Thursday, October 29, 2009

പി.എന്‍.ഗോപീകൃഷ്ണന്‍

എല്ലാം കേട്ടെഴുത്തുകള്‍.
മനുഷ്യരെ,ജന്തുക്കളെ,യന്ത്രങ്ങളെ,നേരങ്ങളെ,മൌനങ്ങളെ കേട്ടെഴുതിയവ.
-പി.എന്‍.ഗോപീകൃഷ്ണന്‍(മടിയരുടെ മാനിഫെസ്റ്റോ)
















നാഗാലാന്റുകാര്‍
പട്ടിയെ തിന്നുമത്രേ!
എന്നിട്ടും
അവിടുത്തെ പട്ടികള്‍
കേരളത്തിലേയ്ക്ക്
ഓടിരക്ഷപ്പെടുന്നില്ല.
ചൈനക്കാര്‍
ഓന്തിനെ തിന്നുമത്രേ
എന്നിട്ടും
ഓന്തുകള്‍
ഇന്ത്യയിലേയ്ക്ക്
പലായനം ചെയ്യുന്നില്ല.
കോഴിയെ തിന്നാത്ത നാട്ടിലേയ്ക്ക്
എന്തുകൊണ്ട്
നമ്മുടെ കോഴികള്‍
പറന്നുപോകുന്നില്ല?

ചാകും എന്നുറപ്പുള്ളീടത്ത്
വീണ്ടും വീണ്ടും
തലകാട്ടിനില്‍ക്കാന്‍
മുഴുവന്‍ ഭാഷയും വേണ്ട.
അതിനാലാണ് പട്ടികള്‍
നമ്മുടെ നാട്ടില്‍
ബൌ ബൌ എന്നുമാത്രം പറയുന്നത്.
നാഗാലാന്റില്‍
ഒന്നും മിണ്ടാത്തത്.
മീനുകള്‍ ഒരു രാജ്യത്തും
ഒന്നും ഉരിയാടാത്തത്.
പെറ്റിട്ട മുട്ടയ്ക്കു പകരം
കോഴികള്‍ നിലവിളിക്കുന്നത്.

ഭാഷയുടെ ചവിട്ടു ഹാര്‍മോണിയത്തില്‍
ഹരം പിടിക്കുമ്പോള്‍
സുഹൃത്തേ,കവീ
നീയോര്‍ക്കുന്നുണ്ടോ ഇതെല്ലാം.
ഒരു കളിത്തോക്കിനോ
ഒരു വിരല്‍ചൂണ്ടിനോ
ഒരു ഉരുണ്ട നോട്ടത്തിനോ
കൊഴിച്ചു കളയാവുന്ന
വാക്കുകള്‍ മാത്രം നിറഞ്ഞ ഭാഷ കൊണ്ട്
പിന്നെയും
എന്തിനാണ്
തൊപ്പി വച്ചു കളിക്കുന്നത്?

Sunday, October 25, 2009

സുനില്‍ കുമാര്‍ എം.എസ്



























മലയാള കവിതയില്‍ പുതിയൊരു ശബ്ദം കേല്‍പ്പിക്കാന്‍ ശ്രമിക്കയാണ് സുനില്‍ കുമാര്‍ എം.എസ്.കവിതയില്‍ നിന്നും ജീവിതത്തില്‍ നിന്നും അന്യം വന്ന ജൈവസത്തയെ തിരിച്ചു പിടിക്കാ‍ന്‍,മണ്ണില്‍ നിന്നും നേരിട്ട് മുള പൊട്ടുന്ന ചെടിയുടെ തുടിപ്പാണ് ഇനിയുള്ള കാലം കവിതയില്‍ ആവശ്യമെന്ന് സുനിലിന്റെ കവിതകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.ഡി സി ബൂക്സ് ഈയ്യടുത്ത് പ്രസിദ്ധീകരിച്ച “പേടിപ്പനി” എന്ന സമാഹാരത്തിലെ ഒട്ടു മിക്ക കവിതകളും പുതുകവിതയില്‍ പ്രസിദ്ധപ്പേടുത്തിയതാണ്.പേടിപ്പനി എന്ന സമാഹാരത്തിലെ മികച്ചൊരു കവിത കൂടി വായനക്കാര്‍ക്കു വേണ്ടി ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു.


ദേഹത്ത്
തീ കോരിയിട്ട പനി

പണിക്ക് പോയേടത്ത്
എന്തേലും കണ്ട്
പേടിച്ചിട്ടുണ്ടാവുമെന്ന്
ചമ്മന്തിക്കായി
വറമുളക് വറക്കുന്നതിനിടയിലമ്മ...

കഞ്ഞിയിലിത്ര
കയ്പു നിറച്ചതാര്...?
തൊട്ടേയില്ല
ചമ്മന്തി.
കയ്പ്പിനേയിരട്ടിപ്പിച്ചിറങ്ങിപ്പോയി,
തൊണ്ട വഴി താഴോട്ട്
ഒരിഞ്ച് നീള‍ത്തിലൊരു
ഗുളിക...

പൊന്നോ നീ
വെറക്കണതെന്തടാ...?
പാതിരാത്രി
പായക്കരികില്‍
വിള്‍ക്കുവെട്ടത്തിലപ്പന്‍...
വാ തുറക്ക്
പനി പറക്കും,
നാവറിഞ്ഞത്
തുളസിച്ചാറിന്റെ ചവര്‍പ്പ്..

പനിവിട്ട് രാവിലെ
അപ്പനേയടക്കിയേടത്ത്
ചെന്നു നോക്കിയപ്പോള്‍,
വിറയ്ക്കുന്നു
കുഴിമാടത്തിനു മുകളിലെ
തുളസിച്ചെടി
പനി വന്നിട്ടെന്ന പോലെ...

Tuesday, October 20, 2009

എസ്.കലേഷ്


















ചെയ്യേണ്ട നേരങ്ങളില്‍ പലതും ചെയ്യാതിരിക്കെ
തിട്ടയിലിരുന്നൊരാള്‍ വെള്ളത്തിലേക്ക്
കല്ലെറിയുന്നു.

ഒഴുക്കിന്‍തിരക്കിലാണ് വെള്ളം.

എന്നാലുമൊരുനൂറുതുള്ളിചെറുകല്ലുകളാല്‍
തിരിച്ചെറിയുന്നുണ്ടയാളെ.

പോകാതിരിക്കെ,
പോകാതിരിക്കെ,

കൈവഴികളിലൂടെ
അകലെ കടലില്‍ ചെന്നുപറഞ്ഞ്,
തെല്ലകലെ പറ്റിക്കിടക്കും
മേഘത്തെക്കൊണ്ട്
സൂര്യനോട് പറയിപ്പിച്ച്,
ഒരുമഴകൊണ്ടെന്നെ
എഴുന്നേല്‍പ്പിച്ചുവിടുമെന്ന്
അറിഞ്ഞിരുന്നില്ല

Tuesday, October 13, 2009

കുഴൂര്‍ വിത്സണ്‍

ഗ്രാഫിറ്റി



ആഹ്ലാദിക്കുന്നവരുടെ ദൈവവും
വേദനിക്കുന്നവരുടെ ദൈവവും
നടക്കാനിറങ്ങിയവരുടെ
പ്രഭാതത്തില്‍ കണ്ട്മുട്ടി

ഒരേ കുലത്തില്‍പ്പെട്ടവരായിട്ടും
കണ്ടു-മുട്ടിയെന്നല്ലാതെ പരസ്പ്പരം
കണ്ട ഭാവമേ നടിച്ചില്ല

വേദനിക്കുന്നവരുടെ
ദൈവത്തിന്റെ കണ്ണുകള്‍
ആകാശത്തിലായിരുന്നു
പക്ഷികള്‍ അദ്ദേഹത്തെ
പരിഹസിച്ച് ചിരിക്കുന്നു

മേഘങ്ങളോ
ഞങ്ങളില്ല നിങ്ങളുടെ കൂടെ
എന്നും പറഞ്ഞ്
നിന്ന നില്‍പ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു

ആഹ്ലാദിക്കുന്നവരുടെ
ദൈവത്തിന്റെ കണ്ണുകള്‍
ഭൂമിയിലായിരുന്നു
മണ്ണിലെ ചെടികള്‍
അദ്ദേഹത്തെ നോക്കി ചിരിക്കുന്നു
പട്ടികളും പൂച്ചകളും കുതിരകളും
ആളുടെ കൂടെ നടക്കാന്‍
മത്സരിക്കുന്നുണ്ടായിരുന്നു



വേദനിക്കുന്നവരുടെ ദൈവം
ആഹ്ലാദിക്കുന്നവരുടെ ദൈവത്തോട് പറഞ്ഞു

സഹോദരാ
എന്നെങ്കിലുമൊരിക്കല്‍
ഭൂമിയിലോ , ആകാശത്തിലോ
തീവണ്ടിയുടെ ബാത്ത് റൂമിലോ
പിച്ചക്കാരുടെ ബാറിന്റെ ഷെയര്‍ മൂലയിലോ
ഷാര്‍ജയിലെ ഏതെങ്കിലും ഒരു ഹട്ടയിലോ
ലേബര്‍ ക്യാമ്പിന്റെ അടുക്കളയിലോ
വാടക കൊടുക്കാത്ത വീടിന്റെ മുറിയിലോ
കോടതിയിലോ
മരക്കൊമ്പിന്റെ ബലമുള്ള കൊമ്പിലോ
പണയപ്പണ്ടപ്പീടികയിലോ
കുഞ്ഞുങ്ങള്‍ വണ്ടിയിടിച്ച് മരിക്കുന്ന
നടുറോട്ടിലോ
മന്ത്രവാദപ്പുരയിലോ

എവിടെ വച്ചെങ്കിലും
എന്റെയാളുകള്‍ നിന്നെ കാണും
നീ അവരോട് എന്ത് പറയും

ആഹ്ലാദിക്കുന്നവരുടെ ദൈവത്തിന്റെ
കൊടുംങ്കാറ്റ് പോലുള്ള
ഒരു കീഴ്ശ്വാസത്തില്‍
പ്രപഞ്ചത്തിന്‍ ശ്വാസം മുട്ടി




പുതുക്കെഴുത്ത്
ഹസന്‍

----

ആഹ്ലാദിക്കുന്നവരുടെ ദൈവവും
വേദനിക്കുന്നവരുടെ ദൈവവും
നടക്കാനിറങ്ങിയവരുടെ
പ്രഭാതത്തില് കണ്ട്മുട്ടി

ആഹ്ലാദിക്കുന്നവരുടെ
ദൈവത്തിനെ നോക്കി
ചെടികള്‍ ചിരിക്കുന്നു
കുട്ടികള്‍ പാടുന്നു
പട്ടികളും പൂച്ചകളും കുതിരകളും
കൂടെ നടക്കാന്‍
മത്സരിക്കുന്നു

വേദനിക്കുന്നവരുടെ ദൈവത്തിന്റെ കൂടെ
പാര്‍ക്കിലെ വഴി നിരങ്ങി.

ആഹ്ലാദിക്കുന്നവരുടെ ദൈവത്തോട്
വേദനിക്കുന്നവരുടെ ദൈവം

സഹോദരാ
എന്നെങ്കിലുമൊരിക്കല്
ഭൂമിയിലോ , ആകാശത്തിലോ
തീവണ്ടിയുടെ ബാത്ത് റൂമിലോ
പിച്ചക്കാരുടെ ബാറിന്റെ ഷെയര് മൂലയിലോ
ഷാര്ജയിലെ ഏതെങ്കിലും ഒരു ഹട്ടയിലോ
ലേബര് ക്യാമ്പിന്റെ അടുക്കളയിലോ
വാടക കൊടുക്കാത്ത വീടിന്റെ മുറിയിലോ
കോടതിയിലോ
മരക്കൊമ്പിന്റെ ബലമുള്ള കൊമ്പിലോ
പണയപ്പണ്ടപ്പീടികയിലോ
കുഞ്ഞുങ്ങള് വണ്ടിയിടിച്ച് മരിക്കുന്ന
നടുറോട്ടിലോ
മന്ത്രവാദപ്പുരയിലോ

എവിടെ വച്ചെങ്കിലും
എന്റെയാളുകള് നിന്നെ
കണ്ടോളും
എന്ന്
നൂറ്റാണ്ടുകളുടെ നിശ്ശബ്ദത മുറിച്ചപ്പോള്‍
പാര്‍ക്ക് നിശ്ചലമായി.

പേടിച്ചിട്ടായിരിക്കും

ആഹ്ലാദിക്കുന്നവരുടെ ദൈവത്തിന്റെ
കൊടുംങ്കാറ്റ് പോലുള്ള
ഒരു കീഴ്ശ്വാസത്തില്
പ്രപഞ്ചത്തിന് ശ്വാസം മുട്ടി.

തിരുത്തെഴുത്ത്
അബ്ദുള്‍ സലാം


ശ്വാസം മുട്ടിയ പ്രപഞ്ചം ഒന്നു പിടച്ചു
ആ പിടച്ചലില്‍
വേദനിക്കുന്നവരുടെ ദൈവത്തിന്റെ
കാഴ്ച തകര്‍ന്നു പോയ്
അന്ധനായ ദൈവത്തെ
ആഹ്ലാദിക്കുന്നവരുടെ ദൈവം
ഇരുട്ടിന്റെ കൂടെ ഭൂമിയിലേക്ക്
നാട് കടത്തുന്നു

അങ്ങ്നെ എനിക്കും
നിനക്കും ഓരോ ദൈവമാവുന്നു.

Saturday, October 10, 2009

ലതീഷ് മോഹന്‍




















- - - എല്ലാ ദിവസവും
കണ്ടുകൊണ്ടിരിക്കുന്ന
ശരീരത്തോട്‌
ചില ദിവസങ്ങളില്‍
വെറുതേ തോന്നുന്ന
പരവേശക്കൂടുതല്‍ ഉണ്ടല്ലോ,
സ്നേഹത്തിന്റെ ഞരമ്പുകള്‍
ഉറുമ്പുജാഥയില്‍ നിന്ന്‌ കുതറി
മറ്റെല്ലാം മറന്നുപോകുന്ന
ദിവസങ്ങള്‍

അത്തരം ദിവസങ്ങളെ
മാത്രമെടുക്കുക

എണ്ണമില്ലാത്തത്ര വണ്ടികള്‍
വന്നുപോകുന്ന
എതെങ്കിലുമൊരു
തീവണ്ടിനിലയത്തിലെ
റിസര്‍വേഷന്‍ കൌണ്ടറില്‍
കൊണ്ടുചെന്നിരുത്തുക
ടോക്കണ്‍നമ്പര്‍ വരുന്നതുവരെ
ഒന്നും ചെയ്യാനില്ലായ്മയിലേക്ക്‌
മോചിപ്പിക്കുക

അപ്പോള്‍ ചിലപ്പോള്‍
ദൂരെമാറിനിന്ന്‌
വേറെയൊരു നോവലിലെ
ഉപപാഠങ്ങള്‍ എഴുതിത്തുടങ്ങും
അപ്രസക്ത - - -

അവളുടെ കുറിപ്പുകള്‍

!

1,200 ആണ്‌ ഉറങ്ങിക്കിടക്കുന്ന ഒന്നാമന്റെ ടോക്കണ്‍ നമ്പര്‍
തൊട്ടടുത്തിരുന്ന്‌ ഏകാന്തതയുടെ 1,988 ടോക്കണുകള്‍ എന്ന
എഴുതപ്പെടാനിടയുള്ള പുസ്തകം വായിച്ചുതള്ളുന്ന
രണ്ടാമന്റെ ടോക്കണ്‍ നമ്പര്‍ ഊഹിക്കാവുന്നവിധം ലളിതം
മൂന്നാമന്‍ എല്ലായ്പ്പോഴുമെന്നപോലെ പിടിതരുന്നില്ല
അയാളുടെ ചെവിയില്‍ ഏതോ വിദൂരനഗരത്തിലെ പാട്ടുകാരി
അത്യുച്ചത്തില്‍ തിമിര്‍ക്കുന്നു
അവളിലെക്കെത്താന്‍ അവള്‍ പാടിമറയുന്നതില്‍
നിന്നത്രയോപേര്‍ അവരവരിലേക്കെത്തുന്നു,
ശൈത്യോഷ്ണകാലങ്ങളില്‍

!!

അപ്രസക്ത ഒരു നഗരം
അഴുക്കുചാലുകളവളുടെ
കുതിപ്പുകള്‍, ധമനികള്‍

അവള്‍ പാടുന്നു : -
എന്റെ , എന്റേതുപോലത്തെ പരവേശമേ
എത്രവിശുദ്ധയുദ്ധങ്ങള്‍ നിന്റെ നി(രാ)ശകള്‍

!!!

