Wednesday, March 19, 2008

വിനോജ്


ഒറ്റയ്‌ക്ക്‌


നീ പോയ ശേഷം
ഞാനിവിടെ
ഒറ്റയ്‌ക്കാണ്
കാഴ്‌ചകള്‍
കണ്ണുകളെ വിട്ടു പോയി
ശബ്ദങ്ങള്‍
ചെവികളെയും.
സ്വപ്‌നങ്ങള്‍
ഹൃദയം വിട്ടു,
ഓര്‍മ്മകള്‍ മനസ്സിനേയും.
ഈ അതിശൈത്യത്തില്‍
ഒരുടുപ്പു പോലുമില്ലാതെ ഞാന്‍
ഒറ്റയ്‌ക്കാണ്.
ഞാന്‍ നെയ്‌ത സ്വപ്‌നങ്ങള്‍
ഉടുപ്പിനു പകരമാവില്ലെന്ന്‌നീ
എന്നെ വിട്ടു പോയി.
എന്റെ പിടിയില്‍ നിന്ന്‌ ഊര്‍ന്നുപോയ,
നിന്റെ വിരലുകള്‍
ഒടുവിലെ സ്പര്‍ശം.
വെറുപ്പില്‍ കരുവാളിച്ച നിന്റെ മുഖം,
ഒടുവിലെ ഓര്‍മ്മ.
അകന്നു പോയ നിന്റെ കാലടികള്‍,
ഒടുവിലെ ശബ്‌ദം.
കണ്ണീരില്‍ മറഞ്ഞ്‌ മങ്ങിയഎന്റെ മുറി,
ഒടുവിലെ കാഴ്‌ച.
ബാക്കിയായ ഒരു വെറും പ്രതീക്ഷ,
വളര്‍ന്ന്‌ സ്വപ്‌നമായ്,
സ്വപ്‌നങ്ങള്‍ ഓര്‍മ്മകളായ്‌,
ഒടുവില്‍ നിന്റെ
വിരല്‍സ്‌പര്‍ശ-മാകുന്നതും കാത്ത്‌
ഞാനിവിടെ ഒറ്റയ്‌ക്കാണ്,
നീയില്ലാതെ...

Tuesday, March 18, 2008

സുജിത്ത് ജെ


കനല്‍


വിജനമായ വളവില്‍
നട്ടുച്ചക്കേതോ
ആഗോളഭീകരന്‍
ഒരു പെണ്‍കുട്ടിയെ
പീഢിപ്പിച്ചു.

രാത്രി, വഴിയില്‍
പെണ്‍കുട്ടിയുടെ
കന്യകാത്വത്തിന്‍റെ പ്രേതം
ഉഗ്രരൂപമാര്‍ന്നു
നില്‍ക്കുന്നു.

ഇടിഞ്ഞുവീഴാറായ
സര്‍ക്കാര്‍
സ്കൂള്‍ വരാന്തയില്‍
നിലാവ്‌
നോട്ടുകള്‍ ചുരുട്ടിപ്പിടിച്ച്‌
ഓടിനടക്കുന്നു.

ഇളക്കമുറ്റിയ
ബഞ്ചുകളുടെ
ജീവിക്കാനായുള്ള
ഏങ്ങലടികള്‍.

ഇന്ന്‌,
വഴി ശൂന്യമല്ല.
ഉടുത്തൊരുങ്ങി
നില്‍ക്കുന്ന
ധാരാളം പ്രേതങ്ങള്‍
രക്തം മണക്കുന്ന
കുഞ്ഞുങ്ങളെ
ഛര്‍ദ്ദിക്കുന്നു.
ഗര്‍ഭപാത്രം തൂക്കിപ്പിടിച്ച്‌
മറുപിള്ളയുമായി
ചാപിള്ളകളുടെ തെണ്‍ടല്‍

Monday, March 10, 2008

മുരളീകൃഷ്ണന്‍


മുറിവ്


കുറേയാളുകള്‍
അവളിലേക്ക്
പടര്‍ന്നു.

മാന്തിയും
കീറിയും
തെല്ലിട കൊണ്ട്
പണിക്കൂറതീര്‍ത്തൊരു
ശില്‍പ്പമുണ്ടായി.

ഞരക്കങ്ങള്‍ക്കും
മൂളലുകള്‍ക്കും ഒടുവില്‍
ചന്തയിലേറ്റവും
വിലപേശല്‍
ഇപ്പോള്‍ ഇവള്‍ക്കാണ്.

ഒരുളിക്കീറിനും
ആഴത്തിലവളിലൊരു
മുറിവേല്‍പ്പിക്കാനായിട്ടില്ല
ഇതുവരേയും.

Friday, March 7, 2008

സുധി ഇരിട്ടി


വഴി

എനിക്കും നിനക്കും
ഇടയിലുള്ള വഴി…
വേലിയും വേലിപ്പച്ചയും
നിറഞ്ഞ്…
മഴ നനഞ്ഞ്…
മണ്ണ് മണക്കുന്നതായിരുന്നു.
നിനക്കായുളള
കതതും പുസ്തകവും
ഈ വഴിയിലൂടെ
മഴ നനയാതെയാണ്‍
സഞ്ചരിച്ചത്.
വേനലില്‍
ഈ വഴികളില്‍
നമുക്കിടയില്‍
നിഴലും പൊടിയുമുണ്ടായിരുന്നു.
വഴികള്‍ നമ്മുടെ
പ്രണയത്തിനനുസരിച്ച്
വീതി കൂടുകയും കുറയുകയും
ചെയ്യുന്നു.
ചിലപ്പോള്‍
മഞ്ഞ് പെയ്യുമ്പോള്‍
പൊടി നിറയുമ്പോള്‍
വഴിയും വേലിയും
വേലിപ്പച്ചയും കാണാതാവും
കാറ്റ് പറഞ്ഞു
ഒരിക്കല്‍ വഴിയടയാളങ്ങള്‍
കാണാതാകുമെന്ന്
വിളക്കുകാലുകളും മതിലും
അടയാളം വെച്ച്
പ്രണയത്തിന്റെ നടപ്പാതകള്‍
നീണ്ടു കിടക്കുന്നു.
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP