Monday, November 9, 2009

ദേവസേന
നിന്നിലേക്കു നടന്നെത്താന്‍
എടുത്തതിന്റെ
ഇരട്ടി നേരം വേണ്ടി വരുന്നു
എനിക്കെന്നിലേക്ക് ഓടിയെത്തുവാന്‍
എന്നിട്ടുമെങ്ങും എത്തുന്നുമില്ല
കണക്കിലെയോരോ വിരോധാഭാസങ്ങള്‍

വെറുംയാത്രയുടെ സാരമില്ലായ്മയല്ല
മടക്കത്തിന്റെ ഭയാനകതയാണ്
ആരവപ്പെടുന്ന സ്വപ്നങ്ങളെക്കുറിച്ചല്ല
മൌനവൃതത്തിലിരിക്കുന്ന ജീവിതത്തെക്കുറിച്ചാണ്

അനസ്തേഷ്യയില്ലാതെ
പച്ചമുറിവിലേക്ക് കത്തി അമര്‍ത്തുന്നു സൌഹൃദങ്ങള്‍
മന്ത്രവാദിയുടെ കയ്യില്‍ പിരിഞ്ഞ് വേര്‍പെടുന്ന
കോഴിത്തലയാണു പ്രാണന്‍
കൂടു വിട്ടോടുവാന്‍ കുതിച്ചിട്ടും വിജയിക്കുന്നില്ല

പ്രാണനും പ്രാണനില്ലായ്മയുടെയും ഇടയില്‍
ശരീരം തൂങ്ങിയാടുന്നു.

സമപാതകളിലല്ല
വൃത്തത്തിനുള്ളിലാണു നമ്മള്‍
എവിടെ വെച്ചും
പരസ്പരം പിടികൂടാം
മര്‍‍ദ്ദിക്കപ്പെടാം,
വേണമെങ്കില്‍ ‍ സ്നേഹിക്കപ്പെടാം
എന്നിട്ടും
കണ്ടിട്ടും കാണാത്ത മാതിരി
കേട്ടിട്ടും കേള്‍ക്കാത്ത മാതിരി

ഉപേക്ഷിക്കപ്പെടുമ്പോള്‍‍
ശൂന്യമെങ്കിലും
ഭാരക്കുറവിന്റെ സുഖം.

ഹൃദയ ഞരമ്പുകളെയാണ്
ആസിഡ് ഇറ്റിച്ച് കരിയിക്കുന്നതെങ്കിലും
ഇരിക്കുന്ന കൊമ്പു തന്നെയാണു
മുറിക്കുന്നതെങ്കിലും
അവസാന ഇഴയുമറ്റ് അകലുന്നതിലെ സുഖം

ആരുടെ ആരാണു ഞാനിപ്പോള്‍‍ ?
ആരുടെയുമാരുമല്ലാതിരിക്കുന്നതിന്റെ സുഖം

ഏതൊക്കെ ഋതുക്കളാണ് ജീവിതത്തിനെന്ന്
തിരിച്ചറിയാന്‍
പിരിയേണ്ടി വരുന്നുവെന്നത്
പിന്നേയും സുഖം.

സുഖം സുഖമെന്ന് അടിക്കടി ചിരിക്കുന്നെങ്കിലും
‘സ‘ യ്ക്കും ‘ഖ’ യ്ക്കും ‘മ’ യ്ക്കുമിടയിലെ
കരച്ചിലിന്റെ സമാഹാരങ്ങളെ വായിച്ചെടുക്കാന്‍
ആരു‍ മിനക്കെടുന്നു.

14 വായന:

പുതു കവിത said...

സുഖം സുഖമെന്ന് അടിക്കടി ചിരിക്കുന്നെങ്കിലും
‘സ‘ യ്ക്കും ‘ഖ’ യ്ക്കും ‘മ’ യ്ക്കുമിടയിലെ
കരച്ചിലിന്റെ സമാഹാരങ്ങളെ വായിച്ചെടുക്കാന്‍
ആരു‍ മിനക്കെടുന്നു?

കുഴൂര്‍ വില്‍‌സണ്‍ said...

ഇരിക്കുന്ന കൊമ്പ് മുറിക്കുക. അത് നല്ല ഒരു പ്രയോഗമാണ്. മരത്തിന്‍ വേദനിക്കുമോ എന്ന് ആര്ക്കുമറിയില്ല. ഈ ചൊല്ലു ഉണ്ടാക്കിയ പഴയവര്ക്കും . കവിത നന്നായി

സരയൂ said...

എന്നിലേക്ക് നടന്നടുക്കുംപോഴേക്കും
ദേവസേന
നാം സ്വയം മറക്കില്ലെ?
കവിത നന്നായിട്ടോ
ഹേമ

ഇ.എ.സജിം തട്ടത്തുമല said...

കാമ്പുള്ള വരികളുടെ സാന്നിദ്ധ്യമാണ് ഏതൊരു കവിതയെയും ധന്യമാക്കുന്നത്. എല്ലാ കവിതകളിലേയും എല്ലാ വരികളും ഒരുപോലെ അർത്ഥപുഷ്ടിയുള്ളതാകണമെന്നില്ല.ഏതാനും വരികൾ കൊണ്ടുതന്നെ ഒരു കവിതയ്ക്ക് മൊത്തത്തിൽ ഒരു എടുപ്പഴകുവരും അത് ഈ കവിതയിലും നമുക്കു കാണാം.

"നിന്നിലേക്കു നടന്നെത്താന്‍
എടുത്തതിന്റെ
ഇരട്ടി നേരം വേണ്ടി വരുന്നു
എനിക്കെന്നിലേക്ക് ഓടിയെത്തുവാന്‍"
ഈ ആദ്യവരികൾ തന്നെയാണ് ഈ കവിതയ്ക്ക് മിഴിവേകുന്നതിൽ പ്രധാനമെന്ന് എന്റെ വായന!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഉപേക്ഷിക്കപ്പെടുമ്പോള്‍‍
ശൂന്യമെങ്കിലും
ഭാരക്കുറവിന്റെ സുഖം.


..വായിച്ചു തീര്‍ന്നപ്പോഴും.

അനിലന്‍ said...

ഒരാളുടെ
അകം മുറിഞ്ഞു പെയ്യുന്നത്
ചോരയല്ല, വെറും വെള്ളമാണെന്ന്
സ്വയം ബോദ്ധ്യപ്പെടുത്തി വായിക്കാന്‍
ക്രൂരമായ ഒരു സുഖം!


"കഴിയുമീ രാവെനിക്കേറ്റവും ദു:ഖ-
ഭരിതമായ വരികളെഴുതുവാന്‍"
(നെരൂദ- ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ഒരു നുറുങ്ങ് said...

എന്‍റെസുഖമന്യനസുഖമെനിക്കില്ലഭാരമൊട്ടും!
“ഭാരക്കുറവിന്‍റെ സുഖം”

ആ ശം സ ക ള്‍

sandya said...

ചില വരികള്‍ മനസ്സില്‍ ചില അടയാളപ്പെടുത്തലുകള്‍ നടത്തുന്നു. ഒരു കുത്തോ കോമയോ ഒക്കെ പോലെ. "ഉപേക്ഷിക്കപ്പെടുമ്പോള്‍ സ്‌ുന്യമെങ്കിലും ഭാരക്കുരവിന്റെ സുഖം " "ആരുടെയും ആരുമാല്ലാതിരിക്കുന്നതിന്റെ സുഖം " ശരിയാണ് ... ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ....‍ കവിത പൊതുവേ നന്നായിരിക്കുന്നു. ആശംസകള്‍.
സേബ തോമസ്‌

പാര്‍ത്ഥന്‍ said...

"ആരുടെയുമാരുമല്ലാതിരിക്കുന്നതിന്റെ സുഖം"

'സന്ന്യാസം'

വിത്സാ,
മരത്തിനും ആത്മാവുണ്ട്,
കുരിശിനതുണ്ടാവില്ല.

പകല്‍കിനാവന്‍ | daYdreaMer said...

പ്രാണനും പ്രാണനില്ലായ്മയുടെയും ഇടയില്‍ തന്നെയാണ് ശരീരങ്ങള്‍ സുഖം സുഖമെന്ന് പിന്നെയും പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നത്..!

Midhin Mohan said...

ഉപേക്ഷിക്കപ്പെടുമ്പോള്‍‍
ശൂന്യമെങ്കിലും
ഭാരക്കുറവിന്റെ സുഖം....
നല്ല ചിന്തകള്‍....

മഷിത്തണ്ട് said...

എന്തൊക്കെയാണ് വിശേഷംസ്‌
എന്ന ചോദ്യതിനോടുവിലെ
മൌനത്തില്‍
കവിളുകളിലെ ഇളം ചുവപ്പില്‍
ഒരു ചെറു സാഗരത്തില്‍
പൊങ്ങുതടിപോലെ
കൃഷ്ണമണികളുടെ
ചലനത്തില്‍
സുഖം ഒരധികപറ്റായോ ?
കവിത നന്നായ‌ി

നൊമാദ് | ans said...

അത് ഒരു എളുപ്പ വഴിയല്ലേ , സുഖമെന്നൊരൊറ്റ വാക്ക്. കവിത നല്ല ഇഷ്ടമായി

vinil said...

"..aarude aaraanu njaan"

Good lines
comes from experience

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP