Saturday, January 24, 2009

നാസ്സര്‍ കൂടാളി



ആ മരത്തേയും കണ്ടു ഞാന്‍...

ഒമാനിലെ
സീബില്‍ നിന്നും
റൂബിയിലേക്കുള്ള
യാത്രയില്‍
നാലുവരി പാതയ്ക്കിരു വശവും
വരി വരിയായ് നില്‍ക്കുന്ന
ആല്‍ മരങ്ങളെ കാണാം..

ഇടക്ക്
തൊട്ട് തൊട്ടില്ലായെന്ന് മട്ടില്‍
ആരോ മാറി നട്ട
ഞാവലിന്‍ മരങ്ങള്‍

നീലിയാര്‍ കോട്ടത്തെ
പേടിപ്പിക്കുന്ന
ആല്‍ മരത്തെ,
പണിതീരാത്ത പുരയിടത്തിന്നരികില്‍
കുഞ്ചിയമ്മ
നട്ട് നനക്കുന്ന
ആ ഐശ്വര്യത്തിനെ,
എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന
എന്റെ അറബി സുഹൃത്ത്
അവണ്ടെ
വണ്ടിയിലെ
ഡാഷ് ബോര്‍ഡിലൊട്ടിച്ച
മനോഹരമായ കുട്ടിയെന്ന
കൃഷ്ണനെ,
ഇലകളില്ലാതെ
ശാഖി കൊണ്ട്
മകള്‍ വരഞ്ഞ
ആദ്യ മരത്തെ...
അപ്പോള്‍
ഓരോ യാത്രയിലും
അതെന്നെ ഓര്‍മ്മിപ്പിക്കും

ചിലപ്പോള്‍ ഞാനും
ആഗ്രഹിച്ചിട്ടുണ്ട്
തണുത്ത പുല്‍തകിടിയില്‍ വീണ
ബാല്യത്തിണ്ടെ കറുത്ത
ഞാവല്‍ പഴങ്ങളെ
അറബികളുടേയും,
ബംഗാളികളുടേയും,
മിസിരികളുടേയൊ കൂടെ
പെറുക്കി കൂട്ടാന്‍...
ആലിന്‍ തണലിലിരുന്ന്
തിന്നുമ്പോള്‍
എല്ലാ വെയില്‍ ദിനങ്ങളേയും
മറന്നു പോവാന്‍...

പിന്നിടെപ്പോഴോ
വര്‍ഷങ്ങള്‍ കഴിഞ്ഞ്
ആ വഴി തിരിച്ച് വരുമ്പോള്‍
ആലിന്‍ മരങ്ങളുടെ സ്ഥാനത്ത്
വരി വരിയായി
തലയുയര്‍ത്തി നില്‍ക്കുന്ന
ഈന്തപ്പന മരങ്ങളെ കണ്ടു.

എന്നാലും
ഒരൊറ്റ മരവുമില്ലാത്ത
എന്റെ വീടിണ്ടെ
ടെറസ്സില്‍
ഒരു ബോണ്‍സായി മരമായ്
നിന്നെ ഞാന്‍ സൂക്ഷിച്ച് വെക്കും.


പിന്‍ കുറിപ്പ്:
2001 ല്‍ ആദ്യമായി ഒമാനില്‍ വന്നപ്പോള്‍ എഴുതിയതാണീ കവിത.പിന്നീട് ബ്ലോഗനയില്‍ കുഴൂറിണ്ടെ
ആ മരം.എന്ന കവിത കണ്ടപ്പോള്‍ അതപ്പടി ഒന്നു മിനുക്കാതെ ഇവിടെ പോസ്റ്റു ചെയ്യുന്നു.കുഴൂറിനു നന്ദി.

Wednesday, January 21, 2009

ശൈലന്‍



ബി.പി.എല്‍

ഭീകരന്‍റെ
വെടിയാണെങ്കിലും
താജിലോ
ഒബരോയിലോ
വച്ച് തന്നെ കൊള്ളണം..

(അല്ലെങ്കില്‍
ഗാസയില്‍!)

റെയില്‍വേ പ്ലാറ്റ് ഫോമില്‍
എരക്കുമ്പോള്‍
എന്നില്‍തറഞ്ഞ
ഉണ്ടേ...
നിന്റെ ജീവിതം
പാഴായിരിക്കുന്നു...

Tuesday, January 13, 2009

ദിനേശന്‍ വരിക്കോളി



ഗണികം



ഹൃദയത്തില്‍നിന്നും
ഹൃദയത്തിലേയ്ക്ക്
നീയെനിക്ക് പകര്‍ന്നുതന്നത്
പെയ്തുതീരാത്ത വര്‍ഷമായിരുന്നു...
ആ തനുവില്‍
ഇപ്പൊഴും ഞാന്‍ കുളിര്‍ന്നുവിറച്ചു.
ആയിരം നക്ഷത്രങ്ങളില്‍
നിന്‍റെ മുഖം കണ്ടു
രാത്രിയില്‍
ഏകാന്തതയുടെ തനുവില്‍
ഞാന്‍പോകവെ,
നീ നിലാവില്‍ കുളിച്ചു കിടന്നു...
ഇപ്പോള്‍ ഇങ്ങിനേയുമാണ്-
നിന്നെത്തിരഞ്ഞുതിരഞ്ഞ് ഞാന്‍
എന്നെത്തന്നെ മറന്നുപോകും
നിന്നെകണ്ടുകണ്ട്
ഞാന്‍
നിന്നിലേയ്ക്കുതന്നെ
തിരിച്ചുപോകും ...
ആയിരം വാക്കുകളില്‍നിന്ന്
നിന്‍റെ വാക്കുകള്‍
തിരകളായെന്നെ -
ചുറ്റിവരിഞ്ഞു.
മണല്‍കൈകളില്‍
നിന്‍റെ
കരസ്പര്‍ശമേറ്റിന്നുമീറനണിഞ്ഞു:
നിന്നില്‍ നിന്നും
എന്നിലേയ്ക്കൊരു സമുദ്രദൂരം ; കാലം.
*****

Tuesday, January 6, 2009

എം.ആര്‍.രേണുകുമാര്‍



ഓര്‍മ്മയുടെ നിഴല്‍


രിയിലെ
കല്ലുകള്‍ പോലെ
മറവികള്‍ക്കിടയില്‍
അങ്ങിങ്ങായ് ഓര്‍മ്മകള്‍.

കണ്ടുകണ്ടിരിക്കേ
പെറുക്കിക്കളയുന്നു
ജീവിതമതിന്‍
വിരലിനാല്‍
ഓരോ
കല്ലിനെയും.

ഓര്‍മ്മകള്‍ കൊണ്ട്
വിങ്ങിപ്പൊട്ടുന്നവര്‍
മറക്കാതിരിക്കുമല്ലോ
മറവിയെന്ന പേരില്‍
അതിനൊരു
നിഴലുള്ള കാര്യം

Friday, January 2, 2009

എ.മഹമൂദ് കഥാ പുരസ്കാരം


അഞ്ചാമത് എ.മഹമൂദ് കഥാ പുരസ്കാരത്തിന് കഥകള്‍ ക്ഷണിക്കുന്നു.
(ആയിരം രൂപയും പ്രശസ്തി പത്രപുമാണ് അവാര്‍ഡ് തുക)
മുന്‍പ് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥകളാണ് പരിഗണിക്കുന്നത്.
കഥകള്‍ ജനുവരി 31 നു മുന്‍പായി എ മഹമൂദ് കഥാ പുരസ്കാര സമിതി,ഹൈവേ,പി.ഒ.ചിറക്കല്‍,വളപട്ടണം.കണ്ണൂര്‍.എന്ന വിലാസത്തില്‍ അയ്ക്കുക.
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP