Thursday, December 27, 2007

ദീപേഷ് ചക്കരക്കല്‍


ചൊറിച്ചില്‍


കാലം ഏതുമാവട്ടെ

കടുവകള്‍
‍സിംഹം
പുലികള്‍
മേയുന്ന കാടും

മലകള്‍പുഴകള്‍
പാടങ്ങള്‍
‍പാടുന്ന നാടും

തിരകള്‍
‍മീനുകള്‍
‍വള്ളങ്ങള്‍
തുഴയുന്ന
കടലും

താണ്ടുമ്പോള്‍
‍പാഠപുസ്തകത്തിലെ
ആധുനീകതയും
ഉത്തരാധുനീകതയും
കാല്‍വണ്ണയില്‍‍
ചൊറിയുന്നു.

Tuesday, December 25, 2007

അബ്ദുല്‍ സലാം


വീതിച്ചെടുക്കാനാവാത്ത അപ്പമേ

ദൈവമേ
എനിക്കും
നിനക്കും
തമ്മിലെന്ത്‌?
അദൃശ്യതയുടെ
കാണാപാഠമല്ലാതെ

സഫീറയുടെ
നന്ദിതയുടെ
ക്രിസ്റ്റീനയുടെദൈവമേ
നീഓരോരുത്തര്‍ക്കും
വീതിക്കപ്പെട്ട
അപ്പമാകരുതേ
ഞാനോ
പുലര്‍ത്തലപ്പിലല്‍
‍വീണുകിടക്കുന്ന
മഞ്ഞുതുള്ളിയില്
‍ചാടിക്കളിക്കുന്ന
കുഞ്ഞുസൂര്യനില്
‍ദൈവത്തിന്റെ മുഖംകാണുന്നു.

എനിക്കീ
അശാന്തിയുടെ
രാപകലുകള്‍കഴുകിത്തുടക്കാന്‍
ഒരൊറ്റ
മഞ്ഞുതുള്ളി മതി
ദൈവത്തിന്റെസ്പര്‍ശമുള്ള
ഒരൊറ്റമഞ്ഞു തുള്ളി.

Monday, December 24, 2007

രാമകൃഷ്ണന്‍ ചുഴലി


ഉച്ചപ്പടം


അച്ചന് കഞ്ഞിയുമായി
ചെമ്പിച്ച തലമുടിയുള്ള
ഒരു പെണ്‍കുട്ടി നടന്നു പോകുന്നു

അപൂര്‍വ്വമായി
വീണുകിട്ടുന്ന തണലോരത്ത്
വിശ്രമിക്കുന്നു
പിന്നീട് കുറേ നടന്ന്
കശുമാവിന്‍ തോട്ടത്തിലേക്ക് കയറുന്നു
അതേ പോലെ തിരിച്ചു വരുന്നു
തന്നില്‍ സ്വയം ലയിച്ചു പോയ
തണലിനു വേണ്ടി പരതുന്നു

ഇപ്പൊള്‍ അച്ചന്‍
സൂര്യണ്ടെ
ഉച്ചപ്പടത്തില്‍
അഭിനയിച്ചു കഴിഞ്ഞിട്ടുണ്ടാവും

എസ്.കലേഷ്


ഹെയര്‍പിന്‍ ബെന്‍ഡ്‌


ഹെയര്‍പിന്നുകളെ മുടികള്‍ക്കിടയിലിരുത്തി
വളവുകള്‍കണ്ട്‌
ഒരുവള്‍ പോകും
അവളുടെ
കനംവച്ചു തുടങ്ങുംകുഞ്ഞിമുലകളെക്കുറിച്ചും
അറബിയക്ഷരങ്ങള്‍ പോലെ
വായനക്കുതയാറെടുത്തുവരും
കുഞ്ഞിരോമങ്ങളെക്കുറിച്ചും
വഴിയിലിരുന്നാരു പറഞ്ഞാലും
ഒന്നുംമിണ്ടില്ല॥
കുന്നിന്‍പുറത്തേക്കുപോകും
ലൈന്‍ബസിന്റെ
അവസാനസ്റ്റോപ്പാണവളുടെ വീടെന്നറിയം
അവിടെയൊരു
കിണര്‍കുത്തിയാല്‍കാണാവുന്ന
ജലനിരപ്പിനുംതാഴെയാണു
എന്റെനില്‍പ്പ്‌
ഹെയര്‍പിന്നുകളുടെ
കറുത്തകാലുകള്‍മെല്ലെവിടര്‍ത്തി
മുടികള്‍ക്കിടയിലേക്ക്
തിരുകും
ഒരുക്കങ്ങളെക്കുറിച്ച്‌
ചോദിചിട്ടില്ല
മഞ്ഞിന്റെ
വലിയജനാലകളുളള മുറിയില്‍ഇരിക്കുംബോള്
‍രാത്രിയില്‍ കേള്‍ക്കാം
കുന്നിന്‍പുറത്തേക്ക്‌
ഒറ്റശ്വാസത്തില്‍പാട്ടുപാടിപോകുംവണ്ടികളെക്കുറിച്ച്‌...
പുലര്‍ച്ചെ ആരും ഉണരുംമുന്‍പ്‌
ഞാനാവളവില്‍ പോയിനോക്കും
ഏന്തെങ്കിലും
എനിക്കവിടെകളഞ്ഞുകിട്ടും
അകന്നുപോയൊരു
ഹെയര്‍പിന്നോ മറ്റോ...

Thursday, December 13, 2007

അബ്ദുല്‍ സലാം


ദു:ഖം


കൈകളില്ലാത്തവന്‍
എങ്ങനെ
ആഹാരം കഴിക്കും
എന്നോര്‍ത്തല്ല,
അവനെനിയെങ്ങിനെ
ആയുധമുപയോഗിക്കും
എന്നോര്‍ത്താണ്
എണ്ടെ ദു:ഖം.

Saturday, December 8, 2007

സുനില്‍ കുമാര്‍.എം.എസ്


മുട്ടായിക്കവര്‍


കാറ്റു കട്ടെടുത്ത
മുട്ടായിക്കറിന്ന്,
ഓത്ത് കഴിഞ്ഞ് വരുന്ന
കുഞ്ഞു തട്ടക്കാരിയുടെ ചോര
വിലയാവുമെന്നാരറിഞ്ഞു....

മഴ,പാത മുഴുവനും‌‌‌
പാട്ടത്തിനെടുത്തപ്പൊഴും
കറുപ്പില്‍
ചുവപ്പ് കളം വരച്ചിടത്ത്
ഇളം ചൂടുള്ളെരു പച്ച
കുപ്പി വളത്തുണ്ട്,
അനങ്ങാതെ കിടന്നിരുന്നു.

കാല്‍പ്പാടുകളുടെ
നിശ്ശബ്ദ ചലനം,
പിന്നിലാക്കിയ ചരല്‍‌-
പ്പാതയും കടന്ന്
പള്ളിക്കാട്ടിലെത്തി
അവളിലേക്കെരു പിടി മണ്ണ്,
അവസാനമായിട്ടപ്പോള്‍
അതാ-
ചിരിച്ചുകൊണ്ടെരു മുട്ടായിക്കവര്‍
അവളുടെ
നെഞ്ഞോട്
ചേര്‍ന്ന്...ചേര്‍ന്ന്...

Sunday, December 2, 2007

മനോജ് കാട്ടാമ്പള്ളി


പോക്കിരി


നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍

‍വിശപ്പിനെ
കുപ്പി
കടലാസ്
പ്ലാസ്റ്റിക്
ഇരുമ്പ്
എന്നിവയുടെ
പഴക്കത്താല്‍തൂത്തു മാറ്റുന്നു.

നിങ്ങളെന്തിനാണ്
എന്റെ അമ്മയെ,
പ്രായം തികയാത്ത അക്കച്ചിയെ
കളവിന്റെ പാദസരമണിയിച്ച്
അട്ടഹാസത്തോടെ തുണിയുരിയുന്നത്

പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍
‍പുതപ്പുകിട്ടാതെ കിതക്കുന്ന
അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്
അമ്മയോടൊപ്പം രാവിലെ തെരുവിലേക്കിറങ്ങിയ
ഇടവഴികളെ
ആരുടെയോ പഴയ ചെരുപ്പില്
‍ചേര്‍ത്തു പിടിക്കുകയായിരുന്നു ഞാന്‍

‍എം.ജി.ആര്‍
‍രജനീകാന്ത്
ഇളയ ദളപതി
ഏഴൈകള്‍ക്ക് സ്വന്തക്കാരന്‍
‍ആള്‍ക്കൂട്ടമേ,
ഞാന്‍ ഇതൊന്നുമല്ലാത്തതു കൊണ്ട്
നിങ്ങളെ തല്ലിക്കൊല്ലാതെ വിടുന്നു
.കണ്ണീര്‍ വിതക്കുന്ന
ജീവിതത്തിന്റെകട്ടില്‍ മരമേ...
ഇവന്‍ നിന്നാലേ എതിരാകും ഊര്

ഞാന്‍
‍നിസ്സഹായതയുടെ
പത്തുവിരലുകള്‍
‍അമ്മയ്ക്കു നേരെ വന്ന അനേകം കൈകളാല്‍
ചതച്ചുകളഞ്ഞപോക്കിരി
(പീക്കിരി)

സ്നേഹത്തിനു പകരം
ഘോരമായ അപമാനത്തിന്റെ
കാട്ടുമരം കൊണ്ട്
നിങ്ങള്‍ കുത്തിമലര്‍ത്തിയിട്ട ചതുപ്പില്‍
എഴുനേല്‍ക്കനാ‍വാതെ
ഞങ്ങളെ കിടത്തിയിട്ട്നി
ങ്ങള്‍എടുത്തു രസിക്കുന്ന
ഒരു ഫോട്ടോയിലുംഞങ്ങള്‍
അലിഞ്ഞു തീരില്ല

ആത്മാഭിമാനമേ,
നിന്നെ ഭ്രൂണം എന്നുപമിക്കാനുളളപഠിപ്പ്
എനിക്കില്ല

നാലര വയസ്സുതികയാത്തഒരു
തമിഴനാണു ഞാന്‍
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP