തോട്ടത്തില്‍ കാല് കുത്തിയതേയുള്ളൂ
കുതിരകള്‍ക്കും ബഷീറിനും
നാവ്‌ വളര്‍ന്നു.
ദൈവമേ,
ഏതേത് മണ്ണിലാണ് നീ
ഞങ്ങള്‍ക്ക് പുല്ല് മുളപ്പിക്കുന്നത്
ഭാഷ പഠിപ്പിക്കുന്നത്?

ബഷീറേ,വേണ്ട
മുത്തങ്ങയും തുമ്പയും
നിന്റെ നാടന്‍‌പാട്ടുകള്‍
എനിക്ക് മടുത്തു
അഫാത്ത്,ചുവന്ന ആണ്‍‌കുതിര
പുല്‍‌ത്തഴപ്പില്‍ കുളമ്പടിച്ചു.

തുളസിക്കതിരിന്റെ പ്രേമഗാനങ്ങള്‍
എനിക്കും മടുത്തു
ഉബയ്യ,വെളുത്ത പെണ്‍‌കുതിര
തലകുടഞ്ഞ് ചിനച്ചു.
അഫാത്തേ ചുവന്നവനേ
നീയും കമ്മ്യൂണിസ്റ്റായിരുന്നോ
മിച്ചഭൂമിയും,ഇ.എം.എസും
നിന്റെ ദേശത്തുമുണ്ടായിരുന്നോ
നന്നാവാന്‍ നാടുകടത്തിയതോ നിന്നെയും?

അഫാത്ത്
പിന്‍‌കാലുയര്‍ത്തി തൊഴിച്ചു
പിന്നിലാരുമില്ല
ആരും തെറിച്ചുവീണില്ല
കുതിരകള്‍ക്കുണ്ട്
കുതിരകളാകുവാനീ പിന്‍‌കാലുകള്‍

രണ്ടുകാലില്‍ നില്‍ക്കാനാവാത്തവനേ
ബഷീറേ,
എന്റെ പുറത്ത് കയറ്
നിന്റെ രാജാക്കന്മാരും
കുതിരപ്പുറത്ത് കുതിച്ചവരല്ലേ
കുതിരലായത്തില്‍
കുതിരകള്‍ക്കും ദയശീലിക്കും നാവിറങ്ങുന്നു
മണ്‍‌മറഞ്ഞുപോയ ഭാഷകളുടെ
കുളമ്പൊച്ചയില്‍
ദയശീലിയുടെ ഉദരം പൊള്ളുന്നു

അഫാത്തേ,ആണ്‍‌കുതിരേ
പോരാളിയുടെ ധര്‍മ്മപത്നി ഞാന്‍
കാത്തിരിക്കുന്നവള്‍
പുറത്ത് കയറ്റി പായുമ്പോള്‍
നിനക്കവനോട് പറയരുതോ
ഞാനവനെ പ്രേമിക്കുന്നുവെന്ന്
തോട്ടം ചുറ്റി വരുമ്പോള്‍
ഉബയ്യ ചോദിക്കുന്നു:
അറുത്തെടുത്ത തലകളെവിടെ
വെട്ടിപ്പിടിച്ച രാജ്യങ്ങളും
മുത്തും രത്നങ്ങളുമെവിടെ?

ഉബയ്യാ
ഈ കൈവെള്ളയിലുണ്ട്
പല നാട്ടുരാജ്യങ്ങള്‍
കുന്നുകൂട്ടിയ സമ്പത്ത്
നീയെടുത്തു കൊള്‍ക
പകരം
നിന്റെ തോഴി ദയശീലിയോട് പറയുക
ഞാനവളെ പ്രേമിക്കുന്നുവെന്ന്
നസീര്‍ കടിക്കാട്
1993
ഒമാനിലെ സലാലയില്‍
അഫാത്ത്-ആണ്‍‌കുതിര
ഉബയ്യ-പെണ്‍‌കുതിര
ബഷീര്‍-കൊടുങ്ങല്ലൂര്‍ക്കാരന്‍ കുതിരക്കാരന്‍
ദയശീലി-ശ്രീലങ്കക്കാരി വേലക്കാരി

  3 വായന

  10 വായന

  3 വായന

  6 വായന

  1 വായന