂങ്ങിയാടുന്നു.

സമപാതകളിലല്ല
വൃത്തത്തിനുള്ളിലാണു നമ്മള്‍
എവിടെ വെച്ചും
പരസ്പരം പിടികൂടാം
മര്‍‍ദ്ദിക്കപ്പെടാം,
വേണമെങ്കില്‍ ‍ സ്നേഹിക്കപ്പെടാം
എന്നിട്ടും
കണ്ടിട്ടും കാണാത്ത മാതിരി
കേട്ടിട്ടും കേള്‍ക്കാത്ത മാതിരി

ഉപേക്ഷിക്കപ്പെടുമ്പോള്‍‍
ശൂന്യമെങ്കിലും
ഭാരക്കുറവിന്റെ സുഖം.

ഹൃദയ ഞരമ്പുകളെയാണ്
ആസിഡ് ഇറ്റിച്ച് കരിയിക്കുന്നതെങ്കിലും
ഇരിക്കുന്ന കൊമ്പു തന്നെയാണു
മുറിക്കുന്നതെങ്കിലും
അവസാന ഇഴയുമറ്റ് അകലുന്നതിലെ സുഖം

ആരുടെ ആരാണു ഞാനിപ്പോള്‍‍ ?
ആരുടെയുമാരുമല്ലാതിരിക്കുന്നതിന്റെ സുഖം

ഏതൊക്കെ ഋതുക്കളാണ് ജീവിതത്തിനെന്ന്
തിരിച്ചറിയാന്‍
പിരിയേണ്ടി വരുന്നുവെന്നത്
പിന്നേയും സുഖം.

സുഖം സുഖമെന്ന് അടിക്കടി ചിരിക്കുന്നെങ്കിലും
‘സ‘ യ്ക്കും ‘ഖ’ യ്ക്കും ‘മ’ യ്ക്കുമിടയിലെ
കരച്ചിലിന്റെ സമാഹാരങ്ങളെ വായിച്ചെടുക്കാന്‍
ആരു‍ മിനക്കെടുന്നു.

Tuesday, November 3, 2009

രാം‌മോഹന്‍ പാലിയത്ത്


















എന്റെ ടിം‌ബര്‍‌ലാന്റ് ബോട്ട് ഷൂസും
നിന്റെ കോലാപ്പുരികളും
എപ്പോളാണ്
നമ്മള്‍ വരല്ലേ എന്നു പ്രാര്‍‌ത്ഥിച്ച്
ഒരുമിച്ച് കിടക്കുക?

കൂടെക്കൂടിയവര്‍

എ മഹമ്മൂദ് കഥാപുരസ്‌കാരത്തിന് കഥകള്‍ ക്ഷണിക്കുന്നു
കണ്ണൂര്‍: അഞ്ചാമത് എ മഹമ്മൂദ് കഥാപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു.
പ്രസിദ്ധീകരിക്കാത്തതും മറ്റു അവാര്‍ഡുകള്‍ ലഭിക്കാത്തതുമായ കഥകളാണ് പരിഗണിക്കുക.
2002 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
രചനകള്‍ ലഭിക്കേണ്ട അവസാന തിയതി ജനുവരി 20.
വിലാസം
കണ്‍വീനര്‍
എ മഹമ്മൂദ് സ്മാരക കഥാപുരസ്‌കാര സമിതി
ഹൈവേ ട്രഡേഴ്‌സ്
ചിറക്കല്‍ പി.ഒ
കണ്ണൂര്‍
കേരള

പഴയ ലക്കം

ഇതു വഴി പോയവര്‍

മലയാളത്തില്‍ വായിക്കുവാന്‍

Click here for Malayalam Fonts

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP