Monday, November 28, 2011

ഫിന്‍ലാന്ഡ് സ്വീഡിഷ് കവിതകള്‍ .വിവർത്തനം: ചിത്ര.കെ.പി
ഗോസ്ത ആഗ്രെന്‍  ( 1936 -   )
സമ്മര്‍ദം

അറ്റ ചിറകുകള്‍ പോലെ
കത്തുകള്‍ നിലം പതിക്കുന്നു.
കലണ്ടറില്‍ നീ
സമയവും ദിവസവും കുറിക്കുന്നു.
പതുക്കെപ്പതുക്കെ
നിന്റെ ജീവിതം
നിന്നേക്കാള്‍  പ്രധാനമായിത്തീരുന്നു.

കുട്ടിക്കാല വേനല്‍ 

ചെറുതായനങ്ങുന്ന
നിഴലുകള്‍ക്കിടയിലൂടെ
പശുക്കള്‍ വരുന്നു,
വൈകുന്നേരത്തിന്റെയിളം
ചൂടുള്ള അമ്മമാര്‍, അവര്‍ക്ക്
പോകണമെന്നില്ല. അവരുടെ കണ്ണുകള്‍
വലിയ പൂവുകള്‍, അവരുടെ ശരീരം
നിറഞ്ഞ് പുല്ല്. മിക്കവാറും
ചെടികളാണവ, പതിഞ്ഞു  നടക്കുന്ന
വേരുകളാലവരുടെ വീട് തേടി പോകുന്നു.

വേനലായിരുന്നു. വേനല്‍.

ജനല്‍


പകല്‍. ഇരുളില്‍ നിന്നും
മരങ്ങളുദിക്കുന്നു, കിളിയൊച്
ചകള്‍
വെള്ള കീറുന്നു. സൂക്ഷ്മങ്ങള്‍ക്ക്
വലിപ്പമേറുന്നു.
ഉടന്‍ തന്നെ പുല്‍ചെടികള്‍ തെളിയും
മേഘങ്ങളും. നമ്മള്‍ വീണ്ടും
ഉള്ളിലകപ്പെട്ടിരിക്കുന്നു. ആരോ
ഇരുളില്‍ ഒരു കവിത തുറക്കുന്നു.

ഡിസംബര്‍ രാത്രി


ഞാന്‍ പുറത്തെ പടികളിലേക്കിറങ്ങുന്നു 
തെക്കന്‍ കാറ്റിനു
രക്തത്തിന്റെ ചൂട്. ആരോ
ആരെയോ
കീഴ്പ്പെടുത്തിയിരിക്കുന്നു.
പതിയെ പരക്കുന്ന
ധൂപത്തില്‍ ജ്വലിക്കുന്നു
നിലാവിന്റെ വെളുത്ത കിണര്‍.
രക്ഷപ്പെട്ടോടുന്ന കുരുന്നുകളുടെ
തുറന്ന മുഖങ്ങള്‍ക്കുടന്‍
കാഠിന്യമേറും. പത്രങ്ങളില്‍ 
ഇനിയും മനുഷ്യര്‍  മരിക്കും,
അച്ചടി മഷിയുടെ രക്തം
അവരില്‍ പുരളും. .
ഭാവിയെന്ന് പേരിട്ട
പുരാതനമായ തൃഷ്ണയിലേക്ക്
നോക്കുന്നു ഞാന്‍. പ്രതിരോധത്തിനു
മറ്റൊരുപാധിയുമില്ല.
കണ്ണീരിന്റെയും രക്തത്തിന്റെയും ഉപ്പില്‍
ഭൂമി തിളയ്ക്കുന്നു, നിഴലുകള്‍ക്കും
പട്ടിണിക്കുമിടയിലൂടെ
നിലാവസ്തമിക്കുന്നു.
പക്ഷെ
ഞാനകത്തേക്ക് ചെന്ന്
ഈ കവിതയെഴുതുന്നു. 

സോള്വൈഗ് വോണ്‍ ഷൌള്സ്  (1907 - 1996)


മരം

കൂടുതല്‍ മരമാവുകയെന്നല്ലാതെ
മറ്റൊന്നുമതിനു  ചെയ്യാനില്ല.
ഭൂമിയോടൊത്ത് ചേരുക.
മണ്ണ്‍: എന്നുമൊരു പോലെ.
കല്ലുകളൊരു പോലെ.
മണലൊരു പോലെ.
എന്നന്നേക്കുമായി തറയ്ക്കപ്പെട്ടിവിടെ:
ഈ നിശ്ചലത
മരത്തിന്റെ ദിശയില്‍ വളരുന്നു.
ആഴങ്ങളില്‍.

കൊടുങ്കാറ്റിനെ പ്രണയിക്കുന്ന
ഒരു മരത്തിനു കൊടുങ്കാറ്റാവാനാകുമോ?
തല തല്ലി പിളര്ക്കാമെന്നല്ലാതെ
കാഴ്ചകളാല്‍ വിറയ്ക്കാമെന്നല്ലാ
തെ
നിലവിളികളാല്‍ പുകയാമെന്നല്ലാതെ
മരത്തിനൊന്നും ചെയ്യാനില്ല.
വേരൂന്നി, അലറി
മരമാവാനായി ജനിച്ച്
അഭിലാഷങ്ങളെല്ലാമത് ഉള്ളിലേക്കെടുക്കുന്നു
മരത്തിന്റെ രൂപത്തില്‍.

ഇരുള്‍ നിഴലുകള്‍ പരത്തി
അത് പന്തലിക്കുന്നു.
വീതിയുള്ള കാതലായി താഴേക്ക്
പതറാതെ ഉയര്‍ന്ന്‍ മേഘങ്ങളിലേക്ക്
അതിന്റെ ഇലഹൃദയം
സ്വയം പാട്ട് പാടി വളര്‍ത്തുന്നു.
ചിറകുള്ള യാത്രികര്‍ക്ക് താവളം
പറവകള്‍ക്കും വിത്തുകള്‍ക്കും കാവല്‍.
എന്നന്നേക്കും സഞ്ചാരി
സ്വന്തം കാതലിന്റെ ആഴങ്ങളില്‍.

കൂടുതല്‍ മരമാവുകയെന്നല്ലാതെ
മറ്റൊന്നുമതിനു ചെയ്യാനില്ല.

ഗുഹ 

പരസ്പരം മുറിവേല്‍പ്പിക്കാന്‍
ഏറെ കഴിവുണ്ട് പ്രണയികള്‍ക്ക്.
അവര്‍ക്ക്
ഓരോരുത്തരുടെയും
എകാന്തതയിലെക്കുള്ള വാതായനങ്ങളറിയാം 
ഗുഹാകവാടങ്ങള്‍ മൂടുന്ന ചില്ലകളറിയാം
അവര്‍ക്കറിയാം വീതി കുറഞ്ഞ വഴികളില്‍
കറുത്ത ഓര്‍മ്മകള്‍ പതിയിരിക്കുന്നതെങ്ങനെയെന്നു.
അവര്‍ക്കറിയാം
ഒരു കാല്‍ വയ്പ്പില്‍ വാടുന്ന ചെടികളെ.
അവര്‍ക്കറിയാം
അരുവികള്‍ കണ്ണീര്‍ പോലെ പ്രവഹിക്കുന്നതെവിടെയെന്നു.
അവര്‍
ഗുഹാ കവാടത്തിലുള്ള
ചെറിയൊരുറവയില്‍ നിന്ന്
കൈകള്‍ കൊണ്ട്
തെളിഞ്ഞ ഒരു മനസ്സ് കോരിക്കുടിച്ച്
കടുത്ത കാലുറകളൂരി
നഗ്നമായ കാലുകളുമായി
അകത്തേക്ക് പോകുന്നു.


4 വായന:

പുതു കവിത said...

ഫിന്‍ലാന്ഡ് സ്വീഡിഷ് കവിതകള്‍ .വിവർത്തനം: ചിത്ര.കെ.പി

അജിത് said...

ഗുഹ.. കൂടുതൽ ഇഷ്ടമായി. വരട്ടെ വിവർത്തനങ്ങളിനിയും....

t.a.sasi said...

അജിത്ത് പറഞ്ഞപോലെ വിവർത്തനങ്ങൾ ഇനിയും
...

RAMADAS KS said...

super. but you hav 2 improv ur translation style.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP