Thursday, March 26, 2009

ശുക്കൂര്‍ പെടയങ്കോട്











നിരൂപണം

ഹൃദയം പറിച്ച് അപ്പമാക്കി
ഞാന്‍ നിനക്കു മുന്‍പില്‍ വിളമ്പി വെക്കുന്നു.
നനുത്ത വിരലാല്‍ തൊട്ട് നോക്കരുത്
വിരലുകള്‍ പൊള്ളിക്കരിഞ്ഞു പോവും
ഇത്തിരിച്ചോരച്ചുവപ്പുമുണ്ട്
മണത്ത് നോക്കരുത്.
ഇന്ദ്രിയങ്ങളിലൂടെ കടന്നലുകളുടെ
പടയിര‍മ്പം.
എങ്കിലും പ്രിയനേ...
വലിച്ചെറിയരുതേ ഈ പനിച്ച കവിത
കുപ്പയില്‍ വീണ് പോയാല്‍
ജാഗ്രമായേക്കാം
നീ അതിന്റെ അപ്പമായേക്കാം.


*ഈ വര്‍ഷത്തെ അറ്റ്ലസ്-കൈരളി പുരസ്കാര ജേതാവാണ് കവി.

Wednesday, March 18, 2009

സുധീഷ്‌ കൊട്ടെമ്പ്രം

കിണറുകളുടെ ആഴങ്ങള്‍



കുട്ടിക്കാലത്ത്‌
ഓടിക്കളിക്കുന്നതിനിടയില്
കിണറ്റില്‍ വീണതോര്മയുണ്ട്
ചെറിയ ആഴമുള്ള
വീണാല്‍ മരിക്കാത്ത അത്രയും
സൌമനസ്യമുള്ള കിണറുകള്‍

എന്നാല്‍ അന്നൊന്നും
കുഴല്ക്കിണറുകളെ കുറിച്ചു
കേട്ടിട്ടുണ്ടായിരുന്നില്ല.
പിന്നീടെപ്പോഴോ
കുഴല്ക്കിണറില് വീണ
കുട്ടിയെ കുറിച്ചു കേട്ടു
സന്ത്രാസത്തോടെ
അവയുടെ ദ്രിശ്യങ്ങള്‍
കണ്ടു.











വെള്ളം വരാതാവുമ്പോള്‍
ഊക്കോടെ മല്‍പ്പിടുത്തം നടത്താറുള്ള
സ്കൂളിലെ പൈപ്പിന് താഴെയും
കുഴല്ക്കിണറാണെന്ന അറിവ്
എന്നെ അന്താളിപ്പിക്കുന്നു


നഗരത്തില്‍ കിണറുകള്‍ കണ്ട്ടിട്ടില്ല
വെള്ളത്തിന്റെ ഉറവിടവും
എവിടെ എന്നറിയില്ല.
പൈപ്പുകള്‍ തോറും വിഘടിച്ച്ചു
പോകുന്ന അതിന്റെ വഴി തിരഞ്ഞു
കുഴയും.

ദൈവമേ
ഞാന്‍ വെയ്ക്കുന്ന
അടുത്ത കാല്‍ വെയ്പ്പ്
ഏത് കിണറ്റിലായിരിക്കും?
മറഞ്ഞുകിടക്കുന്ന
ഏത് ഗര്ത്തമാണെന്നെ
ഇങ്ങനെ ചാടിച്ചാടി നടത്തിക്കുന്നത്?

Saturday, March 14, 2009

എം.ആര്‍.വിബിന്‍

ഉപ്പുരസം

വരികള്‍ക്കിടയില്‍
ഏറെ കാലം നനഞ്ഞു കുതിര്‍ന്നു ,
ഇപ്പോള്‍ വരണ്ടു പോയ
ഒരു വാക്ക്
ഒളിഞ്ഞിരിപ്പുണ്ട് .

നിനക്കു മാത്രം പറഞ്ഞു തരാം
അതിലേക്കുള്ള നിഗൂഡമായ വഴികള്‍.

ഓരോ വാക്കിലും തൊട്ട്
വിരല്‍ തുമ്പ് രുചിച്ചു നോക്കണം.










അങ്ങിനെയങ്ങിനെ
രുചികളുടെ വഴിയില്‍
ഒരു വാക്കിന്റെ വെളിപാടില്‍
'നീ' സ്തംഭിച്ചു നില്ക്കും.
അത് തന്നെയാണത്!

