വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Wednesday, January 6, 2010
വാര്‍ഷികപ്പതിപ്പ് 2010
കാറ്റിന് മുമ്പ് പിമ്പ്
മനോജ് കുറൂര്‍
.......................
മുമ്പ്:
കവിതയ്ക്കു വഴിനോക്കി
വരാന്തയിലിരുന്നത്
ഉച്ച കഴിഞ്ഞാണ്.
പുളിമരക്കൊമ്പുകളില്‍
വൈദ്യുതി നിലച്ചെന്നും
റബ്ബര്‍ മരങ്ങളുടെ
ശ്വാസോസ്ഛ്വാസമുറഞ്ഞ്
ചിരട്ടയിലമര്‍ന്നെന്നും
പ്രത്യേകം പറയേണ്ടതില്ലല്ലോ
വയണയില്‍നിന്ന്
പുറംവഴിയടഞ്ഞ്
ഒരു മണം
തിരിച്ചുപോയെന്നും
മുറ്റത്തിനരികില്
കുറ്റിമുല്ലയായി
മറ്റൊരു മണം
ഒതുങ്ങിനിന്നെന്നും
അടുക്കളത്തിരക്കിലും
അവള് പറഞ്ഞുകഴിഞ്ഞല്ലോ
പച്ചയുടുപ്പും
ചുവന്ന റിബ്ബണുമായി
വാടാമല്ലികള്‍ക്കിടയില്‍ നിന്ന
പാവാടക്കാരിയെ
അപ്പോഴാണ് കണ്ടത്.
ചെടികള്‍ വകഞ്ഞൊതുക്കാന്‍
കൈകള്‍ വിടര്‍ത്തി നില്ക്കുമ്പോള്
പൂമ്പാറ്റേന്നു വിളിച്ചാല്‍
അവള് പാറിവരുമല്ലോ.
പിമ്പ്:
അപ്പോഴേക്കും
കുടുക്കകളഴിച്ച്
ഒരു കാറ്റ്
സ്വതന്ത്ര്യയാകുന്നു
ടെലിഫോണ്‍ കമ്പിയിലുടക്കി
അവളുടെ വസ്ത്രങ്ങള്‍
ഊര്‍ന്നു തുടങ്ങുന്നു
അവള്‍ക്കു നേരെ
പുളിങ്കൊമ്പുകളുടെ
കമ്പനങ്ങള്‍.
റബ്ബര്‍ മരങ്ങളുടെ
കിതപ്പുകള്‍
വയണ ഒരിലയടര്‍ത്തി
മുടിയിലേയ്ക്കെയ്യുന്നു
മുല്ല മുറ്റത്തോളം വളരുന്നു
എങ്കിലും
മകളോടൊപ്പം
കാറ്റ് മടിയില്‍ വന്നിരിക്കേ
മകളെ അകത്തും
കാറ്റിനെ പുറത്തുമാക്കി
വാതിലടയ്ക്കുന്നു;
പണി പറ്റിക്കുവാന്‍
പേന നോക്കി നടക്കുന്നു;
കവിയെന്ന് പിമ്പ്.
..................................
ഊര്
എസ് ജോസഫ്
.........................
വീടുകള്‍ ഇരുട്ടുമാറ്റി വെളിച്ചമുടുക്കുന്നു
മിണ്ടായ്ക വെടിഞ്ഞ് മരങ്ങള്‍ ചിലയ്ക്കുന്നു
പാറപ്പുറങ്ങള്‍ തണുപ്പ് തള്ളി
വെയില്‍കൊള്ളൂന്നു
ഊരിലെ ആളുകള്‍ തിരിച്ചെത്താനായി
പലവഴി പുറപ്പെടുന്നു.
സൂര്യനെച്ചുറ്റുന്ന ഭൂമി
വീടുകളെച്ചുറ്റിക്കറങ്ങുന്ന നിഴലുകള്‍
ഉച്ചവന്നു പോകുന്നു
അനക്കങ്ങളില്‍ നിന്ന് തെളിഞ്ഞുവന്ന
ഒരുപാമ്പ്
അനക്കങ്ങളിലേക്ക് മറയുന്നു
വൈകുന്നേരം വന്നുപോകുന്നു
ഒരു ഏറുകണ്ടന്‍ ഓന്ത്
മരക്കൊമ്പത്ത് എഴുതപ്പെട്ടിരിക്കുന്നു
വീടുകള്‍ വെളിച്ചംമാറ്റി ഇരുട്ടുടുക്കുന്നു
ആളുകള്‍ മടങ്ങിയെത്തുന്നു
ഒരു കന്യകയുടെ കണ്ണുകള്‍
മരച്ചോട്ടിലെ കല്‍ദൈവത്തിന്
വിളക്കുകൊളുത്തുന്നു.
ആളുകള്‍
തിന്നുന്നു
ചിരിക്കുന്നു
പാടുന്നു
സ്നേഹിക്കുന്നു
ഉറങ്ങുന്നു
അവരോടൊപ്പം വീടുകളും ഉറങ്ങുന്നു
പാതിര വന്നു പോകുന്നു
പുല്‍വീടുകള്‍ക്കു മുകളില്‍
മഞ്ഞ് വീഴുന്നു
ആകാശത്ത് മേഘങ്ങളില്‍ കുഴഞ്ഞ
ചന്ദ്രനോടുന്നു.
....................................
പാഠപുസ്തകം
അമ്പിളി അന്ന മര്‍ക്കോസ്
................................
1.
ഒന്നാം പാഠം
മഴ,മരം,വീട്
ആകാശത്തെങ്ങാണ്ടു നിന്നുമൊരു
വിത്തു വീണിരിക്കുന്നു
എന്റെ മൂത്രം പച്ചച്ച മുറ്റത്തെ മണ്ണില്‍
ഒരു രാവിലെ
പതിവു പച്ചയ്ക്കു മീതെ രണ്ടിളം പച്ച,ഒരുണ്ണിത്തണ്ട്.
പിന്നെ ഞാനതിലേ മുള്ളൂ എന്നായി
വാ നിറഞ്ഞാലവിടയേ തുപ്പൂന്നായി
കണ്ടോ,
ചെടി വളര്‍ന്നടുക്കളയോളം ഓട്ടുംപുറത്തോളം
പൂവും കായുമായെത്തി.
ഇനിയിപ്പോ പറിക്കാനും വളര്‍ത്താനും വയ്യത്രെ
വേരങ്ങ് തവാടിന്റെ നട്ടെല്ലോളമെത്തിയത്രെ
ഇല വീശുന്ന കാറ്റ് നല്ലതാണോന്നു അറിയില്ലത്രെ
കഈ യ്ക്കും കായയ്ക്കും നാറ്റമാണത്രേ!
2
കടലിനപ്പുറം
എന്റെ വീട്ടില്‍ ഒരു വൈകുന്നേരം
കപ്പലണ്ടി തിന്നുമ്പോള്‍
പേനയില്‍ ഒരു വിത്ത് തടയുന്നു
പതിയെ
കടലാസ്സില്‍ ഒരു മരം
പിച്ച വയ്ക്കുന്നു.
അപ്പോഴാണോര്‍ത്തത്
ആ മണ്ണും വീടുമടക്കം
ഭൂമിയിലേക്ക് ആവാഹിക്കുമെന്നും പറഞ്ഞ്
കണ്ണും നിറച്ച്
അവളിപ്പോഴും ആരെയോ
കാത്തു നില്‍ക്കുകയാണവിടെ
.....................................
പെങ്ങള്
സാദിര്‍ തലപ്പുഴ
.......................................
പെങ്ങള്
കരഞ്ഞു കരഞ്ഞൊരു പുഴയുണ്ടായി
പെങ്ങളെക്കെട്ടിയോന്‍
നാടു നീളെ പെണ്ണുകെട്ടി
തേവിടിശ്ശിപ്പുരയില്‍ ഉറങ്ങി
പുഴയില്‍ മുങ്ങി ചത്തു
പെങ്ങളെ കുട്യോള്
ആകാശത്ത് പെരുമീനായും
പുഴയില്‍ പരല്‍ മീനായും
നീന്തിക്കളിച്ചു
ഇശാ കഴിഞ്ഞു
പൂക്കളും സൂര്യനും കൊഴിഞ്ഞു
രണ്ട് മീസാന്‍കല്ലുകള്‍ക്ക്
നടുവില്‍
രണ്ടറ്റവും ചുരുട്ടിക്കെട്ടിയ
ഒരു വലിയ
എക്ലയര്‍ മിഠായി പോലെ
പെങ്ങള് കിടന്നു.
പുഴവറ്റി
ആകാശവും പരല്‍മീനും
പെരുമീനും ചത്തുമലച്ചു
----------------------------------------------------
പക്ഷി പറക്കല്‍
അബ്ദുല്‍സലാം
........................
ഞാനിന്നലെക്കണ്ടു
മലര്‍ന്നു പറക്കുന്ന പക്ഷിയെ
പിഞ്ഞിപ്പോയ മേഘത്തുണി
കൊത്തിയെടുത്ത്
കൂട് ചമയ്ക്കാന്‍
കാറ്റിനോട് പൊരുതി
മുന്നോട്ടു കുതിക്കുകയാണവര്‍
ചുവന്നു കലങ്ങിയ
ആകാശക്കണ്ണുകള്‍
ഭയപ്പെടുത്തുന്നുണ്ട്
അടുക്കളയില്‍ ഉമ്മ
പ്രാവിറച്ചിയുടെ
ഉപ്പ് നോക്കുന്നുണ്ട്
പുക കയറി
ആ പഴയ കണ്ണ്
ഗോധ്ര പോലെ നീറുന്നുണ്ട്
മണം തിരഞ്ഞുവന്ന പൂച്ചക്ക്
കുറെ തൂവലുകള്‍ കിട്ടി
ഉടഞ്ഞ മുട്ടയുടെ മഞ്ഞ
ഉറുമ്പുകള്‍
വഹിച്ചു കൊണ്ടു പോയി
ഇന്നലെ
പുഴക്കണ്ണാടിയില്‍ കണ്ടു
മലര്‍ന്നു പറക്കുന്ന എന്നെ
.........................
ജനുവരി
എസ്.കലേഷ്
..........................
ഇരുമ്പിന്‍തൊട്ടി ചെന്ന് ജലനിരപ്പില്‍
തട്ടിത്തകരുന്നതിന്റെ കൊടുംനിരാശ
ആഴത്തില്‍ നിന്നും
വന്നു പ്രകമ്പനം കൊണ്ടു
മനസ്സില്‍ ഒരു സങ്കടപ്പാട്ടുണ്ട്.
അതുകേട്ട്,
വിരലുകൊണ്ട് കയറിനെ മീട്ടി മീട്ടി
ഒരുതൊട്ടിവെള്ളം കോരിയെടുത്ത്
ചെമ്പുപാത്രത്തിന്
വാ നിറച്ചുവച്ചു
കുളിച്ചു.
പിന്നെയും,
ഇരുമ്പിന്‍തൊട്ടി ചെന്നുജലനിരപ്പില്‍
തട്ടിത്തകരുന്നതിന്‍ കൊടുംനിരാശ...
....................................
ബസ് വെറും വാഹനമല്ല
എം.ആര്.വിബിന്
.....................................
1.സ്വര്‍ഗ്ഗം
ഒറ്റക്കാലില്‍
സര്‍ക്കസ്സിന്റെ ബാലപാഠങ്ങള്‍.
തെറികള്‍,തോണ്ടലുകള്‍
പഴികള്‍,പരാതികള്‍
ഞങ്ങള്‍ നരക യാത്രികര്‍
ജനലരികിലിരിക്കുന്ന ഒരാള്‍ മാത്രം
തന്റെ മടിയിലെ
മഷിയെഴുതിയ അടഞ്ഞ മിഴികളിലേക്ക്
ഇടയ്ക്കിടെ പാളി നോക്കുന്നു
തലയിലിട്ട കുഞ്ഞുതൂവാലയില്‍
പതിയെ കുനിഞ്ഞ് ചുണ്ടമര്‍ത്തുന്നു.
പെട്ടന്ന്
ബസ്
ഒരു കഷ്ണം സ്വര്‍ഗ്ഗമാകുന്നു.
2.മഴവില്ല്
ട്രാഫിക് ജാമില്‍ നിശ്ചലമാകവേ
മിന്നല്‍ പോലെ
വലത്തേ ജനലിലൂടെ കടന്നു
ഇടത്തെ ജനലിലൂടെ പുറത്തു പോയി
ഒരു ചിത്ര ശലഭം
ഞാന്‍ കണ്ടു,ചുവപ്പ്
സുഹൃത്ത് പറഞ്ഞു,നീല
ആകെ കറുത്തവരിലെത്രപേര്‍
കണ്ടിട്ടുണ്ടാകും
നിമിഷാര്‍ദ്ധം മാത്രം ദൈര്‍ഘ്യമുള്ള
ഒരു മഴവില്ല്?
3.ജീവന്
ഉള്ളിലേക്ക്
അനുസരണയില്ലാതെ
തലയിട്ടു നോക്കി
ഇരു പുറവും നിന്നിരുന്ന
ചെറു മരങ്ങള്‍
എണ്ണമില്ലാതെ പൊഴിച്ച് തന്നു
ഉണങ്ങിയതും പച്ചയുമായ ഇലകള്‍
ആരുമൊന്നും
അറിഞ്ഞതെയില്ലെന്നു തോന്നി
എന്റെ ഹൃദയത്തിന്മേല് അള്ളിപ്പിടിച്ചു
എന്നെ കൂടി കൊണ്ട് പോ എന്ന്
ആരോ പറയുന്നത് മാത്രം കേട്ടു
പോക്കറ്റിനുള്ളിലേക്ക്
പതിയെ ഇടംകണ്ണിട്ട് നോക്കി
അവിടെയതാ ഒളിച്ചിരിക്കുന്നു
ആരും കാണാതൊരു പച്ച.
-------------------------------------------------
റഹ്മാനിയ.എച്ച്.എസ്
റഫീക്ക്(ഉമ്പാച്ചി)
........................................
അതു കൊണ്ട്
ലോകത്തിലെ ഏറ്റവും വലിയ വീടേതാണ്?
വീടിന്റെ മുറ്റം പെങ്ങന്മാര്
അടിച്ചു വാരുന്നു
കോലായ അമ്മമാര്‍ തുടക്കുന്നു
വണ്ണാമ്പല നിങ്ങള്‍ തട്ടുന്നു
നമ്മുടെ വലിയ വീടാണ് സ്കൂള്‍
അതാരു വൃത്തിയാക്കും?
കുറിയ വാചകങ്ങള്‍ക്കു ശേഷമുള്ള
ശാരദട്ടീച്ചറുടെ ചോദ്യം
ഒറ്റക്കെട്ടായ 4 B യുടെ ഉത്തരം:
റഹ്മാനിയ LP
ലോകത്തിലെ ഏറ്റവും ചെറിയ ദിനേശ് ബീഡി ഏതാണ്
ടീച്ചര്‍ ക്ലാസില്‍ നിന്നിറങ്ങിയ ശൂന്യതയില്‍
കുഞ്ഞിമ്മൂസയുടെ ചോദ്യം
ശാരദട്ടീച്ചര്‍
ഒറ്റക്കെട്ടായ 4 B അപ്പോള്‍ രണ്ടു പക്ഷമാകും
പെണ്‍കുട്ടികള്‍ വിട്ടു നില്ക്കും
ലോകത്തിലെ ഏറ്റവും വലിയ സ്കൂള്‍
റഹ്മാനിയ HS
ഒരു ചെറിയ കണ്ടം നിറയെ LP
നാലഞ്ചു പറമ്പുകളില്‍ UP
നിരത്തിനോട് ചേര്‍ന്ന്
ലേശം മുതിര്‍ന്ന പോലെ HS
ഒത്ത നടുക്ക് വലിയ മൈതാനം
പടിഞ്ഞാറേ മൂലക്ക്
കൂറ്റന്‍ സ്റ്റേജ്, അതില്‍ 10 A
4 B യില്‍ നിന്ന് ജയിച്ചത്
ആദ്യം ദുഖമായി
അജ്മലിനും കുഞ്ഞിമ്മൂസക്കും
നടുക്ക് നിന്ന് പോന്ന്
പ്രകാശനും വിനോദനും ഇടയിലായി
അവര്‍ കോമത്തെ LP ക്കാര്
ബാലമംഗളവും ബാലരമയും വായിക്കുന്നവര്‍
മലര്‍വാടി കണ്ടിട്ടേയില്ല
പതുക്കെ ഡാക്കിനിയെ
അവരു വെറുക്കുന്ന പോലെ ഞാനും വെറുത്തു
പൂച്ചപ്പോലീസിനെ എന്നെ പോലെ
അവരും സ്നേഹിച്ചു
ഞങ്ങള്‍ കുഞ്ഞുണ്ണി മാഷും കുട്ട്യോളുമായി
ക്ലാസ്സ് തുടങ്ങിയപ്പോള്‍
5 C
മലയാളം എടുത്തവരും
അറബിക്കിനു പോകുന്നവരുമായി
സംസ്കൃതത്തിനും ചേര്‍ന്നു മൂന്നു പേര്
മലയാളം ക്ലാസില്‍ തന്നെ നടക്കും
അറബിക്കിന് 5 A യിലേക്ക് പോകണം
മൂന്നു ഭാഷകള്‍ ചേര്‍ന്ന്
സ്കൂളു മൊത്തം കലപിലയാക്കി
അറബിക്കിനു ചേര്‍ന്നവര്‍
ഉച്ചക്കു വിട്ടാല്‍ കുഞ്ഞോള്ള മാഷിനൊപ്പം
പള്ളിയില്‍ പോയി
പത്തര വരേ മാഷ് മദ്രസയിലെ ഉസ്താദ്
മദ്രസ വിട്ട് സ്കൂളിലെത്തിയാല്‍ മാഷ്
അല്ലാത്തപ്പോള്‍ മുന്‍ഷി
മുന്‍ഷി കുട്ടികളെ അറബി മാത്രമല്ല
അദബും പഠിപ്പിച്ചു
നിസ്കാരം നിര്‍ബന്ധമാക്കിയത്
അല്ലാഹുവല്ല മുന്‍ഷിയാണ്
ഇന്നും പറയുന്നു അന്നത്തെ കുട്ടികളിത്
സ്കൂളതിരിനോട് ചേര്‍ത്തു തുന്നിയതായിരുന്നു
നിസ്കാരപ്പള്ളി
ചെറുപ്പം കണ്ടാല്‍ നിസ്കാരപ്പുരയെന്ന്
വിളിക്കാന്‍ തോന്നും
മുറ്റത്തൊരു കുഞ്ഞു കിണറുണ്ട്,
തൊട്ടിയും കയറും വീണാല്‍ ഇറങ്ങി എടുക്കാം
കുടിവെള്ളമെടുക്കുന്നവര്‍ക്കും
ചോറ്റു പാത്രം കഴുകുന്നവര്‍ക്കും
ഇടയിലൂടെ
നിസ്കരിക്കുന്നവര്‍ ആദ്യം
ഒളുവര്‍പ്പിക്കണം
കിണറ്റിന് കരയിലെ പെണ്‍കുട്ടികള്‍ മാറി നില്ക്കും
സ്ത്രീ പുരുഷന്മാരുടെ
തൊലി തമ്മില്‍ ചേര്‍ന്നാല്‍ ഒളു മുറിയും
നിസ്കാരം കഴിയുന്നതു വരെ
തലക്കാമ തുടങ്ങാതെ
പ്രകാശനും വിനോദനും കാത്തു നില്ക്കും
എല്ലാ സ്കൂളുകളിലേയും പോലെ
ഞങ്ങളുടെ സ്കൂളിലും
ടി.സി യിലെഴുതിയ മാതിരി
ഹിന്ദുമതവും
ഇസ്ലാം മതവുമുണ്ടായിരുന്നില്ല.
..........................
അദബ്: സദ്സ്വഭാവം
ഒളുവര്‍പ്പിക്കുക: നിസ്കാരത്തിനു മുമ്പുള്ള അംഗസ്നാനം.ആരാധനയായതിനാലാകണം ഒളു എടുക്കുകയെന്ന് പറയുന്നതിനു പകരം ഒളു അര്‍പ്പിക്കുകയെന്ന് മുമ്പ് പറഞ്ഞിരുന്നു നാട്ടില്‍.
തലക്കാമ: കുട്ടിക്കാലത്തെ ഒരിനം ഓലപ്പന്തു കളി
................................
മുറിവ്
സെബാസ്റ്റ്യന്‍
.......................
ഭൂമി രണ്ടായി പിളരും
ഒരു ദിക്കില്‍ നീയും
മറു ദിക്കില്‍ ഞാനുമാകും
നഷ്ടപ്പെടുമോ എന്ന ഭയത്താല്‍
ഒരു വടം നിന്നിലേക്കെറിയും
അതില്‍ കുടുങ്ങാതെ
ഒരമ്പായ് മാറി നീ
എന്നില്‍ വന്നു തറക്കും
പിളര്‍ന്ന ഭൂമി
നിമിഷമാത്രയില്‍
ഒന്നാകും.
Subscribe to:
Post Comments (Atom)
19 വായന:
വാര്‍ഷികപ്പതിപ്പ് 2010
വാര്ഷികപതിപ്പ് ഒരു വിരുന്നു തന്നെ.
നസീര്‍,നാസ്സര്‍
നല്ല വായന സമ്മാനിക്കുന്ന നിങ്ങള്‍ക്ക് സലൂട്ട്
വളരെ നന്നായി..
അഭിനന്ദനങ്ങള്‍..നന്ദി.
നന്നായി
എഴുതാന്‍ വാക്കുകളില്ല...
നസീറിന് ഇഷ്ടമുള്ള ചില നിറങ്ങളുണ്ട്,
തീ കെട്ടു കഴിഞ്ഞുള്ള ചാരം
അതിലൊന്നാണ്...
നല്ല രസം ണ്ട് കാണാന്‍
വാര്‍ഷികപ്പതിപ്പ് 2010
വളരെ നന്നായി..അഭിനന്ദനങ്ങള്‍..
nalla vaayanaanubhavam.ellaa bhaavukamngalum...
മനോഹരം,
എല്ലാം നല്ല കവിതകള്‍.
വിബിന്റെ കവിതകള്‍ക്ക്
കൂടുതല്‍ മനോഹാരിതയുണ്ട്..
good work nazar
and good poems....
വളരെ നന്നായി
നല്ല വായന
എസ് ജോസഫ് nte ooru nannayishdappettu
പ്രീയപ്പെട്ട നാസര്‍,
കവിതകളെ കുറിച്ചുള്ള അഭിപ്രായം എഴുതി വന്നപ്പോള്‍ ഇത്തിരി നീണ്ടു പോയി. അങ്ങിനെ അത് ഇ പത്രത്തില്‍ കൊടുത്തിട്ടുണ്ട്. അത് എന്‍ റേ അഭിപ്രായമായി കാണുമല്ലോ,
http://www.epathram.com/poetry/2010/01/122254-raju-iringal-on-puthukavitha.shtml
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
അനക്കങ്ങളില്‍ നിന്ന് തെളിഞ്ഞുവന്ന
ഒരുപാമ്പ്
അനക്കങ്ങളിലേക്ക് മറയുന്നു
വളരെ നന്നായി..
kaithayude
2010..
samridham..
നന്നായിട്ടുണ്ട്..
നല്ല കവിതകള്‍!
കാണാനും നല്ല ചന്തം.
നസീര്‍, നാസര്‍
സല്യൂട്ട്!
salaminte kavithyil veruthe oru balam pitutham...baakkiyellaam nannaayi...
Post a Comment