ഉടലറിവുകള്‍ ദേവസേന അടുത്തറിയുന്നവരൊക്കെ മനസിലാക്കിയിരിക്കണം പെണ്ണിന്റെ ഉടലെങ്കിലും ആണിന്റെ ഉള്ളാണെനിക്കെന്ന് അതാവാം മരുന്നിനു പോലും സ്ത്രീ സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുന്നത്
എന്നാലുമുണ്ട് ഒരുവള്‍. ഭയങ്ങളുടെ മൊത്തവ്യാപാരി. വിമാനത്തിലും, ബോട്ടിലും ലിഫ്റ്റില്‍ വരെ കയറാന്‍ ഭയക്കുന്നവള്‍.
ഒരേ പ്രായക്കാര്‍ ഒരേ ചുറ്റുപാടുകള്‍ പ്രാരാബ്ദങ്ങള്‍ സന്താപസന്തോഷങ്ങള്‍ ഒരേ പ്രായമുള്ള പെണ്മക്കള്‍ എന്തിനേറെ! ഭര്‍ത്താക്കന്മാരുടെ കൊനുഷ്ടു സ്വഭാവങ്ങള്‍ വരെ സമാനം. അവള്‍ പറയുന്ന പരദൂഷണങ്ങള്‍ പോലും അത്രകണ്ട് പഥ്യമാണെനിക്ക്.
ദേവാലയത്തിന്റെ തിരുസന്നിധിയാണു സ്വൈര്യ സംസാര വേദിയെന്ന് ഞങ്ങള്‍ കണ്ടെത്തിയിരുന്നു പെണ്‍ ജാടകളും, കസവാടകളും കണ്ട് മൌനം കൊണ്ടും കണ്ണു കൊണ്ടും പരസ്പരം കുന്നായ്മകള്‍ പറഞ്ഞു അടക്കിപ്പിടിച്ച് നൂറു പരാധീനതകള്‍ കൈമാറി സ്കൂള്‍ ഫീസ് കൂടിയത് അമ്മ ആശുപത്രിയിലായത് ഒരിക്കലുമൊടുങ്ങാത്ത വീട്ടുപണികള്‍ ലക്കു കെട്ടെത്തുന്ന ആര്‍ത്തവ ചക്രങ്ങള്‍ തിരക്കു കൂട്ടിയാക്രമിക്കുന്ന ജരാനരകള്‍
ചട്ടയും മുണ്ടുമായിരുന്നു വേഷമെങ്കില്‍ ഞങ്ങള്‍ 'മനസിനക്കര' യിലെ K.P.A.C ലളിതയും, ഷീലയുമായേനെ !
പള്ളി പ്രസംഗങ്ങള്‍ കേട്ട്, വിരസതയോടെ ഒരുമിച്ചുറങ്ങി, ഉണര്‍ന്നപ്പോള്‍ പരസ്പരമൊളിപ്പിച്ചെത്തിച്ച പ്രാര്‍ത്ഥനകള്‍ക്കും സാമ്യമുണ്ടാവാം മരണം വരെ സുമംഗലികളാക്കണേയെന്ന് മക്കളുടെ തലയില്‍ - ദുര്‍ബുദ്ധിയൊന്നും വരുത്തല്ലേയെന്ന് ഒളിച്ചോടാന്‍ തോന്നിയാലും ക്രിസ്ത്യാനിയുടെ കൂടെ തന്നെയാവണേന്ന് 10-ന്റെയും 12-ന്റെയും ബോര്‍ഡ് പരീക്ഷകള്‍ വരുന്നുണ്ടന്ന് അവരെ കെട്ടിച്ചയക്കാന്‍ തമ്പുരാന്റെ ഖജനാവ് കാലാകാലങ്ങളില്‍ തുറക്കണേയെന്ന്.
കാരണങ്ങളൊന്നുമില്ലാഞ്ഞിട്ടും ഇടവപ്പാതിയിലെ പുഴ പോലെയവള്‍ ഇടക്കിടെ കലഹിച്ചു. പ്യൂപ്പയെ പോലെ മൌനത്തിലിരുന്നു.
പൊട്ടിത്തെറിച്ച് ഏതെങ്കിലുമൊരു നിമിഷം തിരികെ വരും 'നമ്മുടെ കോണ്‍ഗ്രസ്സുകാരു തന്നെയാ മെച്ച'മെന്നു പറഞ്ഞ് ഭൂമിയിലെ നൂറുക്കണക്കിന് വിശേഷങ്ങളുമായി, CNN വാര്‍ത്താച്ചാനലിനെ അനുസ്മരിപ്പിച്ച് ജന്തുശാസ്ത്രവും, ഭൂമി ശാസ്ത്രവും വിവരിച്ച് എന്‍സൈക്ലോപ്പീഡിയാ-യെ തോല്‍പ്പിച്ച്
വലിയ ആശുപത്രിയില്‍ റിസപ് ഷനിസ്റ്റായതു മുതല്‍ ഇനിയുമറിഞ്ഞിട്ടില്ലാത്ത അജ്നാതയിടങ്ങളിലെ അക്ഷയമേഖലകള്‍ എനിക്കുമുന്നിലവള്‍ തുറന്നിട്ടു.
ഒച്ച താഴ്ത്തി തലകുടഞ്ഞവള്‍ ശങ്കിച്ചു. എന്തിനും പോന്ന സൌഹൃദമാണ് എന്നിട്ടും ! അവളുടെ വായും എന്റെ ചെവിയും മില്ലിമീറ്ററിന്റെ അകലത്തില്‍ പറഞ്ഞു തുടങ്ങി.
ഗര്‍ഭാശയത്തില്‍ കുടുങ്ങിയ ഉറ പുറത്തെടുക്കാന്‍ പുലര്‍ച്ചെ മൂന്നര മണി നേരത്തെത്തിയ മഞ്ഞ മുഖക്കാരി റഷ്യാക്കാരിയെക്കുറിച്ച് !
പൈപ്പ് കഷണത്തിലേക്ക് കടത്തി കരിനീലിച്ച ലിംഗവുമായി പ്രാണവേദനയില്‍ വിയര്‍ത്തു വന്ന പഠാനെ ക്കുറിച്ച്
ഭര്‍ത്താവിന്റെ ജനനേദ്രിയത്തിന്റെ വളര്‍ച്ചയില്ലായ്മയില്‍ നൊന്ത് ഹോര്‍മോണ്‍ ചികിത്സക്കെത്തിച്ച മദാമ്മയെക്കുറിച്ച്.
പരപുരുഷന്റെ സ്വകാര്യതയില്‍ ചികിത്സാഭാഗമായെങ്കിലും, വെറുപ്പോടെ സ്പര്‍ശിക്കേണ്ടിവന്ന അവിവാഹിതയായ നേഴ്സു കൊച്ചിനെ പറ്റി !
മൂന്നും നാലും പെറ്റ്, മദ്ധ്യവയസു കഴിഞ്ഞവരും വരുന്നുവത്രെ സ്വകാര്യയിട സര്‍ജറിക്കും കോള്‍പ്പോക്രെയോ-ക്കും അറബിച്സി മുതല് മലയാളി വരെ.
മുത്തും രത്നവും കോര്‍ത്തലങ്കരിച്ച സ്ത്രീ രഹസ്യങ്ങള്‍ എങ്ങനെയെന്ന് എനിക്കു ജിജ്ഞാസ പരകോടിയിലെത്തി. പൌഡര്‍ പൂശാനും, താളി തേക്കാനും മറക്കുന്ന എന്റെ ശരീര ലോകം പരിഹാസച്ചിരി തുടങ്ങി.
ബിന്ദു റ്റീച്ചറിന്റെ കെമിസ്റ്റ്റി പഠിപ്പീര് പോരായെന്നും ബട്ടര്‍ ചിക്കന്റെ റസ്സിപ്പി കയ്യിലുണ്ടോയെന്നും ചോദിച്ചവള്‍ വിഷയസഞ്ചാരം നടത്തി ഊര്‍ന്ന് വീണ സാരിത്തലപ്പ് തലയിലേക്ക് വലിച്ചിട്ട് കണ്ണുകളടച്ച്, കൈകള്‍ കൂപ്പി മൌഡ്യമുണര്‍ന്നോരു ധ്യാനത്തിലേക്ക് ഞങ്ങള്‍ വീണു.അപ്പോഴേക്കും വിശുദ്ധ കുര്‍ബാന തുടങ്ങിക്കഴിഞ്ഞിരുന്നു.
|
മണ്ണിനടിയില്‍ നിന്ന് ദൈവത്തിനൊരു കത്ത്. സെറീന
പെട്ടന്നുണര്‍ന്നു കണ്‍ മിഴിക്കുമ്പോള്‍ ഉടല്‍ വരിഞ്ഞ തുണി പോലെ മണ്ണിനടിയിലുംഓര്‍മ്മകള്‍ കൂടെയുണ്ടാകുമോ?
തലച്ചോറില്‍ കോര്‍ത്ത മണങ്ങള്‍ , ഉള്ളില്‍ കലര്‍ന്നു പോയ നിറങ്ങള്‍, ദ്രവിച്ചിട്ടും നഖങ്ങളില്‍ മായാതെ സ്വപ്നത്തിന്‍റെ കോടികള്‍, അസ്ഥികളിലാരോ വിടര്‍ത്ത പൂവുകള്‍, പാതിയില്‍ മറന്ന പാട്ടുകള്‍, കൊടും തണുപ്പിന്‍റെ ആഴത്തിലേയ്ക്ക് യാത്ര പോയ കുഞ്ഞുങ്ങള്‍ വേണ്ട,ഭൂമിയില്‍ നിന്നൊരു കാഴ്ചയും വേണ്ട,
മേഘങ്ങളില്‍ നിന്നടര്‍ത്തിയ പുഴയുമായി എന്നെയും തേടി വരുന്നുണ്ടാവണം വേരുകള്‍, തോലുരിഞ്ഞു പേരു കൊത്തിയ മരത്തിന്‍റെ ഓര്‍മയായി.
വെയില്‍ തുളച്ച വഴിയിലൂടെ വരുമായിരിക്കാം മഴ പറഞ്ഞയച്ച ചില തുള്ളികള്‍ പെയ്തതൊരു തുള്ളിയും പോവാതെ നനഞ്ഞൊരു പ്രണയമാണത്
വെട്ടി മൂടിയ പച്ച മണ്ണിനിടയിലൂടെ ഒരു കീറു വെളിച്ചം കൈ നീട്ടിയേക്കാം, തുണ്ട് കണ്ണാടിയില്‍ കോരി നൂറാക്കി ഞാന്‍ പതിപ്പിച്ച സൂര്യനാണത്.
രണ്ടു ലോകവും വേര്‍തിരിക്കും നിന്‍റെ ചുവന്ന തിരശീലയില്‍ പോലും വീണു പരക്കുന്നു നിലാവ്...
ഇനിയും, വാക്കിന്‍റെ കടലിടുക്കില്‍ വീണു ചിതറാതെ ഒന്നുമില്ലായ്മയില്‍ എന്നെ നീയെനിക്ക് പറഞ്ഞു തരുമോ ദൈവമേ, ഞാനെഴുതി പഠിച്ച ജന്മം, നിന്‍റെ മഷി തണ്ടു വിരലാല്‍ മാഞ്ഞു പോകുമ്പൊള്‍ ഭ്രാന്തിന്‍റെ മുദ്രകള്‍ കൊത്തിയ ജീവന്‍റെഗന്ധവും പേറി ഭൂമിയില്‍ നിന്നിനി ആരും വരാതെ കാക്കുമോ?
അടുക്കള തിന്നുന്ന പൂച്ച
നിലാവര്‍നിസ
എന്റെ ശരീരം ഒരു അടുക്കള അതിന്റെ വെന്തു പൊങ്ങുന്നു നിന്റെ മോഹത്തിന്റെ അന്നങ്ങള്‍
ഉപ്പ്, പുളി, മുളക്, മധുരം കറിവേപ്പില, പഞ്ചസാര, കൊത്തമല്ലി, ഉള്ളി, വക്കു പൊട്ടിയ പാത്രങ്ങള്‍ മിക്സി, ഗ്രൈന്റർ, എച്ചില്‍ പാത്രം പല്ലി, കൂറ, എറുമ്പുകള്‍ ക്രമം തെറ്റാതെ
കിതപ്പ്, വിയര്‍പ്പ് അതിനെ ചവർപ്പ്, മണം നിലാവ് അരിച്ചിറങ്ങും ഒറ്റ ജനൽ ഒന്നിച്ചു കണ്ട കടല്‍ ചുണ്ടിലെ കാക്കപ്പുള്ളി ഇടയ്ക്കിടെ ഓര്‍മിപ്പിച്ച്
2
ഞാന്‍ നിലാവര്‍നിസ എന്ന പെണ്‍കുട്ടി നീ എന്നില്‍ നിന്നും അടര്‍ന്നു പോയ ഒരു കിനാക്കഷണം
നമുക്കിടയില്‍ ഒരേ ഭൂമി ഒരേ ആകാശം എന്നാല്‍ ഇവയ്ക്കിടയില്‍ അതിര്‍ത്തിയുടെ കാവലാള്‍
ഒന്നിച്ചു വായിച്ച പുസ്തകം ആരോ നിരോധിച്ചിരിക്കുന്നു ഒന്നിച്ചു നടന്ന വഴി ആരോ വേലികെട്ടി തിരിച്ചിരിക്കുന്നു
നീ എന്നിലെ കത്തുന്ന അടുപ്പാണെന്ന് ഞാനീ കവിതയില്‍ എഴുതി വയ്ക്കുന്നു
3
ഇപ്പോള്‍ എന്റെ വീടിന് അടുക്കള നഷ്ടപ്പെട്ടിരിക്കുന്നു അതിപ്പോള്‍ പല്ലിയുടെ മുറിഞ്ഞ വാലുപോല്‍ പിടയ്ക്കുന്നു ഒരു പൂച്ച ഓടി വരുന്നു അത് അടുക്കളയെ ഒന്നാകെ കൂര്‍ത്ത പല്ലു കൊണ്ട് കടിച്ചു പറിച്ച് എലിയെ എന്നവണ്ണം ഇടയ്ക്ക് കാലുകൊണ്ട് തട്ടി അകത്താക്കുകയണ്
ദൈവമേ ഈ പൂച്ചയെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എവിടെയാണത്?
എങ്കിലും..
സുപ്രിയ
പ്രണയമുണ്ടിന്നും ഒരു വാക്കിനാല്‍ ചേര്‍ത്ത് ചുംബിച്ചും മരുവക്കിനാല്‍ തള്ളിപ്പറഞഞ്ഞും, മങ്ങനെ..
നക്ഷത്രങ്ങളെ, മരുഭൂമിയിലെ പൂക്കളെ കാണിച്ചു തന്നുകൊണ്ടിങ്ങനെ..
എങ്കിലും.. അകത്തും പുറത്തും മഴ കനക്കുമ്പോള്‍ മതിലിളിനുള്ളിലെ മനസ്സിനവുമോ സ്വപ്‌നങ്ങള്‍ കാണുവാന്‍..?
|
7 വായന:
ദേവസേന,സെറീന,നിലാവര്‍നിസ,സുപ്രിയ
നാസറിന്റെ ബ്ലോഗ് നിസയുടെ കവിത..അപ്പോള്‍ പുതുകവിതയിലെ പട്ടി ആരായി ?
നാസര്‍
കവിതയൊക്കെ വായിച്ചു ... നന്നായിട്ടുണ്ട്
നല്ല ഭാവന
സറീന ശരിക്കും ആസ്വദിക്കാന്‍ പറ്റിയില്ല
cong.
കവിതകള്‍ എല്ലാം വായിച്ചു ദേവസേന കഥയായി എഴുതി
സറീന നല്ല എഴുത്ത്
നല്ല കവിതകള്‍.
പെണ്ണുടലുകള്‍ ... വരള്‍ച്ചയായും മഴയായും മണ്ണിന്റെ തുടിപ്പയും ഋതുക്കളെ പ്രതീക്ഷിച്ചിരിക്കുന്നതും,മുറിഞ്ഞ പല്ലിവാലുപോലെ പിടയുന്നതും,കണ്ട് ഒന്നാശ്വസിപ്പിച്ചാലോ
എന്നൊരു ചിന്ത...
വേണ്ട !
പെണ്ണുടല്‍ ഇന്നൊരു കേസുകെട്ടാകുന്നു !! :)
ചിത്രകാരന്റെ ഭീരുത്വമോ, സ്വാര്‍ത്ഥ സുരക്ഷാചിന്തകളോ ?
സമയക്കുറവുതന്നെ.
പുതുകവിതയിലെ ആ ആണ്‍പട്ടിയെ പെണ്‍പട്ടി(ആണാണെന്നാണ് കേള്‍വി)നിശ്ശബ്ദാക്കിയില്ലെ.സാരമില്ല നിസ പുതുകവിതയില്‍ ഇനിയും എഴുതണം.നാസറിന്റെ ഒരു ഗഡ്സേ...
പുതുകവിതയിലെ ആ ആണ്‍പട്ടിയെ പെണ്‍പട്ടി(ആണാണെന്നാണ് കേള്‍വി)നിശ്ശബ്ദാക്കിയില്ലെ.സാരമില്ല നിസ പുതുകവിതയില്‍ ഇനിയും എഴുതണം.നാസറിന്റെ ഒരു ഗഡ്സേ...
Post a Comment