വി മുസഫര്‍ അഹമ്മദ് കുളിമുറിപാട്ടുകാര്‍
കുളിമുറികള്‍ ഇല്ലാതിരുന്ന കാലത്ത് ഇവര്‍ എവിടെയായിരിക്കും പാടിയിരിക്കക മഴയുടെ ശിഖരത്തിലോ വെയില് ചാഞ്ഞ പൊന്തയിലോ ഹിമപ്പരപ്പിലോ മരുമണല്‍ക്കാട്ടിലോ?
കടല്‍ക്കുളിക്കിടെ പാടിയെങ്കില്‍ ഉപ്പില്‍ തേച്ച മുളക് ഒച്ചിന് പുറത്ത് സവാരി പോയിരിക്കും പുഴക്കുളിക്കിടയെന്കില്‍ വരാലുകള്‍ വരച്ചത് പൊന്മകള് കൊത്ത്തിതിന്നിരിക്കും തോട്ടുകുളിയെങ്കില്‍ കൈതമുള്ളില്‍ തറഞ്ഞിരിക്കും കുളക്കുളിയെങ്കില്‍ മെഴുക്കില്‍ വഴുക്കി വീണിരിക്കും കിണര്‍ക്കുളിയെങ്കില്‍ പാറകത്തിന്റെ പരുപരുപ്പില്‍ തിണര്‍ത്തിരിക്കും
ജലതരംഗത്തില്‍ പടുത്തുയര്‍ത്തിയ പാട്ടുപുരയില്‍ ഉടല് വാട്ടം തീര്‍ക്കാന്‍ ജലപ്പശിമയില്‍ ഒട്ടുമ്പോള്‍ വിയര്‍പ്പിന്റെയും,ചളിയുടെയും നഗ്നതയുടെയും,താഴ്വരയില് പാട്ട് പിഴിഞഞ് പാരും, ഈണങങള്‍ കുളിച്ച് കിതക്കും
വെള്ളമില്ലാത്ത കുളിമുറികള്‍ ഇവര്‍ ഊമ ഗായകര്‍ പരസ്പരം ഉമ്മ വെക്കുന്ന ബധിര ഗായകാര്‍ ഇണ പിരിയുന്ന അന്ധ ഗായകര്‍ ജലപ്പിശാജുക്കളും,നീര്‍ക്കാക്കളും ഊതിയൂതി വറ്റിച്ച തൈലതുള്ളികള്‍. ----------------- ശൈലന് അജ്ഞാത
പോവുമ്പോള്‍ വിജന പാതയില്‍ , ചൊവ്വാഴ്ച അവളുടെ മൃതദേഹം കണ്ടു..
നല്ല സംവിധായകനാണ്; കോഴിക്കടകള്‍, വേസ്റ്റ് കൊണ്ട് തള്ളുന്ന കുഴിയില്‍ത്തന്നെ ലൊക്കേഷന്‍ കൊടുത്തിരിക്കുന്നു..
മൂക്ക് തുളയ്ക്കും നാറ്റത്തെ ചെറുത്തു കാണികള്‍ ഇരച്ചു വരുന്നു...
നല്ല കോസ്റ്റുഊം ഡിസൈനര്‍ ആണ്..; പാണ്ടിക്കളറ് ചേല അണിയിച്ചിട്ടുണ്ട് കാല് വിരലില്‍ മിഞ്ചിയുണ്ട്.. കൊണ്ടയില്‍ പാടുന്ന കനകാംബരം..
തമിഴത്തിയല്ലെന്നാരും പറയത്തേയില്ല.. തെമ്പതു മൂക്കുത്തിയെന്ന പോല്‍ നീറിന്റെ ചാഞ്ചാട്ടം കണ്ടാല്‍ നെഞ്ചത്തു ബീജീയെം നിലച്ചെന്നു തോന്നത്തെയില്ല..
തിരിച്ചു പോരുമ്പോള്‍ inquest ആണ്.. റോഡരികില്‍ ഓലപ്പായില്‍ മലര്‍ന്നു നഗ്നം...
ഹോ..ഹെന്തൊരു ശേപ്പ് എന്നു നയന നിര്‍വ്രുതര്‍... ചായഗ്രഹണ ദാഹമടക്കിയ മൊബൈലുകള്‍.. സൂര്യന്..!
തൊട്ടു നോക്കാതറിയാം.. മരവിപ്പും ശൈത്യവുമല്ല ഉടല് പനിക്കയാണ്.. ഒരു വെയിലും നേരിട്ട് കോള്ളാതാവലാണ്
ഇനിയെന്നെന്കിലും ഉച്ചക്ക് ബൈക്കിനു കൈ കാണിക്കും.. എന്റെ പര്‍ദ്ദ എന്തിയേന്നു ചോദിക്കും.. ഞാനാരെന്ന് കണ്ടു പിടിച്ചോ പോലിസെന്ന് കണ്ണ് പടവെട്ടും.. സീരിയല്‍ കാരനായിരുന്നെങ്കില്‍ ഒന്പതരയിലെക്കോ മറ്റോ കാസ്റ്റ് ചെയ്യാമായിരുന്നു. ----------------- കലേഷ്.എസ്സ് പതിവുകാരീയോര്‍മ്മകള്‍
ദിവസവും ജംഗ്ഷനില്‍ ഒരു ബസ്സ് പറയാതെ ബെലല്ലടിച്ച് നില്ക്കും
കാലുകള്‍ ആദ്യ മട്ടില്‍ മണ്ണിലേക്ക് മടങ്ങിപ്പോവും
വീട്ടിലേക്ക് അവസാനിക്കുന്ന വഴി സൂര്യന് രാത്രിക്ക് മുന്‍പേ പൂട്ടിപ്പോയി. കടലില്ലാത്ത ദേശങ്ങളുടെ വേലിയേറ്റം കടന്ന് ഫര്‍ലോംഗുകള്‍ ഇനിയും പോകാനുണ്ട്
പഷയ കാമുകിയുടെ വീടിണ്ടെ വാതില്‍ പണ്ടവള്‍ ചാരിയതില്‍ പിന്നെ തുറന്നു കണ്ടിട്ടില്ല
സുഹൃത്ത് കല്ല്യാണം കഴിഞ്ഞ ശേഷം പൂറത്ത് കാണുന്നില്ല പണ്ടവനുമൊത്തൊളിച്ചിരുന്ന പുകവലിച്ച കാട്,കാടേയല്ല. അവന്റെ വീട് കടന്നു പോവുമ്പൊള്‍ വഴിയില്‍ തറഞ്ഞ് നില്ക്കും കല്ലില്‍ കാല് ഒരിക്കല്‍ കൂടി തട്ടും.
ചായക്കടക്കാരന് കടം കയറി തൂങ്ങിമരിച്ച ബോര്‍മ്മയുടടുത്തെത്തുമ്പോള്‍ അയാള്‍ പണ്ട് പറ്റിയ അഞ്ച് രൂപയെപ്പറ്റിച്ചോദിക്കും കടങ്ങളൊന്നും മനസ്സില്‍ ചില്ലറയായി സൂക്ഷിക്കാത്തതു കോണ്ട് കൊടുക്കില്ലൊരിക്കലും
വീടടുക്കുമ്പോള്‍ അയ്ല്ക്കാരുടെ പട്ടി ഒരിക്കല്‍കൂടി കുര്യ്ക്കും.
അപരിചിതനാണു ഇരുട്ടിലെന്നും
വീടെത്തി, പതിവുകാരീയോര്‍മ്മകള്‍ മനസ്സിറങ്ങി ജംഗ്ഷനിലേക്കു ഓടിപ്പോവും
അടുത്ത ദിവസവും യാത്ര കഴിഞ്ഞെത്തുവാന്‍ സാധ്യതയുള്ള എന്നെകാത്ത്. -------------------
|
പ്രമോദ് കെ.എം അറിയിപ്പ്
ഉച്ചത്തില്‍ മുഴങ്ങുന്നു സൈറണ്‍.
ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങള്‍, ഓടിയും നടന്നും കൈകള്‍ ഉയര്‍ത്തിയും താഴ്ത്തിയും വ്യായാമം ചെയ്തിരുന്ന അമ്മാവന്മാര്,അമ്മായിമാര്, കൈവണ്ടിയുന്തിയിരുന്ന അമ്മൂമ്മ, തിരക്കിട്ടു പോകുകയായിരുന്ന കോട്ടിട്ട കുറേയാളുകള്‍, മഞ്ഞത്തുടകളുള്ള പെണ്‍കുട്ടികള്‍...... മൈതാനത്ത് കൂവിവിളിച്ചിരുന്ന കുട്ടികള്‍, പട്ടികളോട് കൊഞ്ചിയിരുന്ന സുന്ദരിമാര്‍, അരി പൊടിച്ചിരുന്ന മില്ല്, കരിങ്കല്ല് പൊടിച്ചിരുന്ന യന്ത്രം, വഴിയരികില്‍ താളമിട്ട് കുനിഞ്ഞും നിവര്‍ന്നും മന്ത്രങ്ങളുരുവിട്ടിരുന്ന ബുദ്ധസന്യാസി, ഒച്ചയുണ്ടാക്കി നടന്നിരുന്ന മന്ദബുദ്ധികള്‍..... എല്ലാവരും നിന്നനില്‍പ്പില്‍ മിണ്ടാതെ,അനങ്ങാതെ..
ഉച്ചഭാഷിണിയില്‍ നിന്നും ഇടമുറിയാതെ അറിയാത്ത കൊറിയനില്‍ അറിയിപ്പുകള്. ഒരടിമുന്നോട്ടു വെച്ചാല്‍ അടി കൊള്ളുമെന്നോ വെടിവെക്കുമെന്നോ ഇടി വീഴുമെന്നോ ഭൂമി പിളരുമെന്നോ.....
എന്തായാലും നമ്മള് രണ്ടു പേര്, മലയാളത്തില്‍ ചിലതമാശകള്‍ പറഞ്ഞു. അപകടമുണ്ടെന്നറിഞ്ഞിട്ടും പുഞ്ചിരിയോടെയും നെഞ്ചെടുപ്പോടെയും നടന്നു നീങ്ങുന്ന രണ്ട് വീരപുരുഷന്മാരെ കണ്ടുവോ എന്നാണ് അറ്റന്‍ഷനില്‍ നില്ക്കുന്ന പോലീസുകാര്‍ പരസ്പരം പറയുന്നതെന്നതായിരുന്നു അവയിലൊന്ന്. ------------------ വാസുദേവന്‍ കൊറോം ന്യൂസ്പേപ്പര്‍ ഗേള്‍
സൈക്കിളില്‍ നിന്നും ഒരു വീട്ടുമുറ്റത്തേയ്ക്കും പത്രം വലിച്ചെറിയാറില്ല മെല്ലെ വരാന്തയില്‍ വെച്ചിട്ടുണ്ടാവും.
പ്രസ്സില്‍ നിന്നും അച്ചടിച്ചപ്പോഴത്തെ പുതുമണം വീട്ടിനുള്ളിലേക്ക് നുഴഞ്ഞ് കയറിയാവും വീട്ടുകാര്‍ ഉണരുന്നത്.
മുന്‍പേജില്‍ മരിച്ചുപോയയാളുടെ വലിയ പടമുണ്ടെങ്കില്‍ റീത്ത് വെക്കും പോലെ ആദരവോടെ വരാന്തയില്‍ വെയ്ക്കും.
ഭൂകമ്പത്തില്‍ ചിതറിയ ചിത്രമാണെങ്കില്‍ പെറുക്കിക്കൂട്ടി അറ്റുക്കി വെച്ചേക്കും അവള്.
ജനാലയുടെ ചില്ലുകള്‍ പൊട്ടിപ്പോയ കിലുക്കമായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച്വന്റെ ചിത്രമായിരുന്നു മുന്‍പേജില്‍ ചിരിച്ച് നിന്നത്. --------------------- പി.എ.അനീഷ് അതിജീവനം
മുറ്റത്തിനരികില് വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന കാട്ടുനെല്ലിമരം
കുമ്പളവളളിക്കു പടരാനും നിലാവിന് ചില്ല വരയ്ക്കാനും പൂവാലനണ്ണാറക്കണ്ണന് ഊഞ്ഞാലാടാനും കോഴിക്കുഞ്ഞിനെ കണ്ണുവെച്ച് പറന്നിരിക്കാനും ഇടമൊരുക്കി
കുഞ്ഞിലകള് വീഴ്ത്തിയാല്‍പ്പോലും മുറ്റം വൃത്തികേടാക്കാതെ വീടിനരികില്‍ കാടിനെ പ്രതീതിപ്പിച്ച്
ഇടയ്ക്കാരോ ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ എന്നും ആണ്മരമാവുമെന്നും ആശങ്കപ്പെട്ടും
വീടിന് പെയിന്റടിച്ചു മുറ്റം ചെത്തിക്കോരി പടര്പ്പുകള് വെട്ടിക്കളഞ്ഞു ജനല്ക്കാഴ്ചകളെ കര്ട്ടന് മറച്ചു. നെല്ലിമരം വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത് ഉണങ്ങിയെന്നു കരുതിയിരുന്ന കൊമ്പിലെല്ലാം പൂക്കള്‍!
ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും മരച്ചുവട്ടില്‍ ചോരപുരണ്ട് പാമ്പുറപോലെന്തോ കിടന്നത് മാത്രം ആരും കണ്ടില്ല. ----------------- എം.ആര് വിബിന് മാസ്റ്റര്‍ പീസ്
എന്തൊക്കെ കലര്‍ത്തിയിട്ടും ആ നിറം മാത്രം കിട്ടിയില്ല.
ക്യമ്പസിനുള്ളില്‍ സര്‍വ്വ മത പ്രാര്തനാലയങ്ങള്
ഫ്രയ്മിനും രണ്ടു ഇഞ്ച് മുകളിലായാണ് അവര്‍ തലയറ്റു കിടക്കുന്നത്.
എല്ലാ അക്രമങ്ങള്‍ക്കും എതിരെ ലോക സമക്ഷം, ഉയര്തിപ്പിടിക്കാവുന്ന ഈ ചിത്രത്തില്‍ ചോരക്കു, അതെ നിറം തന്നെ വേണ്ടേ?
ചിത്ര ശാലയിലേക്ക് കയറി വന്ന സുഹൃത്തിന്റെ കഴുത്തില്‍ നിന്നു ആ നിറം, ഞാന്‍ വേണ്ടുവോളം എടുത്തതിനെ ന്യായീകരിക്കാനല്ല ഇത്രയും പറഞ്ഞത്.
കൃത്യതയുള്ള നിറം കൊണ്ടു ഒരു ചിത്രതിനെത്താവുന്ന പൂര്‍ണത താണ്ടാവുന്ന ഉയരങ്ങള്‍, അപാരം തന്നെയെന്ന് നിങ്ങള്‍ കണ്ടറിഞ്ഞതേല...
ഇപ്പോള്‍ എന്റെ ഈ ചിത്രം ലോക സമാധാനത്തിനായി സമര്‍പ്പിക്കാവുന്ന ഒരു മാസ്റ്റര്‍ പീസ് . ------------------------
|
വിശാഖ് ശങ്കര്‍
പുതുകവിതയുടെ രസതന്ത്രം
ഉത്തരാധുനികതയുടെ കാവ്യസിദ്ധാന്തങ്ങള്‍ ചുമലില്‍നിന്നിറക്കിവച്ച് മലയാള കവിത പുതിയ വഴികള്‍ തേടുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ പ്രിന്റ് മീഡിയയിലേക്കാള്‍ എളുപ്പത്തില്‍ കണ്ടെടുക്കാവുന്നത് ഒരുപക്ഷേ ബ്ലോഗ് എന്ന പുതിയ മാധ്യമത്തില്‍നിന്നാവും.ആനുകാലികങ്ങളും, ബ്ലോഗും ഒരുപോലെ പിന്തുടരുന്ന പല വായനക്കാരുടേയും പൊതു അഭിപ്രായമാണിത്.മലയാള കവിതയ്ക്ക് പുതിയൊരു ഭാവുകത്വ പരിസരം തന്നെ നല്കാന് തക്ക സര്‍ഗ്ഗശേഷിയുള്ളതാണ് ബൂലോകത്തിന്റെ പ്രിയ കവികളില്‍ പലരുടേയും രചനകള്‍.എന്നിട്ടും അവരില്‍ പലര്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നും അപ്രാപ്യമാണ്.പ്രിന്റ് മീഡിയയ്ക്ക് അനഭിമതരല്ലാത്ത പല യുവകവികളുടേയും കവിതകള്‍ അച്ചടിമഷി പുരളുന്നുണ്ടെങ്കിലും അവ അവിടെ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടുന്നുമില്ല.അവിടെയാണ് ബ്ലോഗ് എന്ന മീഡിയത്തിന്റെയും, പുതുകവിത പോലുള്ളസംരംഭങ്ങളുടേയും പ്രസക്തി.
ബ്ലോഗില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട കവികളില്‍ ഒരാളാണ് പ്രമോദ്..എന്തുകൊണ്ടയാള്‍ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നു എന്നതിനൊരുത്തരമാണ് 'അറിയിപ്പ്' എന്ന ഈ കവിതയും. ജീവിതത്തെ അതിന്റെ എല്ലാ സൂക്ഷ്മാംശങ്ങളോടും കൂടി അനുഭവിക്കാനും, അതിനെ താന്‍ തിരഞ്ഞെടുത്ത മാധ്യമത്തിലേയ്ക്ക് ഫലപ്രദമായി വിവര്‍ത്തനം ചെയ്യാനും ശേഷിയുള്ള ഒരുവന്സൃഷ്ടിപരമായ ഊര്‍ജ്ജം തേടി ഒരുപാടൊന്നും അലയേണ്ടിവരില്ലെന്നതിനും, അത് അവനെ തേടിയെത്തുമെന്നതിനും തെളിവ്. ഉച്ചഭാഷിണിയില്‍നിന്നും പൊടുന്നനേ ഉയര്‍ന്ന അറിയിപ്പ് നിശ്ചലമാക്കിക്കളഞ്ഞ ഒരു തെരുവാണ് ഈ കവിതയ്ക്ക് പശ്ചാത്തലം. ഒഴുകിക്കൊണ്ടിരുന്ന ജീവിതത്തില്‍നിന്ന് പൊടുന്നനെ
"എല്ലാവരും
നിന്ന നില്പ്പില്
അനങ്ങാതെ
മിണ്ടാതെ"
ആബാലവൃദ്ധം ജനങ്ങളേയും,വാഹനങ്ങളേയും,യന്ത്രങ്ങളേയുംഎന്തിന് മന്ദബുദ്ധികളെപ്പോലും നിശ്ചലരാക്കിയ ആ അറിയിപ്പ് എന്തോ അറിഞ്ഞിട്ടും തമാശപറഞ്ഞ് ചിരിക്കാനാവുന്ന രണ്ട്മലയാളികള്‍.ഒരുചലച്ചിത്രത്തിലെ പോടുന്നനേ ഫ്രീസായ ഫ്രെയിം പോലെ വായനക്കാരന്റെ മനസ്സില്‍ ഉദ്വേഗം ജനിപ്പിക്കുന്ന ഈ ചിത്രത്തിന്റെ
ക്ലൈമാസ്കാണ് 'അറിയി'പ്പിനെ അവിസ്മരണീയമായ ഒരു വായനാനുഭവമാക്കുന്നത്.ഉറഞ്ഞുനില്ക്കുന്ന ചിത്രത്തില്‍ നിന്ന് ഇറങ്ങിനടക്കുന്നു രണ്ടുപേര്‍. അവര്‍ എന്തൊക്കെയോ തമാശകള്‍ പറഞ്ഞ് ചിരിക്കുന്നുണ്ട്.
"അപകടമുണ്ടെന്നറിഞ്ഞിട്ടും
പുഞ്ചിരിയോടെയും
നെഞ്ചെടുപ്പോടെയും നടന്നു നീങ്ങുന്ന
രണ്ട് വീരപുരുഷന്മാരെ കണ്ടുവോ
അറ്റന്‍ഷനില്‍ നില്ക്കുന്ന പോലീസുകാര്‍
പറയുന്നതെന്നായിരുന്നു അതിലൊന്ന്"
മരണമെന്ന മഹാ സംവിധായകന്റെ പിഴവറ്റ കരവിരുതിലേയ്ക്ക് തുറന്നിട്ട ഉള്‍ക്കാഴ്ചയോടെ അജ്ഞാതയായ ഒരു തമിഴത്തിപ്പെണ്ണിന്റെ മരണം വരച്ചുകാട്ടുന്നു ശൈലന്.'അജ്ഞാത'യെന്ന ഈ കവിത ശ്രദ്ധേയമാകുന്നത് യാഥര്‍ഥ്യത്തെ ഫാന്റസിയുമായി ഇഴപിരിക്കാതെ നിലനിര്‍ത്തികൊണ്ടുപോകുന്ന ക്രാഫ്റ്റിലൂടെയാണ്.ഒരു ദുരന്തസിനിമയിലെ ശോകരംഗത്തിനുവേണ്ട എല്ലാ ചേരുവകളോടുംകൂടിയപശ്ചത്തലത്തില്‍ഒരുക്കപ്പെട്ടിരിക്കുന്ന അനാഥമായ ഒരു മരണം.
"നല്ല സംവിധായകനാണ്;
കോഴിക്കടകള്‍,
വേസ്റ്റ് കൊണ്ട് തള്ളുന്ന
കുഴിയില്‍ത്തന്നെ
ലൊക്കേഷന്‍ കൊടുത്തിരിക്കുന്നു
മൂക്ക് തുളയ്ക്കും
നാറ്റത്തെ ചെറുത്ത്
കാണികള്‍ ഇരച്ചു വരുന്നു..."
പെണ്ണിന്റെ ഉടല്, അതിനി മൃതദേഹമാണെങ്കിലും കണ്ണിനു കാമവിരുന്നാക്കുന്ന മലയാളിയുടെ നയനസുരത്തെ നിശിതമായി പരിഹസിക്കുന്നുമുണ്ട് കവി.
"ഹോ.. ഹെന്തൊരു ശേപ്പെന്ന്
നയന നിര്‍വൃതര്‍..
ഛായാഗ്രഹണ ദാഹമടക്കിയ
മൊബെയിലുകള്‍..
സൂര്യന്..!"
പ്രേതങ്ങളും, മന്ത്രവാദികളുമൊക്കെ മടങ്ങിവന്ന് പിടിച്ചടക്കിക്കഴിഞ്ഞ മനസിലേയ്ക്ക് ഇനി ഏതെങ്കിലുമൊരു ഉച്ചയ്ക്ക് ഇവള് കയറിവന്നേക്കാമെന്നും, 'എന്റെ പര്‍ദ്ദ എന്തിയേ'എന്നോ, 'ഞാന്‍ ആരെന്ന് കണ്ടുപിടിച്ചോ പോലീസ്"എന്നോ ആരാഞ്ഞേക്കാമെന്നുമുള്ള നിഗമനങ്ങളിലുമുണ്ട് വേദനകലര്‍ന്ന ഒരു പരിഹാസം. 'പര്‍ദ്ദ'യെക്കുറിച്ചുള്ള സൂചനയാവട്ടെ അവിടെനിന്നങ്ങ് പിറകോട്ട് പല പുതിയ തലങ്ങളിലേയ്ക്കുംവായനയെ
മടക്കിക്കൊണ്ടുപോകുന്നുമുണ്ട്.
"സീരിയലുകാരനായിരുന്നെങ്കില്‍
ഒന്‍പതരയിലേക്കോ
മറ്റോ
കാസ്റ്റ് ചെയ്യാമായിരുന്നു...."എന്ന് അര്ധോക്തിയില് കവിത അവസാനിക്കുമ്പോള്‍ വായനക്കാരന്റെ മനസില്‍ അത് അതിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നുണ്ടാവുകയേ ഉള്ളു.
അപ്രതീക്ഷിതങ്ങളായ ഇടങ്ങളില്‍ വച്ച് പതിവായി പിടികൂടുകയും കുറെ നേരം കൂടെ നടന്നിട്ട് ഉപേക്ഷിച്ച് പോകുകയും ചെയ്യുന്ന ഓര്‍മ്മകളുമായുള്ള ഹൃസ്വമായൊരു സഹയാത്രയാണ് കലേഷിന്റെ 'പതിവുകാരീയോര്‍മ്മകള്‍" എന്ന കവിത.'സൂര്യന് രാത്രിയ്ക്കുമുന്‍പേ പൂട്ടിപ്പോയ' വഴികളിലൂടെ 'കടവില്ലാത്ത ദേശങ്ങളുടെ വേലിയേറ്റം കടന്ന്' പോകുവാനുള്ള ഫര്‍ലോങ്ങുകളില്‍‘ പണ്ട് ചാരിയതിനുശേഷം തുറന്നിട്ടേയില്ലാത്ത പഴയ കാമുകിയുടെ വാതില്ക്കലും, കല്യാണം കഴിഞ്ഞതോടെ പുറത്തു കാണാതായ
സുഹൃത്തിന്റെ വീടിലേയ്ക്കുള്ള വഴിയിലും ഒക്കെയായി കല്ലില്‍തട്ടിനില്‍ക്കുന്ന ഭൂതകാലത്ത പലയിടങ്ങളിലായി കാണാം ഇവിടെ. കടം കയറി തൂങ്ങിമരിച്ച ചായക്കടക്കാരന്റെ ബോര്‍മ്മ ഉണര്‍ത്തുന്ന പണ്ട് പറ്റിയ അഞ്ചുരൂപയുടെ തിരിഞ്ഞുകൊത്തുന്ന ഓര്‍മ്മപോലെ കഴിഞ്ഞകാലം എടുത്തുകളയാനാവാത്ത വണ്ണം തറഞ്ഞ ചില മുള്ളുകളായ് പലവട്ടം ഉപ്പൂറ്റി നോവിക്കുന്നുണ്ട് ഇതിലെ വരികളിലൂടെയുള്ള യാത്രയ്ക്കിടയില്‍.
വീടെത്തുമ്പോഴോ അവര്‍,
"മനസ്സിറങ്ങി ജങ്ങ്ഷനിലേയ്ക്ക്മടങ്ങിപ്പോകും
അടുത്ത ദിവസവും
യാത്ര കഴിഞ്ഞെത്തുവാന്‍ സാധ്യതയുള്ള എന്നെകാത്ത്" ഏതു പ്രായത്തിലും, ഏതു തൊഴില്‍ മേഖലയിലും പെണ്ണുടലുകള്‍ക്കുമേല്‍ ചാടിവീഴാനായികാണാപ്പുറങ്ങളില്‍ പതുങ്ങിനില്‍പ്പുണ്ട് മൃഗങ്ങള്‍ എന്ന് ഒരിക്കല്‍ക്കൂടി വിളിച്ചു പറയുന്നു വാസുദേവന്‍ കോറൊത്തിന്റെ 'ന്യൂസ് പേപ്പര്‍ ഗേള്‍' എന്ന കവിത.സ്ത്രീ സഹജമായ നൈര്‍മ്മല്യം ഓരോ ചലനത്തിലും കാത്തുസൂക്ഷിക്കുന്ന, സൈക്കിളില്നിന്നും പത്രം വലിച്ചെറിയാത്ത,മുന്‍പേജില്‍ ചരമവാര്‍ത്തയുണ്ടെങ്കില്‍
'റീത്ത് വയ്ക്കുമ്പോലെ ആദരവോടെ
വരാന്തയില്‍ വയ്'ക്കുന്ന
'ഭൂകമ്പത്തില്‍ ചിതറിയ
ചിത്രമാണെങ്കില്‍
പെറുക്കിക്കൂട്ടി
അടുക്കി വയ്ക്കുന്ന'ആ കൗമാരക്കാരിയും പോടുന്നനേ ഒരുനാള്‍ ഇരയാവുന്നു.അന്നവള്‍ക്ക് ഇടാനാവാതെപോയ പത്രത്തിന്റെ താളില്‍
'ജനാലയുടെ ചില്ലുകള്‍
പൊട്ടിപ്പോയ കിലുക്കമായിരുന്നു
പ്രായപൂര്‍ത്തിയാവാത്ത
പെണ്‍കുട്ടികളെ പീഡിപ്പിച്ചവന്റെ
ചിത്രമായിരുന്നു മുന്‍പേജില്‍
ചിരിച്ചുനിന്നത്'
മിഴിവുറ്റ ഗ്രാമ്യ ദൃശ്യങ്ങളുടെ സമൃദ്ധമായ നിറവും രുചിയും പീ.എ അനീഷിന്റെ മറ്റ് കവിതകളിലെപ്പോലെ 'അതിജീവനം' എന്ന ഈ കവിതയിലും ഒരു പ്രത്യക്ഷ സാന്നിദ്ധ്യമാണെങ്കില്‍, ഉപയോഗമില്ലാത്തതിനെയൊക്കെ നിഷ്കരുണം വെട്ടിമാറ്റുന്ന ഉപഭോഗസംസ്കാരത്തിന്റെ കരുണയില്ലാത്ത വാള് ഇതിലെ ഒരു പരോക്ഷ സാന്നിധ്യമാണ്.
'കുമ്പളവള്ളിക്ക് പടരാനും
നിലാവിന് ചില്ലവരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണണ്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി' മുറ്റം വൃത്തികേറ്റാക്കാതെതന്നെ വീടിനരികില്‍ ഒരു 'കാടിനെ പ്രതീതിപ്പിച്ച്' നിന്ന അത് കായ്ഫലമില്ലെന്ന് കണ്ടും 'ആണ്മരമാവുമെന്ന് ആശങ്കപ്പെട്ടും' മുറിച്ച് മാറ്റുവാന്‍ തീരുമാനമാവുന്നു. അതിജീവനതിന്റെ ഈ ഇടുങ്ങിയ ഇടനാഴിയിലൂടെ ഒരു രാത്രി പുലര്‍ന്നപ്പോള്‍ ആണത്തം മുറിച്ചുമാറ്റി പെണ്ണായ് പൂത്തുനില്ക്കുന്നു മുറ്റത്തെ കാട്ടുനെല്ലി!
"ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍ ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല".
കുളിമുറിയിലെങ്കിലും ഒരു 'പടുപാട്ട് മൂളാത്ത്' കഴുതയുമുണ്ടാവില്ലെന്നാണല്ലോ...,അങ്ങനെയെങ്കില്‍ കുളിയും പാട്ടും തമ്മിലുള്ള ആ ബന്ധമെന്തായിരിക്കും? കുളി ഉടലിനെ ശുദ്ധമാക്കുന്നുവെങ്കില്‍ സംഗീതം ആത്മാവിനെ എന്നത്..?
"കുളിമുറികള്‍
ഇല്ലാതിരുന്ന കാലത്ത്
ഇവര്‍ എവിടെയായിരിക്കും പാടിയിരിക്കുക" എന്ന ചോദ്യത്തില്‍നിന്നാണ് മുസഫറിന്റെ 'കുളിമുറിപ്പാട്ടുകാര്‍' എന്ന കവിത വികസിക്കുന്നത്.തുടര്‍ന്ന് ജലമൃത്യുവിനെ ദ്യോതിപ്പിക്കുന്ന അഞ്ച് ബിംബങ്ങളിലൂടെ വളരുന്ന കവിത കടല്‍ക്കുളിയും, പുഴകുളിയും, തോട്ടുകുളിയും, കുളംകുളിയും,കിണറുകുളിയും കടന്ന് മടങ്ങിയെര്‍ത്തുന്നത് വെള്ളമില്ലാത്ത
കുളിമുറികളിലേയ്ക്കാണ്.
"ജലതരംഗത്തില്‍
പടുത്തുയര്‍ത്തിയ
പാട്ടുപുരകളില്‍" വാട്ടം തീര്‍ക്കാനാവാത്ത ഉടലുകള്‍ക്ക് വറ്റിയ കുളിമുറികള്‍ എന്താണെന്ന് കാട്ടിത്തരുന്ന അവസാന വരികളിലെ തീവ്രത അനുഭവിക്കേണ്ടതുതന്നെയാണ്
"വെള്ളമില്ലാത്ത കുലിമുറികള്‍
ഇവര്‍ ഊമഗായകര്‍
പരസ്പരം ഉമ്മവയ്ക്കുന്ന
ബധിര ഗായകര്‍
ഇണപിരിയുന്ന അന്ധ ഗായകര്‍
ജലപ്പിശാചുക്കളും
നീര്‍കാക്കകളും
ഊതിയൂതി വറ്റിച്ച
തൈലത്തുള്ളികള്‍"
സ്വന്തം നിലയ്ക്ക് മനോഹരങ്ങളെങ്കിലും ആദ്യം പറഞ്ഞ ജലമൃത്യുവിനെ സൂചിപ്പിക്കുന്ന അഞ്ച് ബിംബങ്ങളെ കുറെക്കൂടി ഫലപ്രദമായി മറ്റ് മൂന്നു ഖണ്ഡങ്ങളുമായി ലയിപ്പിക്കുവാനായിരുന്നുവെങ്കില്‍ ഇതിലും എത്രയോ തീവ്രമായിരുന്നേനേ ഈ കവിത നല്കുന്ന അനുഭവമെന്ന ഒരു പരിഭവം ബാക്കിവച്ച്
പൂര്‍ണ്ണമാകുന്നു മുസഫര്‍ അഹമ്മദിന്റെ ഈ കവിത.
ലോക സമാധാനത്തിനായി സമര്‍പ്പിക്കേണ്ട ചിത്രത്തിന്റെ നിറക്കൂട്ട് 'ചിത്രശാലയിലേയ്ക്ക് കയറിവന്ന
ഒരു സുഹൃത്തിന്റെ കഴുത്തില്‍നിന്ന്' തന്നെ കണ്ടെത്തപ്പെടുന്നതിലെ വൈരുദ്ധ്യമാണ്, അതിന്റെ പ്രതിരൂപാത്മകമായ വായനാ സാധ്യതകളാണ് വിബിന്റെ 'മാസ്റ്റര്‍ പീസ്' എന്ന കവിതയുടെ കാതല്‍. പക്ഷെ 'കാന്വാസിനുള്ളിലെ
സര്‍വ്വമത പ്രാര്‍ത്ഥനാലയങ്ങ്'ളും 'ഫ്രെയ്മിനു രണ്ടിഞ്ച് മുകളിലായി' അറ്റുകിടക്കുന്ന അവരുടെ തലകളുമൊക്കെ ചേര്‍ന്നുണ്ടാവുന്ന ചിത്രത്തിന്റെ പ്രകടനപരത വായനയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.'എന്തൊക്കെ കലര്‍ത്തിയിട്ടും' കിട്ടാത്ത നിറം ചങ്ങാതിയുടെ ചോരയില്‍നിന്ന്
കണ്ടെത്തുന്നിടത്താവട്ടെ അത് ഉച്ചസ്ഥായിയിലാവുന്നു.പറയേണ്ടതില് അധികം പറഞ്ഞു എന്നതും,ഒതുക്കി പറയേണ്ടവ പ്രകടമായിപ്പോയെന്നതും ഈ കവിതയുടെ ക്രാഫ്റ്റിനെ ദുര്‍ബലപ്പെടുത്തിയ ഘടകങ്ങളാണ്.അതുകൊണ്ട് തന്നെയാണ് കവി ഉദ്ദേശിച്ച അനുഭവതലത്തിലേയ്ക്ക് വായനയെ കൊണ്ടെത്തിക്കാന്‍ കവിതയ്ക്ക് കഴിയാതെ പോയതും.
ഒരു പൊതു സിദ്ധാന്തത്തിന്റെ തണലില്ലെങ്കിലും മലയാള കവിത, പ്രതിഭയുള്ള കുറെ എഴുത്തുകാര്‍ തങ്ങളുടേതായ വഴികളിലൂടെ നടത്തുന്ന അന്വേഷണങ്ങളിലൂടെ ഒരു പുത്തന്‍ ഭാവുകത്വ പരിസരത്തിലേയ്ക്ക്
അടുത്തുകൊണ്ടിരിക്കുകതന്നെയാണെന്ന് തൊന്നുന്നു.എന്തു പറയുന്നു എന്നതിലല്ല, എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം എന്ന് ശഠിക്കുന്ന ഉത്തരാധുനിക സൗന്ദര്യശാസ്ത്രത്തിന്റെ വ്യക്തിനിഷ്ഠതയും, അരാഷ്ട്രീയതയും വിട്ട് ചരിത്ര, സാമൂഹ്യ, രാഷ്ട്രീയ ബോധങ്ങളെ സമൂലമായ ഒരു ജീവിത ദര്‍ശനത്തിലേയ്ക്ക് സമന്വയിപ്പിക്കന്‍ പോന്ന നൂതനമായൊരു കാവ്യമീമാംസ ഇവരിലൂടെ ഉരുത്തിരിഞ്ഞ് വരേണ്ടതുണ്ട്. അത്തരം ഒരു മാറ്റത്തിന്റെ സൂചനകള്‍ സമകാലിക കവിതയില്‍ ധാരാളമുണ്ട്. അവ കാലാകാലങ്ങളില്‍ കണ്ടെത്തപ്പെടുകയും, ചര്‍ച്ച ചെയ്യപ്പെടുകയും വേണം. മഹത്തായ ആ ലക്ഷ്യത്തിലേയ്ക്കുള്ള നമ്മുടെ എളിയ പങ്കാവട്ടെ ഈ വിഷുപതിപ്പ്.