Thursday, August 27, 2009
Monday, August 17, 2009
അനൂപ് ചന്ദ്രന്‍
മരിച്ചവരുടെ പരേഡ്
ഏതാണു വിശുദ്ധമദ്യം
ഒഴിച്ചു കൊടുക്കുന്നവന്റ്റെ തട്ടില്‍
ഇറ്റിറ്റു വീണുപരന്ന
പലതുകളുടെ ഒന്നോ
സങ്കരജീവിതത്തിന്റെ സങ്കീര്‍ത്തനം പോലെ
കുഴഞ്ഞുമറിഞ്ഞ രാഷട്രങ്ങളുടെ ഏകകം പോലെ
പറയൂ
ഏതാണു വിശുദ്ധജീവിതം
ഒരേ നേര്‍ രേഖയില്‍ ജീവിച്ചു
പൊഴിഞ്ഞ ഇലകളോ
പലതായി പടര്‍ന്ന്
ഇരുട്ടിലേക്കാഴ്ന്ന വേരുകളോ
തെമ്മാടിയും മഹാനും
കൊലപാതകിയും ആഭാസനും
ഇടകലര്‍ന്ന ലഹരിയാണു ജീവിതമെന്നറിഞ്ഞവന്റെ
ജീവിതമോ
ഏതാണു രുചികരം
കാതടപ്പിക്കുന്ന സംഗീതത്തില്‍
എന്റെ ഒച്ചകള്‍ ആംഗ്യങ്ങളാകുന്നു
മരണകിടക്കയില്‍ ആംഗ്യങ്ങള്‍
അര്‍ത്ഥങ്ങളുടെ നിലക്കാത്ത താളങ്ങള്‍
ജീവിതം അനര്‍ഥങ്ങളുടെ സിംഫണി
ബാര്‍
തുറന്നുവെച്ച മനുഷ്യന്റെ മനസ്സാണ്
മനസ്സിന്റെ അധോലോകം
ചര്‍ച്ചയിലാണ്
കാതുകള്‍ മുറിച്ചുകളയുന്ന ശബ്ദത്തിലും
എനിക്കു മാത്രം കേള്‍ക്കാനാകുന്ന ആ നിമിഷം
അതെപ്പോഴാണ്
ആ നിമിഷത്തില്‍ മാത്രമായിരിക്കാം
നിന്നെ ഞാന്‍ സ്നേഹിക്കുന്നത്
ഞാനും നീയും തമ്മിലെന്ത്
ടിഷ്യു പേപ്പറില്‍ കുറിച്ചിട്ട നമ്പറിനപ്പുറം
ശബ്ദത്താല്‍ ഭോഗിച്ചതല്ലാതെ
നീയെവിടെ
അതാ അപ്പുറം
മിന്നിമറയും വെളിച്ചത്തില്‍ കാണാം
ആര്‍ക്കൊപ്പം നീ ഹസ്തഭോഗത്തിന്റെ
ശില്പം തീര്‍ക്കുന്നു
കഴുകാത്ത കൈകളില്‍ ചുംബിക്കുമ്പോള്‍
നീ തട്ടിമാറ്റുന്നതെന്ത്
വേഷ്ടിയിലൊളിച്ച മുലകളെ
ഞരിക്കുമ്പോള്‍
എന്റെ മകളുടെ പേര്
നിസ്സംഗമായി നീ പൊഴിച്ചുവോ
പുലര്‍ച്ചക്കു മുന്‍പുള്ള വിജനതയില്‍
ഏതാണെന്റെ വേഗം കൂട്ടുന്നത്
ചക്രത്തിനും പാതക്കുമിടയില്‍
വണ്ടിക്കടിപ്പെട്ടവരുടെ
അവസാന ചക്ര ശ്വാസങ്ങളോ
ആരായിരിക്കാം
ആറുവരിപ്പാത മുറിച്ചുകടക്കുന്നവര്‍
കാലറ്റവര്‍ കൈയ്യറ്റവര്‍
തലചതഞ്ഞവര്‍
ഉടല്‍മാത്രമമുള്ളവര്‍
ജീവിച്ചിരിക്കുന്നവര്‍ക്ക്
ബലിയിടാന്‍ പോകുന്നവരോ.
മരിച്ചവരുടെ പരേഡു തീരുംവരെ
എനിക്കു മുറിച്ചുകടക്കാനാവില്ല
യഥാര്‍ത്ഥത്തില്‍
ആര്‍ക്ക് അവകാശപ്പെട്ടതാണ്
ഭൂമിയിലെ വഴികള്‍
മരിച്ചവര്‍ക്കോ
ജീവിച്ചിരിക്കുന്നവര്‍ക്കോ
Tuesday, August 11, 2009
ദേവസേന,സെറീന,നിലാവര്‍നിസ,സുപ്രിയ
|
|
Sunday, August 9, 2009
അബ്ദുസ്സലാം
പുഴകാണല്‍
പുഴ കാണുവാന്‍
നാം ഒരുമിച്ചു പോകുന്നു
നിറഞ്ഞ്
കവിഞ്ഞൊഴുകുന്ന പുഴ
പുഴയില്‍
ആകാശം കുത്തിയൊലിച്ചു പോകുന്നു
കാട്
വേരോടെ പറിഞ്ഞ് പോകുന്നു
വെയില്‍
പട്ട് പോല്‍ പൊങ്ങിക്കിടക്കുന്നു
നേറെമേറെക്കഴിഞ്ഞ്
പുഴയെന്ന സന്തോഷവുമായ്
നാം വീട്ടിലെത്തുന്നു
രാത്രിയില്‍
നെഞ്ചില്‍ മുഖമമര്‍ത്തി നീ
പതുക്കെ ചോദിക്കുന്നു
പുഴയെന്നാല്‍
ഒഴുകുന്ന ജലം മാത്രമോ
Saturday, August 1, 2009
സുനില്‍കുമാര്‍ എം .എസ്
വയലും വീടും
അന്നൊക്കെ വൈകീട്ട്
കൃത്യം ആറേ അമ്പതിന് ,
കൊയ്ത്തു കഴിഞ്ഞു ,
കതിരും പെറുക്കി
വരുമായിരുന്നു
റേഡിയോയില്‍ നിന്നും
വയലും വീടും .
പകലുടലാകെ-
വെയിലിനു വിട്ടു കൊടുത്ത്
അന്തിക്കള്ളിന്റെ ചൂര്
കൂടെക്കൂട്ടി വരുന്നയപ്പന്‍..
ഊതിയൂതി
അടുപ്പിനെ തോല്‍പിച്ച്
രാത്രി വിശപ്പിന്
മരുന്ന് കുറുക്കുന്നയമ്മ ....
കൂട്ട്
മുളക് ചമ്മന്തിയാണെങ്കിലെന്തു ?
അന്നത്തെ-
വീട്ടുവയലില്‍ വിളഞ്ഞിരുന്നത്
പതിരില്ലാത്ത
സന്തോഷത്തിന്റെ
നിറകത്തിരുകളായിരുന്നു .
തെയ്യാതിനതോ
തെന്തിനതാരോ
തെന്തിനതാരോ തെയ് ......
ഇന്നോ-
ടണ്‍ കണക്കിന് ഫണ്‍
നാടിലെങ്ങും
പാട്ടിനാല്‍ നികത്തപ്പെട്ട
വയലേലകളില്‍
സന്തോഷം കുടിയിറങ്ങിപ്പോയ
കുറെ പാവ വീടുകളും
നമ്മളും മാത്രം...