അതിന്റെ രുചി
മനസ്സിലാക്കിതരും നിനക്ക്
എങ്ങിനെ നനഞ്ഞ് ഒട്ടിയെന്നതിന്റെ
ഉപ്പ് രസമുള്ള കാരണങ്ങളും.

Saturday, March 7, 2009

വിഷ്ണുപ്രസാദ്





മൂന്ന് കവയിത്രികളും ഒരു കാമുകനും


ഞാന്‍ മൂന്നു കവയിത്രികളെ കാമിക്കുന്നു.
ഒരുവള്‍ക്ക് തലവേദനയാണു മാധ്യമം
രണ്ടാമള്‍ക്ക് ശ്വാസം മുട്ടലാണ് മാധ്യമം
മൂന്നാമള്‍ക്ക് മുഴുത്ത വട്ടും
ഞാന്‍ ചുംബിച്ചപ്പോള്‍
തലവേദനക്കാരിയുടെ തലയില്‍ നിന്ന്
വേദന പറപറന്നു.
ശ്വാസം മുട്ടലുകാരിയുടെ ശ്വാസം
ഇനി മുട്ടുകയില്ലെന്ന് ആണയിട്ടു.
വട്ടു പിടിച്ചവള്‍ പ്രണയത്തിലേക്ക്
മാനാസാന്തരപ്പെട്ടു.

മാധ്യമങ്ങള്‍ നഷ്ടപ്പെട്ട ഈ എഴുത്തുകാരികളും
ഞാനും തമ്മില്‍
ഭ്രാന്ത്,ശ്വാസം മുട്ടല്‍,തലവേദന
എന്നീ മാധ്യമങ്ങളില്‍ രചിച്ച
കൃതികളുടെ പകര്‍പ്പവകാശം സംബന്ധിച്ച്
തര്‍ക്കത്തിലാണ്.
മലയാള സാഹിത്യ ചരിത്രം ഈ എഴുത്തുകാരികളെ
എങ്ങനെ മാനിക്കുമെന്നോ/
മാനത്തെ ഹനിക്കുമെന്നോ
കണ്ടറിയണം.
മണ്ടയടപ്പ്,മണ്ഠരി,കൂമ്പു ചീയല്‍ തുടങ്ങിയ
ശിരോരോഗ വിദഗ്ധരുടെ നല്ല കാലമാണല്ലോ ഇത്.

ഈ മണ്ടരോഗികളുടെ ഫിറമോണുകള്‍
എന്നെ കാമത്തിന്റെ ഷാപ്പിലേക്ക് ‘വാ അളിയാ’ എന്ന്
വിളിച്ചു കൊണ്ടുപോവാന്‍ ഒരു കാരണമുണ്ട്.
BALD HEAD/കഷണ്ടി
കഷണ്ടി ഒരു സാര്‍വലൌകിക ഭാഷയാണ്.
സ്വന്തം മുടിക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയവന്റെ തരിശ്
സൂര്യന്‍ ആ ഉദാരതയെ ചുംബിച്ച്
വിളിച്ചുപറയുന്നു:‘മഹാന്‍’
‘ഇജ്ജൊരു മഹാനന്നെ’ എന്ന് മലപ്പുറത്തുള്ള സൂര്യനും
ആശുപത്രിയും ദേവാലയവുമാണ്
പെണ്ണുങ്ങള്‍ക്ക് നിസ്സങ്കോചം കയറിച്ചെല്ലാവുന്ന പുരുഷാധിപത്യ സ്ഥാപനങ്ങള്‍
ഇതു രണ്ടുമായിരുന്നു ഞാന്‍

‘രോഗികളോടുള്ള രാഗം പ്രാസത്തിനു നന്ന്
വൃത്തത്തിനു പുറത്ത് ‘എന്നൊക്കെ അ/ഇ ശരീരികള്‍
‘എനിക്കിത്രയേ പറയാനുള്ളൂ
ഇത് തലയ്ക്കസുഖമുള്ളവരുടെ കാര്യമാണ്.
നിങ്ങളിതില്‍ ഇടപെടണ്ട.‘
തലവേദനയിലും ശ്വാസംമുട്ടലിലും വിഭ്രാന്തിയിലും തീര്‍ത്ത മൂന്ന് ശില്പങ്ങള്‍
ഇതുകേട്ട് കൈകൊട്ടിച്ചിരിച്ചു.
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP