|
|
വിശാഖ് ശങ്കര്‍
പുതുകവിതയുടെ രസതന്ത്രം
ഉത്തരാധുനികതയുടെ കാവ്യസിദ്ധാന്തങ്ങള്‍ ചുമലില്‍നിന്നിറക്കിവച്ച് മലയാള കവിത പുതിയ വഴികള്‍ തേടുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ പ്രിന്റ് മീഡിയയിലേക്കാള്‍ എളുപ്പത്തില്‍ കണ്ടെടുക്കാവുന്നത് ഒരുപക്ഷേ ബ്ലോഗ് എന്ന പുതിയ മാധ്യമത്തില്‍നിന്നാവും.ആനുകാലികങ്ങളും, ബ്ലോഗും ഒരുപോലെ പിന്തുടരുന്ന പല വായനക്കാരുടേയും പൊതു അഭിപ്രായമാണിത്.മലയാള കവിതയ്ക്ക് പുതിയൊരു ഭാവുകത്വ പരിസരം തന്നെ നല്‍കാന്‍ തക്ക സര്‍ഗ്ഗശേഷിയുള്ളതാണ് ബൂലോകത്തിന്റെ പ്രിയ കവികളില്‍ പലരുടേയും രചനകള്‍.എന്നിട്ടും അവരില്‍ പലര്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നും അപ്രാപ്യമാണ്.പ്രിന്റ് മീഡിയയ്ക്ക് അനഭിമതരല്ലാത്ത പല യുവകവികളുടേയും കവിതകള്‍ അച്ചടിമഷി പുരളുന്നുണ്ടെങ്കിലും അവ അവിടെ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടുന്നുമില്ല.അവിടെയാണ് ബ്ലോഗ് എന്ന മീഡിയത്തിന്റെയും, പുതുകവിത പോലുള്ളസംരംഭങ്ങളുടേയും പ്രസക്തി.
ബ്ലോഗില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട കവികളില്‍ ഒരാളാണ് പ്രമോദ്..എന്തുകൊണ്ടയാള്‍ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നു എന്നതിനൊരുത്തരമാണ് 'അറിയിപ്പ്' എന്ന ഈ കവിതയും. ജീവിതത്തെ അതിന്റെ എല്ലാ സൂക്ഷ്മാംശങ്ങളോടും കൂടി അനുഭവിക്കാനും, അതിനെ താന്‍ തിരഞ്ഞെടുത്ത മാധ്യമത്തിലേയ്ക്ക് ഫലപ്രദമായി വിവര്‍ത്തനം ചെയ്യാനും ശേഷിയുള്ള ഒരുവന്‌സൃഷ്ടിപരമായ ഊര്‍ജ്ജം തേടി ഒരുപാടൊന്നും അലയേണ്ടിവരില്ലെന്നതിനും, അത് അവനെ തേടിയെത്തുമെന്നതിനും തെളിവ്. ഉച്ചഭാഷിണിയില്‍നിന്നും പൊടുന്നനേ ഉയര്‍ന്ന അറിയിപ്പ് നിശ്ചലമാക്കിക്കളഞ്ഞ ഒരു തെരുവാണ് ഈ കവിതയ്ക്ക് പശ്ചാത്തലം. ഒഴുകിക്കൊണ്ടിരുന്ന ജീവിതത്തില്‍നിന്ന് പൊടുന്നനെ
"എല്ലാവരും
നിന്ന നില്‍പ്പില്‍
അനങ്ങാതെ
മിണ്ടാതെ"
ആബാലവൃദ്ധം ജനങ്ങളേയും,വാഹനങ്ങളേയും,യന്ത്രങ്ങളേയുംഎന്തിന് മന്ദബുദ്ധികളെപ്പോലും നിശ്ചലരാക്കിയ ആ അറിയിപ്പ് എന്തോ അറിഞ്ഞിട്ടും തമാശപറഞ്ഞ് ചിരിക്കാനാവുന്ന രണ്ട്‌മലയാളികള്‍.ഒരുചലച്ചിത്രത്തിലെ പോടുന്നനേ ഫ്രീസായ ഫ്രെയിം പോലെ വായനക്കാരന്റെ മനസ്സില്‍ ഉദ്വേഗം ജനിപ്പിക്കുന്ന ഈ ചിത്രത്തിന്റെ
ക്ലൈമാസ്കാണ് 'അറിയി'പ്പിനെ അവിസ്മരണീയമായ ഒരു വായനാനുഭവമാക്കുന്നത്.ഉറഞ്ഞുനില്‍ക്കുന്ന ചിത്രത്തില്‍ നിന്ന് ഇറങ്ങിനടക്കുന്നു രണ്ടുപേര്‍. അവര്‍ എന്തൊക്കെയോ തമാശകള്‍ പറഞ്ഞ് ചിരിക്കുന്നുണ്ട്.
"അപകടമുണ്ടെന്നറിഞ്ഞിട്ടും
പുഞ്ചിരിയോടെയും
നെഞ്ചെടുപ്പോടെയും നടന്നു നീങ്ങുന്ന
രണ്ട് വീരപുരുഷന്മാരെ കണ്ടുവോ
അറ്റന്‍ഷനില്‍ നില്‍ക്കുന്ന പോലീസുകാര്‍
പറയുന്നതെന്നായിരുന്നു അതിലൊന്ന്"
മരണമെന്ന മഹാ സംവിധായകന്റെ പിഴവറ്റ കരവിരുതിലേയ്ക്ക് തുറന്നിട്ട ഉള്‍ക്കാഴ്ചയോടെ അജ്ഞാതയായ ഒരു തമിഴത്തിപ്പെണ്ണിന്റെ മരണം വരച്ചുകാട്ടുന്നു ശൈലന്‍.'അജ്ഞാത'യെന്ന ഈ കവിത ശ്രദ്ധേയമാകുന്നത് യാഥര്‍ഥ്യത്തെ ഫാന്റസിയുമായി ഇഴപിരിക്കാതെ നിലനിര്‍ത്തികൊണ്ടുപോകുന്ന ക്രാഫ്റ്റിലൂടെയാണ്.ഒരു ദുരന്തസിനിമയിലെ ശോകരംഗത്തിനുവേണ്ട എല്ലാ ചേരുവകളോടുംകൂടിയപശ്ചത്തലത്തില്‍ഒരുക്കപ്പെട്ടിരിക്കുന്ന അനാഥമായ ഒരു മരണം.
"നല്ല സംവിധായകനാണ്;
കോഴിക്കടകള്‍,
വേസ്റ്റ് കൊണ്ട് തള്ളുന്ന
കുഴിയില്‍ത്തന്നെ
ലൊക്കേഷന്‍ കൊടുത്തിരിക്കുന്നു
മൂക്ക് തുളയ്ക്കും
നാറ്റത്തെ ചെറുത്ത്
കാണികള്‍ ഇരച്ചു വരുന്നു..."
പെണ്ണിന്റെ ഉടല്‍, അതിനി മൃതദേഹമാണെങ്കിലും കണ്ണിനു കാമവിരുന്നാക്കുന്ന മലയാളിയുടെ നയനസുരത്തെ നിശിതമായി പരിഹസിക്കുന്നുമുണ്ട് കവി.
"ഹോ.. ഹെന്തൊരു ശേപ്പെന്ന്
നയന നിര്‍വൃതര്‍..
ഛായാഗ്രഹണ ദാഹമടക്കിയ
മൊബെയിലുകള്‍..
സൂര്യന്‍..!"
പ്രേതങ്ങളും, മന്ത്രവാദികളുമൊക്കെ മടങ്ങിവന്ന് പിടിച്ചടക്കിക്കഴിഞ്ഞ മനസിലേയ്ക്ക് ഇനി ഏതെങ്കിലുമൊരു ഉച്ചയ്ക്ക് ഇവള്‍ കയറിവന്നേക്കാമെന്നും, 'എന്റെ പര്‍ദ്ദ എന്തിയേ'എന്നോ, 'ഞാന്‍ ആരെന്ന് കണ്ടുപിടിച്ചോ പോലീസ്"എന്നോ ആരാഞ്ഞേക്കാമെന്നുമുള്ള നിഗമനങ്ങളിലുമുണ്ട് വേദനകലര്‍ന്ന ഒരു പരിഹാസം. 'പര്‍ദ്ദ'യെക്കുറിച്ചുള്ള സൂചനയാവട്ടെ അവിടെനിന്നങ്ങ് പിറകോട്ട് പല പുതിയ തലങ്ങളിലേയ്ക്കുംവായനയെ
മടക്കിക്കൊണ്ടുപോകുന്നുമുണ്ട്.
"സീരിയലുകാരനായിരുന്നെങ്കില്‍
ഒന്‍പതരയിലേക്കോ
മറ്റോ
കാസ്റ്റ് ചെയ്യാമായിരുന്നു...."എന്ന് അര്‍ധോക്തിയില്‍ കവിത അവസാനിക്കുമ്പോള്‍ വായനക്കാരന്റെ മനസില്‍ അത് അതിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നുണ്ടാവുകയേ ഉള്ളു.
അപ്രതീക്ഷിതങ്ങളായ ഇടങ്ങളില്‍ വച്ച് പതിവായി പിടികൂടുകയും കുറെ നേരം കൂടെ നടന്നിട്ട് ഉപേക്ഷിച്ച് പോകുകയും ചെയ്യുന്ന ഓര്‍മ്മകളുമായുള്ള ഹൃസ്വമായൊരു സഹയാത്രയാണ് കലേഷിന്റെ 'പതിവുകാരീയോര്‍മ്മകള്‍" എന്ന കവിത.'സൂര്യന്‍ രാത്രിയ്ക്കുമുന്‍പേ പൂട്ടിപ്പോയ' വഴികളിലൂടെ 'കടവില്ലാത്ത ദേശങ്ങളുടെ വേലിയേറ്റം കടന്ന്' പോകുവാനുള്ള ഫര്‍ലോങ്ങുകളില്‍‘ പണ്ട് ചാരിയതിനുശേഷം തുറന്നിട്ടേയില്ലാത്ത പഴയ കാമുകിയുടെ വാതില്‍ക്കലും, കല്യാണം കഴിഞ്ഞതോടെ പുറത്തു കാണാതായ
സുഹൃത്തിന്റെ വീടിലേയ്ക്കുള്ള വഴിയിലും ഒക്കെയായി കല്ലില്‍തട്ടിനില്‍ക്കുന്ന ഭൂതകാലത്ത പലയിടങ്ങളിലായി കാണാം ഇവിടെ. കടം കയറി തൂങ്ങിമരിച്ച ചായക്കടക്കാരന്റെ ബോര്‍മ്മ ഉണര്‍ത്തുന്ന പണ്ട് പറ്റിയ അഞ്ചുരൂപയുടെ തിരിഞ്ഞുകൊത്തുന്ന ഓര്‍മ്മപോലെ കഴിഞ്ഞകാലം എടുത്തുകളയാനാവാത്ത വണ്ണം തറഞ്ഞ ചില മുള്ളുകളായ് പലവട്ടം ഉപ്പൂറ്റി നോവിക്കുന്നുണ്ട് ഇതിലെ വരികളിലൂടെയുള്ള യാത്രയ്ക്കിടയില്‍.
വീടെത്തുമ്പോഴോ അവര്‍,
"മനസ്സിറങ്ങി ജങ്ങ്ഷനിലേയ്ക്ക്മടങ്ങിപ്പോകും
അടുത്ത ദിവസവും
യാത്ര കഴിഞ്ഞെത്തുവാന്‍ സാധ്യതയുള്ള എന്നെകാത്ത്" ഏതു പ്രായത്തിലും, ഏതു തൊഴില്‍ മേഖലയിലും പെണ്ണുടലുകള്‍ക്കുമേല്‍ ചാടിവീഴാനായികാണാപ്പുറങ്ങളില്‍ പതുങ്ങിനില്‍പ്പുണ്ട് മൃഗങ്ങള്‍ എന്ന് ഒരിക്കല്‍ക്കൂടി വിളിച്ചു പറയുന്നു വാസുദേവന്‍ കോറൊത്തിന്റെ 'ന്യൂസ് പേപ്പര്‍ ഗേള്‍' എന്ന കവിത.സ്ത്രീ സഹജമായ നൈര്‍മ്മല്യം ഓരോ ചലനത്തിലും കാത്തുസൂക്ഷിക്കുന്ന, സൈക്കിളില്‍നിന്നും പത്രം വലിച്ചെറിയാത്ത,മുന്‍പേജില്‍ ചരമവാര്‍ത്തയുണ്ടെങ്കില്‍
'റീത്ത് വയ്ക്കുമ്പോലെ ആദരവോടെ
വരാന്തയില്‍ വയ്'ക്കുന്ന
'ഭൂകമ്പത്തില്‍ ചിതറിയ
ചിത്രമാണെങ്കില്‍
പെറുക്കിക്കൂട്ടി
അടുക്കി വയ്ക്കുന്ന'ആ കൗമാരക്കാരിയും പോടുന്നനേ ഒരുനാള്‍ ഇരയാവുന്നു.അന്നവള്‍ക്ക് ഇടാനാവാതെപോയ പത്രത്തിന്റെ താളില്‍
'ജനാലയുടെ ചില്ലുകള്‍
പൊട്ടിപ്പോയ കിലുക്കമായിരുന്നു
പ്രായപൂര്‍ത്തിയാവാത്ത
പെണ്‍കുട്ടികളെ പീഡിപ്പിച്ചവന്റെ
ചിത്രമായിരുന്നു മുന്‍പേജില്‍
ചിരിച്ചുനിന്നത്'
മിഴിവുറ്റ ഗ്രാമ്യ ദൃശ്യങ്ങളുടെ സമൃദ്ധമായ നിറവും രുചിയും പീ.എ അനീഷിന്റെ മറ്റ് കവിതകളിലെപ്പോലെ 'അതിജീവനം' എന്ന ഈ കവിതയിലും ഒരു പ്രത്യക്ഷ സാന്നിദ്ധ്യമാണെങ്കില്‍, ഉപയോഗമില്ലാത്തതിനെയൊക്കെ നിഷ്കരുണം വെട്ടിമാറ്റുന്ന ഉപഭോഗസംസ്കാരത്തിന്റെ കരുണയില്ലാത്ത വാള്‍ ഇതിലെ ഒരു പരോക്ഷ സാന്നിധ്യമാണ്.
'കുമ്പളവള്ളിക്ക് പടരാനും
നിലാവിന് ചില്ലവരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണണ്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി' മുറ്റം വൃത്തികേറ്റാക്കാതെതന്നെ വീടിനരികില്‍ ഒരു 'കാടിനെ പ്രതീതിപ്പിച്ച്' നിന്ന അത് കായ്ഫലമില്ലെന്ന് കണ്ടും 'ആണ്മരമാവുമെന്ന് ആശങ്കപ്പെട്ടും' മുറിച്ച് മാറ്റുവാന്‍ തീരുമാനമാവുന്നു. അതിജീവനതിന്റെ ഈ ഇടുങ്ങിയ ഇടനാഴിയിലൂടെ ഒരു രാത്രി പുലര്‍ന്നപ്പോള്‍ ആണത്തം മുറിച്ചുമാറ്റി പെണ്ണായ് പൂത്തുനില്‍ക്കുന്നു മുറ്റത്തെ കാട്ടുനെല്ലി!
"ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍ ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല".
കുളിമുറിയിലെങ്കിലും ഒരു 'പടുപാട്ട് മൂളാത്ത്' കഴുതയുമുണ്ടാവില്ലെന്നാണല്ലോ...,അങ്ങനെയെങ്കില്‍ കുളിയും പാട്ടും തമ്മിലുള്ള ആ ബന്ധമെന്തായിരിക്കും? കുളി ഉടലിനെ ശുദ്ധമാക്കുന്നുവെങ്കില്‍ സംഗീതം ആത്മാവിനെ എന്നത്..?
"കുളിമുറികള്‍
ഇല്ലാതിരുന്ന കാലത്ത്
ഇവര്‍ എവിടെയായിരിക്കും പാടിയിരിക്കുക" എന്ന ചോദ്യത്തില്‍നിന്നാണ് മുസഫറിന്റെ 'കുളിമുറിപ്പാട്ടുകാര്‍' എന്ന കവിത വികസിക്കുന്നത്.തുടര്‍ന്ന് ജലമൃത്യുവിനെ ദ്യോതിപ്പിക്കുന്ന അഞ്ച് ബിംബങ്ങളിലൂടെ വളരുന്ന കവിത കടല്‍ക്കുളിയും, പുഴകുളിയും, തോട്ടുകുളിയും, കുളംകുളിയും,കിണറുകുളിയും കടന്ന് മടങ്ങിയെര്‍ത്തുന്നത് വെള്ളമില്ലാത്ത
കുളിമുറികളിലേയ്ക്കാണ്.
"ജലതരംഗത്തില്‍
പടുത്തുയര്‍ത്തിയ
പാട്ടുപുരകളില്‍" വാട്ടം തീര്‍ക്കാനാവാത്ത ഉടലുകള്‍ക്ക് വറ്റിയ കുളിമുറികള്‍ എന്താണെന്ന് കാട്ടിത്തരുന്ന അവസാന വരികളിലെ തീവ്രത അനുഭവിക്കേണ്ടതുതന്നെയാണ്
"വെള്ളമില്ലാത്ത കുലിമുറികള്‍
ഇവര്‍ ഊമഗായകര്‍
പരസ്പരം ഉമ്മവയ്ക്കുന്ന
ബധിര ഗായകര്‍
ഇണപിരിയുന്ന അന്ധ ഗായകര്‍
ജലപ്പിശാചുക്കളും
നീര്‍കാക്കകളും
ഊതിയൂതി വറ്റിച്ച
തൈലത്തുള്ളികള്‍"
സ്വന്തം നിലയ്ക്ക് മനോഹരങ്ങളെങ്കിലും ആദ്യം പറഞ്ഞ ജലമൃത്യുവിനെ സൂചിപ്പിക്കുന്ന അഞ്ച് ബിംബങ്ങളെ കുറെക്കൂടി ഫലപ്രദമായി മറ്റ് മൂന്നു ഖണ്ഡങ്ങളുമായി ലയിപ്പിക്കുവാനായിരുന്നുവെങ്കില്‍ ഇതിലും എത്രയോ തീവ്രമായിരുന്നേനേ ഈ കവിത നല്‍കുന്ന അനുഭവമെന്ന ഒരു പരിഭവം ബാക്കിവച്ച്
പൂര്‍ണ്ണമാകുന്നു മുസഫര്‍ അഹമ്മദിന്റെ ഈ കവിത.
ലോക സമാധാനത്തിനായി സമര്‍പ്പിക്കേണ്ട ചിത്രത്തിന്റെ നിറക്കൂട്ട് 'ചിത്രശാലയിലേയ്ക്ക് കയറിവന്ന
ഒരു സുഹൃത്തിന്റെ കഴുത്തില്‍നിന്ന്' തന്നെ കണ്ടെത്തപ്പെടുന്നതിലെ വൈരുദ്ധ്യമാണ്, അതിന്റെ പ്രതിരൂപാത്മകമായ വായനാ സാധ്യതകളാണ് വിബിന്റെ 'മാസ്റ്റര്‍ പീസ്' എന്ന കവിതയുടെ കാതല്‍. പക്ഷെ 'കാന്വാസിനുള്ളിലെ
സര്‍വ്വമത പ്രാര്‍ത്ഥനാലയങ്ങ്'ളും 'ഫ്രെയ്മിനു രണ്ടിഞ്ച് മുകളിലായി' അറ്റുകിടക്കുന്ന അവരുടെ തലകളുമൊക്കെ ചേര്‍ന്നുണ്ടാവുന്ന ചിത്രത്തിന്റെ പ്രകടനപരത വായനയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.'എന്തൊക്കെ കലര്‍ത്തിയിട്ടും' കിട്ടാത്ത നിറം ചങ്ങാതിയുടെ ചോരയില്‍നിന്ന്
കണ്ടെത്തുന്നിടത്താവട്ടെ അത് ഉച്ചസ്ഥായിയിലാവുന്നു.പറയേണ്ടതില്‍ അധികം പറഞ്ഞു എന്നതും,ഒതുക്കി പറയേണ്ടവ പ്രകടമായിപ്പോയെന്നതും ഈ കവിതയുടെ ക്രാഫ്റ്റിനെ ദുര്‍ബലപ്പെടുത്തിയ ഘടകങ്ങളാണ്.അതുകൊണ്ട് തന്നെയാണ് കവി ഉദ്ദേശിച്ച അനുഭവതലത്തിലേയ്ക്ക് വായനയെ കൊണ്ടെത്തിക്കാന്‍ കവിതയ്ക്ക് കഴിയാതെ പോയതും.
ഒരു പൊതു സിദ്ധാന്തത്തിന്റെ തണലില്ലെങ്കിലും മലയാള കവിത, പ്രതിഭയുള്ള കുറെ എഴുത്തുകാര്‍ തങ്ങളുടേതായ വഴികളിലൂടെ നടത്തുന്ന അന്വേഷണങ്ങളിലൂടെ ഒരു പുത്തന്‍ ഭാവുകത്വ പരിസരത്തിലേയ്ക്ക്
അടുത്തുകൊണ്ടിരിക്കുകതന്നെയാണെന്ന് തൊന്നുന്നു.എന്തു പറയുന്നു എന്നതിലല്ല, എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം എന്ന് ശഠിക്കുന്ന ഉത്തരാധുനിക സൗന്ദര്യശാസ്ത്രത്തിന്റെ വ്യക്തിനിഷ്ഠതയും, അരാഷ്ട്രീയതയും വിട്ട് ചരിത്ര, സാമൂഹ്യ, രാഷ്ട്രീയ ബോധങ്ങളെ സമൂലമായ ഒരു ജീവിത ദര്‍ശനത്തിലേയ്ക്ക് സമന്വയിപ്പിക്കന്‍ പോന്ന നൂതനമായൊരു കാവ്യമീമാംസ ഇവരിലൂടെ ഉരുത്തിരിഞ്ഞ് വരേണ്ടതുണ്ട്. അത്തരം ഒരു മാറ്റത്തിന്റെ സൂചനകള്‍ സമകാലിക കവിതയില്‍ ധാരാളമുണ്ട്. അവ കാലാകാലങ്ങളില്‍ കണ്ടെത്തപ്പെടുകയും, ചര്‍ച്ച ചെയ്യപ്പെടുകയും വേണം. മഹത്തായ ആ ലക്ഷ്യത്തിലേയ്ക്കുള്ള നമ്മുടെ എളിയ പങ്കാവട്ടെ ഈ വിഷുപതിപ്പ്.
11 വായന:
ഏഴ് കവികള്‍
ഏഴ് കവിതകള്‍
സമഗ്രമായ പഠനം
last vari cut cheythu poyathanu sakhaave...
പുതുകവിത വായിച്ചു. എനിക്ക് അവസരം തന്നതിന് നന്ദി.
വളരെ സീരിയസ്സായി മലയാളകവിതയുടെ പുതുവഴി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.
വിശാഖ് ശങ്കറിന്റെ പഠനവും ശ്രദ്ധേയമാണ്.
പുതുകവിതയുടെ പരിച്ഛേദം ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
ഭാവുകത്വത്തിന്റെ വ്യതിരിക്തത ബോധ്യപ്പെടുത്തുന്ന , പുതുകവിതയുടെ വിഷുപ്പതിപ്പിന് എല്ലാ ആശംസകളും നേരുന്നു
shylan.laast vari shariyaakkiyittunt.aneesh thanks.
Really Wonderful ... Best wishes...!!!
എഴുതിയതെല്ലാം കവിതകളാകാറില്ല
അനുഭവിച്ചതെല്ലാം
അനുഭവങ്ങളുമാകാറില്ല.
വായിച്ചവ തന്നെ
എത്രവേഗം മറവിയിൽ മാഞ്ഞു പോകുന്നു.
എങ്കിലും ചിലത്
ഓർമ്മയായി തീരുന്നു.
അനുഭവമായി തീരുന്നു.
അടയാളങ്ങളായി തീരുന്നു.
കാലത്തെ ,ജീവിതത്തെ തൊട്ടു കാണിച്ചു തരുന്നു.
പുതുകവിതാനുഭവം
ഇത്രമാത്രം എന്നെ തൊടുന്നു.
പുതുകവിതയുടെ സംരംഭം ശ്ലാഘനീയം തന്നെ. വിശാഖ് ശങ്കറിന്‍ റെ പഠനവും തിരഞ്ഞെടുക്കപ്പെട്ട കവിതകളും ബ്ലോഗില്‍ ഒരു പുതിയാനുഭവം തന്നെ.
അഭിനന്ദനങ്ങള്‍.
കവിതകള്‍ വായിച്ചപ്പോള്‍ തോന്നിയ ചില അപകടകരമായ അസ്വസ്ഥതകള്‍ പുതു കവിതയുമായി പങ്കുവയ്ക്കാം എന്ന് കരുതുന്നു.
ഈ എഴു കവിതകള്‍ വായിക്കുന്ന ബ്ലോഗര്‍ അല്ലാത്ത ഒരു കവിതാ വായനക്കാരന്‍ ബ്ലോഗിനെ വിലയിരുത്തുന്നത് ഈ കവിതവച്ചായിരിക്കും എന്നതു കൊണ്ട് അതിന്‍ റെ മിനിമം നിലവാരം കവിതകള്‍ വച്ച് പുലര്‍ത്തണമായിരുന്നു എന്ന വിമര്‍ശനം പറയാതെ വയ്യ.
എന്തുകൊണ്ട്..എന്നാല്‍
പ്രതിപാദിക്കപ്പെട്ട കവിതകളില്‍ ശൈലന്‍റെ യും പ്രമോദിന്‍റെയും കലേഷിന്‍റെയും കവിതകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ കവിതയില്‍ ഒരു സ്പാര്‍ക്കുള്ള ഒന്നു പോലും ഇല്ലെന്ന് പറയേണ്ടി വരുമ്പോള്‍ വായനക്കാരന്‍ എന്ന നിലയില്‍ വിഷമമുണ്ട്.
വി മുസഫര്‍ അഹമ്മദിന്‍ റെ ‘കുളിമുരിപട്ടുകള്‍’ എടുത്ത് പരിശോധിക്കാം.
കുറേ നല്ല ഇമ്പമുള്ള കേള്‍ക്കാനും കാണാനും സുഖമുള്ള വരികള്‍ എടുത്ത് എഴുതിയാല്‍ കവിതയാകുമോ? വരികള്‍ തമ്മില്‍ യോജിപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘പ്രിപ്പോസിഷന്‍സ്’ പലപ്പോഴും ‘ സംഗതികളുടെ’ അഭാവത്തില്‍ കവിതയെ വെറും ചത്തുമലച്ച് പാറ്റയെ പോലെ തൂത്ത് കളയേണ്ടി വരുന്നു.
‘കടല്‍ക്കുളീക്കിടെ പാടിയെങ്കില്‍
ഉപ്പില്‍ തേച്ച മുളക്
ഒച്ചിന്‍ പുറത്ത്
സവാരി പോയിരിക്കും’
ഒരു പാരഗ്രാഫില്‍ നിന്ന് അടുത്ത പാരഗ്രാഫിലേക്ക് കവിത സഞ്ചരിക്കുമ്പോള്‍ നിലാവത്ത് വിട്ട കോഴിയേ പോലെ വായനക്കാരന്‍ അന്തം വിടേണ്ടി വരുന്ന അവസ്ഥ.
എം. ആര്‍. വിബിന്‍റെ മാസ്റ്റര്‍ പീസ് എന്ന കവിത ഇതിലും അസഹനീയം എന്നേ പറയാന്‍ പറ്റൂ. എന്തിനാണ് അല്ലെങ്കില്‍ എങ്ങിനെ വാക്കുകളെ കവിതയാക്കാമെന്ന് വിബിന്‍ പഠിക്കേണ്ടിയിരിക്കുന്നു.
ഇദ്ദേഹം നല്ല കവിതകള്‍ എഴുതിയിരിക്കാം. പക്ഷെ ഈ കവിത മിനിമം നിലവാരത്തിലേക്ക് പോലും എത്തുന്നില്ലെന്ന് പുതുകവിതയെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു.
വാസുദേവന്‍ കോറോം എഴുതിയ ‘ന്യൂസ്പേപ്പര്‍ ഗേള്‍‘ എന്തു കൊണ്ട് ഒരു നല്ല കവിതയാകുന്നില്ലെന്ന് അദ്ദേഹം ചിന്തിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ജീവനില്ലാത്ത വാക്കുകളും ക്ലീഷേകളും ഇത്തരം വിഷയത്തെ വായനക്കാരനില്‍ ഒരു ‘ഫീലും’ തരാതെ അടുത്ത പേജിലേക്കോ കവിത മുഴുവനാക്കാതിരിക്കാനോ നിര്‍ബന്ധിക്കുന്നു.
പി. എസ് അനീഷിന്‍ റെ ‘ അതിജീവനം’ ശരാശരി കവിതയെന്നോ എഴുതി തുടങ്ങിയ എഴുത്തുകാരന്‍റെ കവിതയെന്നോ പറയാവുന്ന ഒന്നാണ്. കൃത്യമായി ഒരു കാഴ്ച തരുന്നുണ്ട് കവിത. വിഷയം പുതുമയൊന്നുമില്ലെങ്കിലും. വാക്കുകള്‍ക്കും പുതുമയില്ല. എന്നിരുന്നാലും കവിത വായിച്ച് ശീലിക്കുന്നതിന്‍ റെയും എഴുതി ശീലിക്കുന്നതിന്‍ റെയും അനുശീലനത്തിന്‍ റെ പ്രകടനം അതിജീവനത്തില്‍ കാണാന്‍ സാധിക്കുന്നു.
ശൈലന്‍ എന്ന കവിയുടെ അത്ര മെച്ചമല്ലാത്ത ഒരു കവിതയാണ് ‘അജ്ഞാത’. നല്ല കവിതകള്‍ ശൈലന്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ വിമര്‍ശനം അര്‍ഹിക്കുന്ന കവികൂടിയാണ്‍ ശൈലന്‍.
“തിരിച്ചു പോരുമ്പോള്‍
inquest ആണ്..
റോഡരികില്‍ ഓലപ്പായില്‍
മലര്‍ന്നു നഗ്നം...“
ശൈലന് ചില ക്ലീഷേ പ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. ‘മലര്‍ന്നു നഗ്നം’ എന്താണിത്. അര്‍ത്ഥം വ്യക്തമേങ്കിലും കവിതയിലെ ‘പോയറ്റിക് നേച്ചര്‍ ചിലപ്പോള്‍ ചോര്‍ത്തിക്കളയുന്നു ചില വാക്കുകള്‍. നഗ്നം എന്ന് എഴുതിയത് അശ്ലീലം ആണ് എന്നല്ല ഞാന്‍ പറഞ്ഞത്. ആ വാക്കിന് ധ്വനിപ്പിക്കാന്‍ മാത്രം ആ വരികള്‍ സുന്ദരമല്ലെന്നോ അല്ലെങ്കില്‍ ആ വാക്ക് അനവസരത്തിലേ അഹങ്കാരമയി എന്നുമാത്രമേ ഉള്ളൂ.
“കൊണ്ടയില്‍
പാടുന്ന കനകാംബരം..“
കൊണ്ട എന്നു തന്നെയോ? അതൊ തൊണ്ട എന്നോ?
രണ്ടായാലും പാടുന്ന കനകാംബരം എന്ന് എങ്ങിനെ പറയും?
എന്നാല്‍ വളരെ സുന്ദരമായ ഒരു പ്രയോഗം
“
നെഞ്ചത്തു ബീജീയെം നിലച്ചെന്നു
തോന്നത്തെയില്ല..“
ഇത് മനോഹരമായി.
ഇത്രയൊക്കെയാണെങ്കിലും ശൈലന്‍ റെ ‘അജ്ഞാത’ വായനക്കാരനെ മോഹിപ്പിക്കുന്നേയില്ല.
കെ.എം പ്രമോദ് ബ്ലോഗില്‍ സ്ഥിരത പ്രകടിപ്പിച്ച ഒരു കവിയാണ്.
അദ്ദേഹത്തിന്‍റെ കവിതകളെ ‘ചുവന്ന കവിതകള്‍’ എന്നു പേര്‍ട്ട് വിളിക്കാനാണെനിക്കിഷ്ടം. എന്നാല്‍ ഒരു കൊറിയന്‍ അറിയിപ്പില്‍ സ്വാഭാവികമായ മലയാളിയായ് മാറുന്ന കവി പുതിയ ഒരു ചിത്രം സമ്മാനിക്കുന്നുണ്ടെങ്കിലും പഴയ കവിതയുടെ കാമ്പ് ഈ കവിതയിലേക്ക് വന്നില്ല. നല്ല ‘ഇമ്മേജറുകള്‍‘ തരാന്‍ പ്രമോദിന്‍റെ കവിതയ്ക്ക് കഴിയുന്നു എന്നതും സന്തോഷകരം തന്നെ.
ഒരേ കാലഘത്തില്‍ ജീവിക്കുന്ന എഴുത്തുകാര്‍ വിവിധങ്ങളായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ആധുനീകതയുടെയും ഉത്തരാധൂനികതയുടെയും എഴുത്തുകള്‍ വേര്‍തിരിക്കാന്‍ നമുക്ക് എളുപ്പമായിരുന്നു
എഴുത്തിലെ ഏകതാനതയും പ്രയോഗത്തിലെ സൂക്ഷ്മ വിശകലനവും കൂടിച്ചേരുമ്പോള്‍ ഒരു പക്ഷെ കവിതയുടെ കാലഘട്ടം നിര്‍വ്വചിക്കേണ്ടി വരികയില്ലായിരുന്നു. എന്നാല്‍ ഇവിടെ അവതരിപ്പിച്ച ഏഴ് കവിതകളില്‍ ഏഴുപേരും സമാന കാല്‍ഘട്ടത്തിലും പ്രായത്തിലും സമാനത പുലര്‍ത്തുമ്പോള്‍ കാലത്തെ വിവിധങ്ങളാക്കുന്ന രചനകള്‍ തന്നെയാണ്.
ചിന്തയിലോ പ്രവര്‍ത്തിലോ ഉത്തരാധൂനീകതയ്ക്ക് ശേഷമുള്ള ഒരു കാലവും തിരിച്ചറിയിപ്പിക്കാതെ ഇന്നത്തെ കവികള്‍ കടന്നു പോകുന്നു.
മലയാളത്തിന് പുതിയ ഒരു ഭാവുകത്വ പരിണാമങ്ങള്‍ നല്‍കാന്‍ മേല്‍ അവതരിപ്പിച്ച കവികള്‍ ഇനിയും ഏറെ ദൂരം നടക്കേണ്ടതുണ്ട്.
ഏഴു കവികള്‍ക്കും വിഷയം ഏഴാകുമ്പോള്‍ സമൂഹത്തെ തിരിച്ചറിയുന്ന, സ്വത്വത്തെ ഉയര്‍ത്തുന്ന ശരിയെ തേടുന്ന കവിതകള്‍ എഴുത്തുകാരനിലേക്ക് സന്നിവേശിക്കപെടുന്ന സത്യസന്ധമായ കവിതകള്‍ വായനക്കാരന്‍ അന്വേഷിച്ച് കൊണ്ടേയിരിക്കുന്നു.
എഴുത്ത് ഇന്ന് ഒരു ടെക്നിക്കാണ് എന്ന് അറിയാതെ അല്ല ഈ ജല്പനം. എഴുത്തിലെ ടെക്നിക്കില്‍ ജീവിതത്തിന്‍റെ ഏണും കോണും കൂട്ടിക്കലര്‍ത്തുമ്പോള്‍ വരികളില്‍ പുതിയ സാമൂഹിക കാഴ്ചപ്പാടുകള്‍, തിരിച്ചറിവുകള്‍ എഴുത്തുകാരന്‍ നടത്തേണ്ടിയിരിക്കുന്നു.
സൌന്ദര്യ ശാസ്ത്രപരമായ ഗുണമോ മണമോ ഇല്ലാത്തതും അരാഷ്ട്രീയമായ സമീപനങ്ങള്‍ കൊണ്ടും ഇവിടെ അവതരിപ്പിച്ച കവികളില്‍ പലതും പുതു കവിത എന്ന പേരില്‍ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുള്ളവ തന്നെ.
സമൂലമായ ഒരു ജീവിത ദര്‍ശനത്തിലേയ്ക്ക് സമന്വയിപ്പിക്കന്‍ പോന്ന പുത്തന്‍ കാവ്യ സംസ്കാരം പുതു എഴുത്തുകാരില്‍ ഉരുത്തിരിഞ്ഞ് വരേണ്ടതുണ്ട്. അത്തരം ഒരു മാറ്റത്തിന്റെ സൂചനകള്‍ സമകാലിക കവിതയില്‍ ധാരാളമുണ്ട്. എന്നിരിക്കേ ഏഴു കവികളെ അവതരിപ്പിച്ച് തീര്‍ത്തും നിരാശപ്പെടുത്തി എന്നേ പറയാനുള്ളൂ.
അല്ലെങ്കില്‍ ചത്തുമലച്ച പൂവന്‍ കോഴിയുടെ പൂവുടല്‍ പോലെ ചോരവാര്‍ന്നിരിക്കുന്ന മലയാള കവിത പുതുകവികളുടെ കണ്ണിലൂടെ വിരലിലൂടെ ഇന്നത്തെയും നാളെത്തേയും വായനക്കാരന്‍ വായിച്ചെന്നിരിക്കും. എന്നിട്ട് അത്ഭുതത്തോടെ പറയും. ദാ നോക്കു ഇതാണ് പുതുകവിത എന്ന്.
വിശാഖ് ശങ്കറിന്‍ റെ പഠനം ശരാശരി നിലവാരത്തില്‍ നില്‍ക്കുന്നു. പുതിയ കണ്ടുപിടുത്തങ്ങളൊ അസ്വസ്സ്ഥകളൊ പങ്കു വയ്ക്കാന്‍ നിരൂപകന്‍ തയ്യാറാകുന്നില്ലെന്നത് ഇന്നത്തെ നിരൂപക കേന്ദ്രങ്ങളുടെ ആകെ രൂപമാണൊ എന്നും സംശയിക്കെണ്ടിയിരിക്കുന്നു. വിശാഖ് ശങ്കറിന്‍ റെ പഠനം കവിതയെ വായിക്കാന്‍ പുതിയ കാഴ്ചയോ വായനാ നിലവാരമോ കാട്ടിത്തരാന്‍ പര്യാപ്തവുമായില്ലെന്ന് പറയേണ്ടി വരുന്നു.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
THANX IRINGAL..
KAVITHAKALKKU
ATHYAVASYAMAYITTULLATHU
ITHUPOLE
SHARP AAYA VAAYANAKALAANU..
REALLY TRUTHFUL..
പ്രിയ ഇരിങ്ങല്‍,
സാമാന്യം ഭേദപ്പെട്ട ഭാഷയില്‍ ഇരിങ്ങല്‍ പുതുകവിതയുടെ വിഷുപ്പതിപ്പിനെ വിലയിരുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നത് അഭിനന്ദനാര്‍ഹമാണ്. എങ്കിലും പരന്ന വായനയ്ക്കപ്പുറം ആഴത്തിലുളള വായനയുടെ അഭാവവും ഇവിടെ അനുഭവപ്പെടുന്നുണ്ട് എന്നു പറയാതെ വയ്യ. ശൈലന്റെ കവിതയെക്കുറിച്ച്
ശൈലന് ചില ക്ലീഷേ പ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. ‘മലര്‍ന്നു നഗ്നം’ എന്താണിത്. അര്‍ത്ഥം വ്യക്തമേങ്കിലും കവിതയിലെ ‘പോയറ്റിക് നേച്ചര്‍ ചിലപ്പോള്‍ ചോര്‍ത്തിക്കളയുന്നു ചില വാക്കുകള്‍
എന്നതും
“കൊണ്ടയില്‍
പാടുന്ന കനകാംബരം..“
കൊണ്ട എന്നു തന്നെയോ? അതൊ തൊണ്ട എന്നോ?
രണ്ടായാലും പാടുന്ന കനകാംബരം എന്ന് എങ്ങിനെ പറയും?
വായിച്ച സന്ദര്‍ഭത്തില്‍ ഈ ദുര്‍ബലത വെളിപ്പെട്ടു കാണാം. ഇത് ഇരിങ്ങലിന്റെ വിമര്‍ശനം പൊളളയാണോ എന്ന് പോലും സന്ദേഹം ജനിപ്പിക്കുന്നു. എങ്കിലും ശൈലന്‍ സൂചിപ്പിച്ച പോലെ ഇത്തരത്തിലുളള വായനാ ശ്രമങ്ങള്‍ പുതുകവിതയ്ക്ക് ഉണര്‍വ്വു പകരുന്നുണ്ട്. ബ്ളാഗെഴുത്ത് തമാശയല്ലെന്നും, സാങ്കേതികവിദ്യയുടെ വിനിമയം സാധ്യമാക്കിയ ഈ അത്യാധുനിക മാധ്യമത്തിലൂടെ സര്‍ഗാത്മകത, കൂടുതല്‍ ഗൗരവത്തോടെ നടത്തേണ്ടതാണെന്ന യാഥാര്‍ഥ്യത്തെ ഓരോ എഴുത്തുകാരനും നേരിടേണ്ടി വരുന്നു. അച്ചടി മാധ്യമങ്ങളോടൊപ്പം ബ്ളാഗെഴുത്തുകളും സാഹിത്യത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി മാറിയിരിക്കുന്നു. ഗൗരവത്തോടെ എഴുത്തിനെ സമീപിക്കാന്‍ ഇരിങ്ങലിനെപ്പോലുളളവരുടെ വായനകള്‍ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നു
സ്നേഹം
താങ്ക്സ് ഇരിങ്ങല്‍ ...
ഞാന്‍ എം .ആര്‍ .വിബിന്‍...എല്ലാ എഴുത്തും ചെറിയ ശ്രമങ്ങള്‍ മാത്രമാണ്..ജീവിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍..എന്തിനാണ് അല്ലെങ്കില്‍; എങ്ങനെ വാകുകളെ കവിതയാകമെന്നു പഠിച്ചു കൊണ്ടിരിക്കുകയാണ്.പഠിപ്പിച്ചു തരാന്‍ അദ്ധ്യാപകരില്ലാത്ത ഒരു കളരിയില്‍..എഴുതി തെളിയും എന്ന വിശ്വാസത്തില്‍...നല്ല കവിതയുടെ ഫോര്‍മുല കയ്യിലുണ്ടെങ്കില്‍ എത്ര നന്നായിരുന്നു...എന്നും നല്ല കവിതകള്‍ മാത്രം എഴുതാമായിരുന്നു...എന്നെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാം...കവിതയെ നല്ല രീതിയില്‍ വായിച്ചു അഭിപ്രായം അറിയിച്ചതിനു ഒരിക്കല്‍ കൂടി നന്ദി...നിലവാരമുള്ള കവിതകള്‍ എഴുതാനുള്ള എന്റെ ആഗ്രഹത്തെ , എന്റെ ശ്രമങ്ങളെ കൂടുതല്‍ ഉഷാര്‍ ആക്കിയതിനും.....
താങ്ക്സ് ഇരിങ്ങല്‍ ...
ഞാന്‍ എം .ആര്‍ .വിബിന്‍...എല്ലാ എഴുത്തും ചെറിയ ശ്രമങ്ങള്‍ മാത്രമാണ്..ജീവിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍..എന്തിനാണ് അല്ലെങ്കില്‍; എങ്ങനെ വാകുകളെ കവിതയാകമെന്നു പഠിച്ചു കൊണ്ടിരിക്കുകയാണ്.പഠിപ്പിച്ചു തരാന്‍ അദ്ധ്യാപകരില്ലാത്ത ഒരു കളരിയില്‍..എഴുതി തെളിയും എന്ന വിശ്വാസത്തില്‍...നല്ല കവിതയുടെ ഫോര്‍മുല കയ്യിലുണ്ടെങ്കില്‍ എത്ര നന്നായിരുന്നു...എന്നും നല്ല കവിതകള്‍ മാത്രം എഴുതാമായിരുന്നു...എന്നെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാം...കവിതയെ നല്ല രീതിയില്‍ വായിച്ചു അഭിപ്രായം അറിയിച്ചതിനു ഒരിക്കല്‍ കൂടി നന്ദി...നിലവാരമുള്ള കവിതകള്‍ എഴുതാനുള്ള എന്റെ ആഗ്രഹത്തെ , എന്റെ ശ്രമങ്ങളെ കൂടുതല്‍ ഉഷാര്‍ ആക്കിയതിനും.....
Post a Comment