അപ്രസക്ത ഒരു ഗിത്താര്‍
ഗിത്താര്‍ ഒരവയവം
വിരല്‍കൊണ്ടു തൊടുമ്പോള്‍
ഗിത്താര്‍ ഒരേഒരവയവം

അവള്‍ പറയുന്നു :
ഉപേക്ഷിക്കപ്പെട്ട
സൂക്ഷ്മജീവികളെ
ശരീരത്തില്‍ സൂക്ഷിക്കുക,
പനിച്ചുപനിച്ച്‌ പണിതു തീര്‍ക്കുക
സൂക്ഷ്മാണുക്കളുടെ വൃദ്ധമന്ദിരം

ഇണചേര്‍ന്ന്‌ പെരുകട്ടെ
മറ്റൊരു നാഗരികത
പരവേശകൂടുതലിന്റെ
മൃഗശാലകളില്‍,
നമ്മളില്‍

അതിനിടയില്‍, ഞെട്ടിയുണര്‍ന്ന്‌

ഒന്നാമനില്‍ നിന്ന്‌ രണ്ടാമന്‍
രണ്ടാമനില്‍ നിന്ന്‌ മൂന്നാമന്‍
മൂന്നാമനില്‍ നിന്ന്‌ നാലാമന്‍
എല്ലാവരും
പരസ്പരം ചോദിക്കുന്നു

ആരാണിപ്പോള്‍ പാടിയത്‌
എവിടെ നിന്നാണത്‌ കേട്ടത്‌?

- - - എല്ലാ ദിവസവും
കണ്ടുകൊണ്ടിരിക്കുന്ന
ശരീരത്തോട്‌
ചില ദിവസങ്ങളില്‍
വെറുതേ തോന്നുന്ന
പരവേശക്കൂടുതല്‍
ഉണ്ടല്ലോ

അത്തരം ദിവസങ്ങളെ മാത്രമെടുക്കരുത്‌,
കലാപങ്ങളിലല്ല കമ്പമെങ്കില്‍ - - -

Wednesday, October 7, 2009

നാസ്സര്‍ കൂടാളി




















പെണ്ണൊരുത്തി
പഠിക്കാന്‍ പോയിട്ട്
അഞ്ചെട്ട് ദിവസമായി

മഴയല്ലേ
അമ്മ പറഞ്ഞിട്ട്
കയ്യില്‍ ചുവന്ന കുടയുണ്ട്
ബേഗില്‍ നളിനി ജമീലയുണ്ട്
പത്തഞ്ഞൂറ് രൂപയുണ്ട്

നീലയില്‍ മഞ്ഞപ്പുള്ളികളുള്ള
ചൂരീദാറില്‍
വെളുത്ത അഞ്ചടി പൊക്കമുണ്ട്
കവിളീല്‍ കറുത്ത മറുകുമുണ്ട്

ആരെങ്കിലും കണ്ടെങ്കില്‍
9349424503 ല്‍ വിളിക്കണേ...
അടുത്തുള്ള
സ്റ്റേഷനില്‍ അറിയിക്കണേ....

Sunday, October 4, 2009

ശൈലന്‍


















പാട്യാലാ സ്റ്റയ്ല്‍ ചുരിദാറിട്ട്
ബൈക്കില്‍ കവച്ചിരുന്ന്
മുന്നിലൂടെ വെട്ടിച്ചു നീങ്ങി..

കാറ്റിലുലഞ്ഞു
ടോപ്പ് പൊങ്ങിയപ്പോള്‍
സുതാര്യതക്കുള്ളിലൂടെ
അരക്കെട്ടിലുള്ളതെല്ലാം
വെളിപ്പെട്ടു..

പേരിനെങ്കിലുമൊരു
അടി വസ്ത്രമായിക്കൂടെ എന്ന്
സന്ദേഹം മുളച്ചു പടര്‍ന്നു..

കവിതയെന്നാണ്
പേര് സാര്‍..
ദുരൂഹത പാടില്ലല്ലോ..
കാഴ്ചയില്‍ കൊരിക്കുടിചാസ്വദിച്ചു
കോള്‍ മയിര്‍ കൊണ്ടിടട്ടെ
പൊതു ജനം..!

ജീവിച്ചു പോവണമല്ലോ
ജനപ്രിയ
മാന്ത്രികര്‍ക്കൊപ്പം..!!
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP